ര്‍ത്തവം പോലും  ഇല്ലാതായിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു എന്ന് പറഞ്ഞ സമര പോരാളി ഇറോം ശര്‍മിളയായിരുന്നു മനസ്സില്‍ നിറയെ. 16 വര്‍ഷത്തോളം മണിപ്പൂരിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി ആഹാരം ഉപേക്ഷിച്ച, മാതൃകകളില്ലാത്ത സമര വന്‍മരമായിരുന്നു അവര്‍.

മനുഷ്യത്വ വിരുദ്ധമായ നിയമങ്ങളോടും പുരുഷ മേധാവിത്തത്തോടും ജീവിതത്തിലുടനീളം കലഹിച്ച ഒരായിരം സ്ത്രീകളള്‍ ചുറ്റും തെളിഞ്ഞു. വിമാനം നിലത്തിറക്കും മുന്‍പുള്ള അനൗസ്‌മെന്റ് കേട്ടാണ് ഉണര്‍ന്നത്. സ്ത്രീപക്ഷ വാദങ്ങള്‍ക്ക് ഏറെ അപ്പുറത്തെ ജനാധിപത്യം പറഞ്ഞ, കേവലം കെട്ടുകാഴ്ച്ചകളല്ലാത്ത ആ മനുഷ്യര്‍ എനിക്കൊപ്പം വിമാനത്തില്‍ ഉള്ളതായി അനുഭവപ്പെട്ടു. അതൊരുപക്ഷെ ആ യാത്രയുടെ പ്രത്യേകത കൊണ്ടുതന്നെയാകണം. കാരണം സ്ത്രീകള്‍ നടത്തുന്ന ഏഷ്യയിലെ എറ്റവും വലിയ മാര്‍ക്കറ്റായ മണിപ്പൂരിലെ ഐമ കെയ്തല്‍ മാര്‍ക്കറ്റിലേക്കാണ് പോവുകന്നത്.

അതിന്റെ ചരിത്രം മുന്‍പെ വായിച്ചറിഞ്ഞത് കൊണ്ടാകണം അത്തരം സ്ത്രീകള്‍ മനസ്സില്‍ നിറഞ്ഞത്. കാരണം പുരുഷ ധാര്‍ഷ്ട്യങ്ങളുടെ ഇടങ്ങളല്ല അവിടുത്തെ പൊതു നിരത്തുകളും മാര്‍ക്കറ്റുകളും. എല്ലാം സ്ത്രീകള്‍ മാത്രം കൈകാര്യം ചെയ്യുന്ന സംവിധാനമാണ്.

Ima Keithel market
ഐമ കെയ്തല്‍ മാര്‍ക്കറ്റ്.

സ്ത്രീ-പുരുഷ വാര്‍പ്പ് മാതൃകകളും പൊതുധാരണകളും ഐമ കെയ്തല്‍ എന്ന മാര്‍ക്കറ്റില്‍ പൊളിഞ്ഞു വീഴും. വിലപറയാനും തിരഞ്ഞെടുക്കാനും പുരുഷനെ ഏല്‍പ്പിക്കുന്ന സ്ത്രീ സമൂഹം ഇവിടെയില്ല. മറിച്ച് ഐമ കെയ്തലില്‍ പുരുഷന്‍മാര്‍ക്ക് കച്ചവടം ചെയ്യാന്‍ പോലും അനുമതിയില്ല. അതിന് പുറകിലൊരു വലിയ ചരിത്രവുമുണ്ട്. അതുകൊണ്ട് തന്നെ അതിജീവനത്തിന്റെ അസാധാരണമായ ജീവതാനുഭവങ്ങള്‍ ഇവിടെ ഓരോ സ്ത്രീക്കും പറയാനുണ്ട്.

കാതടപ്പിക്കുന്ന ശബ്ദത്തോടെ എയര്‍ ഇന്ത്യയുടെ ചെറുവിമാനം ഇംഫാലിലേക്ക് പറന്നിറങ്ങി. ഏഴു ജില്ലകള്‍ മാത്രമുള്ള മണിപ്പൂരിന്റെ തലസ്ഥാനമാണ് ഇംഫാല്‍. പ്രകൃതിരമണീയമായ പ്രദേശം. പൊതുവെ തണുത്ത കാലാവസ്ഥ. എന്നാല്‍ ആഭ്യന്തര സംഘര്‍ഷങ്ങളും ഗോത്ര കലാപങ്ങളും കാരണം അവിടുത്തെ മനുഷ്യ ജീവിതം അത്ര ആയാസകരമല്ല. വിമാനത്താവള പരിസരം വിജനമാണ്. ആഡംബര വാഹനങ്ങളും വിരളം. ഏഴ് കിലോ മീറ്റര്‍ ദൂരമുണ്ട് വിമാനത്താവളത്തില്‍നിന്നു ഐമ കെയ്തല്‍ മാര്‍ക്കറ്റിലേക്ക്.

ആകാശം മുട്ടുന്ന കെട്ടിടങ്ങളോ വികസനത്തിന്റെ മഹാമാതൃകകളോ പ്രധാന നഗരത്തിലൂടെയുള്ള യാത്രയില്‍ കാണാന്‍ സാധിച്ചിരുന്നില്ല. വിഘടനവാദികളുടെ ഇടപെടലുകളും സംഘര്‍ഷങ്ങളും നാടിനെ ഒരുപാട് പുറകിലാക്കിയിട്ടുണ്ട്.
ഏതാനും നിമിഷങ്ങള്‍ മാത്രം നീളുന്ന യാത്രയില്‍ നഗരം അവസാനിച്ചു. റോഡ് രണ്ടുവരി പാതയില്‍നിന്നു ചെറുതായി ഇടുങ്ങിയ ഒന്നായി. ഒറ്റവരി പാതക്ക് ഇരുവശവും നിറയെ പച്ചപ്പാണ്. ദൂരെ മലകളും ഇടതൂര്‍ന്ന മരങ്ങളുമുണ്ട്. പച്ച വിരിച്ച് കിടക്കുന്ന പര്‍വ്വതങ്ങളില്‍ വെയില്‍  പതിക്കുമ്പോള്‍ അത് കൂടുതല്‍ മനോഹരമായ കാഴ്ചയാണ്.

ആര്‍ത്തവം ഉത്സവമാക്കി മാറ്റിയ കാമാഖ്യ ക്ഷേത്രവും സ്ത്രീ പ്രധാന്യ ദൈവസങ്കല്പങ്ങളും ഏറെ ഉണ്ട് ഇന്ത്യയുടെ വടക്ക് കിഴക്കന്‍ പ്രദേശങ്ങളില്‍. സാമൂഹികമായ ഇടപെടലുകളിലും സ്ത്രീകള്‍ അവിടെ നിര്‍ണ്ണായക പങ്ക് വഹിക്കുന്നുണ്ട്. പതിയെ വണ്ടി തിരക്കേറിയ വഴിയിലേക്ക് പ്രവേശിച്ചു. രണ്ട് വശങ്ങളിലുമായി സ്ത്രീകള്‍ തടിച്ചു കൂടി നടക്കുന്നുണ്ട്. കുറച്ചുകൂടെ മുന്നോട്ട് പോയപ്പോള്‍ നമ്മുടെ നാട്ടുചന്തക്ക് സമാനമായ ഒരു അന്തരീക്ഷമാണ്. ഡ്രൈവര്‍ ആ തിരക്കിന് നടുവില്‍ വണ്ടി നിര്‍ത്തി. ഇറങ്ങി നടക്കാതെ നിര്‍വാഹമില്ല.

നിലത്ത് ഷീറ്റ് വിരിച്ച് ഉണക്കമത്സ്യം വില്‍ക്കുന്ന പ്രായമായ സ്ത്രീകളാണ് തുടക്കത്തില്‍. വ്യത്യസ്ത തരം മീനുകളാണ്. മിക്കവയും കേരളത്തില്‍ കണ്ട് പരിചയമില്ലാത്തവയാണ്. ശ്രദ്ധിച്ചപ്പോഴാണ് ഒരു കാര്യം മനസിലായത്. എല്ലാ മീനുകളും കറുത്തിരിക്കുന്നു. കച്ചവടം ചെയ്യുന്ന സ്ത്രീയോട് ഹിന്ദിയില്‍ ചോദിച്ചപ്പോള്‍ അവര്‍ മണിപ്പൂരിയിലാണ് മറുപടി പറഞ്ഞത്. അതെനിക്ക് മനസ്സിലായില്ലെന്ന് കണ്ട തൊട്ടടുത്തുള്ള മറ്റൊരു സ്ത്രീ ഹിന്ദിയില്‍ പറഞ്ഞു തന്നു. പച്ചമീന്‍ പുകയില്‍ ആണത്രേ ഉണക്കാറ്. അതുകൊണ്ടാണ് കറുപ്പ് നിറം. മറ്റൊരാള്‍ക്ക് മീന്‍ എടുത്തുകൊടുക്കുന്നതിനിടെ അവര്‍ ധൃതിയില്‍ പറഞ്ഞവസാനിപ്പിച്ചു. കേള്‍ക്കാത്ത കഥകളും കാണാത്ത കാഴ്ചകളും ഇവിടെനിന്നും തുടങ്ങുകയാണ്.

അധിനിവേശങ്ങളും സ്ത്രീയും

Ima Keithel market
മീന്‍ കച്ചവടം നടത്തുന്നവര്‍.

ഗോത്രസംഘര്‍ഷങ്ങള്‍ തുടര്‍ക്കഥയായിരുന്നു മണിപ്പൂരില്‍. അത്ുകൊണ്ടുതന്നെ പുരുഷന്മാര്‍ പൊതുവില്‍ ആയുധങ്ങള്‍ ഉപയോഗിക്കുന്നതില്‍ മികവ് കാണിച്ചിരുന്നു. കൂടാതെ തങ്ങളുടെ നാടിനോട് അതിയായ അര്‍പ്പണബോധവും സത്യസന്ധതയും അവര്‍ക്കുണ്ടായിരുന്നു. അതു മുതലെടുത്താണ് ബ്രിട്ടീഷുകാര്‍ രണ്ടാം ലോക മഹായുദ്ധ കാലത്ത് അവരെ ഉപയോഗിച്ചത്. യുദ്ധങ്ങളുടെ ജയപരാജയങ്ങള്‍ക്കപ്പുറത്ത് അനാഥമാക്കപ്പെട്ട ആയിരക്കണക്കിന്  കുടുംബങ്ങളെ ആരും കണ്ടില്ല.

മര്‍ക്കറ്റിലൂടെ മുന്നോട്ട് നടക്കുന്നതിനിടയില്‍ പാമ്പിനെ പോലുള്ള മീനിനെ വലിയ പ്ലാസ്റ്റിക് പാത്രത്തില്‍ കണ്ടു. വൃദ്ധയായ ഒരു അമ്മൂമ്മയാണ് വില്‍ക്കുന്നത്. ഏത് മീനാണ് ഇതെന്ന് ചോദിച്ചപ്പോള്‍ 'സ്‌നേക് ഫിഷ്' ആണെന്നും വളരെ രുചിയുള്ള മീനാണെന്നുമാണ് അവര്‍ പറഞ്ഞത്. ഹിന്ദി നന്നായി സംസാരിക്കുന്ന ചിരിക്കുന്ന മുഖമുള്ള അവരോട് കുറച്ച് കാര്യങ്ങള്‍ ചോദിക്കാം എന്ന് കരുതി. ചിരിക്കുന്ന മുഖങ്ങള്‍ അപൂര്‍വ്വമായാണ് അവിടെ കണ്ടത്. അതുകൊണ്ട് തന്നെയാകണം അവരിലേക്ക് ശ്രദ്ധ പോകാന്‍ കാരണവും. കച്ചവടത്തിരക്കിനിടക്ക് സംസാരിക്കാന്‍ സാധിക്കുമോ എന്ന് ചോദിച്ചപ്പോള്‍, യാതൊരു ആലോചനയും കൂടാതെ പിറകില്‍നിന്ന് ഒരു സ്റ്റൂള്‍ എടുത്ത് എനിക്ക് തന്നു.

വിദേശികളും സഞ്ചാരികളുമായ പലരും ഇത്തരത്തില്‍ സംസാരിക്കാന്‍ വരാറുണ്ടത്രേ. നാടിനെ കുറിച്ച് പറയുന്നതില്‍ അവര്‍ക്ക് സന്തോഷമെ ഉള്ളു എന്നും കൂട്ടിച്ചേര്‍ത്തു. മേരി അകൗജാം എന്ന് സ്വയം പരിചയപ്പെടുത്തി അവര്‍ സംസാരിച്ച് തുടങ്ങുകയായിരുന്നു. അവരുടെ അമ്മയുടെ കാലത്താണത്രെ ഐമ കെയ്തല്‍ മാര്‍ക്കറ്റില്‍ കച്ചവടത്തിനായി സ്ഥലം കിട്ടിയത്. അക്കാലത്തൊക്കെ ഇപ്പോള്‍ ഉണ്ടാവുന്നതിനേക്കാള്‍ പച്ചക്കറിയും പഴങ്ങളും ഉണ്ടായിരുന്നെന്നും എന്നാല്‍ വര്‍ദ്ധിച്ചു വരുന്ന പ്രകൃതി ചൂഷണങ്ങള്‍ വിഭവങ്ങളെ കാര്യമായി ബാധിച്ചെന്നും സ്വന്തം അനുഭവത്തിലൂടെ പറയുകയാണവര്‍.

'ചെറുപ്പത്തിലൊക്കെ പുറത്തിറങ്ങാന്‍ സാധിക്കാത്ത വിധം ദിവസങ്ങളോളം മഴ തോരാതെ പെയ്യുമായിരുന്നു. അന്നൊക്കെ കാട്ടില്‍നിന്നു ശേഖരിച്ച് വച്ച കിഴങ്ങുകളും ഉണക്കിയ മീനും റൊട്ടിയുമാണ് കഴിച്ചിരുന്നത്.എന്നാലിന്ന് പണ്ട് കാലത്ത് കിട്ടിയിരുന്ന കിഴങ്ങുകള്‍ പലതും കാട്ടില്‍ കാണാനെയില്ല.' വാര്‍ദ്ധക്യത്തിന്റെ അടയാളമായ ശരീരത്തിലെ ചുളിവുകള്‍ നെറ്റിയിലപ്പോള്‍ കൂടുതല്‍ തെളിഞ്ഞ് നിന്നിരുന്നു. ഓര്‍മ്മയുടെ വിയര്‍പ്പ് ആ ചുളിവുകളില്‍ തങ്ങി കാറ്റേറ്റ് വറ്റിവരണ്ടു. 'ഒഹ് ജീസസ്' എന്ന് പറഞ്ഞ് കഴുത്തിലെ വെള്ള മുത്ത് കോര്‍ത്ത കൊന്ത നെഞ്ചോടമര്‍ത്തി. പതിയെ മേരി അകൗജാം ഓര്‍മ്മയുടെ പടവിറങ്ങി.

ബ്രിട്ടീഷ് ഭരണകാലത്താണ് മണിപ്പൂരിലെ സ്ത്രീകളുടെ സാമൂഹിക മുന്നേറ്റങ്ങള്‍ക്ക് തുടക്കമാകുന്നത്. സാമ്രാജ്യത്വ ഭീമന്റെ എല്ലാ ചൂഷണങ്ങള്‍ക്കുമെതിരെ ആദ്യം ശബ്ദമുയര്‍ത്തിയതും സ്ത്രീകള്‍ തന്നെ. അന്യായമായ സാമ്പത്തിക പരിഷ്‌ക്കരണങ്ങള്‍ക്കെതിരെ സ്ത്രീകള്‍ നടത്തിയ 'നൂപി ലാന്‍'(വനിത യുദ്ധം) എന്ന പേരില്‍ അറിയപ്പെട്ട പ്രക്ഷോഭം ബ്രിട്ടനെ പിടിച്ചു കുലുക്കിയിരുന്നു. പിന്നീട് ആ പ്രക്ഷോഭമാണ് ലിംഗ സമത്വത്തിലേക്കും സ്ത്രീ ശാക്തീകരണത്തിലേക്കും വഴിവച്ചത്. മണിപ്പൂര്‍ മണിരത്‌നമാണെന്നാണ് സുഭാഷ് ചന്ദ്രബോസ് വിശേഷിപ്പിച്ചത്.

എന്നാല്‍ ഇന്ന് തോക്കിന്‍ മുനമ്പിലാണ് ആ പ്രദേശമാകെ. അഫ്‌സ്പ(Armed Forces Special Powers Act) പോലെയുള്ള പ്രത്യേക അധികാരങ്ങള്‍ നല്‍കി സായുധ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. ഇനിയും പൂര്‍ണ്ണാര്‍ത്ഥത്തില്‍ ലഭ്യമാകാത്ത ജനാധിപത്യ അവകാശങ്ങള്‍ ഏറെയുണ്ട്. എന്നാല്‍ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടുന്ന കരുത്തുറ്റ സ്ത്രീ ജനതയുണ്ടെന്ന പ്രതീക്ഷയാണ് മേരി അകൗജാം അവസാനമായി പങ്കുവച്ചത്. അവരുടെ മുഖത്തിപ്പോള്‍ നിരാശയുടെ വിയര്‍പ്പുകണങ്ങള്‍ക്ക് മീതെ പ്രതീക്ഷയുടെ തിളക്കമുണ്ട്. ന്നുറപ്പാണ്. വേദനയല്ല മണിപ്പൂരിലെ സ്ത്രീജനത. അവര്‍ അനീതിയുടെ ആഴങ്ങള്‍ താണ്ടി ജനാധിപത്യത്തിന്റെ നിറങ്ങളണിയും. അത്രത്തോളം ജീവിതാനുഭവങ്ങളുടെ കാമ്പുണ്ട് ആ മനുഷ്യര്‍ക്കുള്ളില്‍.

Ima Keithel market
ഇംഫാലിലെ ഐമ കെയ്തല്‍ മാര്‍ക്കറ്റ്.

അമ്മ മാര്‍ക്കറ്റില്‍ സ്‌നേഹം സൗജന്യമാണ്

ലല്ലപ് കബ എന്ന നിയമം എ.ഡി. 1533-ല്‍ അടിച്ചേല്പിക്കപ്പെട്ടതോടെയാണ് മണിപ്പൂരിലെ സ്ത്രീജീവിതങ്ങളുടെ ചരിത്രം തന്നെ മാറുന്നത്. ഈ നിയമം അനുസരിച്ച് പുരുഷന്മാരെ വിദൂരദേശങ്ങളില്‍ ജോലിക്ക് വിടാനും യുദ്ധങ്ങള്‍ക്ക് വേണ്ടി യഥേഷ്ടം ഉപയോഗപ്പെടുത്താനും ഭരണകൂടങ്ങള്‍ക്ക് സാധിച്ചു. വീടും പ്രിയപ്പെട്ടവരെയും വിട്ടു പോകാന്‍ തയ്യാറല്ലാത്തവര്‍ക്ക് പരസ്യവിചാരണയും കഠിനശിക്ഷയുമാണ്.

ഇതില്‍ ഭയപ്പെട്ട് പലരും പലായനം ചെയ്തു. ചിലര്‍ ഉള്‍ക്കാടുകളിലേക്ക് കയറി പോവുകയുമായിരുന്നു. എന്നാല്‍ ഭൂരിഭാഗം പേര്‍ക്കും എല്ലാം ഉപേക്ഷിച്ച് യുദ്ധങ്ങള്‍ക്കായി പോകേണ്ടി വന്നു. ഇതോടെ കുടുംബ വ്യവസ്ഥയാകെ തകര്‍ന്ന് തരിപ്പണമായി. ഗോതമ്പും നെല്ലും വിളഞ്ഞിരുന്ന പാടങ്ങള്‍ തരിശായി. തുടര്‍ന്ന് പട്ടിണിയും അരക്ഷിതാവസ്ഥയും ഗ്രാമങ്ങളില്‍ വട്ടമിട്ട് പറന്നു.

അനിശ്ചിതാവസ്ഥയിലായ ആയിരക്കണക്കിന് കുടുംബങ്ങള്‍ ആത്മഹത്യ മുനമ്പില്‍ എത്തി. അത്തരമൊരു അവസാന ഘട്ടത്തില്‍ വച്ചാണ് അവര്‍ ഒരുമിച്ച് ഇരിക്കുന്നത്. അന്നേവരെ ഇല്ലായ്മകള്‍ മാത്രം പറഞ്ഞ് പരസ്പരം സഹതപിച്ചവര്‍ മാറി ചിന്തിച്ചു. പുരുഷന്മാര്‍ ചെയ്യുന്ന  ഇത്തരം ജോലികള്‍ എന്തുകൊണ്ട് നമുക്ക് സാധിക്കില്ല, എന്ന ചോദ്യം കാറ്റ് പോലെ പരന്നു. അതിന് ഉത്തരമായി മരുഭൂമിപോലെ കിടന്നിരുന്ന പാടങ്ങള്‍ പച്ചപുതച്ചു. 

മണ്ണുഴുത് മറിക്കുമ്പോള്‍ കൈവളകള്‍ കലപ്പയില്‍ കൊണ്ട്‌പൊട്ടി ചോരയൊലിച്ചു. അത് അവരില്‍ വേദനയല്ല ഉണ്ടാക്കിയത്. മറിച്ച് വീണ്ടും മണ്ണിന്റെ ഹൃദയത്തിലേക്ക് വിത്താഴ്ത്തി വേരുറപ്പിക്കാനുള്ള ആത്മവിശ്വാസം കൂട്ടുകയായിരുന്നു.
ഇത്തരത്തില്‍ ചോരകൊടുത്ത് വിളയിച്ചെടുത്ത ഓരോ ഉല്‍പ്പന്നങ്ങളും വില്‍ക്കാനായി അവര്‍ക്കുള്ളില്‍നിന്ന് തന്നെ സ്ത്രീകള്‍ മുന്നോട്ട് വന്നു. അത് നൂറുകണക്കിന് ചെറുചന്തകള്‍ക്ക് വഴിവച്ചു. അവിടെനിന്നാണ് ഇന്ന് കാണുന്ന'അമ്മ മാര്‍ക്കറ്റ് എന്ന് അര്‍ത്ഥം വരുന്ന ഐമ കെയ്തലിന്റെ തുടക്കം.

മാര്‍ക്കറ്റില്‍ മീനിനെന്നപോലെ പച്ചക്കറിക്കും പലചരക്ക് സാധനങ്ങള്‍ക്കും പ്രത്യേകം ഇടങ്ങളുണ്ട്. മൂന്ന് ഭാഗങ്ങളായാണ് വലിയ കെട്ടിടത്തിനുള്ളിലെ മാര്‍ക്കറ്റിനെ തരം  തിരിച്ചിട്ടുള്ളത്. രണ്ട് കെട്ടിടങ്ങളിലായാണ് അംഗീകൃത കച്ചവടം നടക്കുന്നത്. അതല്ലാത്ത പുറത്ത് വില്‍പ്പന നടത്തുന്നവരും ഉണ്ട്. എന്നാല്‍ അവര്‍ ഐമ കെയ്തലിന്റെ പരിധിയില്‍ വരില്ല.

കച്ചവടത്തിനായുള്ള പുതിയ കെട്ടിടം  വന്നപ്പോഴും പഴയ മാര്‍ക്കറ്റ് അതുപോലെ പ്രവത്തിക്കുന്നുണ്ട്. 2016 ജനുവരി നാലിന് 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ മാര്‍ക്കറ്റിന് വലിയ കേടുപാടുകള്‍ സംഭവിച്ചു. എന്നാല്‍ അതിജീവനത്തിന്റെ മഹാപര്‍വ്വതങ്ങള്‍ താണ്ടിയിട്ടുള്ള ആ സ്ത്രീജീവിതങ്ങള്‍ക്ക് മുന്നില്‍ പ്രകൃതിയും തോറ്റു. അടുത്ത ദിവസം തന്നെ കേടുപാടുകള്‍ പരിഹരിച്ച് കച്ചവടം തുടങ്ങുകയായിരുന്നു.

മാര്‍ക്കറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത് സ്ത്രീകളുടെ തന്നെ യൂണിയനാണ്. അയ്യയിരത്തോളം സ്ത്രീകള്‍ കച്ചവടം ചെയ്യുന്നുണ്ട് എന്നാണ് യൂണിയന്റെ കണക്ക്. ഇവരില്‍നിന്ന് ചെറിയൊരു തുക മാസവാടകയായി വാങ്ങുന്നുണ്ട്. ആ പണം ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കും മാര്‍ക്കറ്റ് ശുചീകരണത്തിനും പരിപാലനത്തിനുമായാണ് ഉപയോഗിക്കുന്നത്. ഇത് കൂടാതെ മുന്‍കൂറായി കച്ചവടക്കാര്‍ക്ക് പണം കൊടുത്ത് സഹായിക്കാനുള്ള സംവിധാനവും ഉണ്ട്. ഈ തുക തവണകളായി തിരിച്ചടച്ചാല്‍ മതി.

മാര്‍ക്കറ്റുകളുടെ രാജ്ഞി എന്ന വിശേഷണമുണ്ട് ഐമ കെയ്തലിന്. ഒട്ടനേകം ചെറു ഭക്ഷണശാലകളും ഉണ്ട് മാര്‍ക്കറ്റിനുള്ളില്‍. ചെറിയ തുകയാണ് അവിടെ ഈടാക്കുന്നത്. എല്ലാത്തിനുമപ്പുറത്ത് 'അമ്മ മാര്‍ക്കറ്റ് എന്നാല്‍ സ്‌നേഹത്തിന്റെയും കരുതലിന്റെയും ഇടം കൂടെയാണ്. പെണ്‍കുട്ടികളുടെ പഠന ആവശ്യങ്ങള്‍ക്കും മറ്റുമായി അവര്‍ വലിയൊരു തുക സമാഹരിക്കാറുണ്ട്. ഇത് മാര്‍ക്കറ്റിന് പുറത്തെ വലിയ ലോകത്തേക്ക് തങ്ങളുടെ മക്കളെ എത്തിക്കുമെന്നും അവര്‍ വിശ്വസിക്കുന്നു. അത്തരം സഹായങ്ങള്‍ പലപ്പോഴും മാര്‍ക്കറ്റുമായി ബന്ധമില്ലാത്ത പെണ്‍കുട്ടികള്‍ക്കും നല്‍കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ സ്‌നേഹത്തിനും കരുതലിനുംവേണ്ടി ആരും വില പേശേണ്ടതില്ല. അത് തീര്‍ത്തും സൗജന്യമാണ്.

പ്ലാസ്റ്റിക്കിനും പുരുഷ കച്ചവടക്കാര്‍ക്കും പ്രവേശനമില്ല

Ima Keithel market
മീന്‍ കച്ചവടം നടത്തുന്നവര്‍.

പ്ലാസ്റ്റിക്ക് കവറില്‍ ചായ പോലും ഓണ്‍ലൈനില്‍ വരുന്ന ഇക്കാലത്തും ഐമ മാര്‍ക്കറ്റില്‍ പ്ലാസ്റ്റിക്കിന് പൂര്‍ണ്ണ നിയന്ത്രണമാണ്. പ്ലാസ്റ്റിക്ക് കവറില്‍ സാധനങ്ങള്‍ വില്‍ക്കുകയോ വാങ്ങുകയോ ഇല്ല. പുറത്തുനിന്ന് അത്തരം കവറുകള്‍ കൊണ്ട് വരുന്നവരെ അവിടെ ഉപേക്ഷിച്ച് പോകാനും അനുവദിക്കില്ല. 500 വര്‍ഷത്തോളം പഴക്കമുള്ള മാര്‍ക്കറ്റില്‍ ഇപ്പോഴും പ്ലാസ്റ്റിക്ക് കവറില്‍ വില്‍ക്കുന്ന ഒരു ഉല്‍പ്പന്നവും ലഭ്യമല്ല. ലോകം മുഴുവന്‍ ചെറുകിട കച്ചവടക്കാരെ ഇല്ലാതാക്കി വളര്‍ന്നുകൊണ്ടിരിക്കുന്ന ഭീമന്‍ കോര്‍പ്പറേറ്റുകള്‍ക്ക്, ഐമ കെയ്തലിന്റെ വാതില്‍ക്കല്‍ പോലും എത്തിനോക്കാന്‍ കഴിഞ്ഞിട്ടില്ല.

മണിപ്പൂരിന്റെ ഗ്രാമങ്ങളില്‍ ഉത്പാദിപ്പിക്കുന്ന പച്ചക്കറികളും ധാന്യങ്ങളും മാത്രമാണ് വില്‍പ്പനക്ക് എത്തുക. മത്സ്യത്തിന് വലിയ വിപണന സാധ്യതയുള്ളതിനാല്‍ മീന്‍ കൃഷി മിക്കവാറും എല്ലാ വീട്ടിലും ചെയ്യുന്നുണ്ട്. ഇതിനായി പലര്‍ക്കും വീടിനോട് ചേര്‍ന്ന് ചെറുകുളങ്ങള്‍ ഉണ്ട്. മറ്റ് കൃഷിഭൂമി ഇല്ലാത്തവരുടെ പ്രധാന വരുമാന മാര്‍ഗ്ഗമാണ് ഇത്തരം മീന്‍ കുളങ്ങള്‍. നാലില്‍ മൂന്ന് ഭാഗവും  കാടാണ് മണിപ്പൂരില്‍. അത്‌കൊണ്ട് തന്നെ സ്വാഭാവിക ജല സ്രോതസുകള്‍ ഏറെയുണ്ട്. ഇവിടെയെല്ലാം പോയി മീന്‍ പിടിക്കുന്നത് പ്രധാനമായും പുരുഷന്മാരാണ്.

വില്‍ക്കാവുന്നതും വാങ്ങാവുന്നതും ആയ ഓരോ ഉത്പനത്തിനും നിശ്ചിത വില തീരുമാനിച്ചിട്ടുണ്ട്. ഇടനിലക്കാര്‍ ഇല്ലാതെ നേരിട്ട് കര്‍ഷകന് ഉത്പന്നങ്ങള്‍ മാര്‍ക്കറ്റില്‍ എത്തിക്കാം. അതുകൊണ്ട് തന്നെ മികച്ച വില ഉത്പന്നങ്ങള്‍ക്ക് ലഭിക്കുന്നു. മായം കലരാത്ത, അമിത വില ചുമത്താത്ത സാധനങ്ങള്‍  ഉപഭോക്താവിനും ലഭിക്കുന്നു.

വിവാഹം കഴിഞ്ഞ സ്ത്രീകള്‍ക്കെ പ്രധാന കച്ചവടക്കാരയി ഇരിക്കാന്‍ പറ്റു. എന്നാല്‍ അവിവാഹിതരായ സ്ത്രീകള്‍ക്ക്  സഹായിയായി നില്‍ക്കുന്നതിന് തടസ്സമില്ല. മിക്കവാറും കച്ചവട സ്റ്റാളുകള്‍ പാരമ്പര്യമായി കുടുംബത്തിലെ ഒരു സ്ത്രീയില്‍ നിന്ന് മറ്റൊരാള്‍ കൈമാറി പോന്നവയുമാണ്.

വസ്ത്രങ്ങള്‍ വില്‍ക്കുന്നവര്‍ക്കും പ്രത്യകം സ്ഥലമുണ്ട്. എന്നാല്‍ കാര്‍ഷിക വിളകള്‍ക്കാണ് കൂടുതല്‍ പ്രധാന്യം.
മണിക്കൂറുകള്‍ വേണം മാര്‍ക്കറ്റ് ചുറ്റി കാണണമെങ്കില്‍. കേരളത്തില്‍ ലഭിക്കുന്ന മിക്കവാറും എല്ലാ പച്ചക്കറികളും ഇവിടെ ലഭ്യമാണ്. വ്യത്യസ്തമായി കണ്ടത് തുണിത്തരങ്ങളും മീനുമാണ്.

ഇറങ്ങാന്‍ നേരത്താണ് തേങ്ങ കച്ചവടം ചെയ്യുന്ന ഹൂബതി ദേവിയെ പരിചയപ്പെട്ടത്. ഇതെന്റെ രണ്ടാമത്തെ വീടാണെന്നാണ് അവര്‍ പറഞ്ഞത്. അവര്‍ക്ക് മറ്റൊരു പ്രധാന പ്രത്യേകത കൂടെയുണ്ട്. 2014 ജൂലായ് നാലിന് 'INDIAN ARMY RAPE US' എന്നെഴുതിയ ബാനര്‍ പിടിച്ച് വിവസ്ത്രയായി പ്രതിഷേധിച്ച 12 സ്ത്രീകള്‍ക്കൊപ്പം ഹൂബതി ദേവിയും ഉണ്ടായിരുന്നു. അത്തരം സമര പരിപാടികള്‍ക്ക് മാര്‍ക്കറ്റിലെ സ്ത്രീകളെ നയിക്കുന്നത് അവരാണ്. വിലക്കയറ്റത്തെ കുറിച്ചും ഭരണകൂടത്തിന്റെ കാടന്‍ നിയമങ്ങളെ കുറിച്ചും അവര്‍ ഏറെ രോഷം കൊണ്ടു.

വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉണ്ടെങ്കിലും മാര്‍ക്കറ്റിനുള്ളില്‍ അവര്‍ ഒന്നാണ്. ഒരു കാലത്ത് ആണധികാരത്തിന്റെ വാറോലകള്‍ ജീവിതം അട്ടിമറിച്ചതിനാലകണം പുരുഷന്മാര്‍ക്ക് അവിടെ കച്ചവട സ്വാതന്ത്ര്യം നിഷേധിച്ചത്. അത് നല്‍കുന്ന മറ്റൊരുസന്ദേശം ഇന്നവര്‍ അവര്‍ അത്രമേല്‍ സ്വയം പര്യാപ്തരാണ് എന്നുകൂടെയാണ്.

ജീവിത പ്രതിസന്ധികളിലൂടെ ആര്‍ജ്ജിച്ചെടുത്ത കരുത്തുമായി ഇന്ത്യയുടെ വടക്കേ അറ്റത്തുള്ള ഈ സ്ത്രീജനത ലോകത്തിന് തന്നെ മാതൃകയാണ്. പ്രത്യേകിച്ചും, ആര്‍ത്തവത്തെ കുറിച്ച് വേവലാതിപ്പെട്ട് നെടുനീളന്‍ ചാനല്‍ ചര്‍ച്ചകള്‍ നടത്തുന്ന കേരളത്തിന് വായിച്ച് പഠിക്കാവുന്ന പാഠമാണ് ഐമ കെയ്തല്‍. സ്ത്രീയെന്ന സ്വത്വത്തിനുള്ളില്‍ നിന്ന് കൊണ്ട്  അതിജീവനത്തിന്റെ പുതിയ ചരിത്രം അടയാളപ്പെടുത്തുകയാണവര്‍.

Content Highlights: The largest and unique all women Ima Keithel market