'മരണവേദന അനുഭവിക്കാതെ കടന്നുപോയ ഒരു ദിവസം പോലും എന്റെ ഓർമ്മയിലില്ല. വേദനയില്ലാത്ത  സ്വപ്നമെങ്കിലും കാണാൻ മരുന്നിന്റെ സഹായം വേണം.' വഴിയരികിലേക്ക് ഓട്ടോ ചേർത്ത് നിർത്തിക്കൊണ്ട് രാജേഷ് പറഞ്ഞു തുടങ്ങി. ഇടതു വശത്തെ മസിലുകൾക്ക് തീരെ ബലമില്ലാത്തതിനാൽ വലതുഭാഗത്തേക്ക് ചേർന്നേ ഇരിക്കാൻ സാധിക്കൂ. ഏറെ നേരം അത്തരത്തിൽ  ഓട്ടോ ഓടിക്കാനും സാധിക്കില്ല. ശരീരമാകെ കീറിമുറിക്കുന്ന വേദനയാണ്. സീറ്റിലേക്ക് കൈകൾ അമർത്തിക്കൊണ്ട് ശരീരത്തെ ഉയർത്തി വേദന കുറയ്ക്കാൻ പാടുപെട്ടു. ശരീരമാകെ പടർന്ന വേദന പുറത്തുകാണാതിരിക്കാൻ തല താഴ്ത്തിയാണ് സംസാരിക്കുന്നത്. 

അരക്കു താഴെ തളർന്നതിനാൽ കൈകൾ മാത്രമാണ് ആശ്രയം. ഇരുകൈകൾക്കും അനുദിനം ബലക്ഷയം സംഭവിക്കുന്നുമുണ്ട്. ശരീരത്തെ ജയിച്ച മനസ്സ് ഉള്ളതു കൊണ്ടാവണം രാജേഷിന് എല്ലാം അനായാസമായി പറയാൻ സാധിക്കുന്നത്. സംസാരത്തിനിടക്ക് സീറ്റിന് താഴെ കരുതിയ ചെറിയൊരു കുപ്പിയിൽനിന്നു വെള്ളം കുടിക്കുന്നുണ്ട്. ഇടയ്ക്കിടെ അത് അവർത്തിച്ചപ്പോഴാണ് കാര്യം തിരക്കിയത്. ആ വെള്ളമാണത്രെ അന്നത്തെ ഉച്ചഭക്ഷണം. മിക്ക ദിവസങ്ങളിലും അവസ്ഥ മറ്റൊന്നല്ല.

കറുത്ത നീളൻ പാന്റ് അലസമായി കാറ്റിനൊപ്പം ഇളകുന്നുണ്ട്. ഉള്ളിൽ എവിടെയോ ആണ് കാലുകൾ. ചമ്രം പടിഞ്ഞേ ഇരിക്കാൻ സാധിക്കു. അല്ലെങ്കിൽ നിയന്ത്രണം കിട്ടാതെ മറിഞ്ഞു വീഴും. അത്തരം വീഴ്ചയുടെ മുറിപ്പാടുകൾ മേലാകെയുണ്ട്. എഴുപത്തിയഞ്ച് ശതമാനം തളർന്ന ശരീരവുമായാണ് ജീവിതത്തെ അനായാസമായി വെല്ലുവിളിക്കുന്നത്. പ്രായം തളർത്തിയ അമ്മയുടെയും ഏക ആശ്രയം രാജേഷാണ്. 

പ്രാണനറ്റു പോയ അദ്ദേഹത്തിന്റെ ശരീരത്തെ മുന്നോട്ട് നയിക്കുന്നത് കരുത്തുറ്റ മനസ്സാണ്. വേദനയുടെ പൊള്ളലിലും സ്വപ്നങ്ങളാണ് മുന്നോട്ട് നയിക്കുന്നത്. എന്നാലിന്ന് ജീവിതമാകെ വഴിമുട്ടിയ അവസ്ഥയാണ്. അന്നം തരുന്ന ഓട്ടോ ഏതു നിമിഷവും നഷ്ടപ്പെടാം. രണ്ടു ലക്ഷത്തിലധികം കടബാധ്യതയുണ്ട് വണ്ടിക്ക്. 

മഹാവേദനകളെ അതിജീവിക്കാൻ സാധിച്ചെങ്കിലും സാമ്പത്തിക ബാധ്യതകൾക്ക് മുന്നിൽ പകച്ചുനിൽക്കുകയാണ്. സഹജീവികളുടെ ഇടപെടലിലൂടെ മാത്രമേ രാജേഷിനെ സ്വപ്നങ്ങളിലേക്ക് തിരികെ കൊണ്ടുവരാൻ സാധിക്കു. ജീവിതവഴിയിൽ ഉടനീളം അത്രമേൽ പ്രയാസങ്ങളെ അതിജീവിക്കുന്നുണ്ട്. ആ യാത്ര ഇനിയും തടസ്സങ്ങളില്ലാതെ തുടരേണ്ടതുണ്ട്.  

Rajesh
രാജേഷ് | ഫോട്ടോ: ബാബുരാജ്‌

തനിച്ചാവലിന്റെ വേദന

തിരുവനന്തപുരം മേലെവെട്ടൂർ എന്ന ഗ്രാമത്തിലാണ് രാജേഷ് ജനിച്ചു വളർന്നത്. ശാന്തയുടെയും നടരാജന്റെയും ഏക മകൻ. കൂലിപ്പണിയെടുത്താണ് അച്ഛൻ കുടുംബം നോക്കിയത്. കൂട്ടുകുടുംബത്തിന്റെ ഭാരിച്ച  ഉത്തരവാദിത്വങ്ങളും അദ്ദേഹത്തിന്റേതായിരുന്നു. കഷ്ടിച്ചു കടന്നുപോകാനുള്ള വകയേ രാപ്പകൽ അധ്വാനം കൊണ്ട് സാധിക്കാറുള്ളു. പണിയില്ലാത്ത ദിവസങ്ങളിൽ വയറെരിയുന്നതും പതിവാണ്.  

തിരുവനന്തപുരം മെഡിക്കൽ കോളേജിൽനിന്നു രാജേഷിനെ കൈകളിലേക്ക് ഏറ്റുവാങ്ങുമ്പോൾ നടരാജന്റെ മനസ്സിൽ നിറമുള്ള സ്വപ്നങ്ങളാവണം. വേദനയുടെ നീറ്റലിലും മാറോട് ചേർന്ന് ഉറങ്ങുന്ന കുഞ്ഞിൽ അമ്മ ശാന്തയും ആവോളം പ്രതീക്ഷകൾ നെയ്തിട്ടുണ്ടാകും. എന്നാൽ ഏഴു മാസം മാത്രമായിരുന്നു അവരുടെ സ്വപ്നങ്ങളുടെ ആയുസ്സ്. ചെറിയൊരു പനിയിൽനിന്നായിരുന്നു തുടക്കം. അതിവേഗം പനി വരിഞ്ഞ് മുറുക്കി. അന്നു മുതൽ തുടങ്ങിയതാണ് ആശുപത്രിയിലേക്കുള്ള ഓട്ടം. 

നിറമുള്ള കാഴ്ചകൾ കണ്ടു വളരേണ്ട പ്രായത്തിൽ ഓർമ്മയിലുള്ളത് ആശുപത്രി വരാന്തകളാണ്. മനം മടുപ്പിക്കുന്ന മരുന്നിന്റെ ഗന്ധവും പ്രതീക്ഷ നിലച്ച അവ്യക്തമായ മുഖങ്ങളും കണ്ടാണ് ബാല്യം കടന്നുപോയത്. തിരുവനന്തപുരം മെഡിക്കൽ കോളേജിലായിരുന്നു ചികിത്സ. നീണ്ട നാളത്തെ ആശുപത്രിവാസം വലിയ സമ്പത്തിക ബാധ്യതയാണ് കുടുംബത്തിനുണ്ടാക്കിയത്. ചികിത്സ തുടരാൻ സാധിക്കാതെ ഒടുവിൽ മടങ്ങേണ്ടിവന്നു.        

പ്രയാസങ്ങൾക്ക് നടുവിലും കൃത്യ സമയത്ത് വിദ്യാലയത്തിൽ ചേർത്തു. നെടുങ്കണ്ടം എസ്.എൻ.വി.എസ്.എച്.എസ്. എസ്സിലേക്ക് അച്ഛനും അമ്മയും തോളിലെടുത്താണ് കൊണ്ടുപോയിരുന്നത്. പുറകിലെ ബെഞ്ചിനോട് ചാരി പ്രത്യേക രീതിയിലായിലാണ് ഇരുന്നത്. മകനെ കുറിച്ചുള്ള ആദിയിൽ അമ്മ ക്ലാസ്സിന് പുറത്തുതന്നെ നിൽക്കും. ഡ്രില്ലിനും മറ്റ് ഒഴിവുസമയങ്ങളിലും കുട്ടികൾ പുറത്തേക്ക് ഓടുമ്പോൾ ഉള്ളു പിടയും. ഒരിക്കലെങ്കിലും കൂട്ടുകാരുമൊത്ത് നടക്കാൻ സാധിച്ചിരുന്നെങ്കിൽ എന്നോർത്ത് ആരും കാണാതെ കണ്ണുതുടക്കും. ഒറ്റപ്പെട്ടു പോകുന്നതിന്റെ വേദന എത്ര മാത്രമാണെന്ന് രാജേഷിജിന്റെ കണ്ണിൽ പടർന്ന നനവ് ഓർമ്മപ്പെടുത്തുന്നുണ്ട്.

Rajesh
രാജേഷ് | ഫോട്ടോ: ബാബുരാജ്‌

ജീവിതം വഴിയടക്കുമ്പോൾ

വീട്ടിലെ അവസ്ഥ അനുദിനം മോശമായപ്പോൾ പത്താം ക്ലാസിൽ പഠനം അവസാനിപ്പിച്ചു.  വീണ്ടും ഒറ്റപ്പെടലിന്റെ നിശബ്ദതയിൽ സ്വയം തളച്ചിടുകയായിരുന്നു. അച്ഛനും അസുഖബാധിതനായതോടെ പ്രയാസങ്ങൾ ഇരട്ടിച്ചു. പിന്നീട് അമ്മയാണ് വീട്ടുജോലിക്ക് പോയി കുടുംബം നോക്കിയത്. 2004-ൽ സർക്കാർ സഹായത്തോടെ വീടുവെച്ചെങ്കിലും റോഡിലെത്താൻ വഴിയില്ലാതെ വലഞ്ഞു. 

ഭിന്നശേഷിക്കാർക്കുള്ള സ്‌കൂട്ടി ലഭിച്ചതോടെയാണ് ജീവിതം മറ്റൊരു ഘട്ടത്തിലേക്ക് കടന്നത്. സ്വന്തമായാണ് വണ്ടി ഓടിക്കാൻ പഠിച്ച് ലൈസൻസ് എടുത്തത്. അടുത്ത ദിവസം തന്നെ ചെറിയ രീതിയിൽ ലോട്ടറി കച്ചവടവും തുടങ്ങി. അവിടെയും ശരീരം പ്രതിസന്ധി സൃഷ്ട്ടിച്ചു. വണ്ടിയിലുള്ള ഏറെ നേരത്തെ ഇരുത്തം അസാധ്യമായിരുന്നു. അരയിൽനിന്നു കാലിനെ ബന്ധിപ്പിച്ച സ്റ്റീൽ പ്ലേറ്റ് ശരീരത്തിൽ അമർന്ന് പ്രാണനെടുക്കും. വൈകാതെതന്നെ ലോട്ടറി കച്ചവടം പൂർണ്ണമായും നിർത്തി. പിന്നീട് കുറച്ചുകാലം കിടപ്പിലായിരുന്നു.

അച്ഛന്റെ മരണശേഷം അമ്മയ്ക്കും അസുഖങ്ങൾ പതിവായി. വൃക്കകൾ പണിമുടക്കിയതോടെ ജീവിതം പൂർണ്ണവിരാമമിട്ട അവസ്ഥയിലെത്തി. എന്നാൽ, നാടും കുടുംബവും ചേർത്ത് പിടിച്ചു. സാമൂഹ്യപ്രവർത്തകനായ വിനീതും സഹോദരനെപ്പോലെ കൂടെനിന്നു. അധികമായി വന്ന തുക ലോൺ എടുത്തു. ആ കടവും തലക്ക് മുകളിൽ ഉണ്ട്. പാതി പൂർത്തിയായ വീട്ടിൽ വഴിയില്ലാത്തതിനാൽ താമസിക്കാൻ പറ്റാത്ത അവസ്ഥയാണ്. ബന്ധുവീടാണ് ഇപ്പോഴത്തെ ആശ്രയം.

Rajesh
അമ്മയോടൊപ്പം രാജേഷ് | ഫോട്ടോ: ബാബുരാജ്‌

സ്വപ്നങ്ങൾക്ക് ചിറകു വേണം 

അസ്തമിച്ചു പോകാൻ അനുവദിക്കില്ലെന്ന് സ്വയമെടുത്ത തീരുമാനമാണ് രാജേഷിനെ വീണ്ടും മുന്നോട്ട് നടത്തിയത്. സാധ്യമായ ഏതു രീതിയിലും ജീവിതത്തോട് പോരാടാൻ തീരുമാനിച്ചു. ഓട്ടോ വാങ്ങാം എന്ന തീരുമാനമെടുത്തത് അങ്ങനെയാണ്. സുഹൃത്തായ സന്തോഷാണ് തീരുമാനത്തിന് ഒപ്പം നിന്നത്. മാല പണയം വച്ച് അദ്ദേഹമാണ് ഓട്ടോയുടെ ആദ്യഗഡു കൊടുത്തത്. അംഗപരിമിതർക്ക് ലോൺ തരില്ലെന്ന് പറഞ്ഞപ്പോൾ അദ്ദേഹത്തിന്റെ പേരിൽ തന്നെ ഓട്ടോ വാങ്ങി നൽകുകയായിരുന്നു. 

രാപ്പകൽ ഓടിയാൽ കിട്ടുന്നത് 700 രൂപയാണ്. ലോണിലേക്കുള്ള അടവും പെട്രോൾ ചെലവും കഴിഞ്ഞാൽ ഇരുനൂറു രൂപക്ക് താഴെയാണ് ബാക്കിയാവുക. ശരീരം അനുവദിക്കാത്തതുകൊണ്ട് ദീർഘദൂരം  വണ്ടിയോടിക്കാനും സാധിക്കില്ല. അപ്രതീക്ഷിതമായി വന്ന മഹാമാരി എല്ലാം തകർത്തു. നിത്യച്ചെലവിന് പോലും വഴിയില്ലാതായി. വല്ലപ്പോഴും കിട്ടുന്ന ഓട്ടങ്ങൾ കൊണ്ടാണ് കഷ്ടിച്ച് കഴിയാൻ സാധിക്കുന്നത്.    

ബണ്ണും ചായയുമാണ് മിക്ക ദിവസങ്ങളിലും വിശപ്പടക്കുന്നത്. ചിലപ്പോൾ വെറും വെള്ളവും. രണ്ടര ലക്ഷത്തോളം കടബാധ്യതയുള്ള ഓട്ടോ ഏതു നിമിഷവും നഷ്ടപ്പെടാവുന്ന അവസ്ഥയിലാണ്. അങ്ങനെവന്നാൽ  ജീവിതത്തിന്റെ ആകെയുള്ള പ്രകാശവും എന്നേക്കുമായി അണയും. എല്ലാ പരിമിതികളെയും അതിജീവിച്ച് മുന്നേറാൻ സാധിക്കുമെന്ന വിശ്വാസത്തിലാണ് രാജേഷിന്റെ മുന്നോട്ടുള്ള യാത്ര. ആ വഴിയിലെ തടസ്സങ്ങൾ മാറ്റേണ്ടത് ഓരോ സഹജീവികളുടെയും ഉത്തരവാദിത്വവുമാണ്.  

രാജേഷിനെ ബന്ധപ്പെടാൻ വിളിക്കുക: 90489 42904

Content Highlights: A person survives with stitched pain | Athijeevanam 86