തീരത്തടിഞ്ഞ എണ്ണ (ഫയൽ ചിത്രം) | Photo: Gettyimages
സമുദ്ര മലിനീകരണത്തിന് വലിയ പങ്കുവഹിക്കുന്ന വസ്തുക്കളാണ് മൈക്രോ പ്ലാസ്റ്റിക്കുകള്‍. ലോകത്തുടനീളം സൃഷ്ടിക്കപ്പെടുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളില്‍ നിന്ന് കടലില്‍ വന്നു ചേരുന്നവയാണിത്. എന്നാല്‍ സമുദ്രത്തെ ഭീഷണിയിലാക്കുന്ന പുതിയൊരു മലിനീകരണം കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രജ്ഞര്‍.
സമുദ്രത്തെ മലിനമാക്കുന്ന രണ്ട് ഘടകങ്ങള്‍ സംയോജിച്ചുള്ള പുതിയപദാർഥമാണ് ഭീഷണി. പ്ലാസ്റ്റിക് മാലിന്യങ്ങളില്‍ നിന്ന് സൃഷ്ടിക്കപ്പെടുന്ന മൈക്രോ പ്ലാസ്റ്റിക്കുകളും കപ്പലുകളില്‍ നിന്നും പൈപ്പ് ലൈനുകളില്‍ നിന്നും ചേരുന്ന എണ്ണയില്‍ നിന്ന് സൃഷ്ടിക്കപ്പെടുന്ന ടാര്‍ പരുവത്തിലുള്ളവസ്തുവും സംയോജിച്ച് സൃഷ്ടക്കപ്പെടുന്ന 'പ്ലാസ്റ്റിടാര്‍' ആണ് പുതിയ വില്ലൻ
വളരെ ലളിതമായ പ്രക്രിയിയലൂടെയാണ് പ്ലാസ്റ്റി ടാര്‍ സൃഷ്ടിക്കപ്പെടുന്നത്. എണ്ണ ചോര്‍ച്ചയിലൂടെ ജലത്തില്‍ വ്യാപിക്കുന്ന എണ്ണത്തുള്ളികള്‍ വിവിധ കാലാവസ്ഥകളും ചൂടും നേരിട്ട് ടാര്‍ പരുവത്തിലായി മാറുകയും അത് കടല്‍ തീരത്ത് വന്നടിയുകയും ചെയ്യും. ഈ ടാര്‍ തീരത്തെ പാറകളിലും മറ്റും പറ്റിപ്പിടിക്കും. പിന്നീട് തിരമാലകള്‍ വന്നടിയുമ്പോള്‍ ജലത്തില്‍ കലര്‍ന്ന മൈക്രോ പ്ലാസ്റ്റികുകള്‍ ഈ ടാറില്‍ പറ്റിപ്പിടിക്കുന്നു. ചൂണ്ടയിടാന്‍ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കളുടെ അവശിഷ്ടങ്ങള്‍, പ്ലാസ്റ്റിക് പെല്ലറ്റുകള്‍, പോളിയെസ്റ്റര്‍ ശകലങ്ങള്‍, നൈലോണ്‍ നാരുകള്‍ പോലുള്ളവയെല്ലാം ഈ രീതിയില്‍ ടാറില്‍ പറ്റിച്ചേര്‍ന്നിട്ടുണ്ടാവും. കാലക്രമേണ ഈ മിശ്രിതത്തിന് കട്ടികൂടുന്നു.
എല്‍ ഹിയെറോ, ലാന്‍സറോട്ട് ഉള്‍പ്പടെയുള്ള കനേറി ദ്വീപുകളിലെ തീരങ്ങളില്‍ ഇത്തരം പ്ലാസ്റ്റിടാറുകള്‍ അടിഞ്ഞുകിടക്കുന്നതായി ഗവേഷകര്‍ കണ്ടെത്തി. ഈ ദ്വീപുകള്‍ക്ക് സമീപത്തുകൂടിയുള്ള കപ്പല്‍ ടാങ്കര്‍ റൂട്ടുകളാവാം ഇത്തരം പ്ലാസ്റ്റിടാറുകളുടെ സൃഷ്ടിക്ക് കാരണമെന്നാണ് അവരുടെ അനുമാനം. എന്നാല്‍ പ്ലാസ്റ്റിടാര്‍ പ്രതിഭാസം ഈ ദ്വീപ് സമൂഹത്തില്‍ മാത്രമാണോ എന്നും ഉണ്ടെങ്കില്‍ തന്നെ അത് എത്രത്തോളം ഉണ്ടെന്നും വ്യക്തമല്ലെന്നാണ് ഗവേഷകര്‍ പറയുന്നത്. പക്ഷെ അത് ഇവിടെ മാത്രമാകാനിടയില്ലെന്ന് അവര്‍ വിശ്വസിക്കുന്നു.
മൈക്രോപ്ലാസ്റ്റിക്സ്, വ്യാവസായിക മലിനീകരണം എന്നിവയില്‍ നിന്ന് സമുദ്രങ്ങള്‍ക്കുള്ള ഇരട്ട ഭീഷണിയായി ഇതിനെ കാണാമെന്ന് അവര്‍ പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..