ഒന്നാം സ്ഥാനം

പി.യു.എം.വി.എച്ച്.എസ്. എസ്. പള്ളിക്കല്‍

Harithavidyalayam

പള്ളിക്കല്‍;  പത്ത് വര്‍ഷം മുന്‍പ് ജില്ലയിലെ ഏറ്റവും മികച്ച കാര്‍ഷിക ഗ്രാമമായിരുന്നു പള്ളിക്കല്‍. ഹരിതാഭമായ പള്ളിക്കലിന്റെ നൂറ് മേനി വിളയുന്ന മണ്ണിനെയും ഗ്രാഭംഗിയേയും ടിപ്പറിലേറ്റി കൊണ്ട് പോയതുമുതല്‍ ഇവിടുത്തെ ഹരിത ഭംഗി മാഞ്ഞു. ഈ തിരിച്ചറിവില്‍ നിന്നാണ് പള്ളിക്കല്‍ പി.യു.എം.വി.എച്ച്.എസിലെ സീഡ് ക്ലബ്ബ് പ്രവര്‍ത്തനം തുടങ്ങിയത്. പത്ത് വര്‍ഷത്തിന് ശേഷം ഈ ഗ്രാമത്തില്‍ കൃഷി സജിവമായതിനും കര്‍ഷകര്‍ മണ്ണിനെ സ്‌നേഹിക്കാന്‍ തുടങ്ങിയതിന് പിന്നിലും സീഡ് ക്ലബ്ബിന്റെ പ്രവര്‍ത്തനത്തിനും വലിയ പങ്കുണ്ട്.ഹരിത ഭംഗി വീണ്ടെടുക്കാന്‍ മാറ്റം കുട്ടികളിലൂടെ എന്ന ശ്രമമാണ് സീഡ് ക്ലബ്ബിനെ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയില്‍ ഒന്നാം സ്ഥാനത്ത് എത്തിച്ചത്. കര്‍ഷകരെ കൃഷിയിടത്തിലേക്ക് നയിക്കാന്‍ ഇവര്‍ സ്വീകരിച്ചത് വൃത്യസ്ഥ വഴികളാണ്. 201819 വര്‍ഷത്തിലെ പ്രളയത്തില്‍ കൃഷി ഭൂമിയിലെ ഫലഭൂയിഷ്ടമായ മേല്‍മണ്ണ് ഒലിച്ച് പോയത് കാര്‍ഷികമേഖലയ്ക്ക് വലിയ ദോഷമാകും എന്ന വിഷയമാണ് ഇവര്‍ ആദ്യം കണ്ടെത്തിയത്. ഇതിന് പരിഹാരവും ഈ കുട്ടികള്‍ സ്‌കൂളില്‍ തന്നെ കണ്ടെത്തി.ട്രൈക്കോ ഡെര്‍മ എന്ന മിത്രകുമിളിനെ ചാണകപ്പൊടിയും വേപ്പിന്‍ പിണ്ണാക്കും കലര്‍ന്ന മിശ്രിതത്തില്‍ വളര്‍ത്തി സ്‌കൂളില്‍ സമ്പുഷ്ട ജൈവവളം തയ്യാറാക്കി.ഈ വളത്തിന് പ്രളയശേഷം പച്ചക്കറി വിളകള്‍,വെറ്റിലക്കൊടി,കുരുമുളക്,തെങ്ങ് എന്നിവയെ ബാധിക്കുന്ന വാട്ടരോഗത്തെ ചെറുക്കാനും ശേഷിയുണ്ട്. കര്‍ഷകര്‍ക്ക് ഈ ജീവാണു വളം വിതരണം ചെയ്യാന്‍ സ്‌കൂളില്‍ തന്നെ ഒരു ഇക്കോ ഷോപ്പും ഇവര്‍ തുടങ്ങി.മാലിന്യങ്ങള്‍ കൂട്ടിയിട്ട് കത്തിക്കുന്നതിന് പകരം അതുപയോഗിച്ച് മണ്ണിര കമ്പോസ്റ്റ് നിര്‍മ്മിക്കാനുള്ള പരിശീലന കളരികളിലേക്കാണ് ഇവര്‍ അടുത്തതായി പോയത്.തുടര്‍ന്ന് പച്ചക്കറി തൈ ഉദ്പാദിപ്പിച്ച് അത് കര്‍ഷകര്‍ക്ക് വിതരണം ചെയ്യാനുള്ള യൂണിറ്റും ആരംഭിച്ചു. വിവിധയിനം പച്ചക്കറി വിത്തുകള്‍ പോട്രേകളില്‍ പാകി തൈകളാക്കി അത് കര്‍ഷകര്‍ക്ക് നല്‍കി.ഒപ്പം സ്‌കൂളിലെ മഴമറയില്‍ സംരക്ഷിത ജൈവ കൃഷിയും ആരംഭിച്ചു. വിവിധയിനം പപ്പായകള്‍,ശീതകാല പച്ചക്കറി തൈകള്‍,എന്നിവയും ഉദ്പാദിപ്പിച്ചു. ഇതിനുള്ള ജൈവവളവും കുട്ടികള്‍ തന്നെ തയ്യാറാക്കി കര്‍ഷകര്‍ക്ക് നല്‍കി. നാടന്‍ ഫലവര്‍ഗ്ഗങ്ങള്‍ കണ്ടെത്തി ശേഖരിച്ച് അതിനെ പരിപാലിക്കുന്നതിനായി സ്‌കൂളില്‍ സീഡ് ക്ലബ്ബ് മധുരവന നിര്‍മ്മാണവും നടത്തി. കേരളത്തിലെ തനത് വാഴയിനങ്ങള്‍ സംരക്ഷിക്കുന്നതിനായി വാഴയ്ക്ക് ഒരു കൂട്ട് പദ്ധതിയും സ്‌കൂളില്‍ നടപ്പാക്കി. കുടുംബശ്രീ അംഗങ്ങള്‍ക്ക് കൂണ്‍കൃഷി പരിശീലനം,വാണി കോള നിര്‍മ്മാണം,കോളാ കഫേ,മൈക്രോ ഗ്രീന്‍സ് പദ്ധതി,പറവ നിരീക്ഷണം,തുണി സഞ്ചി വിതരണം,പുഷ്പാലങ്കാര പരിശീലനം, എന്നിവയും സ്‌കൂളിന്റെ സീഡ് ക്ലബ്ബിന്റെ മികവിന് മാറ്റ് കൂട്ടുന്നു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സി.എസ്. സനില്‍കുമാറിന്റെ നിര്‍ദ്ദേശത്തില്‍ സീഡ് ക്ലബ്ബ് കോഓര്‍ഡിനേറ്റര്‍ മഞ്ജുഷാ ജയപാലനാണ് സീഡ് ക്ലബ്ബിനെ നയിക്കുന്നത്. ഇവര്‍ക്ക് എല്ലാവിധ പിന്തുണയുമായി സ്‌കൂല്‍ മാനേജര്‍ ടി.എസ്.പദ്മകുമാരി,മാനേജ്‌മെന്റ് പ്രതിനിധി ശങ്കരി.ജെ.ഉണ്ണിത്താന്‍,സ്റ്റാഫ് സെക്രട്ടറി പി.എസ്.കൃഷ്ണകുമാര്‍,പി.ടി.എ സെക്രട്ടറി ഷാജഹാന്‍ എന്നിവരുമുണ്ട്.

രണ്ടാം സ്ഥാനം
ഗവണ്‍മെന്റ് എച്ച്.എസ്. നാരങ്ങാനം

Harithavidyalayam

നാരങ്ങാനം: പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ  മികച്ച രണ്ടാമത്തെ സ്‌കൂളിനുള്ള ഹരിത വിദ്യാലയ പുരസ്‌ക്കാരത്തിന്  നാരങ്ങാനം  ഗവണ്‍മെന്റ് എച്.എസ്. അര്‍ഹരായി. മികച്ച പ്രവര്‍ത്തനം കാഴ്ച വെക്കുന്ന മൃതസഞ്ജീവനീ  സീഡ് ക്ലബ്ബില്‍ ഭിന്ന ശേഷിക്കാരായ  34 കുട്ടിളും സജീവമായി പ്രവര്‍ത്തിക്കുന്നു.കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍, ജൈവ വൈവിധ്യ പ്രവര്‍ത്തനങ്ങള്‍ ,ആരോഗ്യ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍, ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍,ഊര്‍ജ്ജസംരക്ഷണ പ്രവര്‍ത്തനങ്ങള്‍, വാഴയ്‌ക്കൊരു കൂട്ട്, മുള നല്ല ചങ്ങാതി,നാടന്‍ കലാരൂപങ്ങളും പ്രദര്‍ശനവും നിര്‍മ്മാണം , തണലത്തൊരു ക്ലാസ്മുറി,വാട്ടര്‍ ബെല്‍,സീഡ് ബോള്‍ നിര്‍മാണം,സീസണ്‍ വാച്ച് തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് സീഡ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ഇ വര്‍ഷം സ്‌കൂളില്‍  നടത്തിയത്.

മൂന്നാം സ്ഥാനം

പൊങ്കാലടി ഗവണ്‍മെന്റ് എല്‍ പി സ്‌കൂള്‍

Harithavidyalayam

പൊങ്കാലടി:പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ ഹരിത വിദ്യാലയ പുരസ്‌ക്കാരം കരസ്ഥമാക്കി  പൊങ്കാലടി ഗവണ്‍മെന്റ് എല്‍ പി സ്‌കൂള്‍.സീഡ് ക്ലബ്ബിന്റെ കൊച്ചു കൂട്ടുകാരുടെ പ്രവര്‍ത്തന മികവിന് ഇത്തവണ ലഭിച്ചത് ഹരിത വിദ്യാലയം മൂന്നാം സ്ഥാനം.കൊച്ചു കൂട്ടുക്കാര്‍ ഒരുമിച്ചു നടത്തിയ പ്രവര്‍ത്തങ്ങള്‍ അവര്‍ക്കു പാഠ്യ പഠ്യേതര വിഷയങ്ങളില്‍ താല്പര്യമുളവാക്കാന്‍ സഹായകമായെന്നു പി ടി എ അംഗങ്ങള്‍  അഭിപ്രായപെട്ടു.വായു മലിനീകരണം  നിയന്ത്രിക്കുക, ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍, ദശപുഷ്പങ്ങളുടെ ഉദ്യാനം, ജൈവവൈവിധ്യ ഉദ്യാനം, സ്‌കൂളിലെ പച്ചക്കറി തോട്ടം മരച്ചീനി, വാഴ, ചേമ്പ്, ചേന, കാച്ചില്‍ കിഴങ്ങ്, കോളിഫ്‌ലവര്‍, വെണ്ട ചീര തക്കാളി തുടങ്ങി കൃഷിക്ക് പ്രദാന്യം കൊടുക്കുന്ന  പ്രവര്‍ത്തനങ്ങളാണ് സ്‌കൂള്‍ ഇ വര്‍ഷം പിന്തുടര്‍ന്നത് .ഇത് കൂടാതെ ശുദ്ധവായു, ശുദ്ധജലം, ശുദ്ധമായ മണ്ണ്, ശുദ്ധമായ ഭക്ഷണം, എല്ലാ ജീവജാലങ്ങള്‍ക്കും ലഭ്യമാക്കുന്നതിന് വേണ്ടി പരിസ്ഥിതി സംരക്ഷണ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളും നടത്തി.