ലോകം മുഴുവന്‍ മഹാമാരിയുടെ വലയില്‍ അകപ്പെട്ടു നിശ്ചലമായിരിക്കുകയാണ്. ഈ ഘട്ടത്തില്‍ മഹാമാരിയുമായി ബന്ധമില്ലാത്ത അതിജീവന കഥകള്‍ പറയുന്നതിന് എന്ത് പ്രസക്തി എന്ന സംശയം സ്വാഭാവികമാണ്. എന്നാല്‍ അതിനുള്ള പൂര്‍ണ ഉത്തരം അരുണ്‍കുമാര്‍ സിങ്ങിന്റെ ജീവിത വഴികളിലുണ്ട്. ഉള്‍ക്കൊള്ളേണ്ടത് കാലത്തിന്റെ അനിവാര്യതയാണ്.

കടുത്ത വരള്‍ച്ചകാരണം അനുദിനം ജീവന്‍ നഷ്ടപ്പെട്ടു കൊണ്ടിരുന്ന ഗ്രാമത്തെ ജലസമൃധിയിലേക്ക് എത്തിക്കുകയായിരുന്നു അദ്ദേഹം. വികസനത്തിന്റെ മണ്ണു മൂടിക്കിടന്നിരുന്ന 140 ജലാശയങ്ങളാണ് അനില്‍കുമാര്‍ സിങ് വീണ്ടെടുത്തത്. എല്ലാം നഷ്ടപ്പെട്ട സമൂഹത്തെ സ്വപ്നം കാണാന്‍ ശീലിപ്പിച്ചിരിക്കുകയാണ് അദ്ദേഹം.

ഇന്ന് മനുഷ്യന് വേണ്ടതും ജീവിതം വീണ്ടെടുക്കാനുള്ള സ്വപ്നങ്ങളാണ്. എല്ലാം അവസാനിച്ചു കൊണ്ടിരിക്കുന്നു എന്ന ചിന്തക്ക് പകരം പുതിയ പുലരിയെ സ്വപ്നം കാണാന്‍ ഓരോ മനുഷ്യരെയും പ്രാപ്തരാക്കേണ്ടതുണ്ട്. അത്തരം ഓരോ സ്വപ്നത്തിലൂടെയും നമ്മള്‍ അതിജീവിക്കും എന്ന് ഉറച്ചു പറയേണ്ട കാലം കൂടിയാണിത്.

രാജ്യത്തെ അന്നമൂട്ടുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നത് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളാണ്. ഓരോ ഗ്രാമങ്ങളും കാര്‍ഷികവിളകളാല്‍ സമൃദ്ധമാണ്. എന്നാല്‍ ഓരോ വരള്‍ച്ച കാലവും ഗ്രാമങ്ങള്‍ക്ക് മരണങ്ങളുടെ കാലം കൂടെയാണ്.

കഴിഞ്ഞ വര്‍ഷം ബിഹാറിലെ ഗ്രാമങ്ങളില്‍ പേരറിയാത്ത അസുഖം കൊണ്ടുപോയത് നൂറുകണക്കിന് കുഞ്ഞുങ്ങളെയാണ്. ഉത്തര്‍ പ്രദേശിലും, ഹരിയാണയിലും പല കാലങ്ങളിലായി ഉണ്ടായിട്ടുള്ള വരള്‍ച്ചകള്‍ ഗ്രാമങ്ങളെ കൂട്ട ആത്മഹത്യയിലേക്ക് തള്ളിയിട്ടിട്ടുണ്ട്.

കൃഷിനിലങ്ങളുടെ ഉള്ളാഴങ്ങളില്‍ പോലും ജലാംശം വറ്റിവരണ്ടപ്പോള്‍ കര്‍ഷകര്‍ക്ക് മരണമല്ലാതെ മറ്റ് വഴികള്‍ ഇല്ലായിരുന്നു. ദ്രവിച്ചു തീരാറായ ഓലവീടിന്റെ കഴുക്കോലില്‍ തന്നെയാണ് പലരും കുടുംബത്തോടെ കെട്ടിത്തൂങ്ങിയത്. ആമാശയത്തില്‍ ഒന്നുമില്ലാതെ ശരീരഭാരം നഷ്ടപ്പെട്ട ആ മനുഷ്യര്‍ക്ക് തൂങ്ങിയൊടുങ്ങാന്‍ കച്ചിത്തുരുമ്പ് തന്നെ ധാരാളമായിരുന്നു. 10,349 കര്‍ഷകരാണ് 2018 ഇല്‍ മാത്രം ജീവനൊടുക്കിയത്.

ഉത്തര്‍ പ്രദേശിലെ ഖേരിയും സമാനമായ അവസ്ഥകളിലൂടെ കടന്നുപോവുന്ന സ്ഥലമായിരുന്നു. ലക്കിംപുരിലെ ഖേരി എന്ന ഗ്രാമത്തില്‍ വരള്‍ച്ച കാലമെന്നാല്‍ കര്‍ഷകന്റെ മരണകാലം തന്നെ ആയിരുന്നു. അത്രമാത്രം കടുത്ത വരള്‍ച്ചയാണ് ഖേരി ഗ്രാമത്തിലാകെ ഉണ്ടാകാറുള്ളത്. ജലസ്രോതസ്സുകള്‍ ഇല്ലാത്തതായിരുന്നു അതിനുള്ള പ്രധാനകാരണം.

arun kumar singh

എന്നാല്‍ ഇന്ന് ഗ്രാമം അതിജീവനത്തിന്റെ പുതിയ സ്വപ്നങ്ങള്‍ കണ്ടുണരുകയാണ്. തരിശുകിടന്ന പാടങ്ങളില്‍ ഇപ്പോള്‍ ഗോതമ്പും ചോളവും വിളഞ്ഞു കിടക്കുകയാണ്. ചോരവീണു ചുവന്ന പാടങ്ങള്‍ക്ക് ഗോതമ്പിന്റെ സ്വര്‍ണ്ണ നിറമാണിപ്പോള്‍. മഹാവറുതിയില്‍ നിന്നും ജീവിതപ്പച്ചയിലേക്ക് ഗ്രാമത്തെ കൈപിടിച്ചു കയറ്റിയത് ഡിവിഷണല്‍ മജിസ്ട്രേറ്റും പി.സി.എസ്. ഓഫീസറുമായ അരുണ്‍ കുമാര്‍ സിങിന്റെ ദീര്‍ഘവീക്ഷണമാണ്. ഒറ്റയാള്‍ പോരാളിയായി അദ്ദേഹം നടത്തിയ യുദ്ധസമാനമായ നീക്കങ്ങളിലൂടെയാണ് ഒരായിരം മനുഷ്യരുടെ ജീവിതം വീണ്ടെടുക്കാനായത്.

വീണ്ടെടുത്തത് 140 ജലാശയങ്ങള്‍
 
arun kumar singhവരള്‍ച്ച കാലത്ത് ഗ്രാമത്തിന് മുകളില്‍ കഴുകന്മാര്‍ വട്ടമിട്ട് പറക്കാറുണ്ട്. വെള്ളം കിട്ടാതെ ചത്തു വീഴുന്ന മൃഗങ്ങളെ തിരഞ്ഞാണ് കഴുകന്മാര്‍ വലിയ ശബ്ദത്തോടെ ചിറകടിച്ചു കൂട്ടമായി വന്നിരുന്നത്. ഇത് പലപ്പോഴും ഗ്രാമവാസികളെയും അക്രമിക്കാറുണ്ട്.

വരള്‍ച്ചാക്കാലത്ത് ഖേരിയിലേക്ക് സ്ഥലം മാറി വന്ന അരുണ്‍ കുമാര്‍ സിങ് ഗ്രാമവാസികളുടെ അവസ്ഥകണ്ട് തകര്‍ന്നു പോയിരുന്നു. വെള്ളമാണ് അടിസ്ഥാനപ്രശ്‌നമെന്ന് മനസ്സിലാക്കിയ അദ്ദേഹം ആദ്യം തുടങ്ങിയത് അതിനുള്ള പ്രവര്‍ത്തനങ്ങളായിരുന്നു.

ഗ്രാമത്തില്‍ വെള്ളമെത്തിക്കാന്‍ പല പരീക്ഷണങ്ങളും നടത്തി. ഊണും ഉറക്കവും അക്ഷരാര്‍ഥത്തില്‍ നഷ്ടപ്പെട്ടു. ഒന്നും കാര്യക്ഷമമായില്ല. അങ്ങനെയിരിക്കെയാണ് ഗ്രാമവാസിയായ ഒരു വൃദ്ധനില്‍ നിന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഗ്രമത്തില്‍ അനവധി ജലസംഭരണികള്‍ ഉണ്ടായിരുന്നെന്ന് മനസ്സിലാക്കുന്നത്.

തുടര്‍ന്ന് വര്‍ഷങ്ങള്‍ പുറകിലേക്ക് പോയി ഗ്രാമത്തിന്റെ ചരിത്രം പഠിക്കാന്‍ അദ്ദേഹം തീരുമാനിക്കുകയായിരുന്നു. 1951 വരെയുള്ള ഭൂമിയുടെ രേഖകള്‍ ശേഖരിച്ച് പഠിച്ചെടുത്തു. അതില്‍നിന്ന് അദ്ദേഹത്തിന് ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങള്‍ ആയിരുന്നു. വരണ്ടുണങ്ങി കിടക്കുന്ന ലക്കിംപുരില്‍ 9,000 -ത്തില്‍ അധികം കുളങ്ങളും ജലാശയങ്ങളും ഉണ്ടായിരുന്നത്രെ.

ആധാരങ്ങളിലൂടെ ഗ്രാമത്തിന് സമീപത്തെ നദികളായ ഖാഗ്രയും സാര്‍ദയുമായി എല്ലാ ജലാശയങ്ങളിലേക്കും കൈത്തോട് വഴിയുള്ള ബന്ധവും അദ്ദേഹം കണ്ടെത്തി. അതിനായി വര്‍ഷങ്ങള്‍ പഴക്കമുള്ള നൂറുകണക്കിന് പട്ടയങ്ങളും പ്രമാണങ്ങളുമാണ് പരിശോധിച്ചത്. ആദ്യ പരിശോധനയില്‍ തന്നെ ഒരുകാലത്ത് ജല സമൃദ്ധമായിരുന്നു ഗ്രാമമെന്ന് അദ്ദേഹത്തിന് വ്യക്തമായി.

രേഖകളില്‍ കണ്ടെത്തിയ, വര്‍ഷങ്ങള്‍ക്ക് മുമ്പേയുള്ള ജലാശയങ്ങള്‍ മണ്ണില്‍ കണ്ടെത്താന്‍ എളുപ്പമാകില്ല എന്നുള്ള പൂര്‍ണബോധ്യം ഉണ്ടായിരുന്നു. എങ്കിലും പ്രതീക്ഷ കൈവിടാതെ മുന്നോട്ട് പോവുകയായിരുന്നു. വലിയ പദ്ധതി തന്നെ ജലാശയങ്ങളുടെ വീണ്ടെടുപ്പിനായി തയ്യാറാക്കി.

arun kumar singh

'താലാവ് ഖോജോ, താലാവ് ബചാവോ' (ഒരു കുളം കണ്ടുപിടിക്കൂ, അതിനെ രക്ഷിക്കൂ) ഇതായിരുന്നു മുദ്രാവാക്യം. വാര്‍ഡ് കൗണ്‍സിലര്‍, ജനപ്രതിനിധികള്‍, വിദ്യാര്‍ഥികള്‍, യുവാക്കള്‍ എന്നിങ്ങനെ ഓരോ പ്രദേശത്തും ഓരോ കൂട്ടായ്മകള്‍ ഉണ്ടാക്കി. ഗ്രാമത്തിന്റെ ജലസമൃധിക്കായി നാടുമുഴുവന്‍ അദ്ദേഹത്തിന് ഒപ്പം നിന്നു.

arun kumar singh

രേഖകള്‍ പ്രകാരം ജലാശയങ്ങള്‍ ഉണ്ടായിരുന്ന സ്ഥലങ്ങള്‍ ഇത്തരം സംഘങ്ങള്‍ കണ്ടെത്തി. എന്നാല്‍ മിക്ക ജലാശയങ്ങള്‍ക്ക് മുകളിലും പലതരം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നു. ചിലത് മണ്ണുമൂടി തിരിച്ചറിയാന്‍ പറ്റാത്ത വിധമായിരുന്നു. ജലാശയങ്ങള്‍ കയ്യേറിയവരോട് ഗ്രാമം ഒന്നടങ്കം ഒഴിഞ്ഞു പോകാന്‍ ആവശ്യപ്പെട്ടു. അതിന് തയ്യാറാല്ലാത്തവരെ നിയമം കൊണ്ട് നേരിട്ടു.

അങ്ങനെ കണ്ടെത്തിയ സ്ഥലത്ത് അതിവേഗം തന്നെ ജലാശയങ്ങളുടെ വീണ്ടെടുപ്പിനായുള്ള പ്രവര്‍ത്തനങ്ങളും ആരംഭിച്ചു.  തൊഴിലുറപ്പ് പദ്ധതിയിലൂടെ സമീപവാസികളായ ഗ്രാമീണര്‍ക്ക് പോലും തൊഴില്‍ ലഭിച്ചു. ജീവസ്രോതസ്സ് വീണ്ടെടുക്കാനുള്ള പ്രവര്‍ത്തനത്തില്‍ നാടുമുഴുവന്‍ അരുണ്‍ കുമാര്‍ സിങ്ങിനൊപ്പം കൈകോര്‍ത്ത് നിന്നു.

ആഴ്ചകള്‍ക്കുള്ളില്‍ നൂറോളം കുളങ്ങള്‍ വീണ്ടെടുത്തു. വരണ്ട മണ്ണില്‍ സമൃദ്ധിയുടെ ജീവജലം പരന്നൊഴുകി. തലക്ക് മുകളില്‍ കഴുകന്റെ ചിറകടി ഇല്ലാതായിരിക്കുന്നു. മണല്‍ക്കാടുപോലെ കിടന്നിരുന്ന പ്രദേശത്ത് 140 ജലാശയങ്ങളാണ് വീണ്ടെടുത്തത്.

മാതൃകാപരമായ മാറ്റങ്ങള്‍

ഗ്രാമജീവിതം നഗര പരിഷ്‌ക്കാരങ്ങള്‍ക്ക് വഴി മാറിയപ്പോള്‍ കറുത്തിരുണ്ട് പോയ കനാലുകള്‍ പൂര്‍ണ്ണമായും ശുചീകരിച്ചു. നാട്ടുകാര്‍ക്ക് പഠന ക്ലാസ്സുകള്‍ നല്‍കി മാലിന്യങ്ങള്‍ ഓവുചാലില്‍  തള്ളുന്ന സംസ്‌കാരം തന്നെ ഇല്ലാതാക്കി. ഇരു വശവും കരിങ്കല്ലുകള്‍ പാകി വൃത്തിയാക്കി. ഇപ്പോള്‍ കൃഷിക്കും മറ്റു ജലസേചനത്തിനും ഉപയോഗിക്കുന്നത് കനാലുകളിലെ ജലമാണ്. ഈ വിധം വീണ്ടെടുത്ത് കൊടുത്തത്ത് 140 ഓളം ജലശയങ്ങളാണ്. ഏകദേശം 170 ഏക്കറിലധികം വരുമതിന്റെ വിസ്തീര്‍ണ്ണം. മണല്‍ക്കാടുകള്‍ക്ക് മുകളില്‍ പ്രകൃതി പച്ചവിരിച്ച് വിസ്മയമായി മറിയിരിക്കുകയാണിപ്പോള്‍.

arun kumar singh

ഗ്രാമത്തില്‍ മാറ്റങ്ങള്‍ വരുത്തിയതിനൊപ്പം തന്റെ ഓഫീസും അടിമുടി പുതുക്കി പണിയുകയായിരുന്നു അരുണ്‍ കുമാര്‍ സിങ്. മാറാല പിടിച്ചു കിടക്കുന്ന ഫയലുകള്‍ പോലെയായിരുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ മനോഭാവമാണ് ആദ്യം വൃത്തിയാക്കിയത്. മനുഷ്യരോട് അനുകമ്പയും സ്‌നേഹവും കാണിക്കണമെന്നത് കര്‍ശന നിര്‍ദ്ദേശമായിരുന്നു.

വൈകാതെ തന്നെ അദ്ദേഹം പകര്‍ന്ന വെളിച്ചം എല്ലാവരിലുമെത്തി. ഓഫിസിലെ വൈദ്യുതി ഉപയോഗമായിരുന്നു അടുത്ത പ്രശ്‌നം. പഴയ ബള്‍ബുകളും ഫാനും എന്നുവേണ്ട സകല ഉപകരണങ്ങളും മാറ്റി ക്രമീകരിച്ചു. വൈദ്യുതി ഉപയോഗം കുറക്കാന്‍ എല്ലാ ബള്‍ബുകളും എല്‍.ഇ.ഡി.യാക്കി. ഉപയോഗം കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ ഫാനും ലൈറ്റും നിര്‍ബന്ധമായി ഓഫ് ചെയ്യണം എന്ന നിര്‍ദ്ദേശവും കര്‍ശനമാക്കി. വൈകാതെ അതും ഫലം കണ്ടു. ഓഫീസിലെ വൈദ്യുതി ഉപയോഗം ഗണ്യമായി കുറഞ്ഞു.

അപ്പോഴും മഴസംഭരണിയുമായി ബന്ധപ്പെട്ട പ്രതിസന്ധി ഗ്രാമത്തിലാകെ ഉണ്ടായിരുന്നു. ഗ്രാമവാസികളോട് മഴസംഭരണികള്‍ ഉണ്ടാക്കാന്‍ ആവശ്യപ്പെട്ടെങ്കിലും അതിന്റെ സാധ്യത മനസ്സിലാക്കി കൊടുക്കാന്‍ കഴിയാത്തതിനാല്‍ നടപ്പായിരുന്നില്ല. അതിന് പ്രധാന കാരണം മഴ സംഭരണികള്‍ എത്ര മാത്രം ഫലപ്രദമാണെന്നുള്ള ഗ്രാമവാസികള്‍ക്കിടയിലെ സംശയമായിരുന്നു.

എല്ലാ ആശങ്കകള്‍ക്കും പരിഹാരമായി ഓഫീസിന് സമീപത്തുതന്നെ അദ്ദേഹം വലിയ സംഭരണി ഉണ്ടാക്കി. ഗ്രാമവാസികളെ നേരിട്ട് മഴവെള്ള സംഭരണത്തിന്റെ ആവശ്യകത ബോധ്യപ്പെടുത്താന്‍ ഇതിലൂടെ സാധിച്ചു. വൈകാതെതന്നെ അരുണ്‍ കുമാര്‍ സിങിന്റെ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ രാജ്യ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു.

arun kumar singh

കാര്യക്ഷമമായ പരിസ്ഥിതി മാനേജ്മെന്റിന് നല്‍കുന്ന ഇന്റെര്‍നാഷണല്‍ സ്റ്റാന്‍ഡേഡ് സര്‍ട്ടിഫിക്കേഷന്‍ ആയ ISO 14001 നല്‍കി രാജ്യം ഗ്രാമത്തെയാകെ ആദരിച്ചു. ഒരൊറ്റ മനുഷ്യന്‍ ഉണര്‍ന്നിരുന്ന് വരുത്തിയ മാറ്റങ്ങളാണ് ഇതെല്ലാം. അതുകൊണ്ട് തന്നെ ഉറച്ച സ്വരത്തില്‍ പറയാന്‍ സാധിക്കുന്നത് അസാധ്യമെന്ന വാക്കുപോലും മനുഷ്യനൊപ്പംചേര്‍ത്ത് വായിക്കാന്‍ പറ്റാത്ത ഒന്നാണെന്നാണ്.

മഹാമാരികള്‍ക്ക് താല്‍ക്കാലികമായി മനുഷ്യനെ വിറപ്പിക്കാന്‍ സാധിച്ചു എങ്കിലും അനായാസമായി അതിജയിക്കാനുള്ള കരുത്ത് ഓരോ മനുഷ്യരിലുമുണ്ട്. മണ്ണില്‍ ആണ്ടു പോയ ജലാശയങ്ങളെ വീണ്ടെടുത്ത അരുണ്‍ കുമാര്‍ സിങിനെ പോലെ വൈറസുകളെ ഇല്ലാതാക്കി മഹാമാരിയെയും നമ്മള്‍ അതിജീവിക്കും.

content highlights: arun kumar singh an official who revived 140 lakes in uttar pradesh