ഛിന്നഗ്രഹത്തിന്റെ സഞ്ചാരദിശ തിരിച്ചുവിടാനുള്ള നാസ പദ്ധതിയാണ് 'ഡാർട്ട് ദൗത്യം' | ഫോട്ടോ: NASA
ഭൂമിയെ ലക്ഷ്യമാക്കിവരുന്ന ഛിന്നഗ്രഹങ്ങളെ വഴിതിരിച്ചുവിടാനുള്ള വഴിതേടുകയാണ് ശാസ്ത്രലോകം. ഇതിന്റെ ഭാഗമായി നാസ വികസിപ്പിച്ച ഒരു പ്രതിരോധ സംവിധാനമാണ് ഡബിള്‍ ആസ്ട്രോയിഡ് റീഡയറക്ടഷന്‍ ടെസ്റ്റ് (ഡാര്‍ട്ട്). ഒരു ഛിന്നഗ്രഹത്തില്‍ പേടകം ഇടിച്ചിറക്കി ആ ഛിന്നഗ്രഹത്തിന്റെ സഞ്ചാര പാതയില്‍ മാറ്റം വരുത്തുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
ഡിഡിമോസ് എന്ന് വിളിക്കപ്പെടുന്ന വലിയൊരു ഛിന്നഗ്രഹത്തെ വലം വെക്കുന്ന മൂണ്‍ലെറ്റ് ഛിന്നഗ്രഹമായ ഡൈമോര്‍ഫസിലാണ് പേടകം ഇടിച്ചിറക്കുക.
കൈനറ്റിക് ഇംപാക്ടര്‍ എന്ന സാങ്കേതിക വിദ്യയുടെ ആദ്യ പരീക്ഷണമാണിത്.24140 കി.മീ വേഗത്തിലാണ് ബഹിരാകാശ പേടകം ഡൈമോര്ഫിസില് ഇടിച്ചിറങ്ങുക. ഇടിയുടെ ആഘാതത്തില്‍ ഛിന്നഗ്രഹത്തിന് സ്ഥാന ചലനം ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്.
സഞ്ചാര പാതയില്‍ മാറ്റം വരുത്തുന്നതിനൊപ്പം സ്വാഭാവികമായും കൂട്ടിയിടിയുടെ ഭാഗമായുള്ള ഗര്‍ത്തവും ഡൈമോര്ഫിസില് സൃഷ്ടിക്കപ്പെടും.
എന്നാല്‍ ഈ കുട്ടിയിടിയിലൂടെ മുമ്പ് കരുതിയ പോലെ കേവലം ഒരു ഗര്‍ത്തം സൃഷ്ടിക്കുക മാത്രമല്ല ഡൈമോര്‍ഫസിന്റെ നിലവില്‍ രൂപഘടന തന്നെ മാറ്റിയേക്കുമെന്നാണ് പുതിയ നിരീക്ഷണം.
കൂട്ടിയിടിയുടെ മാതൃക കംപ്യൂട്ടറില്‍ സൃഷ്ടിച്ചെടുത്ത ഗവേഷകരാണ് ഈ നിരീക്ഷണത്തിലെത്തിയത്.

പേടകം ഇടിച്ചിറങ്ങിയതിനെ തുടര്‍ന്ന് മുകളില്‍ കാണിച്ച ചിത്രത്തിലുള്ള ഏതെങ്കിലും ആകൃതിയിലേക്ക് ഡൈമോര്‍ഫസ് മാറിയേക്കുമെന്നാണ് കണക്കാക്കുന്നത്. മണിക്കൂറുകളെടുത്താവും ഈ പ്രക്രിയ. പുതിയ രീതിയിലുള്ള വിശകലനത്തിലാണ് ഇത്രയും നേരത്തെ ആഘാതത്തിന്റെ പരിണിത ഫലം വിശകലനം ചെയ്യാന്‍ ഗവേഷകര്‍ക്ക് സാധിച്ചത്.
2021 നവംബറിലാണ് ഡാര്‍ട്ട് പേടകം വിക്ഷേപിച്ചത്. ഡിഡിമോസ് എന്ന ഛിന്നഗ്രഹ വ്യൂഹത്തെ ലക്ഷ്യമിട്ടാണ് പേടകം വിക്ഷേപിച്ചത്. ഡിഡിമോസിന് 800 മീറ്റര്‍ വീതിയും, ഇതിന്റെ മൂണ്ലെറ്റായ ഡൈമോര്‍ഫസിന് 150 മീറ്റര്‍ വീതിയുമാണുള്ളത്. നേരത്തെ സൂചിപ്പിച്ച പോലെ ഡൈമോര്‍ഫസിലാണ് ഡാര്‍ട്ട് ഇടിച്ചിറങ്ങുക. ഇതുവഴി ഡൈമോര്‍ഫസിന്റെ ഭ്രമണ പഥത്തില്‍ മാറ്റം വരുത്തുകയാണ് ലക്ഷ്യം. ഈ രണ്ട് ഛിന്ന ഗ്രഹങ്ങളും ഭൂമിയില്‍ നിന്ന് 1.1 കോടി കിലോമീറ്റര്‍ ദൂരപരിധിയില്‍ എത്തുന്ന സെപ്റ്റംബറിലോ, ഒക്ടോബറിലോ ആണ് കൂട്ടിയിടി ക്രമീകരിച്ചിരിക്കുന്നത്.
യൂറോപ്യന്‍ യൂണിയനും കൂട്ടിയിടിക്ക് ശേഷം ഈ ഛിന്നഗ്രഹങ്ങളെ പഠിക്കാനുള്ള ശ്രമത്തിലാണ്. ഇതിനായി 2024 ല്‍ ഹെര (Hera) ദൗത്യം വിക്ഷേപിക്കും. ഡാര്ട്ടുമായുള്ള കൂട്ടിയിടിയില്‍ ഛിന്നഗ്രഹത്തിന്റെ രൂപം മാറിയാല്‍ അത് അവയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുന്നതിനിടയാക്കും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..