Ingenuity Mars Helicopter | Photo: NASA
പെര്‍സിവിയറന്‍സ് റോവറിനൊപ്പം നാസ അയച്ച ഇന്‍ജെനുയിറ്റി ഹെലികോപ്റ്ററിന്റെ പ്രവര്‍ത്തനം വലിയ വിജയമായിരുന്നു. ചൊവ്വയുടെ മണ്ണിലൂടെ സഞ്ചരിച്ചൂള്ള നിരീക്ഷണത്തിന് പുറമെ അന്തരീക്ഷത്തിലേക്ക് പറന്നുയര്‍ന്നുള്ള നിരീക്ഷണത്തിന് ഈ ഹെലികോപ്റ്റര്‍ സഹായകമായി.
ഇപ്പോഴിതാ ഇന്‍ജെനുയിറ്റി ഹെലിക്കോപ്റ്ററിന് സമാനമായ രണ്ട് ഹെലിക്കോപ്റ്ററുകള്‍ കൂടി ചൊവ്വയിലേക്ക് അയക്കാനൊരുങ്ങുകയാണ് നാസ. എന്നാല്‍ ഇന്‍ജെനുയിറ്റി 'മാര്‍സ് കോപ്റ്ററില്‍' നിന്ന് വ്യത്യസ്തമായി ചൊവ്വയിലെ പാറകളില്‍ നിന്നുള്ള സാമ്പിളുകള്‍ ശേഖരിച്ച് ഒരിടത്ത് നിന്ന് മറ്റൊരിടത്ത് എത്തിക്കാനുള്ള ശേഷിയും പുതിയ മാര്‍സ് കോപ്റ്ററുകള്‍ക്കുണ്ടാവും. ആമസോണ്‍ ഉല്‍പന്നങ്ങളുടെ ഡെലിവറിക്കായി നിര്‍മിക്കുന്ന ഡെലിവറി ഡ്രോണുകള്‍ക്ക് സമാനമാണിത്.
യൂറോപ്യന്‍ യൂണിയനുമായി ചേര്‍ന്ന് ചൊവ്വയില്‍ നിന്നുള്ള പാറക്കഷ്ണങ്ങള്‍ ഭൂമിയിലെത്തിക്കാനുള്ള ദൗത്യത്തിന്റെ ഭാഗമായാണ് പുതിയ മാര്‍സ്‌കോപ്റ്ററുകള്‍ ഉപയോഗിക്കുക.
ചൊവ്വയില്‍ ഒരു കാലത്ത് നദിയുണ്ടായിരുന്നുവെന്ന് കരുതുന്ന ജസെറോ ഗര്‍ത്ത മേഖലയില്‍ പാറകള്‍ തുരന്ന് സാമ്പിളുകള്‍ ശേഖരിച്ചു കൊണ്ടിരിക്കുകയാണ് പെര്‍സിവിയറന്‍സ് റോവര്‍. ഈ മേഖലയില്‍ ചൊവ്വയില്‍ പ്രാചീന കാലത്ത് ജീവനുണ്ടായിരുന്നതിന്റെ തെളിവുകള്‍ ലഭിക്കുമെന്നാണ് കരുതുന്നത്.
ഹെലികോപ്റ്ററിന് പകരം യൂറോപ്യന്‍ യൂണിയന്‍ നിര്‍മിക്കുന്ന ഒരു റോവര്‍ അയക്കാനായിരുന്നു പദ്ധതിയിട്ടിരുന്നത്. ഈ റോവര്‍ ഉപയോഗിച്ച് സാമ്പിളുകള്‍ ശേഖരിക്കുകയും ആ സാമ്പിളുകള്‍ ലാന്‍ഡറില്‍ എത്തിക്കുകയും പിന്നീട് ഒരു റോക്കറ്റ് എഞ്ചിന്റെ സഹായത്തില്‍ ലാന്ററിനെ ചൊവ്വയുടെ ഭ്രമണ പഥത്തിലെത്തിക്കാനും അവിടെ നിന്ന് മറ്റൊരു പേടകം ഉപയോഗിച്ച് സാമ്പിളുകള്‍ ഭൂമിയിലെത്തിക്കാനുമായിരുന്നു പദ്ധതി.
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
എന്നാല്‍, ലാന്ററും റോവറും റോക്കറ്റുമെല്ലാം അടങ്ങുന്ന ഡിസൈന്‍ വലുതാണെന്നും ഭാരമേറുന്നതിനാല്‍ ലാന്ററിനുള്ളില്‍ റോവറും റോക്കറ്റും സ്ഥാപിക്കുന്നത് പ്രയാസമാണെന്നുമുള്ള വിലയിരുത്തപ്പെട്ടു. തുടര്‍ന്ന് ഒന്നിന് പകരം രണ്ട് ലാന്ററുകള്‍ വിക്ഷേപിക്കുമെന്ന് നാസ പ്രഖ്യാപിച്ചു. ഒന്ന് റോവര്‍ ചൊവ്വയില്‍ എത്തിക്കുന്നതിന് വേണ്ടിയായിരുന്നു. രണ്ടാമത്തേത് തിരിച്ചുവരാനുള്ള റോക്കറ്റ് എത്തിക്കുന്നതിനും വേണ്ടിയാണ്.
എന്നാല്‍, ഈ പദ്ധതി പുനരാവിഷ്‌കരിച്ചപ്പോള്‍, റോവര്‍ വിക്ഷേപിക്കാനുള്ള നീക്കം ഉപേക്ഷിച്ചു. പകരം പെര്‍സിവിയറന്‍സ് റോവര്‍ തന്നെ സാമ്പിള്‍ ശേഖരിക്കുന്നതിന് ഉപയോഗിക്കാമെന്ന് തീരുമാനിച്ചു. തിരിച്ചു വരുന്ന റോക്കറ്റില്‍ 30 പാറകളുടെ സാമ്പിള്‍ ശേഖരിക്കാനാവും. 2030-ല്‍ ചൊവ്വയില്‍നിന്നുള്ള സാമ്പിളുകള്‍ മാര്‍സ് സാമ്പിള്‍ റിട്ടേണ്‍ ലാന്ററില്‍ ഭൂമിയിലെത്തിച്ചതിന് ശേഷവും പെര്‍സിവിയറന്‍സിന് പ്രവര്‍ത്തനം തുടരാന്‍ ശേഷിയുണ്ടാകുമെന്നാണ് നാസ വിലയിരുത്തുന്നത്.
പെര്‍സിവിയറന്‍സ് റോവറിന് എന്തെങ്കിലും പ്രശ്‌നങ്ങള്‍ നേരിട്ടാല്‍ ഉപയോഗിക്കുന്നതിന് വേണ്ടിയാണ് ഹെലിക്കോപ്റ്ററുകള്‍ ഉപയോഗിക്കുക. സിഗാറുകള്‍ അഥവാ ചുരുട്ടുകളുടെ വലിപ്പമുള്ള ട്യൂബുകളിലാക്കിയാണ് ചൊവ്വയില്‍നിന്നുള്ള സാമ്പിളുകള്‍ പെര്‍സിവിയറന്‍സ് ശേഖരിക്കുക. ഈ ട്യൂബുകള്‍ കൊണ്ടുവെക്കുന്ന സ്ഥലത്തായാണ് തിരിച്ചുവരാനുള്ള ലാന്റര്‍ ഇറങ്ങുക. ശേഷം ഹെലിക്കോപ്റ്ററുകള്‍ പറന്നു ചെന്ന് ഈ ട്യൂബുകള്‍ എടുത്ത് ലാന്ററില്‍ എത്തിക്കും.
ഇന്‍ജെന്യൂയിറ്റി ഹെലിക്കോപ്റ്ററില്‍ നിന്ന് വ്യത്യസ്തമായി പുതിയ ഹെലിക്കോപ്റ്ററുകള്‍ക്ക് ചെറിയ ചക്രങ്ങളുമുണ്ടാവും. സാമ്പിളുകള്‍ ശേഖരിച്ച ട്യൂബുകള്‍ എടുക്കുന്നതിന് ചെറിയരീതിയില്‍ സ്ഥാനം മാറുന്നതിനും മറ്റും വേണ്ടിയാണിത്. 2033 ഓടുകൂടി ഈ സാമ്പിളുകള്‍ ചെറിയൊരു പേടകത്തില്‍ ഭൂമിയിലെത്തും. ഇതോടെ സാമ്പിളുകള്‍ എത്തിക്കുന്നതിന് ഒരു ലാന്റര്‍ മാത്രം വിക്ഷേപിച്ചാല്‍ മതിയാവും. ചൊവ്വയില്‍ ലാന്റ് ചെയ്യുന്നത് ചെലവേറിയ അതി സങ്കീര്‍ണമായ പ്രക്രിയയായതിനാല്‍ തന്നെ രണ്ട് തവണയായുള്ള ലാന്റിങ് ഒഴിവാക്കി ചെലവു കുറയ്ക്കാന്‍ ഇതുവഴി സാധിക്കും.
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Content Highlights: nasa will send more helicopters to Mars sample return mission
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..