ഫോസിലാക്കപ്പെട്ട ദിനോസർ പ്രജനനകേന്ദ്രം. Pic Credit: Harsha Dhiman/G.V.R.Prasad
ന്യൂഡല്‍ഹി : ലോകത്തെ ഏറ്റവും വലിയ ദിനോസര്‍ കോളനിയില്‍ ഒന്നിന്റെ ഫോസില്‍ തെളിവുകള്‍ ഇന്ത്യയില്‍ നിന്ന് കണ്ടെത്തി ഗവേഷകര്‍. ഡെല്‍ഹി സര്‍വ്വകലാശാലയിലെ ഗുണ്ടുപള്ളി വി.ആര്. പ്രസാദിന്റെ നേതൃത്വത്തിലായിരുന്നു പഠനം.
മധ്യ ഇന്ത്യയില്‍ ഏതാണ്ട് ആയിരം കിലോമീറ്റര്‍ വ്യാപിച്ചു കിടക്കുന്ന ദിനോസര്‍ കോളനിയുടെ ഫോസില്‍ തെളിവുകളാണ് 'പ്ലോസ് വണ്‍ ജേര്‍ണലില്‍' ഗവേഷകര്‍ പ്രസിദ്ധീകരിച്ചത്. 6.6 കോടി വര്‍ഷം പഴക്കമുള്ള ആ ദിനോസര്‍ കോളനിയില്‍ 92 പ്രജനനകേന്ദ്രങ്ങളില്‍ നിന്നായി 256 ഫോസില്‍ മുട്ടകള്‍ കണ്ടെടുത്തു.
സസ്യഭുക്കുകളായ 'ടൈറ്റാനോസോറുകളി' (titanosaurs) ല്‍ ഉള്‍പ്പെട്ട ആറ് വ്യത്യസ്ത ദിനോസര്‍ സ്പീഷീസുകളുടെ ഫോസിലുകള്‍ പഠനത്തില്‍ തിരിച്ചറിഞ്ഞു. 15 മുതല്‍ 17 സെന്റീമീറ്റര്‍ വരെ വ്യാസമുള്ളതാണ് ഫോസില്‍ മുട്ടകള്‍. ഓരോ കേന്ദ്രത്തിലും ഒന്നു മുതല്‍ 20 വരെ മുട്ടകള്‍ കണ്ടെടുത്തു.
ഇതുവരെ കരുതിയതിലും കൂടുതല്‍ വൈവിധ്യം ടൈറ്റാനോസോറുകള്ക്ക് ഉണ്ടെന്ന് പുതിയ പഠനം വ്യക്തമാക്കുന്നു. ഭൂമിയില്‍ ജീവിച്ചിരുന്നതില്‍ ഏറ്റവും വലിയ ദിനോസറുകളില്‍ പെടുന്നവയാണ് ടൈറ്റാനോസറുകള്.

വലിയ ജീവികളായിരുന്നെങ്കിലും അവ മികച്ച രക്ഷിതാക്കളായിരുന്നില്ലെന്ന് പ്രസാദ് പറയുന്നു. 'അടുത്തടുത്തുള്ള പ്രജനനകേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നത് അതാണ്'.
1990 കളില്‍ ഈ ദിനോസര്‍ കോളനിയില്‍ നിന്ന് ഫോസില്‍ മുട്ടകള്‍ ആദ്യം ലഭിച്ചു. പുതിയ പഠനം മുഖ്യമായും കേന്ദ്രീകരിച്ചത് മധ്യപ്രദേശിലെ ഥാര്‍ (Dhar) മേഖലയിലും പരിസരത്തുമാണ്. 2017, 2018, 2020 വര്‍ഷങ്ങളില്‍ നടന്ന ഉത്ഖനനം ഇപ്പോഴത്തെ കണ്ടെത്തലിലേക്ക് ഗവേഷകരെ നയിച്ചു.
മികച്ച രീതിയില്‍ സൂക്ഷിക്കപ്പെട്ട ഫോസില്‍ മുട്ടകളാണ് കണ്ടെത്തിയത്. മുട്ടകളുടെ തോടില്‍ നിന്ന് വിഘടിച്ച പ്രോട്ടീന്‍ ശകലങ്ങള്‍ പോലും ഗവേഷകര്‍ക്ക് ലഭിച്ചു.
Content Highlights: Paleontology, fossilized dinosaur hatchery, plant eating titanosaur, dinosaur paleobiology
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..