Representational image | Photo: Gettymages
ബഹിരാകാശത്തെ കുറിച്ച് അനവധിയായ പഠനങ്ങള്‍ നടക്കുന്നുണ്ടെങ്കിലും ആ പഠന വിഷയങ്ങളില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന ഒന്നാണ് ഭൂമിയെ പോലെ മറ്റൊരു ഗ്രഹം നിലനില്‍ക്കുന്നുണ്ടോ എന്നുള്ളത്. അന്യഗ്രഹവും അന്യഗ്രഹ ജീവികളും എല്ലാ കാലവും ചര്‍ച്ചയായിട്ടുണ്ട്. ഉത്തരം കിട്ടാത്ത ചോദ്യമായി ഇന്നും അത് നിലനില്‍ക്കുന്നുമുണ്ട്.
സൗരയൂഥത്തിനുള്ളില്‍ ഭൂമിയെ പോലൊരു ഗ്രഹം ഇല്ല. അതുകൊണ്ടു തന്നെ സൗരയൂഥത്തിനപ്പുറത്തേക്ക് അതിനുള്ള പഠനങ്ങള്‍ മുന്നേറിയിട്ടുണ്ട്. ഇപ്പോഴിതാ സൗരയൂഥത്തിന് പുറത്തെ ശൂന്യാകാശത്ത് 5000-ല്‍ ഏറെ ഗ്രഹങ്ങളുണ്ടെന്ന് നാസ സ്ഥിരീകരിച്ചിരിക്കുന്നു.
65 പുതിയ ഗ്രഹങ്ങള്‍ കൂടി കണ്ടെത്തിയതോടെയാണ് ബഹിരാകാശ ഗവേഷണത്തിലെ ഒരു നാഴികക്കല്ലായി ഇക്കാര്യം നാസ പ്രഖ്യാപിച്ചത്. പുതിയതായി കണ്ടെത്തിയ ഗ്രഹങ്ങളില്‍ ജലത്തിന്റെ സാന്നിധ്യം, സൂക്ഷ്മജീവികളുടെ സാന്നിധ്യം, അന്തരീക്ഷത്തിലെ വാതകങ്ങള്‍, ജീവന്റെ സാന്നിധ്യം തുടങ്ങിയവയെല്ലാം പഠന വിധേയമാക്കും.
വിവിധങ്ങളായ വിശകലന സങ്കേതങ്ങൾ ഉപയോഗിച്ച് നടത്തിയ പഠനങ്ങളുടെയും ശാസ്ത്ര വിശകലനങ്ങളിലൂടെയുമാണ് പുതിയ ഗ്രഹങ്ങളെ സ്ഥിരീകരിച്ചതെന്ന് നാസ പറഞ്ഞു.
ഇതുവരെ 5000 ഗ്രഹങ്ങളെ കണ്ടെത്തിയിട്ടുണ്ട്. ഇക്കൂട്ടത്തില്‍ ഭൂമിയെ പോലുള്ള ശിലാ ഗ്രഹങ്ങളുമുണ്ട്. വ്യാഴത്തേക്കാള്‍ വലിയ വാതക സാന്നിധ്യമുള്ളവയുണ്ട്. കേന്ദ്ര നക്ഷത്രങ്ങളോട് അടുത്ത് കിടക്കുന്ന ചൂടുകൂടിയ ഗ്രഹങ്ങളുമുണ്ട്.
സൂപ്പര്‍ എര്‍ത്ത് എന്ന് വിളിക്കപ്പെടുന്ന ഭൂമിയ്ക്ക് സമാനമായ എന്നാല്‍ വലിപ്പം കൂടിയ ഗ്രഹങ്ങളുണ്ട്. നെപ്റ്റ്യൂണിന് സമാനമായതും എന്നാല്‍ നെപ്റ്റ്യൂണിനേക്കാള്‍ വലിപ്പം കുറഞ്ഞതുമായ ഗ്രഹങ്ങളും ഇക്കൂട്ടത്തിലുണ്ട്.
രണ്ട് നക്ഷത്രങ്ങളെ ചുറ്റുന്ന ഗ്രഹങ്ങളേയും അണഞ്ഞുപോയ നക്ഷത്രങ്ങളെ ചുറ്റുന്നവയും കഴിഞ്ഞ മൂന്ന് ദശാബ്ദക്കാലങ്ങളായി നടന്നുകൊണ്ടിരിക്കുന്ന പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. ഇങ്ങനെയൊക്കെയാണെങ്കിലും ഈ ഗ്രഹങ്ങളെ കുറിച്ച് കാര്യമായൊന്നും ഭൂമിയിലെ ശാസ്ത്രജ്ഞര്‍ക്ക് അറിയില്ല.
ക്ഷീരപഥത്തില്‍ ഇത്തരം നൂറുകണക്കിന് ഗ്രഹങ്ങളുണ്ടെന്ന് ജ്യോതിശാസ്ത്രജ്ഞര്‍ ഏറെകാലമായി പറയുന്നുണ്ട്. അടുത്തിടെ ജെയിംസ് വെബ് സ്‌പേസ് ടെലസ്‌കോപ് ആയിരക്കണക്കിന് ഗാലക്‌സികളെ ഒറ്റ ഫ്രെയിമില്‍ ഉള്‍ക്കൊള്ളുന്ന ഒരു ചിത്രം പകര്‍ത്തിയിരുന്നു.
സൗരയൂഥത്തിനറ്റത്തെ രഹസ്യങ്ങള്‍ പോലും കണ്ടെത്തുക ഏറെ പ്രയാസകരമാണെന്നിരിക്കെ സൗരയൂഥത്തിന് പുറത്തെ ഗാലക്‌സികളെയും അവിടുത്തെ ഗ്രഹങ്ങളെയും കുറിച്ച് ഭൂമിയില്‍ നിന്ന് വിവര ശേഖരണം നടത്തുക എന്നത് ഒട്ടും എളുപ്പമുള്ള കാര്യമല്ല. ബഹിരാകാശത്തും ഭൂമിയിലും സ്ഥാപിച്ചിട്ടുള്ള ദൂര ദര്‍ശിനികള്‍ പകര്‍ത്തുന്ന ഡാറ്റ വിശകലനം ചെയ്താണ് ഗവേഷകര്‍ അന്യ ഗ്രഹങ്ങളെ കണ്ടെത്തുന്നത്.
Content Highlights: nasa, exoplanets, earth like worlds outside solar system,
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..