2020 ൽ ചാങ്-5 ചാന്ദ്ര ദൗത്യ വിക്ഷേപണത്തിനുപയോഗിച്ച ലോങ് മാർച്ച് -5 റോക്കറ്റ് | Photo:AP
നിയന്ത്രണം വിട്ട് ഭൂമിയിലേക്ക് കുതിക്കുന്ന മറ്റൊരു ചൈനീസ് റോക്കറ്റ് കൂടി ആശങ്കയ്ക്കിടയാക്കുന്നു. 21 ടണ്‍ ഭാരമുള്ള ചൈനയുടെ ലോങ് മാര്‍ച്ച് 5ബി റോക്കറ്റിന്റെ ഭാഗമാണ് ഭൂമിയിലേക്ക് പതിച്ചുകൊണ്ടിരിക്കുന്നത്. ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഇത് ഭൂമിയില്‍ പതിക്കും. എന്നാല്‍ എവിടെ എപ്പോള്‍ ഇത് പതിക്കും എന്നത് സംബന്ധിച്ച് യാതൊരു വ്യക്തതയും ഇല്ല.
ജൂലായ് 24 നാണ് ചൈന ലോങ് മാര്‍ച്ച് 5ബി റോക്കറ്റ് വിക്ഷേപിച്ചത്. ജൂലായ് 31 ഓടുകൂടി ഇത് ഭൂമിയില്‍ പതിക്കുമെന്നാണ് കാലിഫോര്‍ണിയയിലെ എയറോ സ്പേസ് കോര്‍പ്പ് എന്ന സ്ഥാപനം പറയുന്നത്.
ആഫ്രിക്ക, ഓസ്ട്രേലിയ, ബ്രസീല്‍, ഇന്ത്യ, തെക്കുകിഴക്കന്‍ ഏഷ്യ എന്നിവിടങ്ങളില്‍ എവിടെയെങ്കിലും റോക്കറ്റിന്റെ അവശിഷ്ടങ്ങള്‍ പതിക്കുമെന്നാണ് പ്രനചനം.
ആശങ്കകള്‍ വെറുതെ, എല്ലാം കുപ്രചാരണം: ചൈന
എന്നാല്‍ ഇത് സംബന്ധിച്ച ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്നാണ് ചൈന പറയുന്നത്. ബഹിരാകാശ ശക്തിയെന്ന നിലയിലുള്ള ചൈനയുടെ വളര്‍ച്ചയോട് അമര്‍ഷമുള്ളവരാണ് ഇത്തരം പ്രചാരണം നടത്തുന്നതെന്നും ചൈന ആരോപിക്കുന്നു.
വ്യോമയാന രംഗത്തെ ചൈനയുടെ വളര്‍ച്ച തടയാന്‍ യുഎസിന് മുന്നില്‍ മാര്ഗങ്ങളില്ലാതാവുകയാണ്. ബാക്കിയുള്ളത് അപമാനിക്കുക എന്ന തന്ത്രമാണ്. ചൈനീസ് മാധ്യമമായ ഗ്ലോബല്‍ ടൈംസ് പറഞ്ഞു.
'നിയന്ത്രണം നഷ്ടപ്പെട്ട' ചൈനീസ് റോക്കറ്റ് എന്ന് പറഞ്ഞ് ആളപായത്തിനുള്ള സാധ്യതകള്‍ പറഞ്ഞ് യുഎസും പാശ്ചാത്യ രാജ്യങ്ങളും വിഷയം വലുതാക്കിക്കാണിക്കുകയാണെന്ന് ചൈനീസ് വാര്‍ത്താ വെബ്സൈറ്റായ ഗുവാന്ച.സിഎന്‍ പറഞ്ഞു.
കഴിഞ്ഞ വര്‍ഷവും സമാന സംഭവം
എന്നാല്‍ നിയന്ത്രണമില്ലാതെയുള്ള വീഴ്ചയായതിനാല്‍ തന്നെ റോക്കറ്റ് അവശിഷ്ടങ്ങള്‍ ജനവാസ മേഖലയില്‍ ഇറങ്ങാന്‍ സാധ്യതയുണ്ടെന്നും 88 ശതമാനം ജനങ്ങളും റോക്കറ്റ് അവശിഷ്ടം തിരിച്ചിറങ്ങാന്‍ സാധ്യതയുള്ളയിടങ്ങളിലാണുള്ളതെന്നും എയറോസ്പേസ് കോര്‍പ്പ് പറഞ്ഞു.
സമാനമായ സാഹചര്യത്തിലാണ് 2021 മെയില്‍ മറ്റൊരു ലോങ്മാര്‍ച്ച് റോക്കറ്റിന്റെ അവശിഷ്ടങ്ങള്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പതിച്ചത്. അന്നും ചൈനയുടെ ബഹിരാകാശ ഏജന്‍സിയുടെ നിയന്ത്രണം നഷ്ടപ്പെട്ട റോക്കറ്റ് എന്ന നിലയില്‍ ആശങ്കകള്‍ ഉയര്‍ന്നിരുന്നു.
ബഹിരാകാശ അവശിഷ്ടങ്ങള്‍ക്ക് മേലുള്ള ഉത്തരവാദിത്വ മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ ചൈന പരാജയപ്പെടുകയാണെന്ന് നാസയുടെ അഡ്മിനിസ്ട്രേറ്റര്‍ ബില്‍ നെല്‍സണ്‍ പറഞ്ഞു.
വിക്ഷേപണത്തിനിടെ വേര്‍പെട്ട റോക്കറ്റിന്റെ ആദ്യ സ്റ്റേജാണ് ഇപ്പോള്‍ ആശങ്കകള്‍ക്കിടയാക്കുന്നത്. വേര്‍പെട്ടതിന് ശേഷം ഭൂമിയെ കറങ്ങിക്കൊണ്ടിരിക്കുന്ന ഇത് പതിയെ ഭൂമിയോട് അടുത്തുകൊണ്ടിരിക്കുകയാണ്. കൃത്യമായ പാത പ്രവചിക്കാന്‍ സാധിക്കാത്ത വിധമാണ് ഇതിന്റെ സഞ്ചാരം.
ചൈനയുടെ റോക്കറ്റ് ഭീഷണിയാവുന്നത് എങ്ങനെ?
ലോങ്മാര്‍ച്ച് റോക്കറ്റിന്റെ രൂപകല്പന തന്നെയാണ് പ്രശ്നമെന്ന് വിദഗ്ദര്‍ പറയുന്നു. സാധാരണ റോക്കറ്റുകളുടെ ആദ്യ സ്റ്റേജ് വേര്‍പെട്ടതിന് ശേഷം അന്തരീക്ഷത്തില്‍ തിരിച്ച് പ്രവേശിക്കുകയാണ് ചെയ്യുക. അത് ഭ്രമണ പഥത്തില്‍ എത്താറില്ല. ശേഷം അവ താഴെ പതിക്കും. സാധാരണ കടലിലാണ് ഇവ വന്നുവീഴുക.
എന്നാല്‍ ലോങ്മാര്‍ച്ച് റോക്കറ്റിന്റെ ആദ്യ സ്റ്റേജ് വേര്‍പെട്ട ശേഷം ഉടന്‍ തിരിച്ചിറങ്ങുന്നതിന് പകരം ഭ്രമണ പഥത്തില്‍ പ്രവേശിക്കുകയും ഭൂമിയെ ചുറ്റുകയും ചെയ്യുന്നു. ഇതിന്റെ തിരിച്ചിറക്കം പക്ഷെ കൃത്യമായി പിന്തുടരാനാവില്ല എന്നതാണ് വെല്ലുവിളിയാവുന്നത്.
2020 ല്‍ ആദ്യ ലോങ്മാര്‍ച്ച് 5ബിയുടെ കഷ്ണങ്ങള്‍ ഐവറി കോസ്റ്റില്‍ വന്ന് വീണ് നിരവധി കെട്ടിടങ്ങള്‍ക്ക് കേടുപാടുണ്ടാക്കിയിരുന്നു. അന്ന് ഭാഗ്യത്തിന് ആളപായമോ പരിക്കുകളോ ഉണ്ടായില്ല.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..