
ചന്ദ്രൻ | Photo-Gettyimages
ചന്ദ്രന് ഭൂമിക്ക് അഭിമുഖമായി നില്ക്കുന്ന പ്രതലവും മറുഭാഗവും തമ്മിലുള്ള വ്യത്യാസം അമേരിക്കയുടെ അപ്പോളോ മിഷനിലൂടെയും സോവിയറ്റ് യൂണിയന്റെ ലൂണാ മിഷനിലൂടെയുമാണ് തിരിച്ചറിഞ്ഞത്. മനുഷ്യവാസം, ജലം എന്നിവ ഇല്ലാത്ത ചന്ദ്രന്റെ ഇരുവശങ്ങളിലുമുള്ള പ്രതലങ്ങള്‍ വ്യത്യാസപ്പെടുത്തിയതിന് പിന്നിലെ ഘടകമെന്ത്? കുഴക്കുന്ന ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രലോകം.
എന്താണ് ചന്ദ്രന്റെ ഇരുഭാഗങ്ങളും തമ്മിലുള്ള വ്യത്യാസം? നമ്മള് ഭൂമിയില്‍നിന്നു കാണുന്ന ചന്ദ്രന്റെ ഭാഗം വലിയ സമതലങ്ങളോട് കൂടിയ ഭാഗമാണ്. ഈ സമതലങ്ങള്‍ മുമ്പ് ചന്ദ്രനിലെ പ്രാചീന സമുദ്രങ്ങളാണെന്ന് ധരിച്ചിരുന്നു. ഇവിടെ ഗര്‍ത്തങ്ങളുടെ എണ്ണം വളരെ കുറവുമാണ്. എന്നാല്‍, ഭൂമിയില്‍നിന്ന് കാണാന്‍ സാധിക്കാത്ത ചന്ദ്രന്റെ മറുഭാഗത്താകട്ടെ. ഉല്ക്കാപതനങ്ങള് നിരവധിയുണ്ടായതിന്റെ അനേകം ചെറുഗര്ത്തങ്ങളുണ്ട്. ഈ വ്യത്യാസത്തിനുള്ള കാരണമാണ് പുതിയ പഠനത്തിലൂടെ ശാസ്ത്രജ്ഞര്‍ വിശദീകരിക്കുന്നത്.
430 കോടി വര്‍ഷങ്ങള്‍ക്ക് മുമ്പ് ചന്ദ്രനുമായി കൂട്ടിമുട്ടിയ ഒരു ഛിന്നഗ്രഹമുണ്ടാക്കിയ പ്രത്യാഘാതങ്ങളാണ് നാം ഇന്ന് ചന്ദ്രനില്‍ കാണുന്നതെന്നാണ് ജേണല്‍ സയന്‍സ് അഡ്വാന്‍സസില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടില്‍ പറയുന്നത്. ചന്ദ്രന്റെ തെക്കേയറ്റത്തുള്ള ലൂണാര്‍ സൗത്ത് പോളിന് സമീപമാണ് കൂട്ടിയിടിയുണ്ടായത്. അങ്ങനെ കൂട്ടിയിടി മൂലം സൗരയൂഥത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഗര്‍ത്തമായ ചന്ദ്രനിലെ സൗത്ത് പോള്‍ അറ്റ്കെന് ബേസിന് (South pole Aitken(SPA basin) രൂപപ്പെട്ടു.
ഈ കൂട്ടിയിടി അതിതീവ്ര താപനിലയോടൂ കൂടിയ ധൂമം സൃഷ്ടിക്കപ്പെടുന്നതിനിടയാക്കി. പൊട്ടാസ്യം, ഫോസ്ഫ്റസ്, തോറിയം ഉള്‍പ്പടെയുള്ള താപനില വര്‍ധിപ്പിക്കുന്നതിനിടയാക്കുന്ന മൂലകങ്ങളുടെ സാന്നിധ്യം കടുത്ത ചൂടാണ് അവിടമാകെ സൃഷ്ടിച്ചത്. ഈ താപനിലയില്‍ ചന്ദ്രന്റെ അകക്കാമ്പ് വരെ ഉരുകിയൊലിച്ചു. ഭൂമിയില്‍നിന്ന് നാം കാണുന്ന ഭാഗത്ത് വര്‍ഷങ്ങളോളം നിലയക്കാത്ത അഗ്നിപര്‍വത സ്ഫോടനങ്ങളും ലാവാപ്രവാഹവുമുണ്ടായി. ഈ ലാവാ പ്രവാഹത്തിന്റെ ഫലമായാണ് ഭൂമിയിലേക്ക് തിരിഞ്ഞുനില്‍ക്കുന്ന ഭാഗം ഇന്നുള്ള രൂപത്തിലേക്ക് മാറുന്നതിനിടയാക്കിയതും. മറുഭാഗം ഗര്‍ത്തങ്ങള്‍ നിറഞ്ഞയിടമാകുന്നതിനുമിടയാക്കിയത്.
ബ്രൗണ്‍ സര്‍വകലാശാലാ, പർഡ്യൂ സർവകലാശാല, സ്റ്റാന്‍ഫോഡ് സര്‍വകലാശാലാ എന്നിവിടങ്ങളിലെ ഗവേഷകര്‍ സംയുക്തമായാണ് കംപ്യൂട്ടര്‍ സ്റ്റിമുലേഷനുകള്‍ ഉപയോഗിച്ച് കനത്ത പ്രഹരങ്ങള്‍ എങ്ങനെയാണ് ചന്ദ്രനെ ബാധിക്കുകയെന്ന് പഠിച്ചത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..