മെഘാ ട്രോപിക്‌സ് ഉപഗ്രഹം ഇടിച്ചിറക്കാനൊരുങ്ങി ഐഎസ്ആര്‍ഒ; കാരണമിതാണ്


1 min read
Read later
Print
Share

Photo: ceres.larc.nasa.gov

പ്രവര്‍ത്തന രഹിതമായ കാലാവസ്ഥാ നിരീക്ഷണ ഉപഗ്രഹം മെഘാ ട്രോപിക്‌സ് -1 ചൊവ്വാഴ്ച വൈകീട്ട് ഭൂമിയുടെ അന്തരീക്ഷത്തില്‍ ഇടിച്ചിറക്കും. ഐഎസ്ആര്‍ഒയും ഫ്രാന്‍സിന്റെ ബഹിരാകാശ ഏജന്‍സിയായ സിഎന്‍ഇഎസും ചേര്‍ന്നൊരുക്കിയ ഈ ഉപഗ്രഹം ഒരു ദശാബ്ദത്തിലേറെക്കാലത്തെ സേവനത്തിനൊടുവിലാണ് പിന്‍വലിക്കുന്നത്.

2011 ഒക്ടോബര്‍ 12 നാണ് മെഘാ ട്രോപിക്‌സ് ഉപഗ്രഹം ലോ എര്‍ത്ത് ഓര്‍ബിറ്റിലേക്ക് വിക്ഷേപിച്ചത്. കാലാവസ്ഥാ നിരീക്ഷണം ലക്ഷ്യമിട്ട് ഐഎസ്ആര്‍ഒയും സിഎന്‍ഇഎസും സംയുക്തമായാണ് ഈ ഉപഗ്രഹം ഒരുക്കിയത്.

തുടക്കത്തില്‍ മൂന്ന് വര്‍ഷത്തെ സേവനമാണ് ഉദ്ദേശിച്ചിരുന്നത് എങ്കിലും പിന്നീട് 2021 വരെ ഒരു ദശാബ്ദക്കാലം ഈ ഉപഗ്രഹം വിവര ശേഖരണം നടത്തി. ഉഷ്ണമേഖലാ കാലാവസ്ഥാ നിരീക്ഷണമായിരുന്നു പ്രധാന ദൗത്യം.

എന്തിനാണ് മെഘാ-ട്രോപിക്‌സ് ഇടിച്ചിറക്കുന്നത്?

പ്രവര്‍ത്തന രഹിതമായ ഉപഗ്രഹങ്ങള്‍ സുരക്ഷിതമായി ഭ്രമണപഥത്തില്‍ നിന്ന് മാറ്റി മറ്റ് ബഹിരാകാശ ഉപകരണങ്ങള്‍ക്ക് ഭീഷണിയാവുന്നത് തടയുക എന്ന ഉത്തരവാദിത്വത്തോടെയാണ് ഇന്ന് ബഹിരാകാശ ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നത്.

ഐക്യരാഷ്ട്ര സഭയുടെ നിര്‍ദേശം അനുസരിച്ച് കാലാവധി കഴിഞ്ഞ ഉപഗ്രഹങ്ങള്‍ ഓര്‍ബിറ്റില്‍ നിന്ന് മാറ്റണം. അത് ഭൂമിയില്‍ നിന്ന് നിയന്ത്രിച്ചുകൊണ്ട് സുരക്ഷിതമായിതന്നെ ഇറക്കാന്‍ ശ്രമിക്കണം. അല്ലെങ്കില്‍ 25 വര്‍ഷത്തില്‍ താഴെ മാത്രം നിലനില്‍ക്കാന്‍ സാധിക്കുന്ന ഭ്രമണപഥത്തിലേക്ക് ഉപഗ്രഹത്തെ കൊണ്ടുവരണം.

ഇതില്‍ രണ്ടാമത്തെ നിര്‍ദേശം നടപ്പിലാക്കുന്നതിന് ചില തടസങ്ങളുള്ളതിനാല്‍. ആദ്യത്തെ നിര്‍ദേശമാണ് ഐഎസ്ആര്‍ഒ തിരഞ്ഞെടുത്തത്. ഉപഗ്രഹത്തില്‍ ബാക്കിയുള്ള ഇന്ധനം ഉപയോഗിച്ച് ഉപഗ്രഹത്തെ നിയന്ത്രിച്ച് അന്തരീക്ഷത്തില്‍ എത്തിക്കാനാണ് നീക്കം.

ഭാരമേറിയ ഇത്തരം ഉപഗ്രഹങ്ങള്‍ അന്തരീക്ഷത്തിലെ ഘര്‍ഷണം മറികടന്ന് താഴെ പതിക്കാന്‍ കെല്‍പ്പുള്ളവയാണ്. നിയന്ത്രണമില്ലാതെ ഇത് ചെയ്താല്‍ അത് ചിലപ്പോള്‍ ഭൂമിയിലുള്ളവര്‍ക്ക് ഭീഷണി ആയേക്കും. ഇക്കാരണത്താല്‍ നിയന്ത്രിച്ചുകൊണ്ട് തിരിച്ചിറക്കാനാവും വിധമാണ് ഇത്തരം ഉപഗ്രഹങ്ങള്‍ രൂപകല്‍പന ചെയ്തുവരുന്നത്.

2022 ഓഗസ്റ്റ് മുതല്‍ തന്നെ മെഘാ ട്രോപിക്‌സിന്റെ സഞ്ചാര പഥം മാറ്റിക്കൊണ്ടിരിക്കുന്നുണ്ട്. ഇന്ന് ഉപഗ്രഹത്തെ അന്തരീക്ഷത്തില്‍ ഇടിച്ചിറക്കി നശിപ്പിക്കും.

മനുഷ്യസാന്നിധ്യമില്ലാത്ത പസഫിക് സമുദ്രമേഖലയിലാണ് ഉപഗ്രഹം ഇടിച്ചിറങ്ങുക. 4.30 നും 7.30നും ഇടയിലാണ് ഈ പ്രക്രിയ നടക്കുക.

Content Highlights: Megha-Tropiques-1controlled re-entry , isro, france, cnes

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

Most Commented