നിയമനം പണ്ടും രണ്ടു തരമായിരുന്നു. സ്ഥിരവും താത്കാലികവും. അതു മാറി ഇപ്പോള്‍ മുന്‍വാതിലും പിന്‍വാതിലും ആയി. പാര്‍ട്ടിക്കാര്‍ക്കും നേതാക്കളുടെ മക്കള്‍ക്കും ബന്ധുക്കള്‍ക്കും സംവരണം ചെയ്യപ്പെട്ടതാണ് പിന്‍വാതില്‍ നിയമനം. അതായത് പാര്‍ട്ടി നല്‍കുന്ന ഗുഡ് സര്‍വീസ് എന്‍ട്രി. 

ഓരോ സര്‍ക്കാരും ഇറങ്ങിപ്പോകുമ്പോള്‍ ഇത്തരം തിരുകിക്കയറ്റലുകള്‍ക്ക് ക്ഷാമം ഉണ്ടാവാറില്ല. ഏറ്റവും കൂടുതല്‍ പി.എസ്.സി. നിയമനം നല്‍കിയത് ഈ സര്‍ക്കാരാണെന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും യുവജന നേതാക്കളും ആണയിടുന്നു. അത് ശരിയാണെന്നറിയാന്‍ വിവരാവകാശം വഴി 10 രൂപയുടെ ചെലവേ ഉള്ളൂ. പട്ടിക കിട്ടും. പക്ഷേ, ഏറ്റവും കൂടുതല്‍ പിന്‍വാതില്‍ നിയമനം നടത്തിയതിന്റെ കിരീടം ആര്‍ക്കായിരിക്കും. അതിന് വിവരാവകാശത്തിലൂടെ ഉത്തരം ലഭിക്കുമോ. ഏതായാലും സൈബര്‍ പോരാളികള്‍ ലിസ്റ്റ് പ്രസിദ്ധീകരിക്കുന്ന തിരക്കിലാണ്. 

പി.എസ്.സി.. നിയമനത്തിന് ക്വാട്ടകള്‍ പലതരമുണ്ട്. സംവരണം, പ്രമോഷന്‍, ബൈ ട്രാന്‍സ്ഫര്‍, ജില്ലാ ട്രാന്‍സ്ഫര്‍ അതിന്റെ കൂട്ടത്തില്‍ 10 ശതമാനം പിന്‍വാതില്‍ ക്വാട്ട കൂടി ചേര്‍ക്കാവുന്നതാണ്. പിന്നെ തര്‍ക്കമുണ്ടാവില്ല. മാറിമാറി വരുന്ന സര്‍ക്കാരുകള്‍ക്ക് ക്വാട്ട കൂട്ടാം, കുറയ്ക്കാം. തുടങ്ങിവച്ചാല്‍ പിന്നെ എന്ത് കുറഞ്ഞാലും ഇതില്‍ കുറവ് വരാന്‍ തരമില്ല. 

കരുണാകരന്‍-ആന്റണി പോരാട്ട കാലത്ത് ഒരു മന്ത്രിസഭ അതേ പടി കാലാവധി തികയ്ക്കാറില്ലായിരുന്നു. പകുതി വഴിയില്‍ മുഖ്യമന്ത്രി മാറും. അപ്പോള്‍ മന്ത്രിമാരും. രാജിയില്ലാത്ത കളിയില്ല. മുഖ്യമന്ത്രി മാറിയില്ലെങ്കില്‍ മന്ത്രിമാര്‍ മാറുന്നു. അതുവഴി അത്രയും പേഴ്സണല്‍ സ്റ്റാഫ് കൂടി കയറിപ്പറ്റുന്നു. രണ്ട് വര്‍ഷം തികച്ചാല്‍ പെന്‍ഷന്‍ ലിസ്റ്റില്‍ കയറിക്കൂടാം. പിന്‍വാതിലാകുമ്പോള്‍ പെന്‍ഷന്‍ മാത്രമല്ല, സര്‍ക്കാര്‍ ജോലി കിട്ടും അതുവഴി പെന്‍ഷനും. പിന്നെയെന്തിന് മൂപ്പെത്തുംമുമ്പ് വിരമിക്കണം. 

യൂണിവേഴ്സിറ്റി കോളജില്‍ ഒരു കത്തിക്കുത്ത് നടന്നപ്പോഴാണ് പി.എസ്.സിയിലെ തട്ടിപ്പ് പുറംലോകം അറിഞ്ഞത്. അന്ന് ആ കുത്ത് നടന്നില്ലായിരുന്നെങ്കില്‍ ശിവരഞ്ജിത്തും പ്രണവും ഇന്ന് പോലീസ് സര്‍വീസില്‍ ഇരിക്കേണ്ടവരാണ്. പി.എസ്.സി. റാങ്ക് ഹോള്‍ഡേഴ്സിനെ കൈകാര്യം ചെയ്യാനും ഇവരുടെ സേവനം തന്നെ കിട്ടിയേനെ. പി.എസ്.സി. വഴിയൊക്കെ ശ്രമിച്ചാല്‍ റിസ്‌ക് കൂടുതലാണ്. പിന്‍വാതിലാകുമ്പോള്‍ ഇടനിലക്കാരില്ലല്ലോ. പിന്‍വാതില്‍ നിയമനത്തിന് തന്നെയായി ഓരോരോ മിഷനുകള്‍. കേരള സര്‍വകലാശാല അസിസ്റ്റന്‍ ഗ്രേഡ് നിയമനത്തില്‍ തുടങ്ങിയ പരീക്ഷണമാണെന്ന് ഓര്‍ക്കണം.

കാലടി സര്‍വകലാശാലയില്‍ ഒരു നിയമനം വിവാദമായത് ഇന്റര്‍വ്യൂ നടത്തിയവരുടെ ഫെയ്സ്ബുക്ക് പോസ്റ്റ് വന്നപ്പോഴാണ്. സര്‍ക്കാര്‍ സ്‌കൂളില്‍ പഠിപ്പിക്കുന്ന തനിക്ക് എല്ലാ യോഗ്യതയുമുണ്ടായിട്ടും ശുപാര്‍ശയിലൂടെ വേണമെങ്കില്‍ എയ്ഡഡ് കോളജുകളില്‍ കയറിപ്പറ്റാമായിരുന്നെന്ന് ഒന്നാം റാങ്കുകാരി പറയുന്നു. എയ്ഡഡ് കോളജില്‍ ശുപാര്‍ശയും കാശുമാണ് മാനദണ്ഡം എന്ന് അറിയാത്തവര്‍ ആരെങ്കിലുമുണ്ടോ. എന്തേ ഇത് സര്‍ക്കാര്‍ കോളജില്‍ നടക്കില്ലേ എന്ന് ചോദിക്കരുത്.. ഇന്റര്‍വ്യൂ ബോര്‍ഡും ഡീനും ഒക്കെ ഒരു തമാശയല്ലേ.

കാലേക്കൂട്ടി താത്കാലികമാക്കി തിരുകിക്കയറ്റുക. ഇറങ്ങിപ്പോകുമ്പോള്‍ അതിന് സ്ഥിരത നല്‍കുക. സര്‍ക്കാരല്ലേ ശമ്പളം കൊടുക്കുന്നേ. വേണേല്‍ ഭാവിയില്‍ ലെവി പിരിക്കുകയും ആവാം. പിന്‍വാതില്‍ നിയമനം നടത്തുന്നത് പി.എസ്.സി. തസ്തികയിലല്ലോ എന്നാണ് മന്ത്രി ഇ.പി. ജയരാജന്‍ പറഞ്ഞത്. ബന്ധുനിയമനത്തിന് പട്ടും വളയും വാങ്ങി മന്ത്രിക്കസേര തെറിച്ച ആള്‍ തന്നെ ഇത് പറയണം. ഇനിയിപ്പോ പി.എസ്.സി. തന്നെ വേണ്ടാന്ന് വെക്കുമോ എന്തോ. 

ബോര്‍ഡ്, കോര്‍പറേഷന്‍ സ്ഥാനങ്ങള്‍ പാര്‍ട്ടിക്കാര്‍ക്കായി യു.ഡി.എഫും എല്‍.ഡി.എഫും സംവരണം ചെയ്തതാണ്. നിലവില്‍ പാര്‍ട്ടി നേതാക്കളുടെ മക്കള്‍ക്കും ബന്ധുക്കള്‍ക്കുമാണ് മുന്‍ഗണന. പാര്‍ട്ടിക്കാര്‍ക്കായി പിന്‍വാതില്‍ തുറന്നിട്ടിരിക്കുന്നു. ചെലവ് ചുരുക്കും എന്ന് അഭിമാനപുരസരം പ്രഖ്യാപിച്ച് പേഴ്സണല്‍ സ്റ്റാഫ് എണ്ണം 25 ആക്കി കുറച്ച് തുടങ്ങിയതാണ്. ഇപ്പോ മുഖ്യന്റെ വകുപ്പില്‍ അത് മുപ്പത് കടന്ന് 37-ലേക്ക് ഉയര്‍ത്താന്‍ ഭേദഗതി വരെ തയ്യാറായി എന്ന് കേള്‍ക്കുന്നു.. അന്ന് കൈയടിച്ചവരൊക്കെ ഇപ്പോ ക്യാപ്സൂള്‍ തപ്പേണ്ട അവസ്ഥയിലായി. 

ഉമ്മന്‍ ചാണ്ടി കേരള ഹൗസില്‍ അടക്കം നടത്തിയ സ്ഥിരപ്പെടുത്തല്‍ മാമാങ്കമാണ് ന്യായീകരണത്തിന് പരിചയാക്കുന്നത്. അവര്‍ ആയിരം പേരെ നിയമിച്ചാല്‍ നമ്മള്‍ 10,000 പേരെ നിയമിക്കണം. അതല്ലേ ഹീറോയിസം. കടുംവെട്ട് തീരുമാനങ്ങള്‍ എന്ന പ്രയോഗം സംഭാവന ചെയ്തത് വി.എം. സുധീരനായിരുന്നു. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ഇറങ്ങിപ്പോകുന്നതിന് തൊട്ടുമുമ്പ് അവസാന മന്ത്രിസഭാ യോഗത്തില്‍ എടുത്ത വിവാദ തീരുമാനങ്ങളാണ് അങ്ങനെ അറിയപ്പെട്ടത്. 

സമുദായങ്ങള്‍ക്ക് പതിച്ച് കൊടുത്ത ഭൂമിയും സര്‍ക്കാര്‍ ഭൂമി പാട്ടത്തിനും കൊടുത്തതും അടക്കം കടുംവെട്ടിന്റെ അവസാന റൗണ്ട്. സോളാറിലും ബാര്‍ കോഴയിലും നാണംകെട്ട യു.ഡി.എഫ്. സര്‍ക്കാരിന്റെ പതനം ഉറപ്പാക്കിയതില്‍ ജനം ചര്‍ച്ചചെയ്ത കടുംവെട്ട് തീരുമാനങ്ങളുടെ പങ്കും ചെറുതല്ല. പിണറായി സര്‍ക്കാര്‍ വന്ന് ആ കടുംവെട്ട് പുനഃപരിശോധിക്കാന്‍ എ.കെ. ബാലന്‍ സമിതിയെ വച്ചു. അതില്‍ എന്ത് തീരുമാനം കൈക്കൊണ്ടു എന്ന് അറിയില്ല. 

ഒരു മാനദണ്ഡവുമില്ലാതെ താത്കാലികക്കാരുടെ മനുഷ്യാവകാശം സംരക്ഷിക്കാനുള്ള തത്രപ്പാടിലാണ് സര്‍ക്കാര്‍. തിരഞ്ഞെടുപ്പ് വിജ്ഞാപനം എപ്പോ വേണമെങ്കിലും വരാം. അതിനു മുമ്പ് ക്വാട്ട തികയ്ക്കണം. ഫയല്‍ നീക്കമെല്ലാം മിന്നല്‍ വേഗത്തിലാണ്. കൊടുക്കുമ്പോള്‍ എല്ലാവര്‍ക്കും കൊടുക്കണമല്ലോ. വേണ്ടപ്പെട്ടവരെ വിട്ടുപോയാല്‍ അതിലും വലിയ പൊല്ലാപ്പാകും. തിരുകിയ ലിസ്റ്റ് ചോര്‍ത്തിയാല്‍ അത് ന്യായീകരിക്കേണ്ടി വരും. വൈരുധ്യാതിഷ്ഠിത ഭൗതികവാദത്തില്‍ ഇതും വരുമോ എന്തോ..!

സോളാര്‍ യു.ഡി.എഫിനെ വീഴ്ത്തി. സ്വര്‍ണക്കടത്ത് വന്നിട്ടും തദ്ദേശ തിരഞ്ഞെടുപ്പില്‍ വീഴാത്ത ആത്മവിശ്വാസത്തിലാണ് സര്‍ക്കാര്‍.. താന്‍ സര്‍ക്കാരിന്റെ ഏജന്റാണെന്നും പിരിക്കുന്ന പൈസയില്‍ പകുതി പാര്‍ട്ടിക്കാണെന്നും പറഞ്ഞ് സരിത പിരിവ് തുടങ്ങിയെന്ന തരത്തില്‍ ശബ്ദരേഖ വന്നിരിക്കുന്നു. ആരോഗ്യകേരളം പദ്ധതിയില്‍ നാല് പേരെ പിന്‍വാതിലിലൂടെ നിയമിച്ചുവെന്ന ക്രെഡിറ്റുമുണ്ട് ശബ്ദരേഖയില്‍. അപ്പോ ഈ പിന്‍വാതില്‍ നിയമനത്തിനും ഏജന്‍സിയുണ്ടോ എന്തോ. മിമിക്രിക്കാര്‍ ഒപ്പിച്ച പണിയാണെന്ന് സരിത പറയുന്ന സ്ഥിതിക്ക് സത്യം നേരത്തെ അറിയിക്കാന്‍ സി.ബി.ഐ. തന്നെയല്ലേ നല്ലത്.

Content Highlights: alleged backdoor appointment row in Kerala