പ്ലൂട്ടോയുടെ ഉപരിതലം, പ്രതീകാത്മക ചിത്രം | Photo: Gettyimages
പ്ലൂട്ടോയുടെ ഉപരിതലത്തില്‍ ഐസ് വോള്‍ക്കാനോകള്‍ കണ്ടെത്തി. അഗ്നിപര്‍വ്വതസമാനമായ രൂപത്തില്‍ ജലം മുകളിലേക്കുയര്‍ന്ന് തണുത്തുറയുന്നതിനെയാണ് മഞ്ഞ് പര്‍വതം അഥവാ ഐസ് വോള്‍ക്കാനോ എന്ന് വിളിക്കുന്നത്. 2015 ജൂലായില്‍ പ്ലൂട്ടോയ്ക്കും അതിന്റെ ഉപഗ്രഹങ്ങള്‍ക്കും അരികിലൂടെ സഞ്ചരിച്ച നാസയുടെ ന്യൂ ഹൊറൈസണ്‍ പേടകം പകര്‍ത്തിയ ചിത്രങ്ങള്‍ വിശകലനം ചെയ്ത ശാസ്ത്രജ്ഞരാണ് പ്ലൂട്ടോയിലെ ഐസ് വോള്‍ക്കാനോകളുടെ സാന്നിധ്യം തിരിച്ചറിഞ്ഞത്.
സൗരയൂഥത്തിന്റെ ഏറ്റവും അറ്റത്ത് കുയ്പ്പര്‍ ബെല്‍റ്റിലാണ് പ്ലൂട്ടോ സ്ഥിതി ചെയ്യുന്നത്. സൗരയൂഥത്തിലെ ഒമ്പതാമത് ഗ്രഹമായി കരുതിയിരുന്ന പ്ലൂട്ടോയെ ഇന്റര്‍നാഷണല്‍ ആസ്‌ട്രോണമിക്കല്‍ യൂണിയന്‍ ഗ്രഹങ്ങള്‍ക്ക് നല്‍കിയ പുതിയ നിര്‍വചനം വന്നതോടെ 2006 ല്‍ കുള്ളന്‍ ഗ്രഹങ്ങളുടെ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു.
-232 ഡിഗ്രി സെല്‍ഷ്യസ് ആണ് പ്ലൂട്ടോയിലെ താപനില. കുയ്പര്‍ ബെല്‍റ്റിലെ തണുത്തുറഞ്ഞ വസ്തുക്കളില്‍ ഒന്നാണിത്. പര്‍വതങ്ങളും താഴ്വരകളും സമതലങ്ങളും ഗര്‍ത്തങ്ങളുമെല്ലാം ഇവിടെയുണ്ട്. പ്ലൂട്ടോയുടെ ഉപരിതലത്തില്‍ നിന്ന് നോക്കിയാല്‍ ചുവന്ന മഞ്ഞ് നിറഞ്ഞ നീലാകാശം കാണാനാവും.
ചില ചിത്രങ്ങള്‍ പരിശോധിക്കുന്നതിനിടെയാണ് നിമ്‌നോന്നതങ്ങളുള്ള ഒരു പ്രദേശം ശാസ്ത്രജ്ഞരുടെ കണ്ണിലുടക്കിയത്. പ്ലൂട്ടോയില്‍ മറ്റെവിടെയും കാണാത്ത വിധമുള്ള പ്രദേശമായിരുന്നു അത്. പിന്നീട് ഐസ് വോള്‍ക്കാനോകള്‍ ആണ് അവയെന്ന് കണ്ടെത്തി. നേച്ചര്‍ കമ്മ്യൂണിക്കേഷന്‍സ് ജേണലില്‍ ഈ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
.jpg?$p=82d833c&&q=0.8)
പ്ലൂട്ടോയിലെ സ്പുട്‌നിക് പ്ലാനിഷ്യ മഞ്ഞ് പാളിക്ക് തെക്ക്പടിഞ്ഞാറ് ഭാഗത്തായാണ് ഈ പ്രദേശമുള്ളത്. 1000 കിലോമീറ്റര്‍ വിസ്തൃതിയുള്ള പ്രാചീന ഉല്‍ക്കാ പതന മേഖലയാണിത്. പര്‍വതം പോലെ കൂര്‍ത്ത് ഉയര്‍ന്നു നില്‍ക്കുന്നരീതിയിലാണ് ഇവിടെ ജലം തണുത്തുറഞ്ഞിരിക്കുന്നത്. ഇതില്‍ ഏറ്റവും വലിയ രണ്ടെണ്ണം അറിയപ്പെടുന്നത് റൈറ്റ് മോണ്‍സ്, പിക്കാര്‍ഡ് മോണ്‍സ് എന്നീ പേരുകളിലാണ്.
റൈറ്റ് മോണ്‍സിന് 4 മുതല്‍ 5 കിലോമീറ്റര്‍ ഉയരവും 150 കിലോമീറ്റര്‍ വിസ്തൃതിയുമുണ്ട്. പിക്കാര്‍ഡ് മോണ്‍സിന് 7 കിലോമീറ്റര്‍ ഉയരവും 225 കിമീ വിസ്തൃതിയുമുണ്ട്.
ഭൂമിയിലെ ഏറ്റവും വലിയ അഗ്നിപര്‍വതങ്ങളിലൊന്നായ ഹവായിയിലെ മോന ലോവ അഗ്നിപര്‍വതത്തിന് വലിപ്പത്തിന് സമാനമാണ് റൈറ്റ് മോണ്‍സ്.
അടുത്തിടെ വരെ ഈ ഐസ് വോള്‍ക്കാനോകള്‍ സജീവമായിരുന്നുവെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. അതായത് പത്ത് കോടി, 20 കോടി വര്‍ഷങ്ങള്‍ക്ക് മുമ്പ്. ഇത് താരതമ്യേന ചെറുപ്പമാണ്. അതായത് തണുത്തുറയാത്ത ജലസാന്നിധ്യം പ്ലൂട്ടോയുടെ ആന്തരികഭാഗത്തുണ്ട്. ഇത് പ്ലൂട്ടോയുടെ ആന്തരിക താപനില കൂടുതലാണെന്നതിന്റെ സൂചന നല്‍കുന്നു. സിംഗര്‍ പറഞ്ഞു.
ഐസ് വോള്‍ക്കാനോ സ്‌ഫോടനവും ഏറെ വ്യത്യസ്തമായ പ്രതിഭാസമാണ്. പര്‍വത ശിഖരത്തിലെ ദ്വാരത്തിലൂടെ പ്ലൂട്ടോയുടെ ഉപരിതലത്തിലേക്ക് ഒരു ടൂത്ത് പോസ്റ്റ് പരുവത്തിലാണ് മഞ്ഞ് പുറത്തേക്ക് ഒഴുകിവരിക. ഉപരിതലത്തില്‍ അതിശൈത്യം ആയതിനാല്‍ അധികനേരം ദ്രാവക ജലത്തിന് അവിടെ നിലനില്‍ക്കാനാവില്ല. അഗ്നിപര്‍വതത്തില്‍ നിന്ന് ലാവ ഒഴുകുന്ന പോലെ അവ ഒഴുകിയിറങ്ങിയാണ് സമീപപ്രദേശങ്ങളെല്ലാം രൂപപ്പെട്ടിട്ടുള്ളതെന്ന് കരുതപ്പെടുന്നു.
ഇത് കൂടാതെ പ്ലൂട്ടോയില്‍ ഭൂഗര്‍ഭ ജലം ഉണ്ടായിരുന്നുവെന്ന സൂചനയും ഇത് നല്‍കുന്നു. ഈ കണ്ടെത്തലുകള്‍ പ്ലൂട്ടോയിലെ വാസയോഗ്യതയെക്കുറിച്ചുള്ള പുതിയ ചോദ്യങ്ങള്‍ ഉയര്‍ത്തുകയാണ്. ഈ സാധ്യത പഠിക്കണമെങ്കില്‍ ഈ കുള്ളന്‍ ഗ്രഹത്തിലേക്ക് ഒരു ഓര്‍ബിറ്റര്‍ തന്നെ അയക്കേണ്ടിവരും. കൂടുതല്‍ വ്യക്തമായ വിവരങ്ങള്‍ ലഭിക്കാന്‍ ഇനിയും കാത്തിരിക്കേണ്ടിവരുമെന്ന് വ്യക്തം.
Content Highlights: pluto, dwarf planet, ice volcanoes
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..