പുതുപ്പള്ളി രാഘവൻ
ആലപ്പുഴ: നാടിന്റെ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടങ്ങളിലേക്കു വിദ്യാർഥിയായിരിക്കുമ്പോൾത്തന്നെ സ്വയം സമർപ്പിച്ച ദേശസ്നേഹിയായിരുന്നു പുതുപ്പള്ളി രാഘവൻ. സിരകളിൽ ആവേശത്തിരമാലകളുയർത്തിയ ആ ദിനത്തെപ്പറ്റി അദ്ദേഹമെഴുതി- ‘ഭാരത് മാതാ കീ ജയ്... വീടിന്റെ തെക്കുപുറത്തെ ഇടവഴിയിൽ ആ ശബ്ദം മുഴങ്ങി. അതൊരു ജാഥയായിരുന്നു. ഒരാൾ വഴിയിൽ നിന്നവർക്കെല്ലാം നോട്ടീസ് നൽകി. എനിക്കും കിട്ടി ഒരെണ്ണം. അറിയാതെ ഞാനുമാ ജാഥയിൽ ചേർന്നു. ഈ ജാഥയാണ് സ്വാതന്ത്ര്യ സമരത്തിന്റെ തീച്ചൂളയിലേക്കു എടുത്തുചാടാൻ എനിക്കു പ്രചോദനമായത്’.
ആ ജാഥയിൽ അണിചേരുമ്പോൾ അദ്ദേഹത്തിനു 12 വയസ്സു മാത്രം. കായംകുളം ബോയ്സ് ഹൈസ്കൂളിലെ വിദ്യാർഥി. നാട്ടിൽനടന്ന അയിത്തോച്ചാടന മഹായോഗത്തിലും മിശ്രഭോജനത്തിലും നേരത്തേ പങ്കെടുത്തിരുന്നു. സമരാവേശം മൂത്തപ്പോൾ ഒരു രാത്രി വീട്ടിൽനിന്ന് ഒളിച്ചുകടന്നു, ഫീസടയ്ക്കാനും പുസ്തകം വാങ്ങാനുമായി ലഭിച്ച 10 രൂപയുമായി. ബോട്ടിൽ ആലപ്പുഴയിലെത്തി അവിടെനിന്നു കോഴിക്കോട്ടേക്കു പോയി. അവിടെയെത്തി കള്ളുഷാപ്പ് പിക്കറ്റിങ്ങിലും വിദേശവസ്ത്ര ബഹിഷ്കരണത്തിലും പങ്കെടുത്തു. ഗാന്ധിജിയുടെ ആഹ്വാനമനുസരിച്ചു നിയമംലംഘിച്ച് ഉപ്പുകുറുക്കാൻ പയ്യന്നൂർക്കുപോയ ജാഥയോടൊപ്പം കൂടി. സൈമൺ കമ്മിഷനെ ബഹിഷ്കരിക്കാനുള്ള പ്രവർത്തനങ്ങളിലും സജീവമായിരുന്നു.
കോഴിക്കോട്ടെ എട്ടാം നമ്പർ കള്ളുഷാപ്പ് പിക്കറ്റു ചെയ്തപ്പോൾ പുളിച്ചുനാറി പുഴുവരിക്കുന്ന കള്ള് പുളിച്ച തെറിയുടെ അകമ്പടിയോടെ ഷാപ്പ് ഉടമകളും ഗുണ്ടകളും പോലീസും ചേർന്നു പുതുപ്പള്ളി ഉൾപ്പെടെയുള്ള സത്യാഗ്രഹികളുടെ തലയിൽ കമഴ്ത്തി. അറസ്റ്റുചെയ്യപ്പെട്ട് ആറുമാസം കണ്ണൂർ സെൻട്രൽ ജയിലിൽ കിടന്നു. അതായിരുന്നു ആദ്യത്തെ ജയിൽവാസം.
1931 മാർച്ച് എട്ടിനു ഗാന്ധി-ഇർവിൻ സന്ധി ഒപ്പിട്ടതോടെയാണ് ജയിൽമോചിതനായത്. 1934 ഒക്ടോബർ 27-നു ബോംബെയിൽ നടന്ന കോൺഗ്രസ് സമ്മേളനത്തിലും പങ്കെടുത്തു. ഗാന്ധിജിയുടെ വാർധാ ആശ്രമത്തിൽ അന്തേവാസിയായി. പിന്നീട്, ഭാരതമെമ്പാടും സഞ്ചരിച്ചു.
തിരിച്ചു തിരുവിതാംകൂറിലെത്തി പൊന്നറ ശ്രീധരൻ, എൻ.പി. കുരുക്കൾ, പി. കൃഷ്ണപിള്ള, ആർ. ശങ്കരനാരായണൻ തമ്പി എന്നീ യൂത്ത് ലീഗ് നേതാക്കളുമായി ചേർന്നു തിരുവനന്തപുരത്ത് സ്റ്റേറ്റ് കോൺഗ്രസിന്റെ പ്രവർത്തനത്തിൽ സജീവമായി. സ്റ്റേറ്റ് കോൺഗ്രസിനെ നിരോധിച്ചു ദിവാൻ സി.പി. രാമസ്വാമി അയ്യർ രംഗത്തിറങ്ങി. നിയമം ലംഘിക്കാൻ യൂത്ത് ലീഗ് തീരുമാനിച്ചു. പുതുപ്പള്ളിയടക്കമുള്ള നേതാക്കളെ സി.പി. ജയിലിലടച്ചു.
ക്വിറ്റ് ഇന്ത്യ സമരകാലത്ത് പുതുപ്പള്ളി രാഘവനും പേട്ടയിൽ കരുണാകരനും (മണ്ണന്തല കരുണാകരൻ) കൂടി തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനു മുകളിൽ കയറി സി.പി.യുടെ വെള്ളക്കൊടി വലിച്ചുകീറി ദൂരെയെറിഞ്ഞു മൂവർണക്കൊടി പാറിച്ചു. അതിന് ഇരുവർക്കും ഒന്നരക്കൊല്ലത്തെ തടവുശിക്ഷ കിട്ടി.
സ്വാതന്ത്ര്യസമരസേനാനി, കോൺഗ്രസ് പ്രവർത്തകൻ, കമ്യൂണിസ്റ്റ് നേതാവ്, സാഹിത്യകാരൻ തുടങ്ങിയ നിലകളിലെല്ലാം പുതുപ്പള്ളി രാഘവൻ വ്യക്തിമുദ്ര പതിപ്പിച്ചു. മധ്യതിരുവിതാംകൂറിൽ കമ്യൂണിസ്റ്റ് പാർട്ടി കെട്ടിപ്പടുക്കുന്നതിലും നിർണായക പങ്കുവഹിച്ചു. 2000 ഏപ്രിൽ 27-നു 90-ാം വയസ്സിലായിരുന്നു അന്ത്യം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..