ഒരു നൂറ്റാണ്ട് പൂര്‍ത്തിയാക്കി പുഞ്ചിരിച്ചു നില്‍ക്കുന്നത് അത്ഭുതങ്ങളുടെ ഹൃദയത്തുടിപ്പാണ്. ഇന്ത്യന്‍ കാര്‍ഡിയോളജിയുടെ അമ്മ എന്ന് ആധുനിക വൈദ്യശാസ്ത്ര ലോകം വിശേഷിപ്പിക്കുന്ന ഡോ. എസ്. പദ്മാവതി. മനുഷ്യസ്നേഹത്തിന്റെ മാന്ത്രിക വിരലുകള്‍കൊണ്ട് ആയിരക്കണക്കിന് മനുഷ്യഹൃദയങ്ങള്‍ക്ക് ജീവന്‍ കൊടുത്ത രാജ്യത്തെ ആദ്യ വനിത കാര്‍ഡിയോളജിസ്റ്റ്.
വേദനിക്കുന്ന മനുഷ്യ ഹൃദയത്തിന്റെ സ്പന്ദനം അത്രമേല്‍ ആഴത്തില്‍ തൊട്ടറിയാന്‍ അവര്‍ക്ക് സാധിച്ചിരുന്നു. ലോക മഹായുദ്ധങ്ങളുടെ തീച്ചൂളകള്‍ താണ്ടി മനുഷ്യഹൃദയങ്ങളിലേക്ക് പടര്‍ന്ന ഡോ. എസ്. പദ്മാവതിയുടെ ജീവിതം സമാനതകളില്ലാത്തെ വഴികള്‍ പകര്‍ന്നു തരുന്നവയാണ്.
അമേരിക്കയില്‍നിന്നും ഇംഗ്ലണ്ടില്‍ നിന്നുമാണ് വൈദ്യശാസ്ത്ര പഠനം ഡോ. പദ്മാവതി പൂര്‍ത്തിയാക്കുന്നത്. പഠനശേഷം അവരുടെ മികവ് തിരിച്ചറിഞ്ഞ ലോകരാജ്യങ്ങള്‍ ഒട്ടേറെ വാഗ്ദാനങ്ങള്‍ നല്‍കിയെങ്കിലും ഹൃദയം മുഴുവന്‍ ഇന്ത്യയായിരുന്നു. പണമില്ലാത്തതിന്റെ പേരിലും ആധുനിക സൗകര്യങ്ങളുടെ അപര്യാപ്തതകൊണ്ടും മരിച്ചു വീഴുന്ന ആയിരങ്ങളായിരുന്നു മനസ്സില്‍. അത്തരം മനുഷ്യരുടെ ജീവ താളത്തിന് വേണ്ടി തന്റെ ജീവിത പാഠങ്ങള്‍ പകര്‍ന്നുകൊടുക്കേണ്ടതുണ്ടെന്ന് അവര്‍ പണ്ടേ തീരുമാനിച്ച് ഉറപ്പിച്ചതാണ്.
പഠനം പൂര്‍ത്തിയാക്കി തിരിച്ചു വന്ന ഡോ. പദ്മാവതി അതിശയകരമായ വിധത്തില്‍ തന്റെ സ്വപ്നങ്ങള്‍ക്ക് ചിറക് നല്‍കുകയായിരുന്നു. ഇന്ത്യയില്‍ ഹൃദയ ചികിത്സയുടെ ആധുനിക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതില്‍ അവര്‍ വഹിച്ച പങ്ക് ഇന്ന് ചരിത്രമാണ്. കടുകിട തെറ്റാതെ ഇന്ത്യയുടെ ഹൃദയമിടിപ്പ് ലോക നിലവാരത്തിലേക്ക് ഉയര്‍ത്തിയതിന് രാജ്യം പരമോന്നത ബഹുമതികളായ പദ്മവിഭൂഷണും, പദ്മഭൂഷണും നല്‍കിയാണ് ആദരിച്ചത്.
ഡല്‍ഹി സഫ്ദര്‍ജംഗ് എന്‍ക്ലേവിലെ ഫ്‌ലാറ്റില്‍ ഹൃദയത്തിന്റെ മാലാഖ ഇന്നും വേദനിക്കുന്ന മനുഷ്യനായി വാതിലുകള്‍ തുറന്നിട്ടിട്ടുണ്ട്. പ്രായമേറെ ആയെങ്കിലും അവസാന ചെറുവിരല്‍ അനക്കാന്‍ സാധിക്കുന്നത് വരെ മനുഷ്യനെ സുഖപ്പെടുത്തുന്നതിനായി ജീവിക്കുമെന്നാണ് ആ കണ്ണുകള്‍ക്ക് പറയാനുള്ളത്.
'മൈ ലൈഫ് ആന്റ് മെഡിസിന്‍' എന്ന ആത്മകഥ കയ്യെത്തും ദൂരത്തുതന്നെയുണ്ട്. മഹാമാരികളില്‍നിന്നു മരുന്നുകളിലൂടെ അനേകായിരങ്ങളെ ജീവിതത്തിലേക്ക് കൈപിടിച്ച് കയറ്റിയ അവര്‍ക്ക് ഒരു മുന്നറിയിപ്പേ നല്‍കാനൊള്ളു. മരുന്നിനെ നിങ്ങളുടെ അടിമയായി മാത്രം കാണുക എന്നും മരുന്നുകളെ ഒരിക്കലും നിങ്ങളുടെ യജമാനന്‍ ആകാന്‍ അനുവദിക്കാതിരിക്കുക എന്നുമാണ്.
1942-ലെ നിലക്കാത്ത നിലവിളികളുടെ ശബ്ദം നൂറ്റിരണ്ടാം വയസ്സിലും വിറയ്ക്കുന്ന ചുണ്ടുകളോടെ മാത്രമാണ് ഡോ. പദ്മാവതിക്ക് ഓര്‍ത്തെടുക്കാന്‍ സാധിക്കുന്നത്. അത്രമാത്രം ഭീകരമായ അധിനിവേശമാണ് ജപ്പാന്‍ അക്കാലത്ത് ബര്‍മ്മ(മ്യാന്‍മര്‍)ക്ക് മേല്‍ നടത്തിയത്. തലമുറകളായി ഉണ്ടാക്കിയ എല്ലാം ഉപേക്ഷിച്ച് അവിടെനിന്നും പ്രാണനും കൊണ്ടു രക്ഷപെടുകയായിരുന്നു. ആ യാത്ര അവസാനിച്ചത് ഇന്ത്യയിലാണ്. പിന്നീടങ്ങോട്ട് തിരിച്ചുകിട്ടിയ ജീവിതത്തില്‍ സ്വപ്നങ്ങളുടെ പുതിയ വേരാഴ്ത്താനുള്ള സമാനതകളില്ലാത്ത പോരാട്ടമായിരുന്നു. അസാമാന്യതയുടെ ഹൃദയ സ്പര്‍ശമായി കാലം അത് രേഖപ്പെടുത്തിയിട്ടുമുണ്ട്.
മഹായുദ്ധങ്ങള്‍ ഉണ്ടാക്കിയ ചോരക്കീറുകള്‍ക്ക് ഉള്ളില്‍പെട്ട് എല്ലാം അസ്തമിച്ചെന്ന് കരുതിയപ്പോഴും, ഹൃദയം കൊണ്ട് അതിജീവനത്തിന്റെ പുതിയ താളം കണ്ടെത്തുകയായിരുന്നു. ഇന്ത്യയായിരുന്നു പ്രവര്‍ത്തന മണ്ഡലം എങ്കിലും ലോകമെങ്ങും പടരാന്‍ ഹൃദയങ്ങളുടെ കാവല്‍ക്കാരിയായ ഈ ഡോക്ടര്‍ക്ക് അധിക സമയം വേണ്ടി വന്നില്ല.
ഏഷ്യാ പസഫിക് സൊസൈറ്റി ഓഫ് കാര്‍ഡിയോളജിയുടെ സഹ സ്ഥാപകയും ആദ്യ സെക്രട്ടറി ജനറലുമാണ്. പതിനഞ്ചു വര്‍ഷത്തോളം ലോകാരോഗ്യ സംഘടനയുടെ ഹൃദയാരോഗ്യ വിഭാഗം വിദഗ്ധസമിതി അംഗമായിരുന്നു. ഏഷ്യ പസഫിക് ഹാര്‍ട്ട് നെറ്റ് വര്‍ക്കിന്റെ പ്രസിഡന്റായിരുന്നു. വേള്‍ഡ് ഹാര്‍ട്ട് ഫൗണ്ടേഷന്‍ അംഗവുമാണ്.
കാലം ഏല്‍പ്പിച്ച ഉത്തരവാദിത്തങ്ങള്‍ എണ്ണിയാലൊടുങ്ങാത്തതാണ്. ചികിത്സാരംഗത്ത് ദേശീയ, അന്തര്‍ദേശീയ തലത്തില്‍ വന്ന നിരവധി മാറ്റങ്ങളില്‍ ഡോ. പദ്മാവതിയുടെ പേര് ലോകം എഴുതി ചേര്‍ത്തിട്ടുണ്ട്. ചികിത്സാ മേഖലയിലെ പല നേട്ടങ്ങളും ഇന്ത്യയിലേക്കെത്തിക്കുന്നതിനും നേതൃനിരയില്‍ തന്നെ ഈ വനിതയുണ്ടായിരുന്നു. എല്ലാത്തിലുമുപരി മുറിവേറ്റ ആയിരം ഹൃദയങ്ങളെ സുഖപ്പെടുത്തിയ കാലത്തിന്റെ പേരു കൂടിയാണ് ഡോ. പദ്മാവതി.

ഓര്‍മ്മകള്‍ നിറയെ പോരാട്ടമാണ്
അമ്മയില്‍നിന്നു പൊക്കിള്‍ കൊടി മാറ്റപ്പെട്ട ശേഷം അംഗീകൃത മിഡ്വൈഫായ സ്ത്രീ പദ്മാവതിയെ മണ്ണില്‍ കിടത്തി ഉരുട്ടുകയാണ് ചെയ്തത്. ദീര്‍ഘായുസിനും ആരോഗ്യത്തിനുമായി മാഗ്വേയിലെ ജനങ്ങള്‍ വിശ്വസിച്ചു വരുന്ന ആചാരമാണ് അത്. പ്രസവാനന്തരം മൂന്ന് സഹോദരങ്ങളും മരണപ്പെട്ടത്തിനാല്‍ പദ്മാവതിയുടെ കാര്യത്തില്‍ കടുത്ത ആധിയായിരുന്നു. ജനിച്ച ഉടനെ ഇത്തരത്തില്‍ ചെയ്തത് അതുകൊണ്ടാണെന്നാണ് ഒരു ബന്ധു പിന്നീട് പറഞ്ഞു കൊടുത്തത്.
ഇന്ത്യയില്‍നിന്ന് അടിമുടി വ്യത്യസ്തമാണ് ബര്‍മയിലെ ആചാരങ്ങളും ജീവിത രീതികളും. തമിഴ്നാട് ഗോപിചെട്ടിപ്പാളയത്ത് നിന്നാണ് ബര്‍മയില്‍ അഭിഭാഷകനായി അച്ഛനും അമ്മയും എത്തുന്നത്. വളരെ വേഗം മികച്ച ജീവിതസാഹചര്യങ്ങള്‍ അവര്‍ കെട്ടിപ്പൊക്കുകയായിരുന്നു. ബര്‍മയിലെ ഇരാവദി നദിക്കരയിലെ മാഗ്വേ എന്ന ചെറുപട്ടണത്തിലായിരുന്നു പദ്മാവതിയുടെ ബാല്യവും കൗമാരവും.
പുസ്തകങ്ങളെ തന്നോളം സ്‌നേഹിച്ച പിതാവ് മക്കള്‍ക്കും അത് പകര്‍ന്നു കൊടുക്കുകയായിരുന്നു. ഉയര്‍ന്ന വിദ്യാഭ്യാസയോഗ്യതയും സമൂഹത്തെ കുറിച്ച് ആഴമേറിയ അറിവുമുള്ളതിനാല്‍ വളരെ വേഗം അദ്ദേഹം ശ്രദ്ധിക്കപ്പെട്ടു. ബ്രിട്ടീഷുകാര്‍ റായ് ബഹാദൂര്‍ പദവി നല്‍കിയാണ് അദ്ദേഹത്തെ ആദരിച്ചത്. സാമൂഹിക ഇടപെടലുകളിലൂടെ പിന്നീട് മാഗ്വേ മുനിസിപ്പാലിറ്റിയുടെ പ്രസിഡന്റുമായി.
അച്ഛനില്‍ നിന്നാണ് ലോകത്തെ അക്ഷരങ്ങളിലൂടെ മനസ്സിലേക്ക് പകര്‍ത്തിയത്. മൂന്നു സഹോദരന്‍മാര്‍ക്കും രണ്ടു സഹോദരിമാര്‍ക്കുമൊപ്പം ഇരാവദി നദിയില്‍ നീന്തി കുളിച്ചും കരയില്‍ ഇരുന്ന് പുസ്തകങ്ങള്‍ വായിച്ചുമാണ് വളര്‍ന്നത്. മാഗ്വേയിലെ ഇംഗ്ലീഷ് മീഡിയും സ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. ഹൈസ്‌കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം റംഗൂണ്‍ സര്‍വകലാശാലയില്‍ ചേര്‍ന്നു. ഇന്റര്‍മീഡിയറ്റിന് ശേഷം റംഗൂണ്‍ മെഡിക്കല്‍ കോളജില്‍ മെഡിസിന് ചേര്‍ന്നു. 1941-ല്‍ എം.ബി.ബി.എസ്. പാസായി.
അക്കാലത്താണ് ബര്‍മയുടെ മേല്‍ ജപ്പാന്‍ ആക്രമണം ശക്തമാക്കിയിരുന്നത്. റംഗൂണ്‍ വിമാനത്താവളം ജപ്പാന്‍ പോര്‍വിമാനങ്ങള്‍ ആക്രമിച്ച് തകര്‍ത്തതോടെ സമാധാനത്തിന്റെ സകല സാധ്യതകളും തകര്‍ക്കപ്പെടുകയായിരുന്നു. രക്ഷപ്പെടാന്‍ അവസരം നല്‍കാത്ത വിധം റംഗൂണിന് മീതെ ജപ്പാന്‍ പോര്‍ വിമാനങ്ങള്‍ തീതുപ്പികൊണ്ടേ ഇരുന്നു. ജീവന്‍ ബാക്കിയായ മനുഷ്യര്‍ സകലതും ഉപേക്ഷിച്ച് നഗരം വിട്ടോടാന്‍ തുടങ്ങി. തിക്കിലും തിരക്കിലും പെട്ടു മാത്രം മരിച്ചത് രണ്ടായിരത്തോളം പേരാണ്.
ജീവിതമൊഴുകിയ വഴിയില്‍ തളംകെട്ടിയ ചോരയും ശവങ്ങള്‍ ഒഴുകുന്ന നദികളും മാത്രമായി. സ്ഥിതി രൂക്ഷമായതോടെ ബര്‍മയിലെ ഇന്ത്യക്കാര്‍ ഒന്നടങ്കം അവിടം വിടാനുള്ള തീരുമാനത്തിലെത്തി. 1942 മാര്‍ച്ചില്‍ അമ്മക്കും സഹോദരിമാര്‍ക്കുമൊപ്പം ബര്‍മയില്‍നിന്നുള്ള അവസാന വിമാനത്തില്‍ ഇന്ത്യയിലേക്കു തിരിച്ചു. വിമാനത്തില്‍ നിന്ന് അറിഞ്ഞ വാര്‍ത്ത ജപ്പാന്‍ സേന വിമാനത്താവളം ആക്രമിച്ച് തരിപ്പണമാക്കി എന്നാണ്. പിന്നീട് ഓരോ വിവരങ്ങളും അറിഞ്ഞത് റേഡിയോയില്‍ നിന്നാണ്. ദിവസങ്ങള്‍ നീണ്ട യാത്രക്കൊടുവില്‍ ചിറ്റഗോങ്ങ് വഴി കോല്‍ക്കത്ത കടന്നാണ് പൂര്‍വികരുടെ വേരുകളുള്ള തമിഴ്നാട്ടിലെത്തുന്നത്. പക്ഷെ അച്ഛനും സഹോദരനും അപ്പോഴും ബര്‍മ്മയില്‍ തന്നെയായിരുന്നു.

ചിറകുകള്‍ക്ക് ഇന്ത്യ ആകാശം നല്‍കി
തന്റെ മക്കള്‍ക്കായി ജീവിതം കൊടുത്ത് ഉണ്ടാക്കിയ മാഗ്വേയിലെയും റംഗൂണിലേയും സ്വത്തുവകകള്‍ ഉപേക്ഷിക്കാന്‍ തയ്യാറാകാതെ അച്ഛന്‍ അവിടെ തന്നെ നില്‍ക്കുകയായിരുന്നു. കോയമ്പത്തൂരില്‍ സുരക്ഷിതമായി എത്തിയപ്പോഴും അച്ഛനെക്കുറിച്ചുള്ള ആധിയായിരുന്നു മനസ്സില്‍ നിറയെ. യുദ്ധം മൂര്‍ച്ഛിച്ചതോടെ അദ്ദേഹത്തെക്കുറിച്ച് ഒരു വിവരവും ഇല്ലാതായി.
ഇന്ത്യയില്‍ എത്തിയതിന് ശേഷവും പദ്മാവതിയെ യുദ്ധമുഖത്തെ ഓര്‍മ്മകള്‍ കാലങ്ങളോളം വേട്ടയാടിയിരുന്നു. പിച്ച വച്ചു വളര്‍ന്ന മണ്ണിലെ ചോരക്കറ ഏറെക്കാലത്തെ ദുഃസ്വപ്നമായിരുന്നു. അതുകൊണ്ടാവണം ഇന്ത്യയിലെത്തിയ ശേഷം കാര്യമായി ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. പല ആശുപത്രികളിലായി മാറിമാറി കുറച്ചു കാലം ജോലി ചെയ്തു. 1945-ല്‍ യുദ്ധം അവസാനിച്ചു. ലോകമഹായുദ്ധങ്ങള്‍ താണ്ഡവമാടിയ മണ്ണില്‍ ജീവന്റെ തുടിപ്പുകള്‍ പതിയെ മിടിച്ചു തുടങ്ങി.
ആയിടക്കാണ് ബര്‍മയിലേക്ക് തിരിച്ചു പോയത്. അച്ഛനെയും സഹോദരങ്ങളെയും കണ്ടെത്തുകയായിരുന്നു പ്രധാന ലക്ഷ്യം. ജീവനോടെ ഉണ്ടോ എന്നു പോലും ഉറപ്പില്ലാതിരുന്ന നാലു വര്‍ഷങ്ങള്‍ക്ക് ശേഷം ഒടുവില്‍ കണ്ടെത്തുകയായിരുന്നു.
പിന്നീട് രണ്ടു വര്‍ഷത്തോളം നീണ്ട പരിശ്രമത്തിന് ഒടുവിലാണ് ഇന്ത്യയിലെത്തിക്കാന്‍ സാധിച്ചത്. എന്നാല്‍ യുദ്ധഭൂമി അദ്ദേഹത്തിന്റെ പകുതി പ്രാണനെടുത്തിരുന്നു. 1954-ലെ ഒരു ക്രിസ്മസ് സായാഹ്നത്തില്‍ അദ്ദേഹം ഓര്‍മ്മയായി. ലോകം തിരുപിറവി ആഘോഷിക്കുമ്പോള്‍ മക്കള്‍ക്കുവേണ്ടി ജീവിച്ചു മരിച്ച ഒരു മനുഷ്യന് മുന്നില്‍ ആ കുടുംബം വിറങ്ങലിച്ചു നില്‍ക്കുകയായിരുന്നു. പ്രതിസന്ധികളെ അതിജീവിച്ച് ഏറെ നാളുകള്‍ക്ക് ശേഷം ജീവിതം വീണ്ടും പഴയ സ്വപ്നങ്ങളിലേക്ക് തിരിച്ചു വന്നു.

എം.ആര്‍.സി.പി. എന്ന സ്വപ്നം
എം.ആര്‍.സി.പി. നേടുക എന്ന സ്വപ്നവുമായി നടന്ന പദ്മാവതിയെ കാത്തിരുന്നത് ലണ്ടനിലെ നാഷണല്‍ ഹാര്‍ട്ട് ഫൗണ്ടേഷനായിരുന്നു. ഹൃദയ ചികിത്സയ്ക്കു വേണ്ടി മാത്രമായി സ്ഥാപിക്കപ്പെട്ട ലോകത്തിലെ തന്നെ ആദ്യ സ്ഥാപനം. 1960-ല്‍ അവിടെയാണ് ആദ്യത്തെ ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടന്നതും. ഇംഗ്ലണ്ടിലെ ആദ്യത്തെ കൊറോണറി ആന്‍ജിയോ പ്ലാസ്റ്റിയും കൊറോണറി സ്റ്റെന്റ് ഇംപ്ലാന്റേഷനും നടന്നതും ഇവിടെത്തന്നെയായിരുന്നു.
ഉപരിപഠനത്തിന് ശേഷം ജന്മനാടായ ബര്‍മ്മയിലേക്ക് പോയെങ്കിലും അതിലേറെ സാധ്യതകളുള്ള ഇന്ത്യയായിരുന്നു മനസ്സില്‍. ആ ഇടക്കാണ് ഇന്ത്യയിലെ ആദ്യത്തെ ആരോഗ്യമന്ത്രിയായിരുന്ന രാജ്കുമാരി അമൃത് കൗര്‍ ഡല്‍ഹിയിലേക്ക് വിളിപ്പിക്കുന്നത്. ലേഡി ഹാര്‍ഡിംഗ് മെഡിക്കല്‍ കോളജില്‍ അധ്യാപികയുടെ ഇരിപ്പിടം പദ്മവദിക്കായി തയ്യാറായിരുന്നു. 1954-ല്‍ ഇന്ത്യയിലെ ആദ്യത്തെ കാര്‍ഡിയാക് ക്ലിനിക്കും കാര്‍ഡിയാക് കാത്തറ്ററൈസേഷന്‍ ലാബും അവിടെ സ്ഥാപിക്കപ്പെട്ടു.
പിന്നീട് 1967-ല്‍ കാര്‍ഡിയോളജി വിഭാഗത്തിന്റെ ഡയറക്ടറായി പുതിയതായി സ്ഥാപിച്ച ജി.ബി. പന്ത് ആശുപത്രിയിലേക്ക് മാറി. അതേസമയം തന്നെ മൗലാന ആസാദ് മെഡിക്കല്‍ കോളജിന്റെ ചുമതലയും നിര്‍വഹിക്കേണ്ടി വന്നു. ഏറെ വെല്ലുവിളികള്‍ക്ക് ശേഷം വടക്കേ ഇന്ത്യയില്‍ ആദ്യത്തെ പേസ്മേക്കര്‍ ഇംപ്ലാന്റ് ശസ്ത്രക്രിയ നടത്തിയതും ജി.ബി. പന്ത് ആശുപത്രിയായിരുന്നു. പിന്നീട് ഹൃദയാരോഗ്യ രംഗത്തെ വലിയ നേട്ടങ്ങളാണ് പദ്മാവദിയിലൂടെ രാജ്യം കരസ്ഥമാക്കിയത്.

അപരനുവേണ്ടി ഹൃദയത്തില്‍ ഒരിടംവേണം
ഹൃദയാഘാതം എന്നത് തീര്‍ത്തും സ്വാഭാവികമായി സംഭവിക്കാവുന്ന ഒന്നായി മാറിയിരിക്കുന്നു. സ്റ്റെന്റ്, ബൈപാസ് സര്‍ജറി, ഹാര്‍ട്ട് അറ്റാക്ക്, ആന്‍ജിയോ ഗ്രാം, ആന്‍ജിയോ പ്ലാസ്റ്റി എന്നതൊക്കെ എത്രയോ സാധാരണ പ്രയോഗങ്ങളായിരിക്കുന്നു. കണക്കുകള്‍ പ്രകാരം ഇന്ത്യയിലെ ഹൃദ്രോഗികളുടെ എണ്ണത്തില്‍ ദിനംപ്രതി വര്‍ധനവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. കടുത്ത വേവലാതിയോടെ അവര്‍ പറഞ്ഞു നിര്‍ത്തി.
ഏറെ നേരത്തെ നിശബ്ദതക്ക് ശേഷം വീണ്ടും തുടര്‍ന്നു. ശാരീരിക വ്യായാമ മുറകളും ആരോഗ്യകരമായ ഭക്ഷണ രീതികളുമാണ് ഹൃദയാഘാതം തടയാന്‍ അന്നും ഇന്നും ഉള്ള പ്രധാന ജീവിതചര്യ. വര്‍ഷങ്ങള്‍ മുന്‍പ് തൊട്ടറിയാന്‍ തുടങ്ങിയ ഹൃദയമിടിപ്പുകളുടെ അനുഭവങ്ങളില്‍ നിന്നുമാണ് ആ വാക്കുകള്‍ വന്നത്. പാലിക്കപ്പെടേണ്ട പ്രധാന നിര്‍ദ്ദേശമായി അത് ഹൃദയത്തില്‍ സൂക്ഷിച്ചു വക്കാം.
പെണ്‍ഭ്രൂണങ്ങളെ ഗര്‍ഭപാത്രത്തില്‍വെച്ച് തന്നെ കൊന്നു കളയുന്ന, പെണ്‍കുട്ടികളോട് വീടകങ്ങളില്‍ കടുത്ത വിവേചനം ഇപ്പോഴും കാണിക്കുന്ന, ഈ രാജ്യത്ത് തന്നെയാണ് ഒരു സ്ത്രീയെന്ന നിലയില്‍ താന്‍ കണ്ട സ്വപ്നങ്ങള്‍ എല്ലാം സാധ്യമാക്കി ഡോ. പദ്മാവതി ഹൃദയം തുറന്ന് ചിരിക്കുന്നത്. അനേകം ഹൃദയങ്ങള്‍ക്ക് വേണ്ടി ഡോ. എസ് പദ്മാവതി എന്ന പദ്മാവതി ശിവരാമ കൃഷ്ണ അയ്യര്‍ ആ ചിരി അപരന്റെ ഹൃദയത്തിലേക്കും പടര്‍ത്തിക്കൊണ്ടിരിക്കുന്നുണ്ട്. അദൃശ്യമായ നാഡീഞരമ്പുകളിലൂടെ സമാനതകളില്ലാത്ത മനുഷ്യസ്‌നേഹം കൂടെയാണ് മരുന്നിനൊപ്പം അവര്‍ പകര്‍ന്ന് കൊടുക്കുന്നത്.
Content Highlights: Dr. S. Padmavati: India’s first & oldest woman heart specialist | Athijeevanam