Rayyanah Barnawi | Photo: Axiom Space
സൗദിയുടെ ആദ്യ വനിതാ ബഹിരാകാശ സഞ്ചാരി ഈ മാസം ബഹിരാകാശത്തേക്ക് പുറപ്പെടും. റയ്യാന ബര്‍ണാവിയാണ് (Rayyanah Barnawi) മെയ് 21 ഞായറാഴ്ച എഎക്‌സ്-2 എന്ന സ്വകാര്യ ദൗത്യത്തിന്റെ ഭാഗമായി ബഹിരാകാശ നിലയത്തിലേക്ക് പുറപ്പെടുന്നത്. ഹൂസ്റ്റണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അക്‌സിയം സ്‌പേസ് ആണ് ദൗത്യത്തിന് നേതൃത്വം നല്‍കുക. കമ്പനിയുടെ രണ്ടാമത് സ്വകാര്യ ബഹിരാകാശ ദൗത്യമാണിത്. ഫാല്‍ക്കണ്‍ 9 റോക്കറ്റിന്റെ സഹായത്തോടെ ഡ്രാഗണ്‍ സ്‌പേസ്‌ക്രാഫ്റ്റില്‍ നാല് സഞ്ചാരികളാണ് ബഹിരാകാശ നിലയത്തിലേക്ക് പുറപ്പെടുക.
മുന്‍ നാസ ബഹിരാകാശ സഞ്ചാരി പെഗ്ഗി വൈറ്റ്‌സണ്‍ ആയിരിക്കും മിഷന്‍ ലീഡ്. ജോണ്‍ ഷോഫ്‌നര്‍ ആണ് മിഷന്‍ പൈലറ്റ്. സൗദിയില്‍ നിന്ന് തന്നെയുള്ള അലി അഖാര്‍ണിയും റയ്യാന ബര്‍ണാവിയുമാണ് എഎക്‌സ്-2 ദൗത്യത്തിലെ മിഷന്‍ സ്‌പെഷ്യലിസ്റ്റുകള്‍.

സൗദി അറേബ്യയിലെ ജനങ്ങളുടെയും എല്ലാ വനിതകളുടേയും പ്രതീക്ഷകളെയും സ്വപ്‌നങ്ങളെയും പ്രതിനിധാനം ചെയ്യാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് റയ്യാന പറഞ്ഞു. രാജ്യത്തെ ലിംഗസമത്വം കൊണ്ടുവരാനായി സൗദി നടത്തിവരുന്ന ശ്രമങ്ങളുടെ ഭാഗമായാണ് റയ്യാനയുടെ ബഹിരാകാശ യാത്ര.
ബഹിരാകാശ നിലയത്തില്‍ ഏറ്റവും കൂടുതല്‍ സമയം ചെലവഴിച്ച ആദ്യ അറബ് ബഹിരാകാശ സഞ്ചാരിയെന്ന നേട്ടം അടുത്തിടെ യു.എ.ഇയുടെ സുല്‍ത്താന്‍ അല്‍ നെയാദി കൈവരിച്ചിരുന്നു. അദ്ദേഹം ഇപ്പോഴും ബഹിരാകാശ നിലയത്തിലാണ്. 1988-ല്‍ ജിദ്ദയില്‍ ജനിച്ച റയ്യാന ന്യൂസീലാന്‍ഡിലെ ഒട്ടാഗോ സര്‍വകലാശാലയില്‍നിന്നു ബയോ മെഡിക്കല്‍ സയന്‍സസില്‍ ബിരുദവും അല്‍ഫൈസല്‍ സര്‍വകലാശാലയില്‍നിന്നു ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.
Content Highlights: first Arab woman to travel to space station rayyana
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..