ഹോളി ക്യൂൻ യു.പി. സ്‌കൂൾ, രാജകുമാരി

ഇടുക്കി ജില്ലയിലെ ശ്രേഷ്ഠ ഹരിതവിദ്യാലയം പുരസ്‌കാരം എച്ച്.ക്യു.യു.പി എസ.് രാജകുമാരി കരസ്ഥമാക്കി. 2010  മുതല്‍ സ്‌കൂളില്‍ ആരംഭിച്ച സീഡ് പ്രവര്‍ത്തനം ക്ലബ് അംഗങ്ങള്‍ ഏറ്റവും മികച്ച  രീതിയില്‍ പിന്തുടര്‍ന്ന് വരുന്നു. 56  കുട്ടികളാണ് ക്ലബ് അംഗങ്ങളായി ഉള്ളത്. ഹരിതസേന എന്ന പേരിലാണ് സീഡ് ക്ലബ് അറിയപ്പെടുന്നത്. വ്യത്യസ്തമായ മികവാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ കാഴ്ച വെച്ച എച്ച്.ക്യു.യു.പി.എസ്. വായുമലിനീകരണത്തിനെതിരെ ഫ്‌ളാഷ് മോബ്, സെമിനാര്‍, സൈക്കിള്‍ യാത്ര, വാഹനസര്‍വ്വേ, മരങ്ങള്‍ നട്ടുപിടിപ്പിക്കുക,ആരോഗ്യ സംരക്ഷണ റാലി എന്നിവ സംഘടിപ്പിച്ചു. കാര്‍ഷികവുമായി  ബന്ധപ്പെട്ട് എന്റെ വീട് ,എന്റെ കൃഷി, ജൈവ കൃഷി, ഇടവിള കൃഷി, ബഹുവിള കൃഷി, ഇലക്കൃഷി, മീന്‍കുളം,കിഴങ്ങ് വര്‍ഗ്ഗം, ധാന്യങ്ങള്‍, അന്യം നിന്ന് പോകുന്ന വ്യത്യസ്തയിനം സസ്യങ്ങള്‍ നട്ട് സംരക്ഷിക്കല്‍, പുതിയ കാര്‍ഷിക പരീക്ഷണങ്ങള്‍  എന്നിവയും ചെയ്തുവരുന്നു.
  
സ്‌കൂള്‍ ക്യാമ്പസ് കുട്ടികള്‍ക്ക് ഒരു കാര്‍ഷിക പരീക്ഷണ ശാലയാണ്. ജൈവ വൈവിധ്യങ്ങളാല്‍ സമ്പന്നമാണ് സ്‌കൂള്‍ പരിസരം. മധുരവനം, ഏറുമാടം,നെല്‍പ്പാടം,  , കുറ്റിക്കാട്, ചിത്രശലഭപാര്‍ക്ക്, ഹരിതമേലാപ്പ്, അക്വേറിയം, ഔഷധ സസ്യങ്ങള്‍, മണ്ണിര കമ്പോസ്റ്റ്,  ജലസംരക്ഷണ മാര്‍ഗ്ഗങ്ങള്‍, തേനീച്ച, തെങ്ങ്, ഊര്‍ജ്ജസംരക്ഷണ മാര്‍ഗ്ഗങ്ങള്‍ എന്നിവ ഇവിടുത്തെ ജൈവ വൈവിധ്യ ഉദ്യാനത്തില്‍ സജ്ജീകരിച്ചിരിക്കുന്നു. ആരോഗ്യത്തെക്കുറിച്ച് വളരെ ശ്രദ്ധാലുക്കളാണ് സീഡ് പോലീസ്. വാട്ടര്‍ ബെല്ലും ശുചിത്വ ലീഡറും  ആരോഗ്യ സെമിനാറുകളും ഇതിന്റെ ഭാഗമാണ്. ഊര്‍ജ്ജ സംരക്ഷണത്തിനും   മികച്ച മാതൃകയാണ് ഇവിടുത്തെ പ്രവര്‍ത്തനങ്ങള്‍.  

കാറ്റാടിയന്ത്രം, സോളാര്‍ പാനല്‍, സോളാര്‍ ലൈറ്റ് ട്രാപ്പ്, സോളാര്‍ വാട്ടര്‍ ഹീറ്റര്‍, എല്‍ഇഡി ബള്‍ബ് നിര്‍മ്മാണം എന്നിവ ഊര്‍ജ്ജസംരക്ഷണത്തിന്  ഉദാഹരണങ്ങളാണ്.  ഊര്‍ജ്ജ സംരക്ഷണ റാലിയും, സെമിനാറും, പഠനയാത്രയും ഇതിന്റെ ഭാഗമായി നടത്തി. ജലസംരക്ഷണ മാര്‍ഗ്ഗങ്ങള്‍ നാടിന് തന്നെ ഒരു മുതല്‍ക്കൂട്ടാണ്. കിണര്‍ റീചാര്‍ജിങ്ങും, മഴക്കുഴി നിര്‍മ്മാണവും നാടിന്റെ തന്നെ ജലക്ഷാമം പരിഹരിക്കാന്‍ ഒരു പരിധിവരെ സഹായിക്കുന്നു. വാഴത്തോട്ടവും നാടന്‍ മാവ്, പ്ലാവ്  ഇനം സംരക്ഷിക്കലും മുളയിനങ്ങള്‍ നട്ടു പിടിപ്പിക്കലും  സര്‍ക്കാര്‍ സേവനങ്ങള്‍ മനസിലാക്കുന്നതിനും സീഡ് ക്ലബ് മറ്റ്  കുട്ടികള്‍ക്ക് മാതൃകയാണ്. സീഡ് പോലീസിന്റെ പ്രവര്‍ത്തനങ്ങളും എടുത്തു പറയേണ്ടതാണ്. 

ഗോത്ര ഭാഷാ നിഘണ്ടു , പ്ലാസ്റ്റിക്ക് ശേഖരം, സൈന്‍ ബോര്‍ഡ് വൃത്തിയാക്കല്‍, പുഴ സംരക്ഷണം,വാഹന സര്‍വേ, ലഹരിവിരുദ്ധ ബോധവല്‍ക്കരണം, സാമൂഹ്യവിരുദ്ധര്‍ക്കെതിരെ പ്രതിഷേധം,വഴികളില്‍ തണലൊരുക്കല്‍, സഹപാഠിക്കൊരു കുഞ്ഞാട്,തുണിസഞ്ചി വിതരണം,ടവല്‍ വിതരണം,നേച്ചര്‍ഷോര്‍ട്ട് ഫിലിം,സ്വയം തൊഴില്‍, സീഡ് പത്രം എന്നിവ ഇവയില്‍ ചിലത് മാത്രമാണ്. രാസവള പ്രയോഗവും രാസകീടനാശിനി പ്രയോഗവും മൂലം മണ്ണിന്റെ നഷ്ടപ്പെട്ട സ്വാഭാവികമായ ഫലഭൂയിഷ്ഠത തിരിച്ച് പിടിക്കുക എന്നതായിരുന്നു സീഡ് ഈ പ്രാവശ്യം ഏറ്റെടുത്ത പരിസ്ഥിതി  സംരക്ഷണ ചലഞ്ച്.  ഇതിന് പൂര്‍ണ്ണ പിന്തുണയായി രക്ഷാകര്‍ത്താക്കളും ഉണ്ടായിരുന്നു. കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ സഹായത്തോടെയാണ് ജൈവ കീടനാശിനികള്‍ നിര്‍മ്മിച്ചത്. അതോടൊപ്പം തന്നെ ഒരു ഗോത്ര ഭാഷാ നിഘണ്ടു  തയാറാക്കലും  കൂടാതെ സാക്ഷരതാ യജ്ഞവും സീഡ് പോലീസിന്റെ നേതൃത്വത്തില്‍ നടത്തി.