2046 ലെ വാലന്റൈന്‍സ് ദിനത്തില്‍ ഭൂമിയില്‍ പതിക്കാന്‍ സാധ്യത; ഛിന്നഗ്രഹത്തെ പിന്തുടര്‍ന്ന് നാസ


2 min read
Read later
Print
Share

Photo: NASA Asteroid Watch

വാലന്റൈന്‍സ് ദിനം കമിതാക്കളെ സംബന്ധിച്ച് ഏറെ പ്രാധാന്യമുള്ളൊരു ദിവസമാണ്. മറ്റുള്ളവര്‍ക്ക് സാധാരണ ഒരു ദിവസം തന്നെ. എന്നാല്‍ 23 വര്‍ഷം കഴിഞ്ഞാല്‍ കൃത്യമായി പറഞ്ഞാല്‍ 2046 ലെ വാലന്റൈന്‍സ് ദിനം ഭൂമിയിലെ മനുഷ്യരെ എല്ലാവരേയും സംബന്ധിച്ച് ഏറെ പ്രധാനപ്പെട്ടൊരു ദിവസമായി മാറാന്‍ സാധ്യതയുണ്ട്.

നിലവിലെ കണക്കുകള്‍ അനുസരിച്ച് 2046 ഫെബ്രുവരി 14 ന് നമ്മുടെ ഭൂമിയില്‍ ഒരു ഛിന്നഗ്രഹം പതിക്കാന്‍ ചെറിയൊരു സാധ്യതയുണ്ട്. 2023DW എന്ന് പേരിട്ടിരിക്കുന്ന ഈ ഛിന്നഗ്രഹത്തെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് നാസ തന്നെയാണ് വെളിപ്പെടുത്തിയത്.

നാസ ആസ്റ്ററോയിഡ് വാച്ച് നല്‍കുന്ന വിവരം അനുസരിച്ച് ഈ ഛിന്നഗ്രഹത്തിന് 49.29 മീറ്റര്‍ വ്യാസമുണ്ട്. ഭൂമിയില്‍ നിന്ന് ഏകദേശം 0.12 അസ്‌ട്രോണമിക്കല്‍ യൂണിറ്റ് ദൂരത്താണ് ഇതുള്ളത്. ഭൂമിയുടെ കേന്ദ്രത്തില്‍ നിന്നും സൂര്യന്റെ കേന്ദ്രത്തിലേക്കുള്ള ഏകദേശ അകലമാണ് ഒരു ആസ്‌ട്രോണമിക്കല്‍ യൂണിറ്റ്.

സെക്കന്റില്‍ 24.64 കിമീ വേഗത്തിലാണ് ഈ ഛിന്നഗ്രഹം സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. 271 ദിവസം കൊണ്ട് ഇതിന് സൂര്യനെ ചുറ്റാനാവും.

ഇത് ഭൂമിയില്‍ പതിക്കുമോ?

നിലവില്‍ ഇത് ഭൂമിയില്‍ പതിക്കുമോ എന്നത് സംബന്ധിച്ച് കൃത്യമായി ഒന്നും പറയാനാവില്ല. ഇനിയും നീണ്ട വിശകലനങ്ങള്‍ക്കൊടുവില്‍ മാത്രമേ ഇതിന്റെ കൃത്യമായ സഞ്ചാരപഥം കണക്കാക്കാനും ഭീഷണിയുടെ തോത് കണക്കാക്കാനും സാധിക്കുകയുള്ളൂ.

എന്നാല്‍ യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയുടെ റിസ്‌ക് ലിസ്റ്റില്‍ 2023DW ഛിന്നഗ്രഹത്തെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഭൂമിയുടെ സമീപത്ത്കൂടി കടന്നുപോവുന്ന ഛിന്നഗ്രഹങ്ങള്‍ ഭൂമിയ്ക്ക് ഭീഷണിയാവുന്നവയായി കണക്കാക്കാറുണ്ട്. സാധാരണ നിലയില്‍ ഇവ ഭൂമിയെ കടന്നു പോവുമെങ്കിലും അവയുടെ ഗതിമാറ്റ സാധ്യതയാണ് ഇങ്ങനെ ഒരു ജാഗ്രതയ്ക്ക് പിന്നില്‍.

2023 DW ഛിന്നഗ്രഹവും ആ രീതിയില്‍ ഭൂമിയ്ക്കരികിലൂടെ കടന്നുപോവുമെന്ന് തന്നെയാണ് നാസയുടെ ജെറ്റ് പ്രൊപ്പല്‍ഷന്‍ ലബോറട്ടറിയും കണക്കാക്കുന്നത്. അതുകൊണ്ടുതന്നെ കൂട്ടിയിടി സാധ്യത ഇപ്പോഴില്ല.

ഛിന്നഗ്രഹം ഭൂമിയില്‍ കൂട്ടിയിടിക്കുമെന്ന് വന്നാല്‍ എന്ത് ചെയ്യും?

ഇക്കാലമത്രയും അതിന് വ്യക്തമായൊരു ഉത്തരം ഉണ്ടായിരുന്നില്ല. എന്നാല്‍ കഴിഞ്ഞ വര്‍ഷം നാസ വിജയകരമായി പൂര്‍ത്തിയാക്കിയ ഡാര്‍ട്ട് (ഡബിള്‍ ആസ്റ്ററോയിഡ് റീഡയറക്ടഷന്‍ ടെസ്റ്റ്) ദൗത്യം ഭൂമിയ്ക്ക് ഭീഷണി സൃഷ്ടിക്കുന്ന ഛിന്നഗ്രഹങ്ങളെ ഗതിമാറ്റി വിടാനാവുമെന്ന് കാണിച്ചുതന്നു.

2023DW ഭൂമിയ്ക്ക് ഭീഷണി സൃഷ്ടിക്കുമെന്ന് വന്നാല്‍ മനുഷ്യ നിര്‍മിച്ച പേടകം ഛിന്നഗ്രഹത്തില്‍ ഇടിച്ചിറക്കുന്ന കൈനറ്റിക് ഇംപാക്ടര്‍ രീതി ശാസ്ത്രലോകം സ്വീകരിച്ചേക്കാം.

Content Highlights: NASA, Asteroid Threat, Valenitine's day

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

Most Commented