എച്ച്.സി.സി.ജി.യു.പി.എസ്, ചിറളയം 
 
2019-20 അധ്യയന വര്‍ഷത്തില്‍ ഒട്ടേറെ വ്യത്യസ്തവും വൈവിധ്യപൂര്‍ണ്ണവുമായ പരിസ്ഥിതി സംരക്ഷണ, ആരോഗ്യ  പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാന്‍ സ്‌കൂളിന് സാധിച്ചു. ആയിരത്തി ഇരുനൂറോളം സീഡ് ബോളുകള്‍ പാവരൂപത്തില്‍  തയ്യാറാക്കി കുന്നംകുളം ടൗണില്‍ വിതരണം ചെയ്തത് വിദ്യാര്‍ഥികള്‍ക്ക് വേറിട്ട അനുഭവമായി. അതോടൊപ്പം തുണി സഞ്ചി, പേപ്പര്‍ ബാഗുകള്‍ എന്നിവയും നിര്‍മ്മിച്ച് കുന്നംകുളം ടൗണില്‍ വിതരണം ചെയ്തു. സമീപപ്രദേശത്തെ വലിയൊരു ജലസ്രോതസ്സായ ഈഞ്ഞാംകുളത്തെ സംരക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ മുനിസിപ്പാലിറ്റിയുടെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ സ്‌കൂളിലെ സീഡ് ക്ലബിന് സാധിച്ചു.

വായുമലിനീകരണത്തിനെതിരെ ഒട്ടേറെ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. ജില്ലാ കലോല്‍സവ വേദിയിലും പരിസരങ്ങളിലും വായു മലിനീകരണത്തിനെതിരെ നോട്ടീസ് വിതരണം ചെയ്തു. കുന്നംകുളം നഗരസഭയുടെ ആറാം വാര്‍ഡില്‍ ശ്വാസകോശ രോഗസര്‍വെ നടത്തി. ഊര്‍ജ്ജ സംരക്ഷണത്തിനായി ഊര്‍ജ്ജശ്രീ ക്ലബ് രൂപീകരിച്ചു. ഇരുപത്തഞ്ചോളം ചാക്ക് പ്ലാസ്റ്റിക്ക് ശേഖരിച്ച് ലവ് പ്ലാസ്റ്റിക്കിന് കൈമാറി. പി.ടി.എ അംഗത്തിന്റെ നെല്‍വയലില്‍ നെല്‍ക്കൃഷിയുടെ എല്ലാ ഘട്ടങ്ങളിലും നേരിട്ടു പങ്കെടുക്കാന്‍ സാധിച്ചത് വിദ്യാര്‍ഥികള്‍ക്ക് വേറിട്ടൊരു അനുഭവമായി മാറി. പൊതുഗതാഗതമാര്‍ഗങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് അഭിനന്ദന സന്ദേശങ്ങള്‍ തയ്യാറാക്കി വിതരണം ചെയ്തു.

ചൂരലും ബാംബൂ സ്റ്റിക്കും ഉപയോഗിച്ച് ആഭരണങ്ങള്‍ നിര്‍മ്മിച്ചു. സ്‌കൂളില്‍ ബാംബൂ കോര്‍ണര്‍ സ്ഥാപിച്ചു. ജൈവവൈവിധ്യ ഉദ്യാനത്തില്‍ സീഡ് പൂന്തോട്ടം എന്ന പേരില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തി. പുനര്‍ജ്ജനി മൂല നിര്‍മ്മിച്ചു. സ്‌കൂളില്‍ വൈവിധ്യമാര്‍ന്ന ഇനങ്ങളുമായി പച്ചക്കറിത്തോട്ടം നിര്‍മ്മിച്ചു. കൂടാതെ നൂറുകണക്കിന് വേപ്പിന്‍ തൈ, വാഴത്തൈ, നാട്ടുമാവിന്‍തൈ എന്നിവ വിതരണം ചെയ്തു. കുട്ടികളുടെ ആരോഗ്യത്തിനായി സ്‌മൈല്‍ ഫോര്‍ ഹെല്‍ത്ത്, ലീഫ് ഫോര്‍ ഹെല്‍ത്ത് എന്നീ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കി. ഇതിനെല്ലാം ഉപരിയായി വിദ്യാര്‍ഥികളിലും അധ്യാപകരിലും പ്രകൃതി സംരക്ഷണ മനോഭാവം വളര്‍ത്താനും പ്രകൃതി സ്‌നേഹം ഉണര്‍ത്താനും സാധിച്ചു. പ്രധാനാധ്യാപിക സി. ഗീതി മരിയ, സീഡ് കോഡിനേറ്റര്‍മാരായ നെസ്സി തോമസ്, വിന്‍സി.എ.പി എന്നിവരാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.