രോഗ്യപ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥ സംവിധാനങ്ങള്‍ അങ്ങനെ കോവിഡ് പ്രതിരോധന പ്രവര്‍ത്തനത്തിന് കയ്യടി ലഭിക്കുന്ന പലവിഭാഗങ്ങളുണ്ട് നമുക്കു ചുറ്റും. എന്നാല്‍ നിശബ്ദമായും അതേസമയം സജീവമായും കോവിഡ് പ്രതിരോധത്തിനിറങ്ങുന്ന, അഭിനന്ദനങ്ങളുടെ പൂച്ചെണ്ടുകള്‍ മറന്നുപോകുന്ന ഒരു കൂട്ടരുണ്ട്. അക്രഡിറ്റഡ് സോഷ്യല്‍ ഹെല്‍ത്ത് ആക്ടിവിസ്റ്റ് എന്ന് വിപുലീകരിക്കാവുന്ന നമ്മുടെ ആശാ പ്രവര്‍ത്തകര്‍.

പല ജീവിതങ്ങളിലെയും വര്‍ണാഭയെ അപ്പാടെ ഇല്ലാതാക്കിക്കൊണ്ട് നാടിനെ വരിഞ്ഞുമുറുക്കിയിരിക്കുകയാണ് കോവിഡ് മഹാമാരി. എന്നാല്‍ അന്നും ഇന്നും നിറംമങ്ങി തുടരുന്ന ചില ജീവിതങ്ങളുണ്ട് നമുക്കുചുറ്റും. ആശാ പ്രവര്‍ത്തകരും അതില്‍ ഉള്‍പ്പെടും. കോവിഡ് കാല മുന്നണിപ്പോരാട്ടങ്ങളിലെ സജീവ പങ്കാളികളായ ആശമാരുടെ കോവിഡ്കാല സേവനവും ജീവിതവും ആശങ്കാപൂര്‍ണമാണ്. 

ആശാ പ്രവര്‍ത്തകരുടെ സ്ഥിരമുള്ള ഓട്ടപ്പാച്ചിലുകളുടെ ഇടയിലേക്കാണ് കോവിഡിന്റെ വരവ്. അതോടെ ജോലിഭാരം ഇരട്ടിച്ചു. എന്നാല്‍ അതിന് തക്ക വേതനം പലപ്പോഴും ഇവര്‍ക്ക് ലഭിക്കാറുമില്ല എന്നതാണ് പ്രധാന വെല്ലുവിളി. മറ്റുള്ളവരുടെ ജീവിതത്തിന് നിറം പിടിപ്പിക്കുമ്പോള്‍ ഒരുപക്ഷെ മങ്ങി പോകുന്നത് ഇവരുടെ ജീവിതങ്ങളാണ്. കേവലം ഒരു ജോലി എന്ന നിലയിലല്ല, സേവനം എന്ന ആശയത്തിലൂന്നിയാണ് ആശമാരുടെ പ്രവര്‍ത്തനം. 

ആശ വന്ന വഴി 

2005-ല്‍ മന്‍മോഹന്‍ സിങ് സര്‍ക്കാരാണ് അക്രെഡിറ്റഡ് സോഷ്യല്‍ ഹെല്‍ത്ത് ആക്ടിവിസ്റ്റുകള്‍ അഥവാ ആശാ എന്ന സംവിധാനം രൂപവത്കരിക്കുന്നത്. 
ഇതുകൊണ്ട് മറ്റുള്ളവര്‍ക്ക് പ്രയോജനമുണ്ടായെങ്കിലും ആശാ പ്രവര്‍ത്തകര്‍ക്ക് എന്തുനേട്ടമുണ്ടായി എന്നത് ഒരു ചോദ്യചിഹ്നമാണ്. രാജ്യത്താകെ ഇന്ന് ഒന്‍പതു ലക്ഷത്തിലധികം ആശാ പ്രവര്‍ത്തകരാണുള്ളത്. കേരളത്തില്‍ 2,6000-ല്‍ അധികം ആശാ പ്രവര്‍ത്തകരുണ്ട്. 

asha
ആശാ പ്രവര്‍ത്തകര്‍ ജോലിക്കിടെ.

ലക്ഷ്യം

വാര്‍ഡ് തലത്തിലുള്ള ആരോഗ്യസംവിധാനങ്ങളും പ്രശ്നങ്ങളും മറ്റും ശ്രദ്ധിക്കുന്നതിനാണ് ആശമാരെ നിയോഗിച്ചിരിക്കുന്നത്. സാമൂഹിക സേവനം എന്ന നിലയിലാണ് പ്രവര്‍ത്തനം. എന്നാല്‍ പലരും നിത്യച്ചെലവ് പോലും നടത്താന്‍ കഴിയാതെ ബുദ്ധിമുട്ടുന്നുണ്ട്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഇവര്‍ മുന്നണി പോരാളികളാണ്. എന്നാല്‍ ജീവിതത്തില്‍ ഇവര്‍ പിന്നണിയിലാണ്. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്താണ് ഇവരുടെ വേതനം കൂട്ടി ഉത്തരവാകുന്നത്.

കോവിഡിന് മുന്‍പ് 
 
കോവിഡിന് മുന്‍പ്, പ്രധാനമായും മാതൃശിശുസംരക്ഷണ പ്രവര്‍ത്തനങ്ങളായിരുന്നു ആശാ പ്രവര്‍ത്തകര്‍ ചെയ്തുകൊണ്ടിരുന്നത്. വാര്‍ഡ് തലത്തില്‍ ഗര്‍ഭിണികളെ കണ്ടെത്തി മൂന്നുമാസത്തിനകം ഇവരെ രജിസ്റ്റര്‍ ചെയ്യിക്കും. രജിസ്റ്റര്‍ ചെയ്യുന്നതിലൂടെ  മാതാവിനും കുഞ്ഞിനും ഭാവിയില്‍ ലഭിക്കേണ്ട ആനുകൂല്യങ്ങള്‍  ഉറപ്പു വരുത്തുന്നു. കുഞ്ഞിന്റെ ജനന സര്‍ട്ടിഫിക്കറ്റിനും മറ്റും വേണ്ടിയാണിത്. ജനിക്കുന്ന കുഞ്ഞിന് 16 വയസ്സ് വരെയുള്ള കുത്തിവെപ്പ് ആശാ പ്രവര്‍ത്തകരുടെ ചുമതലയാണ്. വീടുകളുടെ പരിസര ശുചീകരണം, കിണര്‍ വെള്ളം ക്ലോറിനേഷന്‍, കിടപ്പുരോഗികള്‍ക്ക് ആവശ്യമായ മരുന്നുകള്‍ എത്തിക്കുക തുടങ്ങിയവയും ഇവരുടെ ചുമതലയാണ്.

അങ്കലാപ്പ്

നിലവില്‍ മൂന്ന് മാസം കൂടുമ്പോഴാണ് ഇവര്‍ക്ക് ശമ്പളം ലഭിക്കാറുള്ളത്. കോവിഡ് ഡ്യൂട്ടി അലവന്‍സ് മാസങ്ങളായി കിട്ടാത്ത സ്ഥിതിയാണ്. പക്ഷെ ഇവര്‍ക്ക് ആരോടും പരാതികളില്ല. മുഖത്ത് പുഞ്ചിരിയുമായി രാവിലെ ഇവര്‍ ഇറങ്ങുന്നത് സമൂഹത്തിന്റെ നടുത്തളങ്ങളിലേക്കാണ്.
കോവിഡ് ഡ്യൂട്ടിക്കിടയില്‍ കോവിഡ് ബാധിച്ച ആശാ വര്‍ക്കേഴ്‌സിന് ചികിത്സയ്ക്ക് ആവശ്യമായ യാതൊരു സഹായവും നിലവില്‍ ലഭ്യമല്ല. എന്നാല്‍ കോവിഡ് ബാധിച്ചവര്‍ക്ക് ചികിത്സക്കുള്ള എല്ലാ സഹായവും ഇവര്‍ സ്വന്തം കുടുംബമോ തങ്ങളുടെ സംരക്ഷണമോ മറന്നു ചെയ്യുന്നുണ്ടുതാനും. വാര്‍ഡിലുള്ളവരുടെ വാക്‌സിനേഷന്‍ , ആര്‍.ടി.പി.സി.ആര്‍, ആന്റിജന്‍ പരിശോധന എന്നിവ കൗണ്‍സിലര്‍മാരുടെ നിര്‍ദേശപ്രകാരം ചെയ്യുന്നതും ആശാ പ്രവര്‍ത്തകരാണ്.

asha workers
ആശാ പ്രവര്‍ത്തകര്‍ ജോലിക്കിടെ

യോഗ്യത 

ആശാ പ്രവര്‍ത്തകരാകാന്‍ മുന്‍പ് എട്ടാം ക്ലാസ്സായിരുന്നു അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. ആശാ പ്രവര്‍ത്തകരില്‍ പലര്‍ക്കും അതിലും ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുണ്ട്. വാര്‍ഡില്‍നിന്നും ആശാ പ്രവര്‍ത്തക പിന്മാറുകയാണെങ്കില്‍ കൗണ്‍സിലറുടെ നേതൃത്വത്തില്‍ മറ്റൊരു ആശാ പ്രവര്‍ത്തകയെ തിരഞ്ഞെടുക്കും. നിലവില്‍ പത്താം ക്ലാസാണ് അടിസ്ഥാന യോഗ്യത. നിലവില്‍ പുതിയ നിയമനങ്ങള്‍ നടക്കുന്നില്ല.

വേതനം

6,000 രൂപയായിരുന്നു കോവിഡിന് മുന്‍പ് ഓണറേറിയമായി ലഭിച്ചുകൊണ്ടിരുന്നത്. കോവിഡിന് ശേഷം 1,000 രൂപ ഇന്‍സെന്റീവ് അനുവദിച്ചിട്ടുണ്ട്. 2,000 രൂപ ഫിക്‌സഡ് ഇന്‍സെന്റീവാണ്. നിലവില്‍ ആനുകൂല്യങ്ങള്‍ അടക്കം 9000-ത്തോളം രൂപ ആശാ പ്രവര്‍ത്തകര്‍ക്ക് ലഭിക്കുന്നുണ്ട്.

പ്രതീക്ഷയുടെ തീരം

സര്‍ക്കാരുകള്‍ മാറി മാറി ഭരിച്ചിട്ടും അര്‍ഹിക്കുന്ന അംഗീകാരം ഇവര്‍ക്ക് കരസ്ഥമാക്കാന്‍ സാധിച്ചിട്ടുണ്ടോ എന്നത് സംശയമാണ്. കോവിഡ് ഡ്യൂട്ടിക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ, അറ്റന്‍ഡര്‍മാരായി സ്ഥിര നിയമനം എന്നീ പ്രതീക്ഷകളിലാണ് ഇവര്‍ കണ്ണുനട്ട് കാത്തിരിക്കുന്നത്. നിലവിലെ സര്‍ക്കാരാണ് ഇന്‍ഷുറന്‍സ് പരിരക്ഷ, അറ്റന്‍ഡര്‍ സ്ഥാനത്തേക്ക് സ്ഥിരനിയമനം എന്നീ വാഗ്ദാനങ്ങള്‍ ഉറപ്പു നല്‍കിയത്. പുതിയ ആരോഗ്യമന്ത്രിയുണ്ട് എന്ന നിലയിലും ഇവരുടെ പ്രതീക്ഷകളും വാനോളം ഉയരുകയാണ്.

asha covid duty
ആര്‍.ടി.പി.സി.ആര്‍. പരിശോധനാ നടത്തുന്ന ആശാ പ്രവര്‍ത്തകര്‍

കുടുംബമെന്ന ഊര്‍ജം

കുടുംബത്തില്‍നിന്ന് ലഭിക്കുന്ന പിന്തുണയുടെ കരുത്തിലാണ് പലരും ജീവിതം മുന്നോട്ടേക്കു കൊണ്ടുപോകുന്നത്. മറ്റു തൊഴിലുകളെ അംഗീകരിച്ചതു പോലെ തങ്ങളെയും സര്‍ക്കാര്‍ അംഗീകരിക്കണം എന്നു മാത്രമാണ് ഇവര്‍ക്ക് പറയാനുള്ളത്. മാസത്തിലൊരിക്കല്‍ നടത്തുന്ന യോഗത്തില്‍ തങ്ങളുടെ ബുദ്ധിമുട്ടുകള്‍ നേതാക്കള്‍ വഴി ഇവര്‍ പാര്‍ട്ടിക്കാരെ അറിയിക്കുന്നു. ഇത് നിരന്തരം തുടര്‍ന്നിട്ടും ഫലങ്ങളുണ്ടാകുന്നുമില്ല.

പ്രതികൂല സാഹചര്യങ്ങളും ഘടകങ്ങളും ആവോളമുണ്ടെങ്കിലും കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍നിന്ന് പിന്നോട്ട് നില്‍ക്കാന്‍ ആശാ പ്രവര്‍ത്തകര്‍ തയ്യാറല്ല. ജോലിസ്ഥിരത ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ പരിഗണിക്കപ്പെടുമെന്ന ശുഭപ്രതീക്ഷയോടെ അവര്‍ ഇപ്പോഴുമുണ്ട് മുന്നണിപ്പോരാളികളായി.

Content Highlights: asha workers face many difficulties in their job