പബ്ജി കളിക്കുന്നതിനിടക്കാണ് വാതിലുകളില്ലാത്ത വീടുണ്ടെന്ന് ചങ്ങാതി പ്രജിത്ത് പറയുന്നത്. കോഴിക്കോട് പേരാമ്പ്രയില്‍ ആണത്രേ അത്. വെടിവച്ച് കൊല്ലുന്നതിനിടക്ക് ഞാന്‍ അതത്ര ശ്രദ്ധിച്ചില്ല. എതിരാളി എന്ന് സങ്കല്പിച്ച് കൊല്ലലാണല്ലോ ഇന്നത്തെ ഏറ്റവും രസമുള്ള വിനോദം. കുട്ടിയും കോലും, ഗോലി കളിയും എല്ലാം ഞങ്ങളുടെ തലമുറക്ക് കേട്ട് പരിചയം പോലും ഇല്ലാതാവുകയാണ്. അത്രക്ക് ഉന്നം തെറ്റാതെ കാഞ്ചിവലിക്കുന്നുണ്ട് സ്മാര്‍ട്ട് ഫോണ്‍. കൊല്ലുന്നതിനിടക്ക് എനിക്കും വെടിയേറ്റു. ഡിസ്പ്ലെയില്‍ ഗെയിം ഓവര്‍ എന്ന മെസേജ് വന്നു. പിന്നീട് എപ്പോഴോ ആണ് മുന്‍പ് പറഞ്ഞ വീടിന്റെ കാര്യം ഓര്‍മ്മ വന്നത്.അവന് എവിടെയോ വായിച്ചതാണ. അത്രയേ അറിയൂ. വാര്‍ത്ത കണ്ടപ്പോള്‍ അഡ്രസ്സ് കുറിച്ചെടുത്ത പേപ്പര്‍ തുണ്ട് എനിക്ക് നേരെ നീട്ടി. എന്തായാലും പിറ്റേന്ന് തന്നെ പോവാന്‍ തീരുമാനിച്ചു.
രാവിലെ ഒന്‍പത് മണിയോട് കൂടി ബൈക്കെടുത്ത് നേരെ വിട്ടു കോഴിക്കോടേക്ക്. ഏപ്രില്‍ ആവാന്‍ ഇനിയും ദിവസങ്ങള്‍ ഉണ്ട് എന്നിട്ടും ചുട്ട് പൊള്ളുന്നുണ്ട് കോഴിക്കോട്. നഗര തിരക്കുകളെ പുറകിലാക്കി ബൈക്ക് മുന്നോട്ട് പാഞ്ഞു. റോഡിന് ഇരുവശവും നിരയിട്ട് നില്‍ക്കുന്നുണ്ട് തണല്‍ മരങ്ങള്‍. എനിക്കൊപ്പം അതിവേഗം പിന്തുടരുന്നുണ്ട് അവയുടെ തണല്‍. തള്ളകോഴി കുഞ്ഞുങ്ങളെ കാക്കുന്ന കൂട്ട് സൂര്യനെ തടഞ്ഞ് തണല്‍ വിരിച്ചുനിന്നു.
ഉച്ചക്ക് പന്ത്രണ്ട് മണിയോടെ പേരാമ്പ്രയില്‍ എത്തി. ആദ്യം കണ്ട ഓടുമേഞ്ഞ ഹോട്ടലിലേക്ക് വണ്ടി ചേര്‍ത്ത് ഒതുക്കി. നിറം മങ്ങിയ കാവി മുണ്ടും തോളില്‍ കരിമ്പന്‍ കുത്തിയ തോര്‍ത്തുമിട്ട് ബെഞ്ചില്‍ ഒരു അപ്പാപ്പന് ഉണ്ട്. അടുത്തേക്ക് ചെല്ലും തോറും മൂക്കിലേക്ക് ബീഡിയുടെ ഗന്ധം അടിച്ചു കേറുന്നുണ്ട്. കയ്യിലെ കടലാസ്സില്‍ കുറിച്ച അഡ്രസ്സ് ചോദിച്ചു.ഉടന്‍ മറുപടി വന്നു.
'നേരെ ഒരുകിലോമീറ്ററോളം പോയാല്‍ ആദ്യം കാണണ എടത്തോട്ടുള്ള റോട്ടിന് വിട്ടൊ. വയലും കനാലും കടന്ന് ആദ്യം കാണുന്ന വലത് ഭാഗത്തുള്ള വീടാണ്'.
ജയിലിനെ പോലും നാണിപ്പിക്കുന്ന വലിയ മതിലുകളുള്ള വീടുകള്‍ പിന്നിട്ട് ലക്ഷ്യത്തില്‍ എത്തി. ബൈക്ക് റോഡരികില്‍ നിര്‍ത്തി. ചുറ്റും കണ്ണോടിച്ചു. മതിലും, മുള്ളുവേലിയും ഇല്ലാത്ത കാട് പിടിച്ച് കിടക്കുന്ന തുറസ്സായ ഒരു സ്ഥലം. നടുവിലായി ഒരു കുഞ്ഞു വീട്. വഴിയരികിലെ കൂറ്റന്‍ പ്ലാവില്‍ സമം എന്ന് എഴുതി തൂക്കിയിരുന്നു. ചെമ്മണ്ണ് കുഴച്ചുണ്ടാക്കിയ മതിലിന് ഉള്ളിലൂടെ വീട്ട് പറമ്പിലേക്ക് കടന്നു. ഓടുമേഞ്ഞ വീടിന്റെ പ്രത്യേകത വിശാലമായ വരാന്തയാണ്.
മുറ്റത്ത് കുരുത്തോലകൊണ്ട് പന്തും,നക്ഷത്രങ്ങളും മെടഞ്ഞ് എടുക്കുകയാണ് താടിയും മുടിയും നീട്ടി വളര്‍ത്തിയ മനുഷ്യന്. ഒറ്റ നോട്ടത്തില്‍ തന്നെ തിരഞ്ഞുവന്ന ആളെ വ്യക്തമായി. യാതൊരു മുന്‍പരിജയവും ഇല്ല എങ്കിലും ഉറ്റ സുഹൃത്തിനെ പോലെ ആവേശപൂര്‍വ്വം സ്വീകരിച്ചു. ഇന്നേ വരെ പരിചയപ്പെട്ട ആളുകള്‍ക്ക് അറിയേണ്ടത് പേരും പേരിലെ ജാതിയും,കുടുംബവുമാണെങ്കില്‍,ആ ചോദ്യങ്ങള്‍ ഒന്നും തന്നെ ഇവിടെ നേരിടേണ്ടി വന്നില്ല. സംസാരിക്കുന്നതിനിടക്ക് എന്തോ ശബ്ദം കേട്ടാണ് തിരിഞ്ഞ് നോക്കിയത്. വലിയൊരു ചക്ക മുറ്റത്ത് വീണ് ചിതറി കിടക്കുന്നു.
നിങ്ങള്‍ ഇതൊന്നും കഴിക്കാറില്ലേ?ഇല്ലെങ്കില്‍ വിറ്റുകൂടെ, ചക്കക്ക് ഒക്കെ നല്ല വിലയുണ്ടല്ലോ ഇപ്പോള്‍? അത് കേട്ടപ്പോള്‍ നീളന്‍ മീശക്കും താടിക്കും ഇടയില്‍ ചെറു പുഞ്ചിരി വിടര്‍ന്നു. എന്നിട്ട് അദ്ദേഹം പറഞ്ഞു. ഞങ്ങള്‍ക്ക് ഇതൊക്കെത്തന്നെയാണ് ആഹാരം. പക്ഷെ ആവശ്യം കഴിഞ്ഞ് വില്‍ക്കാറില്ല.അതൊക്കെ തിന്നാന്‍ പ്ലാവിന് മുകളില്‍ തന്നെ മറ്റ് അവകാശികള്‍ ഉണ്ട്.നിലത്തു വീണാല്‍ തിന്നാന്‍ ഉറുമ്പുകളും.
ബഷീറിന്റെ ഭൂമിയുടെ അവകാശികള്‍ എന്ന കഥയില്‍,എലികളെ കൊല്ലാന്‍ വിഷം വെയ്ക്കാന്‍ പോകുന്ന ഭാര്യയോട്, 'ഈ രക്തത്തില്‍ എനിക്ക് പങ്കില്ല എന്നും, ഭൂമി സര്‍വ്വ ചരാചരങ്ങളുടേത് കൂടെ ആണെന്നും ഓര്‍മിപ്പിക്കുന്നുണ്ട് അദ്ദേഹം. അതാണെനിക്ക് ഓര്‍മ്മ വന്നത്. എന്നാല്‍, മനുഷ്യന് തന്റെ സൈ്വര്യ ജീവിതത്തിനായുള്ള വിഷം വെക്കല്‍ ഇന്നും തുടര്‍ന്നുകൊണ്ടേ ഇരിക്കുകയാണല്ലോ. അത്തരമൊരു സമൂഹത്തിന്റെ മനസ്സിലേക്കാണ് സ്വന്തം വീടിന്റെ വാതിലുകള്‍ സര്‍വ്വ ചരാചരങ്ങള്‍ക്കുമായി അശോക് കുമാര്‍ എന്ന കോഴിക്കോട്ടുകാരന് തുറന്നിട്ടിരിക്കുന്നത്.
മനുഷ്യന് അവനവനുള്ളിലേക്ക് ചുരുങ്ങി കൊണ്ടിരിക്കുന്ന ഈ കാലത്ത് സഹജീവികള്‍ക്കായി സ്വന്തം ഭൂമിയെ പങ്കുവക്കുകയാണ് അശോകനും കുടുംബവും 'സമ'ത്തിലൂടെ. സമം എന്നാല്‍ കേവലം എല്ലാത്തിനെയും തുല്യമായി കാണല്‍ മാത്രമല്ല. മറിച്ച് സഹജീവികളെ ആകെ സമമായി കണ്ട് കൂടെ നിര്‍ത്തുന്ന രാഷ്ട്രീയ പ്രവര്‍ത്തനമാണ്. ആരോഗ്യവും സമാധാനവും എന്തുകൊണ്ടാണ് മനുഷ്യന് മാത്രം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത് എന്നതിനുള്ള ഉത്തരമാണ് സമം തിരയുന്നത്.
അതിന്റെ ആദ്യ പടവുകളാണ് തുറക്കപ്പെട്ട വീടിന്റെ വാതിലുകള്‍. എന്തൊക്കെ ചെയ്താലാണ് മനുഷ്യന് സമാധാനം കിട്ടുക എന്ന അന്വേഷണത്തിന് പകരം എന്തൊക്കെ ചെയ്യാതിരുന്നാലാണ് സമാധാനം സാധ്യമാവുക എന്നുള്ള അന്വേഷണമാണ് സമം നടത്തുന്നത്. ഒപ്പം ജാതി,മത,വര്‍ഗ്ഗ,ദേശങ്ങളുടെ അതിര് വരമ്പുകള്‍ക്കപ്പുറത്ത് മനുഷ്യനെ കണ്ടെത്തി കണ്ണിചേര്‍ക്കലാണ് സമത്തിന്റെ ലക്ഷ്യങ്ങള്‍.
തിരുത്തലുകള്‍ ആദ്യം വരുത്തേണ്ടത് അവനവനുള്ളിലാണ്
മനുഷ്യന്റേതായ എല്ലാ ആര്‍ത്തിയും ഉള്ള ഒരാള്‍ തന്നെയായിരുന്നു ഞാനും. ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് തിരിച്ചറിയുന്നത് അത്ര കാലം ജീവിച്ചതിന്റെ ഉള്ളടക്കമില്ലായ്മയെ പറ്റിയും, മനുഷ്യത്വ വിരുദ്ധമായ ചെയ്തകളെ കുറിച്ചും. പിന്നീട് അങ്ങോട്ട് ഇന്നോളം നടക്കുന്നത് സ്വയം നവീകരിക്കലാണ്. എന്നുവച്ചാല്‍ എന്റെ ശരികള്‍ക്ക് വേണ്ടി മറ്റുള്ളവരെ തിരുത്താന്‍ നടക്കാതെ സ്വയം തിരുത്തികൊണ്ടേ ഇരിക്കാനാണ് ശ്രമിക്കുന്നത്. ഒപ്പം സ്വാര്‍ത്ഥതയുടെ ഓട്ടമത്സരത്തില്‍ പങ്കെടുക്കാതെ അരിക് മാറി നില്‍ക്കുകയാണ് ചെയ്യുന്നത്. ഇന്ന് ഓരോ മനുഷ്യനും സമ്പാദിക്കുന്നതിന്റെ തൊണ്ണൂറ് ശതമാനവും ചിലവാക്കുന്നത് ആരെയൊക്കെയോ ബോധിപ്പിക്കാന്‍ വേണ്ടി മാത്രമാണ്.യഥാര്‍ത്ഥത്തില്‍ ബാക്കി പത്ത് ശതമാനം കൊണ്ട് മാത്രം വളരെ ഭംഗിയായി ജീവിക്കാന്‍ സാധിക്കും എന്നതിന്റെ ജീവിക്കുന്ന തെളിവാണ് ഞാന്‍.
കോടാനു കോടി നക്ഷത്രങ്ങളില്‍ ഒരു ചെറു നക്ഷത്രമായ സൂര്യന്റെ ഗ്രഹങ്ങളില്‍ ഒന്ന് മാത്രമാണ് ഭൂമി.അവിടെയാണ് നമ്മുടെ അതിരുകളില്‍ തീര്‍ത്ത വാതിലുകള്‍ എത്രമാത്രം ചെറുതാണെന്ന് തിരിച്ചറിയേണ്ടത്. ചെറിയ ശരീരത്തിലെ ചെറിയ മനസ്സില്‍ ഇതൊക്കെ ഉള്‍ക്കൊള്ളാനുള്ള അകം നമുക്ക് ഉണ്ടായാല്‍ ഒരു വാതിലിന്റെയും ആവശ്യമില്ല. മനുഷ്യര്‍ പരസ്പരം ശ്വസിക്കുന്ന വായു തമ്മില്‍ അല്‍പ്പം അകലം ഉണ്ടെങ്കിലും എല്ലാം ഒന്നാണ്. കോശങ്ങളില്‍ ലയിച്ച് അത് പുറത്തേക്ക് വരുന്നു. മറ്റൊരാളിലൂടെ വീണ്ടും അത് ശരീരത്തിലേക്ക് കടക്കുന്നു. ഞാന്‍ എന്നും എന്റേത് എന്നുമുള്ള ബിംബങ്ങള്‍ പാടെ ഇല്ലാതാവുകയാണ് വായുവിലൂടെ. മനസ്സുകൊണ്ടുള്ള മസിലുപിടുത്തത്തിന് അപ്പുറത്ത് യഥാര്‍ത്ഥത്തില്‍ ഒന്നുമില്ല. പ്രപഞ്ചത്തിലെ സര്‍വ്വ ചരാചരങ്ങള്‍ക്കും ഒരേ ശരീരവും ഒരേ ജീവനുമാണ് എന്ന ചിന്തയാണ് സമം മുന്നോട്ട് വെയ്ക്കുന്നത്. അപ്രകാരമുള്ള ചിന്ത യാഥാര്ഥ്യമാക്കപ്പെട്ടാല് ചോര ചിന്തലുകളും,ആക്രമണങ്ങളും മനുഷ്യ മനസ്സില്‍ നിന്ന് തന്നെ റദ്ദ് ചെയ്യപ്പെടും. ഭൂമിയില്‍ ജീവന് ഉള്ളതും ഇല്ലാത്തതുമായ എല്ലാത്തിനും ഒരു ചങ്ങല കണ്ണിയിലെ തുടര്‍ച്ചയായാണ് സമം കാണുന്നത്.
കുട്ടികളുടെ മനസ്സിലാണ് പ്രതീക്ഷയുടെ വിത്ത് പാകേണ്ടത്
കുട്ടികളാണ് നാളെയുടെ പ്രതീക്ഷ അതുകൊണ്ട് തന്നെ തീര്‍ച്ചയായും ഇത്തരം ചിന്തകളുടെ വിത്ത് പാകാന്‍ അനുയോജ്യമായ ഇടവും അവര്‍ക്കുള്ളില്‍ തന്നെയാണ്.അവരെ പ്രകൃതിയിലേക്ക് അടുപ്പിക്കാന്‍ കുരുത്തോലകൊണ്ട് വിവിധങ്ങളായ വസ്തുക്കള്‍ ഉണ്ടാക്കാന്‍ പഠിപ്പിക്കുകയാണ് ഞങ്ങള്‍ ചെയ്യുന്നത്.സ്വന്തം കൈകളിലൂടെ കുരുത്തോല കൊണ്ട് നിര്‍മ്മിച്ചെടുക്കുന്ന ഓരോ രൂപവും അവരില്‍ ഉണ്ടാക്കുന്ന ആത്മവിശ്വാസം പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണ്. പ്രകൃതിയിലേക്കും പച്ചപ്പിലേക്കും കുട്ടികള്‍ കുരുത്തോല തുമ്പിലൂടെ ഇറങ്ങിവരും എന്നാണ് ഞങ്ങളുടെ പ്രതീക്ഷ. നല്ല മനുഷ്യരായി കുട്ടികളെ ജീവിക്കാന്‍ പഠിപ്പിക്കുക എന്നതാണ് പ്രധാനം. ആര്‍ത്തിയുടെ ചിന്തകളില്‍ നിന്ന് മാറി സ്വസ്ഥമായ ഒരു ഇടം കണ്ടെത്താന്‍ ഓരോ കുട്ടിയേയും പ്രാപ്തനാക്കേണ്ടതുണ്ട്. അതിലൂടെ ആരോഗ്യവും സമാധാനവും വീണ്ടെടുക്കാം.
എ പ്ലസ്സ് കിട്ടാന്‍ വേണ്ടി മാത്രമുള്ള ഫോട്ടോസ്റ്റാറ്റ് മെഷീനാക്കി നമ്മുടെ കുട്ടികളെ മാറ്റിയത് അവരോട് ചെയ്യാവുന്നതില്‍ വച്ച് ഏറ്റവും വലിയ ക്രൂരതയാണ്. കുട്ടികളിലെ ജന്മവാസനകളെ എല്ലാം നശിപ്പിക്കാന്‍ പാകത്തിനാണ് ചില സ്കൂളുകളുടെ സമീപനം.അവിടങ്ങളില്‍ കുട്ടികള്‍ക്ക് ജയിലറകളാണ് ക്ലാസ് മുറികള്‍.വളര്‍ത്തി, വളര്‍ത്തി നശിപ്പിക്കുകയാണ് നമ്മള് അവരെ.
കുരങ്ങില്‍ നിന്നും മനുഷ്യന് ശരീരം കൊണ്ടേ പരിണാമം സംഭവിച്ചിട്ടൊള്ളൂ.മനുഷ്യന്റെ മനസ്സ് ഇപ്പോഴും കുരങ്ങിന്റെ പോലെ ചാടികൊണ്ടിരിക്കുകയാണ്.ആ മനസ്സിനെ പിടിച്ച് മനുഷ്യനാക്കി എടുക്കുക എന്നതാണ് സമം മുന്നോട്ട് വക്കുന്ന വിദ്യാഭ്യാസ കാഴ്ചപ്പാട്.അതിനായാണ് ഏതെങ്കിലും മഴയത്ത് മുളക്കും എന്ന പ്രതീക്ഷയില്‍ പുതിയ ചിന്തകളുടെ നല്ല വിത്തുകള്‍ അവരുടെ കുഞ്ഞു മനസ്സില്‍ ഞങ്ങള്‍ പാകുന്നത്.
ആര്‍ഭാടമല്ല തിരിച്ചറിവാകണം വിവാഹങ്ങള്‍
പ്രായപൂര്‍ത്തി ആയതിന് ശേഷം ഞാന്‍ എന്റെ രണ്ട് പെണ് മക്കളോടും കൂടെ പറഞ്ഞത്, അവനവന്റെ ആണിനെ കണ്ടുപിക്കാനെങ്കിലും ഉള്ള സാമാന്യ ബുദ്ധി കാണിക്കണം എന്നാണ്. ഞാനോ കുടുംബക്കാരോ,നാട്ടുകാരോ അതിനായി ഒന്നും ചെയ്യില്ല എന്നും കൂട്ടിച്ചേര്‍ത്തു. അവര്‍ അതുപോലെ തന്നെ സ്വയം പങ്കാളികളെ കണ്ടെത്തുകയായിരുന്നു. അവരുടെ ജാതിയോ, മതമോ എന്തിന് താമസിക്കുന്ന സ്ഥലം പോലും ഞാന്‍ അന്വേഷിച്ചിട്ടില്ല. പൂര്‍ണ്ണമായും എന്റെ പെണ് മക്കളുടെ വിവാഹം അവര്‍ക്ക് വിട്ട് കൊടുക്കുകയായിരുന്നു.
രണ്ട് വര്‍ഷം മുന്‍പാണ് അവരുടെ വിവാഹം ഞങ്ങള്‍ സമത്തില് വച്ച് നടത്തിയത്. വിവാഹ രീതികള്‍ കുടുംബക്കാരോടും, കൂട്ടുകാരോടും പങ്ക് വെച്ചത് വാട്സ് ആപ്പ് ഗ്രൂപ്പിലൂടെ ആയിരുന്നു. ആരെയും പങ്കെടുക്കണം എന്ന് പറഞ്ഞ് ക്ഷണിച്ചിട്ടില്ലായിരുന്നു.
അതുകൊണ്ട് തന്നെ ആരൊക്കെ പങ്കെടുക്കും എന്ന് ആശങ്ക ഉണ്ടായിരുന്നു. എങ്കിലും അത്തരം എല്ലാ തോന്നലുകള്‍ക്കും വിരമാമിട്ടുകൊണ്ട് ആഴ്ചകള്‍ക്ക് മുന്‍പേ ആളുകള്‍ വന്ന് നിറയുകയായിരുന്നു. അന്നേവരെ കണ്ടിട്ടോ കേട്ടിട്ടോ ഇല്ലാത്ത മനുഷ്യര്‍ സ്വമേധയാ ഞങ്ങളുടെ വീട്ടിലെ കല്യാണം നടത്തുകയായിരുന്നു. എനിക്കവിടെ വെറും കാഴ്ച്ചക്കരന്റെ റോള്‍ മാത്രമെ വേണ്ടി വന്നുള്ളൂ.
നിലപാട് തറയെന്ന പേരില്‍ വീടിന് സമീപത്തായി ഉണ്ടാക്കിയ മണ്‍തിട്ടയില്‍ നിന്നാണ് അവര്‍ ഒന്നായതായി പ്രഖ്യാപിച്ചത്. കര്‍ഷക ജനതയുടെ പ്രതിനിധികളായ വെള്ളേട്ടനും പറായി ഏട്ടത്തിയും ചേര്‍ന്നായിരുന്നു കല്യാണത്തിന് കാര്‍മ്മികത്വം വഹിച്ചത്. കണ്ണ് നിറയുന്നുണ്ടായിരുന്നു ചുറ്റും കൂടിയ പലര്‍ക്കും. മനസ്സുകൊണ്ടും ശരീരം കൊണ്ടും അവര്‍ പൂര്‍ണ്ണമായി ഞങ്ങള്‍ക്കൊപ്പം ഇഴുകി ചേരുകയായിരുന്നു.
നിലനില്‍ക്കുന്ന ഒരു ആചാര പ്രകാരവുമല്ല കല്യാണം നടത്തിയത്. കല്യാണ ദിവസം പത്ത് മിനിറ്റ് കൊണ്ട് ഉണ്ടാക്കിയ രീതിയില്‍ ആണ് ചടങ്ങ് നടത്തിയത്. വിവാഹത്തിന് തിരുവനന്തപുരത്തുനിന്ന് വന്ന സുഹൃത്തുക്കള്‍ കൊണ്ട് വന്ന വൃക്ഷ തൈകള്‍ പരസ്പ്പരം കൈമാറുന്നതിലൂടെ ചടങ്ങ് അവസാനിക്കുകയായിരുന്നു. പിന്നീട് എല്ലാവര്ക്കും ഞങ്ങള്‍ തന്നെ കൃഷിചെയ്ത് ഉണ്ടാക്കിയ ലഘു ഭക്ഷണവും. ആയിരക്കണക്കിന് ആളുകള്‍ വന്ന കല്യാണത്തിന് ആകെ വന്ന ചിലവ് അന്‍പതിനായിരം രൂപക്കുള്ളില്‍ മാത്രമാണ്.
ചിന്തകള്‍ രൂപപ്പെടുന്നത്
അച്ഛന് കടുത്ത കമ്യുണിസ്റ്റുകാരന് ആയിരുന്നു. പാര്‍ട്ടി പിളര്‍പ്പിന്റെ വാര്‍ത്തകള്‍ അച്ഛനെ ആകെ തളര്‍ത്തിയിരുന്നു. ആത്മഹത്യ ചെയ്യാന്‍ പോലും പോയിരുന്ന ഒരാളായിരുന്നു അദ്ദേഹം. മൂന്ന് വര്‍ഷത്തോളം എല്ലാത്തില്‍ നിന്നും വിട്ട് നിന്ന് മൗനത്തിലായിരുന്നു. പിളര്‍പ്പിന് ശേഷം പാര്‍ട്ടിയുടെ ഒരു പരുപാടിയിലും അദ്ദേഹം പങ്കെടുത്തിരുന്നില്ല. ഇതറിഞ്ഞ് അച്ഛനെ വീണ്ടും പാര്‍ട്ടിയില്‍ സജീവമാക്കാന്‍ ചര്‍ച്ചക്ക് വന്ന സഖാക്കളോട് അദ്ദേഹം പറഞ്ഞത്,'ഞാന്‍ മരണം വരെ കമ്യുണിസ്റ്റായിരിക്കും എന്നും, അതിന് രാണ്ടായ പാര്‍ട്ടിയുടെ കടലാസ്സ് മെമ്പര്‍ഷിപ്പ് എനിക്ക് വേണ്ട എന്നുമാണ്'. ഇത്തരത്തില്‍ മരണം വരെ കമ്യുണിസ്റ്റായി ജീവിച്ച ഒരച്ഛന്റെ മകനായതുകൊണ്ടാകണം തെറ്റായ സാമൂഹിക സമ്പ്രദായങ്ങളെ തിരുത്താനുള്ള ആര്‍ജ്ജവം സാധ്യമാകുന്നത്.
മനുഷ്യന്റെ ജീവിത പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ യഥാര്‍ത്ഥത്തില്‍ ഏതെങ്കിലും ഒരു രാഷ്ട്രീയ സംഘടനയുടെ സാന്നിദ്ധ്യം ആവശ്യമാണ് എന്ന അഭിപ്രായം എനിക്കില്ല. മനുഷ്യനെ ഉള്‍ക്കൊണ്ട് അവനൊപ്പം നില്ക്കുന്ന രാഷ്ട്രീയ പ്രാസ്ഥാനങ്ങള്‍ ഇന്നില്ല എന്നത് തന്നെയാണ് അതിനുള്ള കാരണം. അതുകൊണ്ട് തന്നെ യുക്തി ബോധമുള്ള മനുഷ്യന് സ്വയം തിരിച്ചറിഞ്ഞ് അവനവനെ തന്നെ നവീകരിക്കുന്ന രീതിയാണ് ഞങ്ങള്‍ മുന്നോട്ട് വെക്കുന്ന രാഷ്ട്രീയം.
പല വാതിലുകളും തുറന്ന് കൊണ്ടിരിക്കുന്നുണ്ട്
സമഗ്രം, ലളിതം, അവബോധം ജീവിതം- ഇതാണ് സമം മുന്നോട്ട് വെക്കുന്ന ആശയങ്ങള്‍. ഇത്തരത്തില്‍ ജീവിക്കുന്ന മനുഷ്യന് സ്വയം ജീവിതത്തിലെ അത്യാര്‍ത്തികളില്‍ നിന്ന് മോചിതനായി മാനവികതയിലേക്ക് പടരാന്‍ സാധിക്കും. ഒരുപാട് പേര് ഇന്ന് ഞങ്ങളുടെ ആശയവുമായി ഇഴചേര്‍ന്ന് ജീവിക്കുന്നുണ്ട്. പലരും ഇത് പഠിക്കാനും ഉള്‍കൊള്ളാനുമായി സമത്തിലേക്ക് കടന്നു വരുന്നുമുണ്ട്. അവര്‍ക്കൊക്കെ പറയാനുള്ളത് സ്വാര്‍ത്ഥതക്ക് വേണ്ടി ജീവിച്ച് തീര്‍ത്ത കാലത്തെ കുറിച്ചാണ്.ഇനി അത്തരമൊരു ജീവിതത്തിലേക്ക് പോകില്ലെന്ന് ഉറപ്പിച്ച് പടിയിറങ്ങി പോകുന്നവരാണ് സമത്തില് വരുന്ന ഭൂരിഭാഗം മനുഷ്യരും.
ഞാന്‍ എന്തോ ആണ് എന്ന ചിന്തയില്‍ നിന്നുള്ള മോചനമാണ് ഓരോ മനുഷ്യനും ഉണ്ടാകേണ്ടത്. എല്ലാത്തിലും ഉള്ളത് ഞാന്‍ തന്നെയാണെന്ന് തിരിച്ചറിയുമ്പോള്‍ എല്ലാ മനുഷ്യരെയും, ജീവികളെയും തനിക്ക് തുല്ല്യമായി കാണാന്‍ എളുപ്പത്തില്‍ ഓരോ മനുഷ്യനും സാധിക്കും. അല്ലാത്തപക്ഷം എന്തൊക്കെയോ മുന്‍വിധികളില്‍ ജീവിച്ച് മരിച്ചു കൊണ്ടിരിക്കുന്ന ഓരോ മനുഷ്യന്റെയും പ്രതിനിധികള്‍ മാത്രമായി നമ്മളും ഒടുങ്ങിത്തീരും....
അങ്ങനെ,അങ്ങനെ മനുഷ്യനെ കുറിച്ച് പറഞ്ഞുകൊണ്ടിരുന്ന അശോകേട്ടന്റെ ശബ്ദത്തിന്റെ മുകളിലായി വീണ്ടുമൊരു ചക്ക അകാശത്തു നിന്നോണം ഊര്‍ന്നിറങ്ങി മുറ്റത്തേക്ക് പതിച്ചു. സമയം ഏറെ വൈകി. പിന്നൊരിക്കല്‍ തിരികെ വരാം എന്ന് ആത്മാര്‍ഥമായി പറഞ്ഞ്, സമത്തിന്റെ അതിരുകളില്ലാത്ത ലോകത്തുനിന്ന് വീട്ടിലേക്ക് തിരിച്ചു. മനുഷ്യര്‍ അവര്ക്കുള്ളിള് പണിതുയര്‍ത്തിയ അതിരുകളെ നിഷ്ഫലമാക്കുന്നുണ്ട് തുറന്നിട്ട സമത്തിന്റെ ഓരോ അതിരും. കിലോമീറ്ററുകള്‍ പിന്നിട്ടത് അറിഞ്ഞതേ ഇല്ല.
വീടിനോട് ചേര്‍ന്നുള്ള കലുങ്കില്‍ ബൈക്ക് ചേര്‍ത്ത് നിര്‍ത്തി. കലുങ്കിന് മുകളിലും സൈക്കളിലുമയി ഇരിക്കുന്നുണ്ട് സ്നേഹിതര്‍. ഞാന്‍ വന്നത് ആരും അറിഞ്ഞേ ഇല്ല. താഴ്ന്ന തലകള്‍ എല്ലാം ഫോണിലാണ്. ചാവി വലിച്ചൂരി സൈഡ് സ്റ്റാന്റിട്ടു. അപ്പോഴാണ് ഫോണുകളിലെ ശബ്ദം ഉയര്‍ന്നു കേട്ടത്. മൊബൈല്‍ യുദ്ധമാണ് ചുറ്റും. യുദ്ധമുഖത്ത് നിരായുധനായി ഞാന്‍ നിന്നു. പബ്ജി തകര്‍ത്താടുകയാണ്. വെടിവക്ക്, കൊല്ല് ആക്രോശങ്ങള്‍ എന്നെ പൊതിഞ്ഞു. ഉടന്‍ തന്നെ കൈയിലെ ഫോണ്‍ എടുത്ത് പബ്ജി അണ് ഇന്‍സ്റ്റാള്‍ ചെയ്തു. അശോകേട്ടനെ കണ്ട ഒരാളെന്ന നിലക്ക് അത്രയെങ്കിലും ചെയ്യേണ്ടതുണ്ട്.
വാതിലുകളില്ലാത്ത വീട് ഓര്‍മിപ്പിക്കുന്നുണ്ട് സമം എന്നില്‍ നിന്ന് കൂടെ തുടങ്ങേണ്ടതാണെന്ന്. സമത്തിലെ അംഗമായ മോഹനേട്ടന് പാടിയത് പോലെ,
'ഇങ്ങള് ഇങ്ങളെ മാത്രം
സ്നേഹിച്ചിടല്ലപ്പ
ഒരമ്മ പെറ്റത് പോലെ
എല്ലാരും അങ്ങനെ തന്ന്യാ'
Content Highlights: Story of SAMAM- A home without doors and religion, Athijeevanam