Photo: NOAA Ocean Exploration
കടലിനടിത്തട്ടില് അജ്ഞാതമായ ദ്വാരങ്ങള്‍ കണ്ടെത്തി ശാസ്ത്രജ്ഞര്‍. നേര്‍രേഖയില്‍ ക്രമീകരിക്കപ്പെട്ട ദ്വാരകളാണ് അറ്റ്ലാന്റിക് കടലിന്റെ അടിത്തട്ടില്‍ കണ്ടെത്തിയത്. ഈ അടയാളങ്ങള്‍ എന്താണെന്നറിയാന്‍ ഫെയ്സ്ബുക്ക് ഉപഭോക്കാക്കളുടെ സഹായം തേടിയിരിക്കുകയാണ് ശാസ്ത്രജ്ഞര്‍.
കഴിഞ്ഞ ശനിയാഴ്ച കടലിനടിത്തട്ടില് ഇറങ്ങിയപ്പോഴാണ് ഈ ദ്വാരങ്ങള്‍ കണ്ടത്. ഈ പ്രദേശത്തുനിന്ന് മുമ്പും ഇത്തരം ദ്വാരങ്ങള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നുവെങ്കിലും എങ്ങനെയാണ് ഇത് ഉണ്ടായത് എന്നത് സംബന്ധിച്ച് ഇപ്പോഴും വ്യക്തതയില്ല.
ഒരു പല്‍ചക്രം മണ്ണിലൂടെ ഉരുണ്ടുപോയതിന് സമാനമായ ദ്വാരങ്ങളാണ് ഇവിടെയുള്ളത്. കാഴ്ചയില്‍ മനുഷ്യ നിര്‍മിതമാണെന്നാണ് തോന്നുന്നത്. എങ്കിലും ഇതെന്താണെന്ന് വ്യക്തല്ലെന്ന് നാഷണല്‍ ഓഷ്യനിക് ആന്റ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷന് (എന്‍ഒഎഎ) ഓഷ്യന്‍ എക്സ്പ്ലോറേഷന്‍ എന്ന ഫെയ്സ്ബുക്ക് പേജില്‍ പങ്കുവക്കപ്പെട്ട പോസ്റ്റില്‍ പറയുന്നു.
ഈ ചിത്രം കണ്ട് എന്തെങ്കിലും സൂചന ലഭിക്കുന്നുണ്ടോ എന്ന് ഉപഭോക്താക്കളോട് ചോദിക്കുകയാണ് ശാസ്ത്രജ്ഞര്‍.

മിഡ്-അറ്റ്ലാന്റിക് റിഡ്ജ്, അസോറസ് പീഠഭൂമി, ചാര്‍ലി-ഗിബ്സ് ഫ്രാക്ചര്‍ സോണ്‍ എന്നിവയ്ക്ക് ചുറ്റുമുള്ള ആഴക്കടലുകളെ കുറിച്ചുള്ള വിശദപഠനം ലക്ഷ്യമിട്ടുള്ള സമുദ്ര പര്യവേക്ഷണ പരമ്പരയായ എന്‍.ഒ.എ.ഏസ് വോയേജ് റ്റു റിഡ്ജ് 2022 ന്റെ ഭാഗമായാണ് പര്യവേക്ഷകര്‍ കടലിലിറങ്ങിയത്.
ജൂലായ് 23-ന് അക്ഷാംശം: 43.154449 ഡിഗ്രി, രേഖാംശം:29.020951 ഡിഗ്രി വരുന്ന സ്ഥലത്ത് ഏകദേശം 2540 മീറ്റര്‍ അടിയിലാണ് ഈ ദ്വാരങ്ങള്‍ കണ്ടത്. 10 മുതല്‍ 12 സെന്റിമീറ്റര്‍ അകലത്തിലാണ് ഇവയുള്ളത്. ഒരു വരിയില്‍ 15 ദ്വാരങ്ങളുള്ള കുറഞ്ഞത് 1.5 മീറ്റര്‍ നീളമുള്ള വരികളാണ് കണ്ടെത്തിയത്. ചില വരികള്‍ക്ക് വളവുണ്ട്. ചില സ്ഥലങ്ങളില്‍ ഈ വരികള്‍ തമ്മില്‍ കൂട്ടിമുട്ടുന്നുണ്ട്. ഈ ദ്വാരങ്ങള്‍ കണ്ടെത്തിയ സ്ഥലത്തെ താപനില 3.56 സെല്‍ഷ്യസാണ് എന്നും എന്‍.ഒ.എ.എ ഓഷ്യന്‍ എക്സ്പ്ലൊറേഷന്‍ ഒരു ഉപഭോക്താവിന്റെ കമന്റിന് മറുപടിയായി വിശദമാക്കി.
അതേസമയം, ചിത്രങ്ങളിലൊന്നിലെ ദ്വാരങ്ങളില്‍ രണ്ടെണ്ണത്തിന് ചുവപ്പ് നിറമാണുള്ളത്. ഈ രണ്ട് ദ്വാരങ്ങള്‍ തമ്മില്‍ 10 സെന്റി മീറ്റര്‍ അകലമുണ്ട്.
ഫെയ്സ്ബുക്ക് ഉപഭോക്താക്കള്‍ക്ക് ഇത് സബന്ധിച്ച് വിവിധ സിദ്ധാന്തങ്ങള്‍ പറയുന്നുണ്ട്. ഞണ്ടുകളുടെ പണിയാവാം എന്നും അന്യഗ്രഹ ജീവികളുടെ പണിയാവാം എന്നും തമാശരൂപേണ പ്രതികരിച്ചവരും ഇക്കൂട്ടത്തിലുണ്ട്. ഈ ദ്വാരങ്ങള്ക്കടയില് ചിലപ്പോള്‍ എന്തെങ്കിലും ഗുഹയോ അറകളോ ഉണ്ടാവാമെന്നും ചിലര്‍ പറയുന്നുണ്ട്.
മനുഷ്യനിര്‍മിതമായ വസ്തുക്കളില്‍നിന്നുള്ള അടയാളമാവാം ഇതെന്നാണ് പലരും പറയുന്നത്. ബോട്ടുകള്‍, വിമാനങ്ങള്‍ തുടങ്ങിയ ഉദാഹരണങ്ങള്‍ പറയുന്നുണ്ടെങ്കിലും ഇത്രയും താഴെ ഇങ്ങനെ അടയാളങ്ങള്‍ ഉണ്ടാവാനുള്ള കൃത്യമായ വിശദീകരണം ആരും നടത്തുന്നില്ല.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..