ചന്ദ്രൻ | Photo-Gettyimages
ഇന്ന് വെറും നിശ്ചലമായി കിടക്കുന്ന പ്രദേശങ്ങളാണ് ചന്ദ്രനിലാകെ. എന്നാല്‍, പ്രാചീന കാലങ്ങളിലെപ്പോഴോ ചന്ദ്രന്‍ അങ്ങനെ അല്ലായിരുന്നു. നിരന്തരം അഗ്നിപര്‍വത സ്‌ഫോടനങ്ങളുണ്ടാവുകയും ലാവ കുത്തിയൊഴുകുകയും ചെയ്തിരുന്ന ഇടമാണിവിടം. വര്‍ഷങ്ങള്‍ക്ക് ശേഷം ഈ അഗ്നിപര്‍വതങ്ങള്‍ നിശ്ചലമാവുകയും ഒഴുകിപ്പരന്ന ലാവ തണുത്തുറയുകയും ചയ്തു. ഭൂമിയില്‍നിന്ന് നോക്കിയാല്‍ ചന്ദ്രനില്‍ ഇന്ന് കാണുന്ന പാടുകള്‍ക്കെല്ലാം കാരണം ഈ പ്രാചീന അഗ്നിപര്‍വതങ്ങളാണ്.
എന്നാല്‍, നൂറ് കണക്കിന് മീറ്ററുകളോളം കനമുള്ള ഐസ് പാളികള്‍ ഈ അഗ്നിപര്‍വതങ്ങളുടെ ഫലമായുണ്ടായിട്ടുണ്ടെന്നാണ് പുതിയ ഗവേഷണ പഠനം കണ്ടെത്തിയിരിക്കുന്നത്. പ്ലാനറ്ററി സയന്‍സ് ജേണലിലാണ് 'പോളാര്‍ അക്യുമിലേഷന്‍ ഫ്രം വോള്‍കാനികലി ഇന്‍ഡ്യൂസ്ഡ് ട്രാന്‍ഷ്യന്റ് അറ്റ്‌മോസ്ഫിയര്‍ ഓണ്‍ ദി മൂണ്‍' എന്ന പേരില്‍ ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ഭൂമിയില്‍ ജീവന്‍ തുടങ്ങുന്നതിനും മുമ്പുള്ള ചന്ദ്രനിലെ സാഹചര്യങ്ങളെ കംപ്യൂട്ടര്‍ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് ഗവേഷകര്‍ പുനര്‍നിര്‍മിച്ചു നോക്കി. ഇതുവഴി അഗ്നിപര്‍വതങ്ങള്‍ വലിയ അളവിലുള്ള ജലബാഷ്പമുണ്ടാകുന്നതിനിടയാക്കിയെന്നും അത് പിന്നീട് ഉപരിതലത്തില്‍ അടിയുകയും ക്രമേണ ഐസ് ആയി രൂപാന്തരം പ്രാപിക്കുകയും ചെയ്‌തെന്ന് ഗവേഷകര്‍ പറയുന്നു.
ആ സമയത്ത് മനുഷ്യന്‍ ജീവിച്ചിരുന്നെങ്കില്‍ ഭൂമിയില്‍നിന്ന് നോക്കിയാല്‍ വെള്ളിനിറത്തില്‍ കാണാന്‍ സാധിക്കുമായിരുന്നു. ശാസ്ത്രജ്ഞര്‍ കരുതിയിരുന്നതിനേക്കാള്‍ വെള്ളം ചന്ദ്രനിലുള്ളതിനുള്ള തെളിവുകളും ഈ ഗവേഷണം മുന്നോട്ട് വെക്കുന്നു.
ചന്ദ്രന്റെ വടക്ക് തെക്ക് ധ്രുവങ്ങള്‍ക്ക് സമീപത്തായി 15,000 ചതുരശ്ര കിലോ മീറ്റര്‍ പ്രദേശം ഐസ് സംഭരിക്കാന്‍ ശേഷിയുള്ളതാണെന്നാണ് ഗവേഷകരുടെ അനുമാനം. 200 കോടി മുതല്‍ 400 കോടി വര്‍ഷങ്ങള്‍ക്ക് മുമ്പ് ചന്ദ്രോപരിതലത്തില്‍ പതിനായിരക്കണക്കിന് അഗ്നിപര്‍വതങ്ങളുണ്ടായിരുന്നു. ഈ അഗ്നിപര്‍വതങ്ങള്‍ കാര്‍ബണ്‍ മോണോക്‌സൈഡും ജലവും അടങ്ങുന്ന വലിയ മേഘങ്ങള്‍ സൃഷ്ടിക്കെപ്പടുന്നതിനിടയാക്കി. പിന്നീട്, ഈ മേഘങ്ങള്‍ ചന്ദ്രന് ചുറ്റും പടരുകയും നേര്‍ത്ത അന്തരീക്ഷമുണ്ടാവുകയും ചെയ്തു.
ഈ സങ്കല്‍പ്പത്തില്‍ നിന്നുകൊണ്ടാണ് അന്നത്തെ ചന്ദ്രനിലെ സാഹചര്യം കംപ്യൂട്ടര്‍ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് ഗവേഷകര്‍ പുനര്‍നിര്‍മിച്ചത്. അഗ്നിപര്‍വതങ്ങളില്‍ നിന്ന് സൃഷ്ടിക്കപ്പെട്ട ജലത്തിന്റെ 41 ശതമാനം ചന്ദ്രനിലെ ഐസായി മാറിയിട്ടുണ്ടെന്നാണ് ഗവേഷകര്‍ കണക്കാക്കുന്നത്. ഏകദേശം 80 കോടി പൗണ്ട് ജലം ഇക്കാലയളവില്‍ ഐസായി മാറിയിട്ടുണ്ടെന്നും ഗവേഷകര്‍ കണക്കാക്കുന്നു.
ഈ പറയുന്ന കണക്കുകള്‍ ശരിയാണെങ്കില്‍. ചന്ദ്രനിലെ ഈ ജലസമ്പത്ത് കണ്ടെടുക്കാനായാല്‍ അത് ഭാവി ചാന്ദ്രദൗത്യങ്ങള്‍ക്ക് ഏറെ പ്രയോജനപ്പെടും. എന്നാല്‍, അത് അത്ര എളുപ്പമായിരിക്കില്ല. ഗവേഷണ റിപ്പോര്‍ട്ട് അനുസരിച്ച് ചന്ദ്രന്റെ ധ്രുവമേഖലയിലാണ് ഈ ജല ഐസ് ശേഖരമുണ്ടാകാനുള്ള സാധ്യത. മാത്രവുമല്ല ഇത് ചന്ദ്രന്റെ പ്രതലത്തിന്റെ ഏത്രയോ മീറ്റര്‍ താഴെയാവാനും സാധ്യതയുണ്ട്.
Content Highlights: ancient volcano, water in moon, ice in moon
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..