• News
  • Views
  • Videos
  • Movies
  • Sports
  • Money
  • Women
  • Crime
  • Auto
  • Tech
  • Social
More
  • News
  • Social Issues
  • Social Media
  • Socio Politics
  • Athijeevanam
  • Socio Legal

തട്ടേക്കാട്ടെ ഓരോ പക്ഷിയും പറയും സുധാമ്മയുടെ ജീവിതം | അതിജീവനം 55

എ.വി. മുകേഷ് | mukeshpgdi@gmail.com
അതിജീവനം
# എ.വി. മുകേഷ് | mukeshpgdi@gmail.com
Sep 21, 2020, 06:40 PM IST
A A A

അസാധ്യമായ കാട്ടുവഴികളിലൂടെ ഒറ്റയാനെ പോലെ സഞ്ചരിച്ച് അവരിലെ സ്ത്രീ സൃഷ്ഠിച്ചത് പുതിയ ചരിത്രമാണ്. അക്ഷരാര്‍ത്ഥത്തില്‍ കാടറിവുകളുടെ എഴുതപ്പെടാത്ത പുസ്തമാണ് സുധാമ്മ.

# എ.വി. മുകേഷ്‌
Sudhamma
X

സുധാമ്മ | ഫോട്ടോ: അഭിലാഷ്‌

'ചന്ദ്രേട്ടന്റെ മരണം വലിയ ആഘാതമാണ് ഉണ്ടാക്കിയത്. പഠിക്കുന്ന രണ്ടു മക്കളും പ്രായമായ അമ്മയും ആ വിയോഗത്തിന് മുന്‍പില്‍ അടിമുടി പതറിയിരുന്നു. കുടുംബത്തെ എങ്ങനെ മുന്നോട്ട് കൊണ്ടുപോകണം എന്നറിയാതെ ദിവസങ്ങളോളം ഒരുതരം മരവിപ്പായിരുന്നു. ആ വയറുകളുടെ വിശപ്പടക്കലിനെ കുറിച്ച് ഓര്‍ത്തായിരുന്നു കൂടുതല്‍ ആവലാതി. തളര്‍ന്നുപോയാല്‍ കുടുംബത്തെയാകെ നഷ്ടപ്പെടുമെന്ന അവസ്ഥ കൂടുതല്‍ ആലോചനയിലേക്ക് വഴിവച്ചു.

'ആ നീണ്ട ആലോചനക്കൊടുവില്‍ ഒരു ഉറച്ച തീരുമാനമെടുത്തു. ഉടന്‍ തന്നെ ചന്ദ്രേട്ടനും ഞാനും കൂടെ തുടങ്ങിയ കടവിലെ ചെറിയ ചായക്കടയിലേക്ക് പോയി. മുളകള്‍ കൊണ്ട് കെട്ടി ഉണ്ടാക്കിയ കട അപ്പോഴേക്കും ചിതലരിച്ചു തുടങ്ങിയിരുന്നു. സാധ്യമാകുന്ന രീതിയില്‍ വൃത്തിയാക്കിയ ശേഷം തുരുമ്പെടുത്ത മണ്ണെണ്ണ സ്റ്റവ് കത്തിച്ചെടുത്തു. ആകെ ഉണ്ടായിരുന്നത് ഒരു കുപ്പി പാലും കുറച്ചു ചായപ്പൊടിയും പഞ്ചസാരയുമായിരുന്നു. ചുറ്റുമുള്ള മലകളെക്കാള്‍ വലുപ്പമുണ്ടായിരുന്നു അന്ന് നേരിടേണ്ടി വന്ന പ്രതിസന്ധികള്‍ക്ക്.

'മലയിറങ്ങി വരുന്ന കൊടുംതണുപ്പും കാടിറങ്ങി വരുന്ന ഒറ്റയാനും ഒരേ പോലെ ഭയപ്പെടുത്തി. എല്ലാത്തിലുമുപരി വിധവയായ സ്ത്രീ ഒറ്റക്ക് കച്ചവടം നടത്തുന്നതിനെ കുറിച്ചും അടക്കിപ്പിടിച്ച സംസാരം പലയിടത്തും തുടങ്ങി. അക്കരെനിന്നു കടത്തു കടന്നു വരുന്ന ചിലരുടെ തുറിച്ചു നോട്ടങ്ങള്‍ വല്ലാതെ വേദനിപ്പിച്ചിരുന്നു. എങ്കിലും ഒരടിപോലും പിന്മാറാന്‍ തയ്യാറാല്ലാതെ മുന്നോട്ട് പോവുകയായിരുന്നു'. 

പറഞ്ഞവസാനിപ്പിക്കുമ്പോള്‍ സുധാമ്മയുടെ മുഖം ആത്മവിശ്വാസം കൊണ്ട് തിളങ്ങുന്നുണ്ടായിരുന്നു. ജീവിതം പല തവണ ചിറകരിഞ്ഞിട്ടും പ്രതിസന്ധികള്‍ക്ക് ഉയരെ പറന്ന സുധ എന്ന 65-കാരിയുടെ അതിജീവന കഥയാണിത്. തട്ടേക്കാടിന്റെ മരങ്ങളില്‍ ചേക്കേറിയ ഓരോ പക്ഷികളെയും മക്കളെപോലെ അവര്‍ക്കിന്നറിയാം. വിദേശ രാജ്യങ്ങളില്‍നിന്നുള്‍പ്പെടെ വരുന്ന നൂറുകണക്കിന് പക്ഷിനിരീക്ഷകരുടെ പ്രിയപ്പെട്ട വഴികാട്ടിയും സുധാമ്മയാണ്.

പ്രകൃതിയുടെ മിടിപ്പ് തെറ്റാതെ മറ്റുള്ളവര്‍ക്ക് പകര്‍ന്നു കൊടുക്കുന്നതില്‍ വിദഗ്ദ്ധയാണവര്‍. അസാധ്യമായ കാട്ടുവഴികളിലൂടെ ഒറ്റയാനെ പോലെ സഞ്ചരിച്ച് അവരിലെ സ്ത്രീ സൃഷ്ഠിച്ചത് പുതിയ ചരിത്രമാണ്. അക്ഷരാര്‍ത്ഥത്തില്‍ കാടറിവുകളുടെ എഴുതപ്പെടാത്ത പുസ്തമാണ് സുധാമ്മ.

Sudhamma
സുധാമ്മ | ഫോട്ടോ: അഭിലാഷ്‌

എളുപ്പവഴികളില്ലാത്ത ജീവിതം

വേലായുധന്റെയും കാര്‍ത്യായനിയുടെയും മൂന്ന് മക്കളില്‍ ഇളയവളായിരുന്നു സുധ. മൂവാറ്റുപുഴയിലെ ആഴവന എന്ന കൊച്ചുഗ്രാമത്തിലാണ് സുധ പിച്ചവച്ചു നടന്നത്. സ്ത്രീകള്‍ക്ക് അപൂര്‍വ്വമായി മാത്രം വിദ്യാഭ്യാസം ലഭിക്കുന്ന കാലത്താണ് സുധ അക്ഷരങ്ങളെ അറിയാന്‍ തുടങ്ങിയത്. അക്കാലത്തെ ഇടത്തരം കുടുംബത്തിന് സാധ്യമായ പത്താം ക്ലാസ് വരെ സുധക്ക് പഠിക്കാനായി. അക്ഷരങ്ങളെ കൂടുതലറിയാന്‍ താല്പര്യമുണ്ടായിരുന്നെങ്കിലും ജീവിതം പൊടുന്നനെ  ദിശമാറി സഞ്ചരിക്കുകയായിരുന്നു. 

പത്താം ക്ലാസ്സില്‍ നിന്നുതന്നെ കല്യാണപ്പുടവ ഉടുക്കേണ്ടിവന്നു. ചന്ദ്രന്‍ എന്ന തട്ടേക്കാട് സ്വദേശിയുമായുള്ള വിവാഹം കഴിഞ്ഞതോടെ അക്ഷരങ്ങള്‍ക്ക് പൂര്‍ണ്ണവിരാമമിട്ടു. പിന്നീടാണ് ജീവിതത്തിന്റെ യഥാര്‍ത്ഥ രസതന്ത്രത്തിലേക്ക് സുധ കടക്കുന്നത്. അവിടെ എളുപ്പവഴികളില്ലെന്ന തിരിച്ചറിവും അവര്‍ക്ക് അതിവേഗം തന്നെ ബോധ്യമായിരുന്നു. അരവയര്‍ നിറക്കാന്‍ ഏറെ പാടുപെട്ട ദിവസങ്ങളില്‍ തളരാത്ത മനസ്സായിരുന്നു വീഴാതെ കാത്തത്. പെരിയാറിന്റെ തീരത്തോട് ചേര്‍ന്നായിരുന്നു അദ്ദേഹത്തിന്റെ വീട്. ചുറ്റുമുള്ള പ്രകൃതിയാണ് പിന്നീട് അതിജീവനത്തിനുള്ള പ്രചോദനമായത്.

തട്ടേക്കാടേക്ക് അക്കരെയുള്ള ഗ്രാമങ്ങളില്‍നിന്നു വരാനുള്ള ഏകമാര്‍ഗം കടത്തുതോണിയായിരുന്നു. വളരെ ചെറുപ്പത്തിലേ ചന്ദ്രനായിരുന്നു അതിന്റെ കടത്തുകാരന്‍. ഇതില്‍നിന്നു കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് കുടുംബം കഴിഞ്ഞിരുന്നത്. എന്നാല്‍ ശാലിനിയും ഗിരീഷും മക്കളായി വന്നതോടെ ചെലവുകള്‍ താങ്ങാവുന്നതിലും അപ്പുറമായി. അങ്ങനെയാണ് കടവില്‍തന്നെ മുള കൊണ്ട് കെട്ടിയ ചെറിയ ചായക്കട തുടങ്ങുന്നത്. സുധയും ചന്ദ്രനും തന്നെയായിരുന്നു അതിന്റെ നടത്തിപ്പുകാര്‍.

അക്കാലങ്ങളില്‍ ആളുകള്‍ ഏറെ ഒത്തുകൂടുന്ന ഒരു പ്രധാന സ്ഥലമാണ് ഇത്തരം കടവുകള്‍. അതുകൊണ്ട് തന്നെ ജീവിതപ്രയാസങ്ങളെ ഏറെകുറെ നേരിടാന്‍ ഈ ചെറുകച്ചവടം കൊണ്ട് സാധിച്ചിരുന്നു. പെരിയാറിന്റെ തീരത്തുനിന്നാണ് വിസ്മയങ്ങള്‍ പലതും അവരെത്തേടി എത്തിയത്. മലമുകളില്‍നിന്നു വരുന്ന വിവിധ തരം പക്ഷികളുടെ ശബ്ദം സുധ ശ്രദ്ധിച്ചു തുടങ്ങിയതും അവിടെനിന്നാണ്. എന്നാല്‍ ആനയും വന്യമൃഗങ്ങളുമുള്ള കാടകങ്ങളിലേക്ക് കയറിച്ചെല്ലാനുള്ള ധൈര്യമില്ലായിരുന്നു. ജീവിതം പെരിയാറിനെപോലെ വലിയ തിരയനക്കങ്ങളില്ലാതെ ഒഴുകിക്കൊണ്ടിരിക്കുന്ന സമയത്താണ് വീണ്ടും കാട്ടുതീ പോലെ ദുരന്തങ്ങള്‍ വരുന്നത്.   

Sudhamma
സുധാമ്മ | ഫോട്ടോ: അഭിലാഷ്‌

വേദനയും പ്രതീക്ഷകളും

പൊടുന്നനെ വന്ന അസുഖം ചന്ദ്രനെ സുധയില്‍നിന്ന് അടര്‍ത്തിമാറ്റുകയായിരുന്നു. അന്നുവരെ ജീവിച്ചു തീര്‍ത്ത വഴികളില്‍നിന്നു തീര്‍ത്തും അപരിചിതമായിരുന്നു പിന്നീടുള്ള ഓരോ നിമിഷവും. കുട്ടികളും അമ്മയും അടങ്ങുന്ന കുടുംബത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം സുധയുടേതായി.  

മുന്നോട്ടുള്ള വഴി കാടുപോലെ നിശബ്ദവും ഭീതി നിറഞ്ഞതുമായിരുന്നു. വന്നുചേര്‍ന്ന  പ്രതിസന്ധിക്കു മുന്നില്‍ കീഴടങ്ങിയാല്‍ കുടുംബം അനാഥമാകുമെന്ന് ഉറപ്പായിരുന്നു. ആ ഘട്ടത്തിലാണ് തകര്‍ന്നുപോയ മനഃസാന്നിധ്യം വീണ്ടെടുക്കാന്‍ സുധ തീരുമാനിച്ചുറച്ചത്. 

കണ്ണീരൊഴുകിയ കവിള്‍ത്തടങ്ങളിള്‍ അവര്‍ ചിരി നിറക്കാന്‍ ശ്രമിച്ചു. അടുത്ത ദിവസം തന്നെ ഒരു കുപ്പി പാലുമായി കടവിലെ ചായ കടയിലേക്ക് പോയി. ചിതലെടുത്തു തുടങ്ങിയിരുന്നു അപ്പോഴേക്കും ആ ചെറിയ  ചായക്കട. നീണ്ട പരിശ്രമത്തിനൊടുവില്‍  വൃത്തിയാക്കി പാലു തിളപ്പിച്ചു. കച്ചവടം പുനരാരംഭിച്ചു. വിധിക്ക് മുന്നില്‍ തളരാതെ നിവര്‍ന്നു നിന്ന സുധക്ക് പക്ഷെ വെല്ലുവിളികള്‍ അവസാനിച്ചിരുന്നില്ല. വിധവയുടെ അഹങ്കാരം എന്നു വരെ വിധിയെഴുതിയിരുന്നവര്‍ ഉണ്ടായിരുന്നു. പക്ഷെ ഒരടിപോലും പുറകോട്ട് പോകാന്‍ അവര്‍ തയ്യാറല്ലായിരുന്നു.

ജീവിതത്തില്‍ വീണ്ടും പ്രതീക്ഷയുടെ മുളപൊട്ടി തുടങ്ങിയത് ചായക്കടയില്‍ നിന്നാണ്. സര്‍ക്കാര്‍ യു.പി. സ്‌കൂളില്‍ സ്വീപ്പര്‍ ജോലി കിട്ടുന്നതും ആ സമയത്താണ്. അതിരാവിലെ എഴുന്നേറ്റ് സ്‌കൂള്‍ പരിസരം മുഴുവന്‍ വൃത്തിയാക്കിയ ശേഷമാണ് ചായ കടയില്‍ എത്തുന്നത്. അത് ഇരുട്ടും വരെ തുടരും.

Sudhamma
സുധാമ്മ | ഫോട്ടോ: അഭിലാഷ്‌

ഗ്രാമത്തിന്റെ തലവര മാറിയപ്പോള്‍

പ്രശസ്ത ഇന്ത്യന്‍ പക്ഷിശാസ്ത്രജ്ഞനായ ഡോ. സാലിം അലിയുടെ പഠനത്തിന് ശേഷമാണ് പക്ഷിസങ്കേതമായി തട്ടേക്കാടിനെ പ്രഖ്യാപിക്കുന്നത്. പക്ഷിനിരീക്ഷണത്തിനായി പലതവണ തട്ടേക്കാടെത്തിയ അദ്ദേഹത്തിന്റെ പ്രയത്‌ന ഫലമായാണ് 1983 ഇല്‍ പക്ഷിസങ്കേതമാക്കുന്നത്. ദേശാടനപ്പക്ഷികള്‍ അടക്കം 330 ഇനം പക്ഷികള്‍ തട്ടേക്കാട് ഉണ്ടെന്നാണ് കണക്കാക്കുന്നത്. എല്ലാത്തിലിമുപരി ആ ഗ്രാമത്തിന്റെ തലവര മാറ്റിയ സുപ്രധാന പ്രഖ്യാപനമായിരുന്നു അത്.

പക്ഷികളുടെ ലോകഭൂപടത്തില്‍ തട്ടേക്കാടും ഇടം പിടിക്കുകയായിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും പിന്നീട് പക്ഷി നിരീക്ഷകരുടെ ഒഴുക്കായിരുന്നു. എന്നാല്‍ അവരെ ഉള്‍ക്കൊള്ളാനുള്ള പ്രാഥമിക സൗകര്യങ്ങള്‍ പോലും അവിടെ ഉണ്ടായിരുന്നില്ല.

അവിചാരിതമായി ചായക്കടയില്‍ എത്തിയ വിദേശ പക്ഷിനിരീക്ഷകരാണ് സുധയുടെ ജീവിതത്തിലേക്ക് വെളിച്ചം തുറന്നു കൊടുത്തത്. അറിയാവുന്ന ഇംഗ്ലീഷില്‍ കിടക്കാന്‍ ഒരിടമാണ് അവരുടെ ആവശ്യമെന്ന് മനസിലാക്കി. വീട്ടിലേക്ക് കൊണ്ടുപോയി താമസിപ്പിക്കാന്‍ ഭയമുണ്ടായിരുന്നെങ്കിലും ഒടുവില്‍ തയ്യാറായി. യെസ് എന്നും നോ എന്നും മാത്രം പറഞ്ഞ് അവരെ കാര്യങ്ങള്‍ മനസിലാക്കി. തിരിച്ചു പോകാന്‍ നേരത്ത് അവര്‍ കൊടുത്ത പണം കണ്ട് സുധ അമ്പരക്കുകയായിരുന്നു. അത്ര പണം ഒരു അന്നേവരെ അവര്‍ കണ്ടിട്ടുപോലും ഇല്ലായിരുന്നു. പുതിയൊരു വഴികൂടിയാണ് അന്ന് മുന്നില്‍ തെളിഞ്ഞത്. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ വിദേശ സഞ്ചാരികള്‍ക്ക് അവര്‍ സ്ഥിരമായി താമസസൗകര്യം ഒരുക്കാന്‍ തുടങ്ങി. 

sudhamma
പക്ഷി നിരീക്ഷകർക്കൊപ്പം സുധാമ്മ

കാടു തന്ന പ്രതീക്ഷകള്‍

പരിസ്ഥിതി പഠനത്തിനായി സ്വദേശികളും വിദേശികളും തട്ടേക്കാടേക്ക് ഒഴുകികൊണ്ടേ ഇരുന്നു. അവരുടെ ഭക്ഷണത്തിന്റെ ചുമതല വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പൂര്‍ണ്ണമായും സുധക്ക് നല്‍കി. ഓരോ ക്ലാസ്സുകളിലും സുധയും അദൃശ്യ സാനിധ്യമായിരുന്നു. പ്രകൃതി പാഠങ്ങള്‍ അവരും പലതവണ ഹൃദിസ്ഥമാക്കി. സഞ്ചാരികള്‍ക്ക് അവര്‍ വൈകാതെ തന്നെ സുധാമ്മയായി.

പ്രകൃതിയെ അറിയാനുള്ള സുധാമ്മയുടെ താല്പര്യം മനസിലാക്കിയ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ക്ലാസ്സുകളില്‍ അവരെയും പങ്കെടുപ്പിച്ചു. ഞെട്ടിക്കുന്ന പ്രതികരണമായിരുന്നു അതിന്റെ ഫലം. അതിവേഗം തന്നെ തട്ടേക്കാടിന്റെ ഓരോ താളവും മറ്റാരേക്കാളും വേഗത്തില്‍ സുധാമ്മക്ക് തിരിച്ചറിയാനായി. ഓരോ പക്ഷികളെ കുറിച്ചും ആഴത്തില്‍ പഠനം നടത്തി. ദൂരെനിന്നു പോലും കേള്‍ക്കുന്ന അവയുടെ ശബ്ദം കേട്ട് ഏത് പക്ഷിയാണതെന്ന് തിരിച്ചറിയാവുന്ന നിലയിലേക്ക് അവര്‍ മാറി.

സഞ്ചാരികളുടെ എണ്ണം വര്‍ധിച്ചതോടെ വീടിന് മുകളിലേക്ക് മുറികള്‍ എടുത്ത് കൂടുതല്‍ താമസസൗകര്യമുണ്ടാക്കി. ഭാഷയായിരുന്നു അപ്പോഴും വിലങ്ങുതടിയായത്. എന്നാലും ആത്മവിശ്വാസം കൈവിടാതെ ഇടപെട്ടു. ഒന്നും പറയാന്‍ കഴിയാതെ വരുമ്പോള്‍ പലപ്പോഴും നിറഞ്ഞ ചിരിയായിരുന്നു മറുപടി. ആ ചിരി വീണ്ടും സുധാമ്മയെ പ്രിയങ്കരിയാക്കി. വൈകാതെ തന്നെ എല്ലാ വിധ സൗകര്യങ്ങളോടും കൂടി തമാസിക്കാവുന്ന 16 മുറികളുള്ള താമസസൗകര്യവും സുധാമ്മയുടേതായി.

നിരന്തരമായ ശ്രമത്തിലൂടെ പേടിയോടെ കണ്ടിരുന്ന കാടിനെ കൈവെള്ളയിലാക്കാനും സാധിച്ചു. അതോടെ വിദേശികള്‍ക്ക് വഴികാട്ടുന്ന ഉത്തരവാദിത്തവും അവര്‍ക്കായി. സാരി ഉടുത്തായിരുന്നു ആദ്യകാലങ്ങളില്‍ പക്ഷി നിരീക്ഷകര്‍ക്ക് വഴി കാട്ടിയിരുന്നത്. എന്നാല്‍ മൂന്ന് തവണ ആന ഓടിച്ചതോടെ പുതിയ വസ്ത്രത്തിലേക്ക് മാറി. നടക്കാനും ഓടാനും അനായാസം സാധിക്കും വിധത്തിലുള്ള വസ്ത്രങ്ങളായി പിന്നീട്. പച്ച തൊപ്പിയും ഷര്‍ട്ടും ധരിച്ച സുധാമ്മയെ കാടിനും സുപരിചിതമായി.  

Sudhamma
സുധാമ്മ | ഫോട്ടോ: അഭിലാഷ്‌

പ്രകൃതിയാണ് ആരാധനാലയം

ആദ്യമൊക്കെ കാട്ടുവഴികളില്‍ കണ്ടിരുന്ന ഇലകളും കൊമ്പുകളും പിച്ചിക്കൊണ്ടായിരുന്നു കാട് കയറിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ അനുഭവം കൊണ്ട് സുധാമ്മ പറയുന്നത് കാടെന്നാല്‍ ഈശ്വരനാണെന്നാണ്. ഒരിലപോലും പിച്ചി നശിപ്പിക്കാതെ പുണ്യമായി അതിനെ കാണണം എന്നാണ്. എല്ലാ അര്‍ത്ഥത്തിലും അവരുടെ ആരാധനാലയവും തട്ടേക്കാടിന്റെ പ്രകൃതിയാണ്. 

അതിരാവിലെ തന്നെ മറ്റ് പക്ഷികളെ വിളിച്ചുണര്‍ത്തുന്ന ഇരട്ടവാലന്റെ കൂവലിനൊപ്പമാണ് സുധാമ്മയും എഴുന്നേല്‍ക്കുന്നത്. സഞ്ചാരികള്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും രാവിലെതന്നെ കാടുകയറും. മരച്ചില്ലകളില്‍ കൂട്ടമായി ഇരുന്ന് അത്തിപ്പഴങ്ങളും മറ്റും പങ്കുവച്ചു കഴിക്കുന്ന പക്ഷികളെ കാണുമ്പോഴെ മനസ്സിനും  ശരീരത്തിനും പുതിയ ഉന്മേഷം ലഭിക്കും. മനുഷ്യനും അവയെപോലെ പങ്കുവക്കലിന്റെയും ഒപ്പമിരിക്കലിന്റെയും പാഠം പഠിച്ചെങ്കില്‍ എന്ന് ഓര്‍ത്തുകൊണ്ട് കാടിറങ്ങും.   
 
കാടും പക്ഷിമൃഗാദികളുമായുള്ള ജീവിതം സ്വപ്നതുല്യമായി പോയികൊണ്ടിരിക്കുമ്പോഴാണ് മറ്റൊരു പ്രതിസന്ധി അവരെ തേടി എത്തുന്നത്. ഇടവേളകളില്‍ ചെയ്യാറുള്ള മെഡിക്കല്‍ പരിശോധനയിലൂടെയാണ് ശരീരത്തില്‍ വളര്‍ന്നുവരുന്ന കാന്‍സര്‍ എന്ന വില്ലനെ കണ്ടുപിടിച്ചത്. സെര്‍വിക്കല്‍ കാന്‍സറിന്റെ തുടക്കമായിരുന്നു. അപ്പോഴൊക്കെയും മുഖത്തെ ചിരി മായാതിരിക്കാന്‍ സുധാമ്മ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. 

അഞ്ച് കീമോക്കും 25 റേഡിയേഷന്  ശേഷവും നിറഞ്ഞ ചിരിയോടെ അവര്‍ രോഗത്തെയും പ്രിയപ്പെട്ടവരെയും കൈകാര്യം ചെയ്തു. ആ മനഃശക്തിയെ തോല്‍പ്പിക്കാനുള്ള കരുത്തൊന്നും കാന്‍സറിന് ഇല്ലായിരുന്നു. വൈകാതെ തന്നെ കാന്‍സറിനോട് പോരാടി വിജയിച്ച അവര്‍ വീണ്ടും കാടുകയറി. നാളുകള്‍ക്ക് ശേഷം സുധാമ്മയെ കണ്ട പ്രകൃതിയും ഏറെ സന്തോഷത്തോടെ അവരെ സ്വീകരിച്ചു.   

ഇന്ന് തട്ടേക്കാടിനെ മാറോട് ചേര്‍ത്ത്  കാക്കാന്‍ സുധാമ്മയുണ്ട്. മാനസികവും ശാരീരികവുമായ അസ്വസ്ഥതകള്‍ക്ക് കാടൊരു മരുന്നാണെന്നാണ് കൂടെ അവര്‍ പറഞ്ഞുവക്കുന്നു.

Content Highights: Every bird in Thattekad Sanctuary should tell the story of Sudhamma | Athijeevanam 55

PRINT
EMAIL
COMMENT

 

Related Articles

ബിന്ദുവിന്റെ പ്രത്യാശക്ക് കൂട്ടായി 'അതിജീവന'ത്തിന്റെ കരുതല്‍
Social |
Social |
ക്യാമറക്ക് പുറത്തെ നായകന്‍; ജീവിതമാണ്, ഇതൊരു ഫോട്ടോഷൂട്ടല്ല | അതിജീവനം 64
Social |
പ്രതിസന്ധികള്‍ക്കപ്പുറത്തെ പ്രത്യാശയാണ് ബിന്ദു | അതിജീവനം 63
Social |
കണ്ണീര്‍പ്പാടം കയറി വരുന്നവര്‍ കനലായി പൊട്ടിച്ചിതറും | അതിജീവനം 62
 
  • Tags :
    • Athijeevanam
More from this section
Bindu
ബിന്ദുവിന്റെ പ്രത്യാശക്ക് കൂട്ടായി 'അതിജീവന'ത്തിന്റെ കരുതല്‍
Arunukhan
ക്യാമറക്ക് പുറത്തെ നായകന്‍; ജീവിതമാണ്, ഇതൊരു ഫോട്ടോഷൂട്ടല്ല | അതിജീവനം 64
Bindu
പ്രതിസന്ധികള്‍ക്കപ്പുറത്തെ പ്രത്യാശയാണ് ബിന്ദു | അതിജീവനം 63
Delhi Chalo
കണ്ണീര്‍പ്പാടം കയറി വരുന്നവര്‍ കനലായി പൊട്ടിച്ചിതറും | അതിജീവനം 62
Ananadan
കണ്ണിലെ ഇരുട്ടിനു മുന്നില്‍ മണ്ണില്‍ നൂറു മേനി കൊയ്ത് അനന്ദന്‍ | അതിജീവനം 61
News+ Latest News Today's special Local News Gulf Crime Good News News in Pics News in Videos Kerala India World NRI
Views Columns Features Special Pages Interviews In-Depth Social Politics Web Exclusive Cartoon
Leisure Movies Sports Music Travel Books Magazines Kids Free E-book Game Zone Sudoku
Learn / Earn Money Auto Tech Careers Education Agriculture Youth Environment Science University News How To
Lifestyle Women Food MyHome Health Spirituality Astrology
Multimedia Videos Live TV Mojo News Web Shows Audio Photostories Zoom In Gallery
Our Network English Edition Print Gulf NRI Mathrubhumi News TV Kappa TV Club FM Seed Silver Bullet FindHome Media School MBIFL Redmic
E- Paper
Subscription
Buy Books
Magazines
Classifieds
Archives
 
  • E- Paper
  • Subscription
  • Buy Books
  • Magazines
  • Classifieds
  • Archives
© Copyright Mathrubhumi 2021. All rights reserved.
Mathrubhumi

Click on ‘Get News Alerts’ to get the latest news alerts from Mathrubhumi

About Us Contact Us Privacy Policy
Terms of Use Archives
Ad Tariff Download App Classifieds
Buy Books Subscription e-Subscription
 
         
© Copyright Mathrubhumi 2021. All rights reserved.