സീഡ് പ്രവര്‍ത്തകരായ കുട്ടികള്‍ വിളയിച്ച പച്ചക്കറി വിറ്റുകിട്ടിയ പണമുപയോഗിച്ച് സ്‌കൂള്‍ കെട്ടിടം നവീകരിച്ചപ്പോഴാണ് ഏറ്റുകുടുക്ക സ്‌കൂളിലേക്ക് വിശിഷ്ട ഹരിതവിദ്യാലയ പുരസ്‌കാരം എത്തിയത്. പാഠപുസ്തകത്തിനുപുറത്തുള്ള ഒരു കൂട്ടായ്മയുടെ വിജയമാണ്  ഇവിടെ സാധ്യമായത്. സ്‌കൂളില്‍ വാഴത്തോപ്പ് ഒരുക്കി,  വാഴ വിഭവങ്ങള്‍ കൊണ്ട് ഭക്ഷ്യമേള നടത്തി, അമ്പത് സെന്റ് സ്ഥലത്ത് നെല്‍കൃഷി, ശീതകാല പച്ചക്കറിയും വര്‍ഷകാല പച്ചക്കറിയും നട്ടുവിളയിച്ച് വിറ്റഴിച്ചപ്പോള്‍ ലക്ഷത്തിലധികം രൂപ വരുമാനം. അധ്വാനത്തിന്റെ ജൈവവിജയമാണ് ഈ വിദ്യാലയം ആഘോഷിക്കുന്നത്. 
 ജല സംരക്ഷണത്തിനായി കര്‍ഷക സംഘവുമായി സഹകരിച്ച് പത്തോളം ജൈവ തടയണകള്‍ സീഡ് കൂട്ടുകാര്‍ കാങ്കോല്‍ആലപ്പടമ്പ് പഞ്ചായത്തില്‍ നിര്‍മിച്ചു.  കുളങ്ങളും തണ്ണീര്‍ത്തടങ്ങളും സംരക്ഷിക്കുന്നതിലും അന്തരീക്ഷ മലിനീകരണവുമായി ബന്ധപ്പെട്ടു വീടുകളില്‍ സര്‍വേ നടത്താനും ഊര്‍ജ വിനിയോഗം കുറയ്ക്കാന്‍ എല്‍.ഇ.ഡി ബള്‍ബുകള്‍  വീടുകളില്‍ വിതരണം ചെയ്യാനും ആരോഗ്യ ബോധവത്കരണ ക്ലാസുകള്‍ സംഘടിപ്പിക്കാനുമൊക്കെ സീഡ് കുട്ടികള്‍ മുന്നിട്ടിറങ്ങി. കുട്ടികളിലെ ആരോഗ്യ പ്രശ്‌നങ്ങള്‍ ഒഴിവാക്കാനായി കൃത്യസമയത്ത്  വെള്ളം കുടിക്കുന്നത് ഓര്‍മിപ്പിക്കാന്‍ വാട്ടര്‍ബെല്‍ സംവിധാനം തുടങ്ങി. 
ഇങ്ങനെ വേറിട്ട പ്രവര്‍ത്തനങ്ങളിലൂടെ സമൂഹത്തിനു ഒരു നല്ല മാതൃകനല്‍കി മുന്നേറുകയാണ് ഏറ്റുകുടുക്ക എ.യു.പി സ്‌കൂളിലെ സീഡ് ക്ലബ്ബ് അംഗങ്ങള്‍. പ്രവര്‍ത്തനങ്ങള്‍ക്ക് സീഡ് കോഓര്‍ഡിനേറ്റര്‍ കെ.രവീന്ദ്രന്‍, പ്രധാനാധ്യാപിക പി.യശോദ എന്നിവര്‍ നേതൃത്വം നല്‍കുന്നു.