ആര്‍ത്തു പെയ്ത മഴ മാറി ആളുകള്‍ പുറത്തിറങ്ങി തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ. എങ്കിലും ഇടിമിന്നല്‍ പോലെ ആ വാര്‍ത്ത നാടാകെ പരന്നു. പെയ്ത് തോര്‍ന്ന മഴക്കൊപ്പം കൊയിലാണ്ടിയെ കണ്ണീരില്‍ മുക്കിയിരുന്നു അത്. 'ശശിമാഷുടെ മോന്‍ ശരണിന് അപകടം പറ്റി. സ്‌കൂളില്‍ പോകുമ്പോ ലോറി തട്ടിയതാണ്. തലയോട് പൊട്ടിപ്പോയി. അവന്‍ പോയി എന്നാ കേള്‍ക്കണത്'.
കൊയിലാണ്ടിയുടെ, പ്രത്യേകിച്ച് പെരുവട്ടൂരിന്റെ പ്രിയപ്പെട്ടവനായ ശരണ്‍ ദേവിന്റെ അപകട വാര്‍ത്തയറിഞ്ഞ് ഗ്രാമം തരിച്ച് നിന്നു. ഇതൊന്നുമറിയാതെ ശരണിന്റെ അച്ഛന്‍ ശശിമാഷും അമ്മയും യാത്രയിലായിരുന്നു. ശരണിന് സുഖമില്ല ഉടന്‍ തിരിച്ചു വരണം എന്ന് പറഞ്ഞ് വിളിച്ച സുഹൃത്തിന്റെ വിറക്കുന്ന ശബ്ദം ട്രെയിനിന്റെ ചൂളം വിളിക്കിടെ ശശിമാഷുടെ നെഞ്ചിലേക്ക് ആഴ്ന്നിറങ്ങിയിരുന്നു. അതു മാത്രം പറഞ്ഞ് അദ്ദേഹം ഫോണ്‍ വെക്കുകയായിരുന്നു. തിരിച്ചു വിളിച്ചപ്പോള്‍ സ്വിച്ച് ഓഫ് എന്നാണ് കേട്ടത്. തങ്ങളുടെ പ്രിയപ്പെട്ട മകന് എന്തോ അപകടം സംഭവിച്ചിരിക്കുന്നു എന്നത് ഏറെ നേരം അദ്ദേഹത്തെ നിശ്ചലമാക്കി. ഉടനെ അടുത്ത വണ്ടിയില്‍ വീട്ടിലേക്ക് തിരിച്ചു. വഴിയില്‍ വച്ചാണ് ശരണിനെ മെഡിക്കല്‍ കോളേജിലേക്കാണ് കൊണ്ടുപോയതെന്ന് അറിഞ്ഞത്. അദ്ദേഹം എത്തുന്നതിന് മുന്‍പെ തന്നെ അപകട വാര്‍ത്ത കേട്ടറിഞ്ഞ് ആ നാട് മുഴുവന്‍ അവിടെ ഉണ്ടായിരുന്നു.
അപകടത്തില്‍ തലയോട് പിളര്‍ന്ന ശരണില്‍ ജീവന്റെ തുടിപ്പ് കണ്ടെത്താന്‍ പ്രാഥമിക പരിശോധനയില്‍ ആയില്ല. മരണം സംഭവിച്ചു എന്നവര്‍ കണ്ണുകൊണ്ട് പറഞ്ഞു. എന്നാല്‍ അത്ര എളുപ്പം മനുഷ്യനെ മരണത്തിന് വിട്ടുകൊടുക്കാന്‍ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ തയ്യാറല്ലായിരുന്നു. അവനില്‍ ഒരു തരിമ്പെങ്കിലും ജീവശ്വാസം ഉണ്ടോ എന്നറിയാന്‍ കൂടുതല്‍ പരിശോധനക്ക് വിധേയനാക്കി. അതില്‍ നിന്നാണ് അറിഞ്ഞത് ശരണ്‍ തിരിച്ചുവരുമെന്ന്. കാരണം അവന്റെ ചങ്കില്‍ മരണത്തിന് കൊടുക്കാതെ വച്ച പ്രതീക്ഷയുടെ മിടിപ്പ് ഉണ്ടായിരുന്നു. എങ്കിലും ശാരീരിക അവസ്ഥ കൊണ്ട് ഒരു ശതമാനം പോലും സാധ്യത ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നില്ല.
ദിവസങ്ങള്‍ നീങ്ങി. ശരണ്‍ ഈ ലോകം വിട്ടുപോയെന്നും ഇല്ലെന്നും മാറി മാറി വാര്‍ത്ത പരന്നു. തങ്ങളാല്‍ കഴിയുന്നതെല്ലാം ചെയ്‌തെന്നും ഇനി ദൈവത്തിന്റെ കൈകളിലാണെന്നും ഡോക്ടര്‍മാര്‍ തീര്‍ത്തു പറഞ്ഞു. അപ്പോഴും പ്രതീക്ഷ കൈവിടാതെ അമ്മയും അച്ഛനും മെഡിക്കല്‍ കോളേജ് വരാന്തയില്‍ പ്രാര്‍ഥനയോടെ ഇരുന്നു. ഐ.സി.യുവിന് പുറത്ത് രാപകലില്ലാതെ കുത്തിയിരിക്കുന്ന അവരുടെ പ്രതീക്ഷക്ക് മങ്ങലേറ്റില്ല. 16-ാം ദിവസം ശരണ്‍ പതിയെ കണ്ണുതുറന്നു. അതിനെ 'അത്ഭുതകരമായ തിരിച്ചുവരവ്' എന്നാണ് ഡോക്ടര്‍ ജേക്കബ് ആലപ്പാട്ട് വിശേഷിപ്പിച്ചത്. കൂടെ ഒരു കാര്യം കൂടി പറഞ്ഞു. ജീവന്‍ തിരിച്ചു കിട്ടിയാലും പഞ്ചേന്ദ്രിയങ്ങളില്‍ മൂന്നെണ്ണം നഷ്ടപ്പെടും. കാരണം അപകടത്തില്‍ കണ്ണ് രണ്ടും പുറത്തേക്ക് വരികയും നാവ് മുറിയുകയും കാലിന്റെ ചലനശേഷി നഷ്ടമാവുകയും ചെയ്തിരുന്നു.
അത് ആ കുടുംബത്തെ ആകെ തളര്‍ത്തി. അവരില്‍ മറ്റൊരര്‍ഥത്തില്‍ അത് ശരണ്‍ എന്ന പ്രതിഭയുടെ മരണമായിരുന്നു. തൊട്ടു മുമ്പത്തെ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ എട്ടാം ക്ലാസുകാരനായ ശരണ്‍ കഥാപ്രസംഗത്തിലും കഥകളിസംഗീതത്തിലും എ ഗ്രേഡോടെ മൂന്നാമതെത്തിയത് ഏവരും ഓര്‍ത്തു. ഇനി കലോത്സവ വേദികളെ സമ്പന്നമാക്കാന്‍ ശരണിന് കഴിയില്ല എന്ന യാഥാര്‍ഥ്യം കണ്ണുകളെ ഈറനണിയിച്ചു.
കാലം സഞ്ചരിച്ചു. ഒപ്പം ശരണും ശശിമാഷും. അപകടം കവര്‍ന്നെടുത്ത വേദന മാത്രം ബാക്കിയായി. പക്ഷെ വിധിക്ക് കീഴടങ്ങി ജീവിക്കാന്‍ ശരണ്‍ തയ്യാറല്ലായിരുന്നു. തന്റെ രക്തത്തിലെ സംഗീതം പുതിയ സ്വപ്നങ്ങളുടെ നാമ്പ് അദ്ദേഹത്തില്‍ വളര്‍ത്തി. പെരുവട്ടൂരിലെ വീട്ടില്‍ ചലനമറ്റു കിടക്കുമ്പോഴും ഹെഡ്‌സെറ്റിലൂടെ കേട്ടിരുന്ന പാട്ടുകളായിരുന്നു അതിന് വഴിയൊരുക്കിയത്. തോറ്റുകൊടുക്കാന്‍ തയ്യാറല്ലാത്ത അവന്റെ മനസ്സില്‍ പ്രതീക്ഷയുടെ വന്‍ മരങ്ങള്‍ വളര്‍ന്നു. വീണു കിടക്കുന്ന ശരണിനെ അത് എഴുന്നേല്‍പ്പിച്ചു നിര്‍ത്തുകയായിരുന്നു. രോഗവും അപകടങ്ങളും വിധിയെന്നു കരുതി വീടിന്റെ നാലുചുവരുകള്‍ക്കുള്ളില്‍ ജീവിതാവസാനം വരെ തള്ളി നീക്കുന്നവരുണ്ട്. തളര്‍ന്ന ശരീരത്തേക്കാള്‍ തളര്‍ന്ന മനസ്സാണ് അതിന്റെയൊക്കെ പ്രധാന കാരണങ്ങളില്‍ ഒന്ന്. ഒരിക്കലും മനസ്സിനെ മരണത്തിന് കൊടുക്കരുത് എന്നാണ് ശരണ്‍ ജീവിതം കൊണ്ട് പറയുന്നത്. അത്തരം അവസ്ഥകളെ അതിജീവിക്കാനുള്ള ഒറ്റമൂലിയാണ് ശരണിന്റെ ജീവിതം. അതിജീവനത്തിന്റെ സമാനതകളില്ലാത്ത കഥ പറയുകയാണ് ശരണ്‍ ദേവും അച്ഛന്‍ ശശിമാഷും.
ചുറ്റിലും സംഗീതമായിരുന്നു
മണ്ണില്‍ കാലുറയ്ക്കും മുമ്പേ ശരണിന്റെ മനസ്സില്‍ പാട്ടുറച്ചിരുന്നുവെന്നു പറഞ്ഞാല്‍ അതിശയോക്തിയാവില്ല. കാരണം അദ്ധ്യാപകനായിരുന്ന അച്ഛന്‍ നല്ലൊരു കലാകാരന്‍ കൂടി ആയിരുന്നു. പന്ത്രണ്ട് നാടകങ്ങള്‍ അദ്ദേഹം ആകാശവാണിക്ക് വേണ്ടി തയ്യാറാക്കിയിട്ടുണ്ട്. അതിലേറെ പാട്ടുകളും. ചെറുപ്പം മുതലെ സംഗീതത്തിന്റെയും താളത്തിന്റെയും ആ അന്തരീക്ഷത്തിലാണ് ശരണ്‍ പിച്ചവെച്ചത്. അതുകൊണ്ടാണ് മനസ്സിന്റെ ആഴങ്ങളില്‍ അത്രമേല്‍ സംഗീതം വേരാഴ്ത്തിയത്. കലയുടെ അഭിരുചി ശരണില്‍ കണ്ടെത്താന്‍ അച്ഛന് അതുകൊണ്ട് തന്നെ അധികം സമയം വേണ്ടി വന്നില്ല.
അങ്ങനെയാണ് വളരെ ചെറിയ പ്രായം മുതല്‍ സംഗീത പഠനം ആരംഭിക്കുന്നത്. ശാസ്ത്രീയ സംഗീതം, ലളിതഗാനം, കഥകളി സംഗീതം, കഥാപ്രസംഗം എന്നിവ കൃത്യതയോടെ പഠിച്ചു. യു.പി. തലത്തില്‍ പഠിക്കുമ്പോള്‍ തന്നെ കലാമേഖലയില്‍ പ്രതിഭ തെളിയിച്ചു. 2009 ല്‍ കോഴിക്കോട്ട് സംസ്ഥാന സ്‌കൂള്‍ കലോത്സവം നടക്കുമ്പോള്‍ ശരണ്‍ ദേവ് കൊയിലാണ്ടി എച്ച്. എസ്. എസിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ്. ഹിറ്റ്‌ലറുടെ നരവേട്ടയെ പ്രമേയമാക്കുന്ന 'നരകവാതില്‍' എന്ന കഥാപ്രസംഗവുമായി മാനാഞ്ചിറയിലെ വേദിയിലെത്തുമ്പോള്‍ ശരണ്‍ ശ്രദ്ധാകേന്ദ്രമായിരുന്നില്ല. എന്നാല്‍ ഒമ്പതിലും പത്തിലും പഠിക്കുന്ന ചേട്ടന്‍മാരോട് മാറ്റുരച്ച് എ ഗ്രേഡോടെ മുന്നിലെത്തിയ ശരണ്‍ വാര്‍ത്തകളില്‍ നിറഞ്ഞു. ഒപ്പം മൂന്നു പേരും. ഒന്ന് ' നരകവാതില്‍ ' കഥാപ്രസംഗത്തിന് കഥയെഴുതിയ ശരണിന്റെ അച്ഛന്‍ ശശിമാഷ്, രണ്ട് കഥാപ്രസംഗം പഠിപ്പിച്ച പപ്പന്‍ കാവില്‍, മൂന്ന് പഴയ യൂണിവേഴ്‌സിറ്റി 'ബി' സോണ്‍ കലാപ്രതിഭയായ ശരണിന്റെ സഹോദരി ശരണ്യ. കലയെ ജീവവായുവാക്കിയ അച്ഛനും മക്കളും നേരിന്റെ നഗരത്തിലെ കലോത്സവ താരങ്ങളായി.
ചേര്‍ത്ത് പിടിക്കാനും ആശ്വസിപ്പിക്കാനും അമ്മയും നിഴലായി ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ തോല്‍വികള്‍ വിജയങ്ങളാകാന്‍ അധികനാള്‍ വേണ്ടിവന്നില്ല. കലോത്സവങ്ങള്‍ ശരണ്‍ എന്ന പ്രതിഭയുടെ താളത്തിന് ഒപ്പം നിന്നു. ഒന്നിലേറെ ഇനങ്ങളില്‍ ഒപ്പം മത്സരിക്കുന്നവരെ ബഹുദൂരം പിന്നിലാക്കിയായിരുന്നു ഓരോ പ്രകടനങ്ങളും. അത്രമേല്‍ സംഗീതം ഉള്ളില്‍ തിരിയടിച്ചിരുന്നു.
അപകടവും തിരിച്ചുവരവും
2010 സെപ്തംബര്‍ രണ്ടിലെ അപകടത്തിന് ശേഷം പൂര്‍ണമായും ബോധം വരാന്‍ 29 ദിവസങ്ങളാണ് വേണ്ടി വന്നത്. മരണത്തിന്റെ കണക്കുപുസ്തകത്തില്‍ നിന്നും ജീവിതത്തിലേക്ക് ഇറങ്ങിവരാന്‍ വഴിയൊരുക്കിയത് സംഗീതമായിരുന്നു. ശരണിന്റെ സംഗീതപ്രേമം തിരിച്ചറിഞ്ഞ ഡോക്ടര്‍ ജേക്കബ് ആലപ്പാട്ടിന്റെ നിര്‍ദ്ദേശ പ്രകാരം ഹെഡ്‌സെറ്റിലൂടെ പാട്ട് കേള്‍പ്പിച്ചു. ശരീരത്തിന്റെ അബോധാവസ്ഥയിലും മനസ്സ് കാലതീതമായ വയലാറിന്റെയും, യേശുദാസിന്റെയും പാട്ടുകള്‍ കേട്ടുകൊണ്ടേ ഇരുന്നു. ഉറങ്ങിയ ശരീരത്തെ ഉണര്‍ത്താന്‍ പാട്ടുകളും മരുന്നായി എന്നതാണ് യാഥാര്‍ഥ്യം. ബോധം വന്നശേഷവും മരുന്നിനൊപ്പം സംഗീതവും കൂടെ നല്‍കി. ആശുപത്രി വിട്ട് ആറുമാസക്കാലം എഴുന്നേല്‍ക്കാന്‍ കഴിയാതെ പെരുവട്ടൂരിലെ വീട്ടില്‍ കിടന്നപ്പോഴും സംഗീതത്തെ ഹൃദയത്തോട് ചേര്‍ത്ത് പിടിച്ചു.
എന്നാല്‍ ദിവസങ്ങള്‍ ശ്രമിച്ചിട്ടും പഴയപോലെ പാടാന്‍ സാധിച്ചില്ല. കടുത്ത മാനസിക സംഘര്‍ഷങ്ങള്‍ക്ക് അത് ഇടയാക്കി. ആ ഇടക്കാണ് വീടിന്റെ ഒരു കോണില്‍ ആരുടെയും ശ്രദ്ധയില്‍ പെടാതെ കിടന്നിരുന്ന ഹാര്‍മോണിയം ശരണ്‍ കാണുന്നത്. പൊടിതട്ടി വൃത്തിയാക്കിയ ശേഷം ശരണ്യ അതെടുത്ത് ശരണിന് കൊടുത്തു. ഒപ്പം ബാബുക്കയുടെ, 'അനുരാഗ ഗാനം പോലെ, അഴകിന്റെ അല പോലെ' എന്ന പാട്ടും ഹാര്‍മോണിയം വച്ച് പാടി കൊടുത്തു. പറഞ്ഞറിയിക്കാനാവാത്ത സന്തോഷം കൊണ്ട് കണ്ണു നിറഞ്ഞു. ചേച്ചിക്കൊപ്പം ഹാര്‍മോണിയവും കെട്ടിപിടിച്ചു. അന്നാണ് അത്രമേല്‍ തന്റെ ശ്രദ്ധയില്‍ ഇല്ലാതിരിരുന്ന ഹാര്‍മോണിയത്തിന്റെ സാധ്യതതകള്‍ ശരണ്‍ തിരിച്ചറിഞ്ഞത്. കുറുവങ്ങാട് ശ്രീധരന്‍ മാഷ് ചെറിയ പെട്ടിയിലെ വിസ്മയങ്ങള്‍ ശരണിന് മുന്നില്‍ തുറന്നു വച്ചു.
പിന്നീടങ്ങോട്ട് ബാബുരാജിന്റെ പാട്ടുകള്‍ക്കൊപ്പം ശരണ്‍ സ്വാഭാവിക ചലനം നഷ്ട്ടപെട്ട വിരല്‍ ചലിപ്പിച്ചു. അതിന് ക്രമേണ വേഗം കൈവന്നു. പിന്നീട് അതൊരു വിസ്മയമായി മാറുകയായിരുന്നു. പക്ഷെ അപ്പോഴും പഴയത് പോലെ അക്ഷരസ്ഫുടതയോടെ പാടാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ ആ അവസ്ഥയും അതിജീവിക്കുമെന്ന് മനസ്സില്‍ ശക്തമായിതന്നെ കുറിച്ചിരുന്നു. വൈകാതെ തന്നെ ദൃഢനിശ്ചയത്തിന് മുന്നില്‍ വൈകല്യങ്ങള്‍ വഴിമാറുകയായിരുന്നു. അക്ഷരങ്ങള്‍ പഴയതിലും ഭംഗിയായി ശരണ്‍ അനായാസം കൈപ്പിടിയിലൊതുക്കി. അതിന് സംഗീതജ്ഞന്‍ പാലക്കാട് പ്രേംരാജിന് കീഴിലെ ചിട്ടയായ പഠനവും ഏറെ സഹായിച്ചു. ശാസ്ത്രീയ സംഗീതവും, കഥകളി സംഗീതവും ഇപ്പോള്‍ പഴയ പോലെ തന്നെ വഴങ്ങുന്നു.
സ്വപ്നങ്ങള്‍ മുന്നോട്ട് നയിക്കും
അപകടശേഷം നടന്ന കേരളോത്സവത്തില്‍ മുന്‍സിപ്പല്‍ തലത്തിലെ കലാപ്രതിഭയാണ് ശരണ്‍. അവസാനിച്ചു പോയെന്നു കരുതിയ കലാജീവിത്തിലേക്ക് പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചെത്തിയ ഈ കലാകാരനെ കൈപിടിച്ചുയര്‍ത്തിയതില്‍ മറ്റൊന്നിനു കൂടി പങ്കുണ്ട്. വീടിനു ചുറ്റും പടര്‍ന്നുകിടക്കുന്ന പഠനാന്തരീക്ഷമാണത്. ഇംഗ്ലീഷ് പഠനത്തിനായി ആരെത്തിയാലും പ്രതിഫലേച്ഛയില്ലാതെ ഭാഷ പകര്‍ന്നു നല്‍കുന്ന ശരണിന്റെ പിതാവ് ശശിമാഷ് പിന്നീടത് വിപുലമാക്കി. വീടിനു ചുറ്റുമായി പ്രവര്‍ത്തിക്കുന്ന ഹോളിഡേ ട്യൂഷനായി അത് മാറി. കവിതയും കഥയും സംഗീതവും ഒപ്പം സമപ്രായക്കാരായ വിദ്യാര്‍ഥികളും കൂടിയായപ്പോള്‍ ശരണ്‍ സജീവമായി. അച്ഛന്‍ പകര്‍ന്നു നല്‍കിയ വിദ്യ കൈമുതലാക്കി പത്താം ക്ലാസ് പരീക്ഷയെഴുതി. പ്ലസ്ടുവിന് തിരുവങ്ങൂര്‍ സ്‌കൂളില്‍ ചേര്‍ന്നു. ഇപ്പോള്‍ ഇംഗ്ലീഷ് സാഹിത്യത്തില്‍ ബി.എഡ് പൂര്‍ത്തിയാക്കി.

അസാമാന്യതയുടെ മനുഷ്യരൂപമായി ശരണ്‍ ഓരോ അടിയിലും അത്ഭുതപ്പെടുത്തുകയാണ്. ട്യൂഷന്‍ കേന്ദ്രത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇംഗ്ലീഷ് സാഹിത്യം പകര്‍ന്ന് കൊടുക്കുന്നതും ശരണ്‍ തന്നെയാണ്. ഒരു മികച്ച അധ്യാപകനാകണം എന്നതാണ് സംഗീതത്തിനൊപ്പം കൊണ്ടു നടക്കുന്ന ആഗ്രഹം. ജീവിത ദുരിതങ്ങളില്‍ നിന്ന് എങ്ങിനെ പ്രതീക്ഷയുടെ കരയിലേക്ക് നീന്തിക്കയറാം എന്ന് അദ്ദേഹം സ്വന്തം അനുഭവങ്ങള്‍ കൈമുതലാക്കി പറയുമ്പോള്‍, പുസ്തകങ്ങള്‍ക്കപ്പുറത്തെ മറ്റൊരു പ്രധാനപാഠമാണ് വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുക. അത് അവരെ കൂടുതല്‍ കരുത്തുറ്റവരാക്കി മാറ്റാന്‍ സഹായിക്കുന്നതാവും.
അപകടം ബാക്കിയാക്കിയ വെല്ലുവിളികളെ ആത്മവിശ്വാസവും സംഗീതവും സ്‌നേഹവും കൊണ്ട് അതിജീവിക്കുകയാണ് ശരണ്‍ ദേവ്. വിധിയെ ആത്മധൈര്യം കൊണ്ട് തോല്‍പ്പിച്ച ശരണ്‍ ആയിരങ്ങള്‍ക്ക് പാഠപുസ്തകമാണ്. തെറ്റുകൂടാതെ മനഃപാഠമാക്കാവുന്ന അപൂര്‍വ്വങ്ങളില്‍ ഒന്ന്.
content highlights: life of accident survivor saran dev and his musical journey