ഗവണ്‍മെന്റ് യു.പി.സ്‌കൂള്‍, പൂഴിക്കാട്, പത്തനംതിട്ട

പഠനത്തിനൊപ്പം കൃഷിയുടെ പച്ചപ്പ് പരത്തി പ്രകൃതിയെ സ്‌നേഹിക്കാന്‍ മുന്നിട്ടിറങ്ങിയ പൂഴിക്കാട് സ്‌കൂളിനെത്തേടിയെത്തിയത് മാതൃഭൂമി സീഡിന്റെ ശ്രേഷ്ഠ ഹരിത വിദ്യാലയ പുരസ്‌കാരം. പത്തനംതിട്ട റവന്യു ജില്ലയിലെ മികച്ച സ്‌കൂളിനുള്ള പുരസ്‌കാരമാണ് പൂഴിക്കാട് ഗവണ്‍മെന്റ് യു.പി.സ്‌കൂളിന് ലഭിച്ചത്. 25000 രൂപയും പ്രശസ്തി പത്രവും ഫലകവും ചേര്‍ന്നതാണ് പുരസ്‌കാരം. കൃഷിവകുപ്പുമായി ചേര്‍ന്നും സ്വന്തം നിലയിലും പാടത്തും പറമ്പിലും സ്‌കൂള്‍ മുറ്റത്തും കൃഷി പദ്ധതി തുടങ്ങിയപ്പോള്‍ വരണ്ടുണങ്ങിക്കിടന്ന സ്‌കൂളിന്റെ മുറ്റത്തും ചുറ്റുപാടുമുള്ള സ്ഥലങ്ങളിലും പച്ചക്കറിയും ഫലവൃക്ഷങ്ങളും തഴച്ചു വളര്‍ന്നു. 

സ്‌കൂളില്‍ മാത്രമല്ല ഓരോ കുട്ടിയുടെയും മനസില്‍ കാര്‍ഷിക സംസ്‌കാരത്തിന്റെയും പ്രകൃതി സ്‌നേഹത്തിന്റെയും വിത്തു പാകുകയായിരുന്നു ഇവിടെ ചെയ്തത്. വീടുകളിലും തരിശുകിടന്ന പാടത്തും അവര്‍ കൃഷിയിറക്കി. കേരളത്തിന്റെ തനതു പാരമ്പര്യം നിലനിര്‍ത്തുന്ന തരത്തിലുള്ള പ്രദര്‍ശനങ്ങള്‍, കൊയ്ത്തു പാട്ട്, നടീല്‍പ്പാട്ട്, ജൈവവളപ്രയോഗം, തുടങ്ങി എല്ലാത്തരം കൃഷിപാഠങ്ങളും അവര്‍ പഠിച്ചു. കാര്‍ഷിക സംസ്‌കാരത്തിലേക്ക് കുട്ടികള്‍ ഇറങ്ങിച്ചെല്ലുന്ന തരത്തിലുള്ളതായിരുന്നു ഇവിടുത്തെ ഓരോപ്രവര്‍ത്തനങ്ങളും. കുട്ടികള്‍ മനസിലാക്കേണ്ട ഓരോ ദിനങ്ങളും ഇവിടെ ആചരിച്ചു. ദിനങ്ങളുടെ പ്രാധാന്യമനുസരിച്ച് ക്ലാസുകള്‍ നയിച്ചു. വായനയുടെ ലോകം കുട്ടികള്‍ക്കു മുമ്പില്‍ തുറന്നുകൊടുത്തു. 

ആഗോള താപനത്തിനെതിരെയും പ്ലാസ്റ്റിക്കിനും മറ്റ് മാലിന്യത്തിനെതിരെയും അവരാലാകും വിധം പോരാടി, അമൂല്യമാകുന്ന വായുവിന്റെയും ജലത്തിന്റെയും മലിനീകരണത്തിനെതിരെ ശബ്ദമുയര്‍ത്തി. പൊതുകുളം ശുചീകരണം, തുണിസഞ്ചി വിതരണം, മുളയുടെ തൈ നട്ടുപിടിപ്പിക്കല്‍, ശീതകാല പച്ചക്കറി കൃഷി, ലഹരിക്കെതിരെ ബോധവത്ക്കരണം, ഭക്ഷ്യമേള, ഇലത്തോരന്‍ പ്രദര്‍ശനം, കര്‍ഷകരുമായി അഭിമുഖം, കര്‍ഷകരെ ആദരിക്കല്‍, പഴങ്ങളുടെയും പച്ചക്കറികളുടെയും കാര്‍ഷിക ഉത്പന്നങ്ങളുടെയും പ്രദര്‍ശനം ഇങ്ങനെ നീണ്ടുപോകുന്നു ഇവരുടെ പ്രവര്‍ത്തനങ്ങള്‍. പ്രഥമാധ്യാപിക ബി.വിജയലക്ഷ്മിയും സീഡ് കോഓര്‍ഡിനേറ്റര്‍ ആര്‍.സുദീന, പി.ടി.എ. പ്രസിഡന്റ് രമേശ് നാരായണന്‍ തുടങ്ങിയവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.