ലൂര്‍ദ്പുരം സെന്റ് ഹെലന്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍

പ്രവര്‍ത്തനമികവില്‍ ലൂര്‍ദ്പുരം സെന്റ് ഹെലന്‍സ് ഹൈസ്‌കൂളിന് തിരുവനന്തപുരം ജില്ലയില്‍ ഒന്നാം സ്ഥാനം. കഴിഞ്ഞ ഒരുവര്‍ഷത്തെ മികച്ച പ്രവര്‍ത്തമാണ് സ്‌കൂളിന് അംഗീകാരം നേടിയെടുക്കാനായത്. ലൂര്‍ദ്പുരം സ്‌കൂളിന്റെ ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധനേടിയ പദ്ധതിയാണ് നാട്ടുമാവുകളുടെ സംരക്ഷണം.സീഡ് ക്ലബ് അംഗങ്ങള്‍ 600 ല്‍ അധികം മാവിന്‍തൈകള്‍ ശേഖരിച്ച് സംരക്ഷണം നല്‍കി. ഇതോടൊപ്പം നാട്ടുമാവുകളെത്തേടി യാത്ര നടത്തുകയും മാവിനെക്കുറിച്ചുള്ള നാട്ടറിവുകള്‍ ശേഖരിച്ചും കുട്ടികള്‍ പ്രക്യതി സ്‌നേഹത്തിനും മാതൃകയായി.

ലൂര്‍ദ്പുരം സ്‌കൂളിലെ മറ്റൊരു വേറിട്ട പ്രവര്‍ത്തനമാണ് ലൗ പ്ലാസ്റ്റിക് പ്രോജക്ട്.സ്‌കൂളിനെയും പരിസരപ്രദേശങ്ങലേയും പ്ലാസ്റ്റിക് വിമുക്തമാക്കാന്‍ സീഡ്പ്രവര്‍ത്തകര്‍ ഒന്നടങ്കം പ്രയത്‌നിച്ചു. സീഡ് കോര്‍ഡിനേറ്റര്‍ സിസ്റ്റര്‍ ഷീജാ ജേക്കബിന്റെ നേത്യത്വത്തിലായിരുന്നു പ്രവര്‍ത്തനങ്ങള്‍. കുട്ടികളുടെ ജന്മദിനത്തിന് മിഠായി ഒഴിവാക്കി പുസ്തകങ്ങള്‍ നല്‍കുന്ന ശീലങ്ങളും സീഡിന്റെ ഭാഗമായി ഇവിടുത്തെ കുട്ടികളില്‍ വളര്‍ത്തിയെടുത്തു. ക്ലാസ് മുറികളില്‍ ചപ്പുചവറുകള്‍ ശേഖരിക്കാന്‍ തുണി സഞ്ചികളും, ടിന്‍ ഷീറ്റുകളും കുട്ടികള്‍ നിര്‍മ്മിച്ചു.പ്ലാസ്റ്റിക്കിന് പകരം തുണിസഞ്ചികളും സീഡ് പേനകളും നിര്‍മ്മിച്ചു സീഡ്ക്ലബ്ബ് അംഗങ്ങള്‍ മാത്യകയായി. സീസണ്‍വാച്ചിലും അനുകരണീയമായ പ്രവര്‍ത്തനങ്ങളാണ് സീഡ്ക്ലബ് നടത്തിയത്. 786 മരങ്ങളില്‍ 1,900 ല്‍ അധികം നിരീക്ഷണങ്ങള്‍ നടത്തി.

കൂടാതെ ജലസംരക്ഷണത്തിന് 147 മഴക്കുഴികളും നിര്‍മ്മിച്ചു. ഇതോടൊപ്പം വാട്ടര്‍ ബെല്‍ പദ്ധതി സ്‌കൂളില്‍ പ്രാവര്‍ത്തികമാക്കി. ഊര്‍ജ്ജ പ്രതിസന്ധി പരിഹരിക്കാന്‍ എല്‍.ഇ.ഡി. ബള്‍ബ് നിര്‍മാണ പരിശീലനം, വിതരണം, സോളാര്‍  പാനലുകള്‍ സ്ഥാപിക്കുന്നതിനുള്ള സജ്ജീകരണങ്ങള്‍ എന്നിവ സ്‌കൂളില്‍ നടപ്പിലാക്കി.ഔഷധസസ്യങ്ങള്‍ കൊണ്ട് സമ്പന്നമായ ഔഷധഉദ്യാനം, ശാസ്ത്രീയമായ രീതിയില്‍ ക്യഷി, കടലിനെ അറിയാന്‍ കടലോരനടത്തം, എന്റെ തെങ്ങ് എന്റെ വാഴ പദ്ധതികള്‍, ട്രാഫിക് ബോധവത്ക്കരണം എന്നിവയും ഡ്രൈഡേ, സീഡ് ബോള്‍, മുള നല്ല ചങ്ങാതി,പൂമ്പാറ്റയ്ക്ക് ഒരു പൂന്തോട്ടം എന്നിവയാണ് ലൂര്‍ദ്പുരം സ്‌കൂളില്‍ പ്രാവര്‍ത്തികമാക്കിയത്.