2018-ല്‍ കേരളത്തില്‍ ഉണ്ടായതു ലോകം കണ്ട വലിയ പ്രകൃതി ദുരന്തങ്ങളില്‍ ഒന്നാണെന്നാണ് ലോകകാലാവസ്ഥ സംഘടന (ഡബ്‌ള്യു.എം.ഒ.)യുടെ പഠന റിപ്പോര്‍ട്ടില്‍ പറയുന്നത്. അത്രത്തോളം ഭയാനകമായിരുന്ന കാലത്തെപ്പോലും കൈ കോര്‍ത്തു പിടിച്ചു കരക്കടുപ്പിച്ചവനാണു മലയാളി. അതു ലോകമാതൃകയുമാണ്. കഴിഞ്ഞ വര്‍ഷം പെയ്തിറങ്ങിയ പ്രളയജലമേല്‍പ്പിച്ച മുറിപ്പാടുകള്‍ ഉണങ്ങിവരും മുന്‍പാണ് മറ്റൊരു ജല ദുരന്തം കൂടെ സംഭവിക്കുന്നത്. അതിജീവനത്തിന്റെ ആഴങ്ങള്‍ താണ്ടിയ ജനത ഇതിനെയും അതിജീവിക്കും. കാരണം മലയാളി എന്നതു കേവലപ്രയോഗം മാത്രമല്ല എന്നു പ്രവൃത്തിയിലൂടെ കാണിച്ച ജനതയാണു നമ്മള്‍. 

അവസാന അത്താണിയായ ദുരിതാശ്വാസ ക്യാമ്പിലും വെള്ളം കയറിയപ്പോള്‍ വെള്ളത്തിനു മുകളില്‍ കസേരയിട്ട് ഡേവിഡ് പീറ്റര്‍ പാടിയത് 'ഹൃദയ വാഹിനി ഒഴുകുന്നു നീ... മധുര സ്‌നേഹ തരംഗിണിയായ്' എന്നാണ്. അനിയന്ത്രിതമായ പ്രകൃതി ദുരന്തങ്ങളോടു പോലും തോല്‍ക്കാന്‍ മനസ്സില്ലെന്നു മലയാളി പണ്ടേ പറഞ്ഞ ജനതയാണ്.

flood 2019

മരണ മഴയുടെ ബാക്കി

വിറക്കുന്ന കൈകകളോടെ പ്രായം ചെന്നൊരു മനുഷ്യന്‍ ചൂണ്ടി കാണിച്ചുതന്നു: 'അതാണ് എന്റെ വീട്. വലിയ മരത്തിന്റെ അങ്ങേ തലക്കലാണു പള്ളി. താഴേക്ക് കാണുന്ന വളവില്‍ അമ്പലവും'. പക്ഷെ കാഴ്ച്ചയില്‍ അദ്ദേഹം പറഞ്ഞതൊന്നും കാണുന്നേയില്ല. കാരണം എല്ലാം പൊട്ടിയൊലിച്ചുവന്ന മലക്ക് താഴെയാണിപ്പോള്‍. ഭൂമിക്ക് അകത്തുള്ള ചുവന്ന മണ്ണ് മാത്രമാണ് അദ്ദേഹം കാണിച്ചു തന്ന ഇടങ്ങളിലുള്ളത്. നടുവിലായി പുഴയായി മാറിയ പാറക്കുള്ളിലെ മരണജലവും.

മഴയ്ക്കൊപ്പം നിന്നു പെയ്യുന്നുണ്ട് അദ്ദേഹത്തിന്റെ കണ്ണുകളും. തോരാമഴ കാരണം നാട്ടില്‍ പണിയില്ലാത്തതിനാല്‍ ഇടക്കു ചുരമിറങ്ങാറുണ്ടത്രേ. രണ്ടും മൂന്നും ദിവസം കഴിഞ്ഞെ പിന്നെ തിരിച്ചെത്താറുള്ളൂ. എന്നും വന്നാല്‍ ബസ്സ് കൂലി മുതലാകാത്തതു കൊണ്ടാണു പണിസ്ഥലത്തെ ചായ്പ്പില്‍തന്നെ കഴിഞ്ഞത്.

അതുകൊണ്ടാണ് എഴുപതു കഴിഞ്ഞ ആ മനുഷ്യനെ മരണക്കലി പൂണ്ടു വന്ന മലക്കു കിട്ടാതിരുന്നത്. പക്ഷെ പ്രിയപ്പെട്ടവരെല്ലാം കുത്തിയൊഴുകുന്ന വെള്ളത്തിനും ഭീമന്‍ പറകള്‍ക്കും താഴെയാണിപ്പോള്‍. മുന്നറിയിപ്പ് അധികൃതര്‍ കൊടുത്തിരുന്നത്രെ. പക്ഷെ ഇന്നോളം കണ്ട സ്വപ്നങ്ങള്‍ കൂട്ടിവച്ച ചെറുവീടുകള്‍ സംരക്ഷണമൊരുക്കുമെന്ന് അവരും കരുതി കാണണം.

വലിയൊരു ശബ്ദം കേട്ടാണു തിരിഞ്ഞ് നോക്കിയത്. ഒരു കുഞ്ഞിന്റെ മണ്ണില്‍ പൊതിഞ്ഞ ശരീരവുമായി ഓടി വരികയാണ് രക്ഷാപ്രവര്‍ത്തകര്‍. ജീവനറ്റ ശരീരത്തില്‍നിന്നു പെരുംമഴയില്‍ മണ്ണൊലിച്ച് ഭൂമിയിലേക്ക് ഇറങ്ങുന്നുണ്ട്. മണ്ണില്‍ പുതഞ്ഞ ആ കുഞ്ഞിന്റെ ആ മുഖം മഴ കഴുകി തുടക്കുന്നത് പോലെ തോന്നി. ഒറ്റനോട്ടത്തില്‍ അവിടെ ഒരാള്‍ വിളിച്ചുപറഞ്ഞു, മുഹമ്മദ് മിസ്ഹബ് ആണത്. 

പിന്നീടാണ് അറിഞ്ഞത് മലയെടുത്ത ഈ ഗ്രാമത്തില്‍ ഒരു കാന്റീന്‍ കൂടെ ഉണ്ടായിരുന്നെന്ന്. എസ്റ്റേറ്റിലെ കാന്റീന്‍ നടന്നുന്ന ഷൗക്കത്തിന്റെയും മുനീറയുടെയും മകനെയാണത്രേ അവരിപ്പോള്‍ കൊണ്ടുപോയത്. ഇതുകൂടെ കേട്ടപ്പോള്‍  ആ മനുഷ്യന്‍ തലയില്‍ കൈവച്ച് നിലത്തിരുന്ന് ആര്‍ത്തു കരഞ്ഞു. അവസാന പ്രതീക്ഷയുടെ മുകളിലാണ് മിന്നല്‍ പിണര്‍ പോലെ ആ ശരീരവുമായി രക്ഷാപ്രവര്‍ത്തകര്‍ പോയത്. കുത്തിയൊലിച്ച് വരുന്ന വെള്ളത്തില്‍ അദ്ദേഹം മനസ്സ് കൈവിട്ട് കിടന്ന് കരഞ്ഞാര്‍ക്കുകയാണ്. മനുഷ്യവേദന അറിയാന്‍ സാധിക്കാതെ പോയ മരണ പെയ്ത്തിനെ ശപിച്ചുകൊണ്ട്. മരണ മഴകൊണ്ട് മുറിവേറ്റ ഒരു പാട് മനുഷ്യര്‍ ആ കാഴ്ചക്ക് മുന്‍പില്‍ വിറങ്ങലിച്ച് നില്‍ക്കുന്നുണ്ട്. നിസ്സഹായരായി.

വയനാട് പുത്തുമലയിലെ അനുഭവമാണിത്. സാന്ത്വനിപ്പിക്കാന്‍ വാക്കുകളില്ലാത്തതുകൊണ്ട് പേരുപോലും ചോദിക്കാന്‍ നിന്നില്ല. എങ്കിലും ഒന്ന് പറയാം അദ്ദേഹം അക്ഷരാര്‍ത്ഥത്തില്‍ ഒരു പ്രതീകമാണ്. നിമിഷനേരം കൊണ്ട് വെള്ളമെടുത്ത് കൊണ്ടുപോയ നൂറുകണക്കിന് ആളുകളുടെ ഞെട്ടറ്റുപോയ ജീവിതത്തിന്റെ പ്രതിനിധിയാണദ്ദേഹം. 60 വീടുകള്‍ ഉണ്ടായിരുന്ന ആ ചെറിയ ഗ്രാമത്തില്‍ ഇപ്പോള്‍ വലിയ മണല്‍ കൂനകള്‍ മാത്രമാണുള്ളത്. മൂന്ന് മിനിട്ടു കൊണ്ടാണത്രേ ഉരുള്‍പൊട്ടി ഗ്രാമത്തെ അപ്പാടെ മുക്കി കളഞ്ഞത്. അഞ്ചു കിലോമീറ്റര്‍ നീളത്തില്‍ 100 ഏക്കറോളമുള്ള ആ ചെറുഗ്രമാം ചെളിക്കൂനയാണ് ഇപ്പോള്‍. മണ്ണിലാഴ്ന്ന് പോയ സ്വപ്നങ്ങള്‍ക്കൊപ്പം ഇനിയും കണ്ടെടുക്കാനാവാത്ത മനുഷ്യരെ തേടി പ്രിയപ്പെട്ടവര്‍ അലയുന്ന ചെളിക്കൂമ്പാരമാണ് ഇന്ന് ആ ഗ്രാമം.   

flood 2019

ഗോപി

രണ്ടു ദിവസമായിരുന്നു കറന്റ് പോയിട്ട്. വീട്ടിലെ മെഴുകുതിരി കത്തിച്ച് വച്ചിരുന്ന അമുലിന്റെ ടിന്ന് കുറെ നോക്കിയെങ്കിലും കാണാനേയില്ല. പെരുംമഴയായതിനാല്‍ പുറത്തിറങ്ങാനും പറ്റുന്നില്ല. 'ഉള്ള കഞ്ഞി കുടിച്ച് ഇവടെ കൂടാം, ഈ പെരും മഴയത്ത് പുറത്തൊന്നും പോകണ്ട' എന്ന് പറഞ്ഞത് അമ്മയാണ്. മണ്ണെണ്ണ വിളക്കില്‍ ഉണ്ടായിരുന്ന അവസാനതുള്ളിയും കത്തി തീര്‍ന്നു. തുണികൊണ്ടുള്ള തിരി കരിഞ്ഞ് പുകഞ്ഞ് അതും താനെ കെട്ടു. കറന്റ്  വരാന്‍ ഒരു സാധ്യതയും ഇല്ലാത്ത രീതിയിലാണ് പെരും മഴ. ഇനിയും ഇരുട്ടത്തിരിക്കണ്ട എന്ന് കരുതിയാണ് കവളപ്പാറയിലെ ഗോപി അമ്മയെയും ഭാര്യയെയും രണ്ടു മക്കളെയും അയല്‍വാസി മുഹമ്മദിന്റെ വീട്ടിലാക്കി മെഴുകുതിരി വാങ്ങാന്‍ പോയത്. മഴ കണ്ണ് കാണാത്തവിധം മരണപെയ്ത്ത് പെയ്യുകയാണ്.

അതുകൊണ്ടു തന്നെ വേഗത്തില്‍ പോയി വരിക അസാധ്യമാണ്. എങ്കിലും പ്രിയപ്പെട്ടവര്‍ തനിച്ചാണെന്ന് ഓര്‍ത്തപ്പോള്‍ പൊതുവെ കവലകളില്‍ സംസാരിച്ച് ഇരിക്കാറുള്ള ഗോപി അതിനു നില്‍ക്കാതെ വേഗം മടങ്ങുകയായിരുന്നു. അതിനിടയ്ക്കാണ് അവ്യക്തമായൊരു ശബ്ദം കേട്ടത്. നടത്തം അതിവേഗത്തിലാക്കി നേരെ നോക്കിയപ്പോള്‍ കണ്ട കാഴ്ചക്കു മുന്നില്‍ ഇപ്പോഴും ഗോപി നിസ്സഹായനായി കരയുകയാണ്. തന്റെ പ്രിയപ്പെട്ട കൂട്ടുകാരന്‍ മുഹമ്മദിന്റെ വീട് ഒരു മണല്‍കൂനയായിരിക്കുന്നു. പൊട്ടിച്ചിതറി വന്ന പാറയും വെള്ളവും മുന്നോട്ടു പോയ ഗോപിയെ തള്ളിമാറ്റി പരിക്കേല്‍പ്പിച്ചെങ്കിലും, ജീവന്റെ ജീവനായ പ്രിയപ്പെട്ടവര്‍ക്കടുത്തേക്ക് ഓടുകയായിരുന്നു. പാറയില്‍ ഇടിച്ചു വീണ മുറിവില്‍നിന്നു രക്തം വാര്‍ന്നൊഴുകുന്നുണ്ട്. എങ്കിലും ഹൃദയവേദനയെക്കാള്‍ വലിയതായിരുന്നില്ല അത്.

ഭ്രാന്തമായി പെരുംമഴയത്ത് തന്റെ പ്രിയപ്പെട്ടവരെ തേടുന്നതിനിടക്കാണ് അമ്മയെയും മകനെയും കിട്ടുന്നത്. തൊട്ടടുത്തായി മകന്‍ ഗോകുലും ഉണ്ടായിരുന്നു. മണ്ണില്‍ പുതഞ്ഞു കിടക്കുന്ന ഇവരെ രണ്ടു പേരെയും പുറത്തെടുത്തത് ഗോപി തന്നെയാണ്. മാറോടണച്ചു നോക്കിയപ്പോഴാണു മനസിലായത് രണ്ടു പേരുടെയും ജീവന്റെ ചൂടു നഷ്ട്ടമായിരിക്കുന്നു എന്ന്. കൈയ്യില്‍ അപ്പോഴും യാന്ത്രികമായി മുറുകെ പിടിച്ച മെഴുകുതിരി ഉണ്ടായിരുന്നു.  അതിന്റെ വെളിച്ചം ഇനി ഒരിക്കലും തന്റെ ജീവിതത്തില്‍ പ്രകാശം തരില്ലെന്ന യാഥാര്‍ഥ്യം വലിയൊരു അലര്‍ച്ചയോടെയാണ് ഗോപി തിരിച്ചറിഞ്ഞത്.

flood 2019

ബെന്നി  

സാധാരണ ഗതിയില്‍ മഴ കനത്തു സ്ഥിതി വഷളാകുമെന്നു തോന്നിയാല്‍ സ്വമേധയാ വീടു വിട്ടുപോകുന്ന ആളായിരുന്നു ബെന്നി. വിലങ്ങാട് ഭാഗത്തടിച്ച ശക്തമായ കാറ്റു കണ്ടു കവലയില്‍നിന്നു വീടു മാറുന്നതിനെ കുറിച്ച് ബെന്നി പറഞ്ഞിരുന്നുമത്രെ. മുന്‍ വര്‍ഷങ്ങളിലൊക്കെ മഴ കനക്കുമ്പോള്‍ പാലൂര്‍ സ്‌കൂളിനടുത്തുള്ള തറവാട് വീട്ടിലേക്കു പോകുന്നതുമാണ്. ഇത് അയല്‍വാസികള്‍ക്കും സുഹൃത്തുക്കള്‍ക്കും അറിയാം. കറന്റ് ഇല്ലാത്തതു കാരണം മൊബൈല്‍ ഫോണുകള്‍ ഒക്കെ ഓഫാണ്. അതുകൊണ്ടുതന്നെ ആരെയും ബന്ധപ്പെടാനുള്ള സംവിധാനങ്ങള്‍ ഒന്നുമില്ല. അതിശക്തമായ മഴയും കനത്ത ഇരുട്ടും ജീവിതം ദുസ്സഹമാക്കിയതോടെയാണ് അയല്‍വാസിയായ ഫിലിപ്പ് താഴെ ബന്ധുവിന്റെ വീട്ടിലേക്ക് പോയത്. രാത്രി ഏകദേശം പന്ത്രണ്ട് മണിയോടെ വലിയ ശബ്ദം കേട്ടതായാണ് ഫിലിപ്പ് മാതൃഭൂമിയോടു പറഞ്ഞത്.     

മുകളില്‍ ബെന്നിയുടെ വീടുണ്ടെങ്കിലും, അവര്‍ വീടുമാറി പോയിക്കാണും എന്നു കരുതി ഉറങ്ങാന്‍ കിടന്നു. എന്നാല്‍ കനത്ത മഴ കാതില്‍ ഇരച്ചെത്തുന്നത് കൊണ്ട് ഉറങ്ങാനേ പറ്റിയില്ല. നേരം വെളുത്തപാടെ രാത്രി ശബ്ദം കേട്ട ഭാഗത്തേക്കു പോവുകയായിരുന്നു. അപ്പോഴാണ് മനസിലായത് ബെന്നിയുടെ വീടിനു മുകളിലേക്കാണു മല ചിതറി വന്നതെന്ന്. എങ്കിലും ആളപായം ഇല്ലല്ലോ എന്നോര്‍ത്തു ചെറുതായൊന്ന് സമാധാനപ്പെട്ടിരുന്നു. പക്ഷെ അത് അധിക നേരം നീണ്ടുനിന്നില്ല. കാരണം ബെന്നിയും ഭാര്യയും മകനും ആ വീടിനുള്ളില്‍ തന്നെയാണെന്ന സത്യം വൈകാതെ തിരിച്ചറിയുകയായിരുന്നു. ഫിലിപ്പ് നെഞ്ചില്‍ തടവി വിങ്ങിപ്പൊട്ടുകയാണ്. ഒറ്റരാത്രികൊണ്ടു നിശബ്ദമായിപ്പോയ പ്രിയപ്പെട്ട അയല്‍ക്കാരനെ കുറിച്ചോര്‍ത്ത്.   

flood 2019

ശരത്ത്

കോട്ടക്കുന്നിനു മുകളില്‍നിന്ന് ഒലിച്ചു വരുന്ന വെള്ളം ചാലുകീറി തിരിച്ചുവിടാന്‍ മണ്‍വെട്ടി എടുക്കാന്‍ പോയായതായിരുന്നു സരസ്വതി. എന്തോ ഇരമ്പി വരുന്ന ശബ്ദം കേട്ടപ്പോഴെ പന്തിയല്ല എന്നു തിരിച്ചറിയുകയായിരുന്നു. അപ്പോള്‍തന്നെ തൂമ്പക്ക് കാത്തുനില്‍ക്കുന്ന മകന്‍ ശരത്തിനോടു വലിയ ശബ്ദത്തില്‍ ഓടിക്കോ എന്നു പറഞ്ഞ് അവരും ഓടാന്‍ ശ്രമിച്ചു. അതു കേട്ട് ശരത്ത് ഓടിമാറി. അതിനിടക്ക് അമ്മയുടെ കൈ പിടിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. അതിനു മുമ്പെ പൊട്ടിവന്ന മല കണ്മുന്നില്‍നിന്ന് അമ്മയെയും കൊണ്ടുപോയിരുന്നു.

ഒഴുകിവന്ന മരച്ചില്ലയില്‍ തട്ടി ശരത്ത് അടുത്തുള്ള ടൂറിസ്റ്റ് ഹോമിന്റെ വരാന്തയിലേക്ക് തെറിച്ച് വീഴുകയായിരുന്നു. വേരറ്റുവന്ന ആ മരമാണ് യഥാര്‍ത്ഥത്തില്‍ ശരത്തിനു തുണയായത്. മിനിട്ടുകള്‍ക്കകം എല്ലാം ഒടുങ്ങി. മരച്ചില്ലകള്‍ മാറ്റി വീട്ടിലേക്ക് ഓടിയെങ്കിലും അവിടെ കണ്ടത് വലിയ മണല്‍കൂനയായിരുന്നു. ഭാര്യ ഗീതയെയും ഒന്നര വയസ്സുള്ള മകന്‍ ദ്രുവനേയും കൂടെയാണ് അമ്മക്കൊപ്പം മലകൊണ്ട് പോയത്. ആര്‍ത്തു കരയാന്‍ പോലും ആവാത്ത വിധം നിശ്ചലമായിപ്പോയ ശരത്തിപ്പോള്‍ ക്യാമ്പുകളിലെ അമ്മമാര്‍ക്കൊപ്പമാണ്. 

flood 2019

ലിനു 

കരകവിഞ്ഞൊഴുകുന്ന ചാലിയാര്‍ ഒറ്റപ്പെട്ട അനേകം തുരുത്തുകളാണ് ഉണ്ടാക്കിയത്. അത്തരമൊരു തുരുത്തില്‍ സുഹൃത്തുക്കള്‍ അടക്കം കുടുങ്ങി കിടക്കുകയാണെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തോണിയില്‍ ചെന്ന് രക്ഷാപ്രവര്‍ത്തനം നടത്താമെന്ന് ഒരു കൂട്ടം യുവാക്കള്‍ തീരുമാനിക്കുന്നത്. ഇതറിഞ്ഞാണ് കോഴിക്കോട് ചെറുവണ്ണൂരിലെ ക്യാമ്പില്‍നിന്ന് ലിനുവും ഇറങ്ങുന്നത്.

വെള്ളം ലിനുവിന്റെ വീട്ടില്‍ തലേന്നേ കയറിയിരുന്നു. അച്ഛനും അമ്മയ്ക്കും സഹോദരങ്ങള്‍ക്കും ഒപ്പം ക്യാമ്പില്‍ ആയിരുന്നു. മനുഷ്യര്‍ കുടുങ്ങി കിടക്കുന്നു എന്ന വിവരം അറിഞ്ഞ് ഈ നിസ്സഹായ അവസ്ഥയില്‍ പോലും പെരും മഴയെ വകവെക്കാതെ ഇറങ്ങുകയായിരുന്നു. രക്ഷാപ്രവര്‍ത്തതിനായി അവര്‍ രണ്ടു തോണികളിലായാണു പോയത്. ഈ രണ്ടു സംഘവും കരുതിയത് ലിനു അടുത്ത തോണിയില്‍ ഉണ്ടാകുമെന്നാണ്.

തിരികെ ഇരുസംഘങ്ങളും കരയിലെത്തിയപ്പോഴാണ് ലിനു നഷ്ടമായ വിവരമറിയുന്നത്. ഉടനെതന്നെ ബന്ധുക്കളും സുഹൃത്തുക്കളും തിരയാന്‍ തുടങ്ങിയെങ്കിലും പ്രയോജനമുണ്ടായില്ല. ഒടുവില്‍ രക്ഷാസേന നടത്തിയ തിരച്ചിലിലാണ് ലിനുവിന്റെ ജീവനറ്റ ശരീരം കണ്ടെടുത്തത്. ജീവന്‍ രക്ഷിക്കാന്‍ പോയ ലിനുവിന്റെ നിശ്ച്ചചലമായ ശരീരം, ക്യാമ്പിലെ പ്രിയപ്പെട്ടവര്‍ക്ക് മുന്നില്‍ ആംബുലന്‍സില്‍നിന്ന് എടുത്ത് വച്ചപ്പോള്‍ മഴ പോലും നടുങ്ങി പോയിട്ടുണ്ടായിരുന്നു. 

flood 2019

അമ്മ   

ജീവിതം കരകയറ്റാനായാണ് തമിഴ്നാട്ടില്‍നിന്നു ലാവണ്യയും കുടുംബവും അട്ടപ്പാടിയില്‍ എത്തുന്നത്. ഭവാനിപ്പുഴയോട് ചേര്‍ന്നുള്ള വീട്ടിലായിരുന്നു താമസം. മഴ ഇതിനു മുമ്പും കലി പൂണ്ടു പലതവണ വന്നിരുന്നു. അപ്പോഴൊക്കെ ഭവാനിപ്പുഴ കരകവിഞ്ഞിരുന്നു. എങ്കിലും മരണഭയമുണ്ടാക്കിയിട്ടില്ല. കാര്യങ്ങള്‍ ഇനിയും താമസിപ്പിച്ചാല്‍ കൈവിട്ടു പോകും എന്നു കണ്ടാണു രക്ഷാപ്രവര്‍ത്തകര്‍ അവിടേക്കു കുതിച്ചത്.

കുടുങ്ങി കിടക്കുന്ന മറ്റ് ആറു പേരെ കരക്കെത്തിക്കാന്‍ പ്രയാസമില്ലെങ്കിലും ഗര്‍ഭിണിയായ ലാവണ്യയെയും ഒന്നര വയസ്സുള്ള കുഞ്ഞിനേയും എങ്ങിനെ രക്ഷിക്കും എന്നതു വലിയ പ്രതിസന്ധിയായിരുന്നു. പുഴക്കു കുറുകെ വലിയ വടം കെട്ടി അതിനു മുകളിലൂടെയാണ് ആളുകളെ കരക്കെത്തിക്കാന്‍ തീരുമാനിച്ചത്. ലാവണ്യക്കു വേണ്ടി ഡോക്ടര്‍ ഉള്‍പ്പെടെ എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിരുന്നു. പക്ഷെ കുഞ്ഞിനെ മറ്റൊരാള്‍ക്കു കൈവിട്ടു കൊടുക്കാന്‍ അവര്‍ തയ്യാറായിരുന്നില്ല. കുഞ്ഞിനേയും ലാവണ്യയെയും ഒരുമിച്ചു കരക്കെത്തിക്കുക അസാധ്യവുമായിരുന്നു.

അതു രക്ഷാപ്രവര്‍ത്തനത്തിന്റെ സമയം വൈകിച്ചെങ്കിലും അമ്മ എന്ന വാക്കിന്റെ വിശാലത എത്ര മാത്രമെന്നു പൂര്‍ണ്ണ ഗര്‍ഭിണിയായ ലാവണ്യ ചേര്‍ത്തു പിടിച്ച കുഞ്ഞിലൂടെ കാണിച്ചു. ഒടുവില്‍ മണ്ണാര്‍ക്കാട് അഗ്‌നിശമന സേനയും പോലീസും മറ്റ് രക്ഷാ പ്രവര്‍ത്തകരും ചേര്‍ന്ന് ഒരു പോറല്‍ പോലും പറ്റാതെ ഒന്നര വയസ്സുള്ള കുഞ്ഞിനെയും അമ്മയെയും അമ്മക്കുള്ളിലെ കുഞ്ഞിനേയും കരക്കെത്തിക്കുകയായിരുന്നു. ഈ കാഴ്ചക്കു മുന്നില്‍ ഭവാനിപ്പുഴപോലും ഒരു നിമിഷം നിശ്ചലമായിരിക്കാം.

kerala flood 2019 malappuram

മകള്‍ 

ആറു വര്‍ഷത്തെ കാത്തിരിപ്പിനു ശേഷമാണു വയനാട് പനമരത്തെ ബാബുവിനും മുത്തുവിനും കുഞ്ഞിക്കാല്‍ കാണാനായത്. ഇത്രയും കാലത്തെ ജീവിതത്തില്‍ സ്വന്തമെന്നു പറയാനുള്ളത് ഒരു കുഞ്ഞുവീടു മാത്രമാണ്. നിത്യച്ചെലവില്‍നിന്നു മിച്ചം പിടിച്ച് ഏറെ ആഗ്രഹിച്ചു വാങ്ങിയ പ്രിയപ്പെട്ടതെല്ലാം സ്വരുക്കൂട്ടി വച്ചതും ആ കൂരക്കുള്ളില്‍ തന്നെയായിരുന്നു. ഏറെ സുരക്ഷിതമെന്ന് ഇത്രയും നാള്‍ കരുതിയ സ്വര്‍ഗ്ഗത്തിലേക്കാണു മരണജലം ഇരമ്പി വന്നത്. ഇതു കണ്ടു സഹിക്കാനാവാതെ കുഴഞ്ഞു വീഴുകയായിരുന്നു മുത്തു.

ആറു മാസം പ്രായമായ ദൃശ്യയെ ചേര്‍ത്തു പിടിച്ചു വിങ്ങാന്‍ പോലും ആവാത്തവിധം തകര്‍ന്നിരിക്കുകയാണ് ബാബു. എന്നാല്‍ അഞ്ചുകുന്ന് ഗാന്ധി മെമ്മോറിയല്‍ സ്‌കൂളിലെ ക്യാമ്പില്‍ ദൃശ്യക്ക് നിറയെ അമ്മമാരാണ്. സമപ്രായത്തിലുള്ള മക്കള്‍ ഉള്ള അമ്മമാര്‍ സ്വന്തം കുഞ്ഞിനെ പോലെ പാലൂട്ടി ചൂടു പകരുകയാണ് ദൃശ്യമോള്‍ക്ക്. അവളിന്ന് ക്യമ്പിലെ പ്രിയപ്പെട്ട ചിന്നുക്കുട്ടിയാണ്. പിഞ്ചിലെ കാലം അനാഥമാക്കാന്‍ നടത്തിയ പാഴ് ശ്രമങ്ങളൊക്കെ ചിരിക്കുന്ന ചിന്നുക്കുട്ടിയുടെ മുന്നില്‍ നിഷ്ഫലമാണ്.

Kerala Flood 2019

പ്രതീക്ഷകള്‍, പ്രത്യാശകള്‍   

'ഇതു കഷ്ടപ്പാടിന്റെ സമയമാണ്. സര്‍ക്കാരിന് എല്ലാ പിന്തുണയും ഉണ്ടാകും' എന്നു പറഞ്ഞത് ഏതെങ്കിലും ഭരണപക്ഷ നേതാക്കളല്ല. വിമര്‍ശിക്കാന്‍ സൂചിപ്പഴുതു കിട്ടിയാല്‍ പോലും വെറുതെ വിടാത്ത നേതാവ് ഉമ്മന്‍ ചാണ്ടിയാണ്. കേരളം എല്ലാ അര്‍ത്ഥത്തിലും ഒറ്റക്കുട ചൂടുകയാണ്. രാഷ്ട്രീയവും മതവും ജാതിയും എല്ലാം അപ്രസക്തമാണ് ആ കുടക്കീഴില്‍. ഇപ്പോഴുള്ളതു രണ്ടു വിഭാഗം മനുഷ്യര്‍ മാത്രമാണ്. ഒന്ന് നിലനില്‍പ്പിനായി കേഴുന്ന മനുഷ്യരും രണ്ട് അവര്‍ക്ക് താങ്ങായി മാറുന്ന മനുഷ്യരും. നമ്മള്‍ സമയാതിര്‍ത്തികളെപ്പോലും ലജ്ജിപ്പിക്കുന്ന വേഗതയില്‍ തിരിച്ചുവരും.

കേരളത്തെ പോലെതന്നെ മഹാരാഷ്ട്രയിലും ബിഹാറിലും ഗുജറാത്തിലും പ്രളയം മുക്കി താഴ്ത്തിയ ജനതയുണ്ട്. രണ്ടു ദിവസം വെള്ളത്തില്‍ കഴിഞ്ഞവര്‍ക്കേ സര്‍ക്കാര്‍ സഹായത്തിന് അര്‍ഹതയുള്ളൂ എന്നാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ ഇവിടെ കൊച്ചുകേരളത്തില്‍ ഓരോ മനുഷ്യനും സര്‍ക്കാരായി പ്രവര്‍ത്തിക്കുന്ന കാഴ്ചയാണ്. രാവു പുലരുവോളം മുഖ്യമന്ത്രിക്കൊപ്പം മറ്റ് രാഷ്ട്രീയ നേതൃത്വവും ഒറ്റക്കെട്ടായി ദുരിതാശ്വാസ പ്രവര്‍ത്തനം നടത്തിയ മാതൃകയും മലയാളിക്കു മാത്രം അവകാശപ്പെടാവുന്ന ഒന്നാണ്. സഹായിക്കരുത് എന്ന തരത്തില്‍ ദുര്‍ബലവും നീചവുമായ ചില ഇടപെടലുകള്‍ സമൂഹമാധ്യമങ്ങളിലൂടെ ഉണ്ടെങ്കിലും അതൊന്നും മലയാളിക്കു കേള്‍ക്കാന്‍ സമയം കിട്ടിയിട്ടില്ല. കാരണം അവരൊക്കെ പ്രളയത്തില്‍ മുങ്ങി വിറങ്ങലിച്ച് നില്‍ക്കുന്ന മനുഷ്യര്‍ക്ക് കൂടപ്പിറപ്പിന്റെ പോലെ കൂട്ടിരിക്കുകയാണ്. 

ഈദ് ഗാഹില്‍ പാളയം ഇമാം മുതല്‍ പറഞ്ഞതു പ്രളയബാധിതര്‍ക്കൊപ്പം നില്‍ക്കണമെന്നാണ്. എന്തെങ്കിലും കൊടുക്കലല്ല, മറിച്ചുനിസ്സഹായരായി പോയവര്‍ക്ക് എല്ലാം കൊടുക്കലാണു യഥാര്‍ത്ഥ ഭക്തി എന്നുകൂടെ അദ്ദേഹം ഓര്‍മിപ്പിച്ചു. ഡല്‍ഹി ജമാ മസ്ജിദില്‍ ഇപ്പോഴും 'സേവ് കേരള'എന്ന ബോര്‍ഡുമായി മലയാളി വിദ്യാര്‍ത്ഥികള്‍ ധനശേഖരണം നടത്തുന്നുണ്ട്. ദേശ, ഭാഷ വൈവിധ്യങ്ങള്‍ക്കപ്പുറത്തു കരുണ വറ്റാത്ത മനുഷ്യര്‍ വിദ്യാര്‍ത്ഥികള്‍ നീട്ടുന്ന ബക്കറ്റിലേക്ക് ഉള്ളതെല്ലാം ഇടുന്നുമുണ്ട്. ഈ കാലത്തെയും നമ്മള്‍ മനുഷ്യര്‍ നിസ്സാരമായി അതിജീവിക്കും. കാരണം മനുഷ്യ വേദനകള്‍ എല്ലായിടത്തും ഒന്നാണ്. നാം പലരുടെയും പ്രിയപെട്ടവരുമാണ്. പ്രിയമെന്ന വാക്കിന് അതിര്‍വരമ്പുകളില്ല.  

kerala flood 2019 thrissur

മഴയെ തോല്പിച്ചവര്‍ 

പ്രളയ ധനസഹായം അഭ്യര്‍ത്ഥിച്ചു വരുന്ന ആള്‍കൂട്ടത്തെ ദൂരെനിന്നേ നൗഷാദ് കാണുന്നുണ്ട്. എന്നാല്‍ മുഷിഞ്ഞ വസ്ത്രം ധരിച്ച് വഴിയോര കച്ചവടം ചെയ്യുന്ന നൗഷാദിനെ അവരത്ര കാര്യമായി കണ്ടില്ലായിരുന്നു. കടന്നുപോയ അവരില്‍ ഒരാളുടെ കൈക്കു പിടിച്ച് കുറച്ചു തുണിയുണ്ട് എന്റെ കൈയില്‍, ഒന്നു കൂടെ വരൂ എന്ന് പറഞ്ഞു കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. നിറയെ പുത്തനുടുപ്പുകള്‍ അടുക്കിവെച്ച കടമുറി തുറന്ന് എന്തു വേണമെങ്കിലും എടുത്തോളൂ എന്ന് ഒറ്റ പറച്ചിലായിരുന്നു. അപ്രതീക്ഷിതമായ ആ കാഴ്ചക്കും അനുഭവത്തിനും മുന്നില്‍ പകച്ചുനിന്ന ആ സുഹൃത്തിനെ മാറ്റി നൗഷാദ് തന്നെ ചാക്കിലേക്ക് വസ്ത്രങ്ങള്‍ വാരി നിറച്ചു.
 
നാലോളം വലിയ ചാക്കില്‍ പെരുന്നാള്‍ കച്ചവടത്തിനായി മാറ്റിവച്ച പുത്തനുടുപ്പുകള്‍ വാരി നിറക്കുമ്പോള്‍ ആ മുഖത്തെ പുഞ്ചിരി മാത്രം മതി അദ്ദേഹം എത്രമാത്രം മനുഷ്യനാണെന്ന് മനസിലാക്കാന്‍. ശേഖരിക്കാന്‍ വന്ന ആളുകള്‍ മതി എന്നു പറയുമ്പോഴും 'ഇതൊന്നും ഞാന്‍ പോകുമ്പോള്‍ കൊണ്ടുപോകില്ല. എല്ലാം ആ മനുഷ്യര്‍ക്കുള്ളതാണ്' എന്നായിരുന്നു മറുപടി. വസ്ത്രങ്ങള്‍ നിറച്ച ചാക്കുകള്‍ സ്വയം തലയിലേറ്റി വാഹനങ്ങളില്‍ കയറ്റിയതും ഇതേ മനുഷ്യന്‍ തന്നെയാണ്. വണ്ടി ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് പുറപ്പെടും മുന്‍പ് നൗഷാദ് പറഞ്ഞത് 'ഇനിയും വരണം ഞാന്‍ കരുതി വക്കും എന്നാണ്'. ആ മനുഷ്യന്റെ സ്‌നേഹത്തിനും അത്മവിശ്വാസത്തിനും മുന്നില്‍ പ്രളയം പോലും നിശ്ചലമായിപ്പോകും.

ഓഫീസിലെത്തി ലേഖനത്തില്‍ ചേര്‍ക്കാനായി പ്രളയം കൊണ്ട് പോയവരുടെ കണക്കു നോക്കുമ്പോഴാണ് അമ്മയുടെ ഫോണ്‍ കാള്‍ വന്നത്. 'നമ്മുടെ വീട്ടിലും വെള്ളം കയറി.' ഇത്ര മാത്രമെ കേള്‍ക്കാന്‍ സാധിച്ചൊള്ള.ു ഫോണ്‍ കട്ടായി. തിരിച്ചുവിളിച്ചപ്പോള്‍ സ്വിച്ച് ഓഫാണ്. അപ്പോഴാണു രണ്ടു ദിവസമായി കറന്റില്ലാത്ത കാര്യം ഓര്‍ത്തത്. എന്തുചെയ്യും എന്നോര്‍ത്തു നിശ്ചലമായിപ്പോയിരുന്നു ആ സമയം. വീട്ടില്‍ ഒറ്റക്ക് ഉള്ള അമ്മക്ക് എന്തു സംഭവിച്ചു എന്നറിയാതെ ഒരു പാട് നേരം അങ്ങിനെ ഇരുന്നു. ഉടനെ തന്നെ അയല്‍വാസികളായ പലരെയും വിളിച്ചു. പക്ഷെ സ്വിച്ച് ഓഫ് ചെയ്യപ്പെട്ടിരിക്കുന്നു എന്ന ഒറ്റ മറുപടി മാത്രമാണ് ലഭിച്ചത്.

ആ നിമിഷത്തെ ശപിച്ചുകൊണ്ട് നിസ്സഹായനായി ഇരിക്കുമ്പോഴാണ് സുഹൃത്തായ വിബീഷിന്റെ കാള്‍ വരുന്നത്. 'അമ്മയെ ഞാനും പ്രവീഷും കൂടെ ക്യാമ്പിലേക്ക് മാറ്റിയിട്ടുണ്ട്. സമാധാനമായി ഇരുന്നോ' എന്നായിരുന്നു അവന് പറയാനുണ്ടായിരുന്നത്. പുനര്‍ജ്ജന്മം എന്ന വാക്ക് പ്രാസമൊപ്പിച്ച് എഴുതാറുണ്ടെങ്കിലും ആദ്യമായി അതപ്പോള്‍ അനുഭവിച്ചറിയുകയായിരുന്നു. അമ്മക്ക് അവന്‍ ഫോണ്‍ കൊടുത്തപ്പോള്‍ പറഞ്ഞത്, 'എല്ലാം പോയി എന്നാലും സാരല്യ, പോട്ടെ നമുക്ക് ശരിയാക്കാം' എന്നായിരുന്നു. 

മുകളില്‍ എഴുതിയ മനുഷ്യരുടെ മുഖങ്ങള്‍ ഓരോന്നായി മാറി മാറി വന്നു. ശരീരത്തിനും മനസ്സിനും മഴയേല്പിച്ച മായാമുറിപ്പാടും കൊണ്ട് ഒറ്റയായിപ്പോയവര്‍ നൂറുകണക്കിനാണ്. അവര്‍ക്കിനി വേണ്ടതു തനിച്ചായി പോയിട്ടില്ല എന്ന വിശ്വാസമാണ്. സാന്ത്വനവും സ്‌നേഹവുമാണ്. വെള്ളമിറങ്ങുമ്പോള്‍ മറന്നു കളയാവുന്ന ചില പേരുകള്‍ മാത്രമാകരുത് ഇവരൊന്നും. വരും കാലങ്ങളിലും ഒറ്റയായി പോകാന്‍ അനുവദിക്കില്ലെന്നു പറഞ്ഞു ചേര്‍ത്തു പിടിക്കണം. അതിജീവനത്തിന്റെ മഹാമാതൃകകള്‍ തീര്‍ക്കാന്‍ പ്രളയം ബാക്കിയാക്കിയ മനുഷ്യരെക്കൂടെ തോളേറ്റണ്ടതുണ്ട്. അതു മനുഷ്യനെന്ന നിലയില്‍ അവനവനോടുതന്നെയുള്ള കടമയാണ്.

ഒന്നുറപ്പാണ്. ഒരുപാട് അമ്മമാരുടെ സ്‌നേഹവും കരുതലും ഈ നാടിന് ആവോളമുണ്ട്. നമ്മള്‍ അതിജീവിക്കും. നഷ്ടപ്പെട്ടതെല്ലാം അവശേഷിക്കുന്നവര്‍ തിരികെ പണിതുയര്‍ത്തും. കാരണം നമ്മളൊരു തോറ്റ ജനതയല്ല. 

Content Highlights: Kerala continues to recieve heavy rains, state flood and landslides destroys several villages