സ്‌കൂളില്‍ നിന്ന് സമൂഹത്തിലേക്ക് ഇറങ്ങിപ്രവര്‍ത്തിച്ചാണ്  കരുനാഗപ്പള്ളി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിശിഷ്ട ഹരിത വിദ്യാലയ പദവിയിലെത്തിയത്. കരനെല്‍കൃഷി ചെയ്ത് കൃഷിയുടെ വിജയമാതൃക ജനങ്ങളിലെത്തിക്കുക മാത്രമല്ല, പ്രകൃതിപാഠങ്ങള്‍ സമൂഹത്തിലെത്തിക്കാന്‍ ക്രിസ്മസ് കാരള്‍ വരെ അണിയിച്ചൊരുക്കി.  സ്‌കൂളില്‍ നടത്തിയ  പ്രവര്‍ത്തനങ്ങള്‍ക്കപ്പുറം നാട്ടില്‍ പലയിടങ്ങളിലായി 34 കുളങ്ങളാണ് പ്ലാസ്റ്റിക് രഹിതമായി സീഡ് പ്രവര്‍ത്തകര്‍ സംരക്ഷിക്കുന്നത്. കൃഷി ആവശ്യത്തിന് വെള്ളമെടുക്കുന്ന കുളങ്ങളും സംരക്ഷിക്കുന്നവയിലുള്‍പ്പെടും. 

സ്‌കൂള്‍ മുതല്‍ കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റേഷന്‍ വരെയുള്ള ഡിവൈഡറില്‍ അരളിച്ചെടികള്‍ നട്ട് പരിപാലിക്കുന്നതും കുട്ടികള്‍ തന്നെ.  ക്ഷേത്രത്തില്‍ പൂക്കൃഷി, ഗവ.പോളിടെക്‌നിക് കോളേജില്‍ ഫലവൃക്ഷത്തോട്ടം, ഗവ.ആയുര്‍വേദ ഹോസ്പിറ്റലില്‍ ഔഷധസസ്യത്തോട്ടം, കറിവേപ്പിന്‍തോട്ടം,  കെ.എം.എം.എല്ലില്‍ കശുമാവിന്‍തോട്ടം, പോലീസ്‌സ്‌റ്റേഷനില്‍ കൃഷി, കെ.ഐ.പി ബില്‍ഡിങ്ങില്‍ നാട്ടു മാവ് പ്രദര്‍ശനത്തോട്ടം, നഗരസഭാപ്രദേശത്ത് 500 വൃക്ഷത്തൈ സംരക്ഷണം, കണ്ടല്‍വനവത്കരണം, 146 വീടുകളില്‍ മഴക്കുഴി എന്നിങ്ങനെ നാടിന്റെ നാനാഭാഗങ്ങളിലേക്ക് പ്രകൃതിപാഠങ്ങളുടെ മഹത്തായ സന്ദേശം വ്യാപിപ്പിക്കുകയാണ് ഇവര്‍.  ഹോട്ടല്‍ സര്‍വേ,  സൈക്കിള്‍ ക്ലബ്ബ്, സൈക്കിള്‍ ക്ലിനിക്ക്  തുടങ്ങിയ വേറിട്ട പ്രവര്‍ത്തനങ്ങളുമുണ്ട്..  മറ്റ് വിദ്യാലയങ്ങള്‍ സന്ദര്‍ശിച്ച് സീഡിന്റെ  ആശയങ്ങള്‍ കൂടുതല്‍ കുട്ടികളില്‍ എത്തിക്കുകയും ചെയ്തിട്ടുണ്ട് ഇവര്‍. പ്രഥമാധ്യാപിക എസ്. ക്ലാരറ്റ്, ടീച്ചര്‍ കോഓര്‍ഡിനേറ്റര്‍ സോപാനം ശ്രീകുമാര്‍, സീഡ് പ്രസിഡന്റ് അല്‍ഫിയ ഷഹാന്‍, സെക്രട്ടറി അനുരൂപ് എന്നിവരാണ് സീഡ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.