കുടിവെള്ളത്തിലെ വിഷാംശം നീക്കാന്‍ നാനോ ടെക്നോളജി: ടി. പ്രദീപിന് 2 കോടിയുടെ അന്താരാഷ്ട്ര ജലപുരസ്‌കാരം


2 min read
Read later
Print
Share

പ്രൊഫ. ടി. പ്രദീപ്

ചെന്നൈ: വെള്ളവുമായി ബന്ധപ്പെട്ട ഗവേഷണങ്ങള്‍ക്കുനല്‍കുന്ന പ്രിന്‍സ് സുല്‍ത്താന്‍ ബിന്‍ അബ്ദുള്‍ അസീസ് അന്താരാഷ്ട്ര ജല പുരസ്‌കാരത്തിന് (പി.എസ്.ഐ.പി.ഡബ്ല്യു.) മദ്രാസ് ഐ.ഐ.ടി.യിലെ പ്രൊഫസര്‍ ടി. പ്രദീപ് അര്‍ഹനായി. 2,66,000 ഡോളര്‍ (ഏതാണ്ട് രണ്ടു കോടി രൂപ) സമ്മാനത്തുകയുള്ള പുരസ്‌കാരം സെപ്റ്റംബര്‍ 12-ന് ന്യൂയോര്‍ക്കിലെ ഐക്യരാഷ്ട്രസഭാ ആസ്ഥാനത്തു നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കും.

നാനോ സാങ്കേതികവിദ്യ ഉപയോഗിച്ച് കുടിവെള്ളത്തില്‍നിന്ന് ആഴ്സനിക് വിഷാംശം നീക്കുന്നതിനുള്ള സംവിധാനം ആവിഷ്‌കരിച്ചതിനാണ് മലപ്പുറം പന്താവൂര്‍ സ്വദേശി ടി. പ്രദീപിനെ പുരസ്‌കാരത്തിന് തിരഞ്ഞെടുത്തത്.

സൗദി അറേബ്യയുടെ കിരീടാവകാശി സുല്‍ത്താന്‍ ബിന്‍ അബ്ദുള്‍ അസീസ് 2002-ലാണ് പി.എസ്.ഐ.പി.ഡബ്ല്യു. പുരസ്‌കാരം ഏര്‍പ്പെടുത്തിയത്.

പ്രദീപിന്റെഗവേഷണസംഘത്തില്‍ അംഗങ്ങളായ ആവുള അനില്‍കുമാര്‍, ചെന്നു സുധാകര്‍, ശ്രീതമ മുഖര്‍ജി, അന്‍ഷുപ്, മോഹന്‍ ഉദയശങ്കര്‍ എന്നിവര്‍ക്ക് പ്രത്യേക പരാമര്‍ശവുമുണ്ട്.

ബെംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍നിന്ന് ഭൗതിക രസതന്ത്രത്തില്‍ ഡോക്ടറേറ്റ് നേടിയശേഷം പ്രദീപ് കാലിഫോര്‍ണിയ, ബെര്‍ക്ക്ലി, പര്‍ഡ്യു, ഇന്‍ഡ്യാന സര്‍വകലാശാലകളില്‍ പോസ്റ്റ് ഡോക്ടറല്‍ ഫെലോയായിരുന്നു. ഇപ്പോള്‍ മദ്രാസ് ഐ.ഐ.ടി.യില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രൊഫസറും രസതന്ത്രം പ്രൊഫസറുമാണ്. ഒട്ടേറെ പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള ഡോ. ടി. പ്രദീപിനെ 2020-ല്‍ രാഷ്ട്രം പദ്മശ്രീ ബഹുമതി നല്‍കി ആദരിച്ചിട്ടുണ്ട്.

വിഷജലത്തെ അമൃതാക്കുന്ന വിദ്യ

വി.ടി. സന്തോഷ് കുമാര്‍

ചെന്നൈ: ഗവേഷണശാലകളിലും കൗതുകവാര്‍ത്തകളിലുമൊതുങ്ങിയിരുന്ന നാനോ സാങ്കേതിക വിദ്യയെ ജനലക്ഷങ്ങളുടെ നിത്യജീവിതത്തിന്റെ ഭാഗമാക്കിയയാളാണ് പ്രൊഫ. ടി. പ്രദീപ്. കുടിവെള്ളത്തില്‍നിന്ന് വിഷാംശം നീക്കംചെയ്യുന്നതിന് നാനോടെക്നോളജി ഉപയോഗപ്പെടുത്തിയതിനാണ് അദ്ദേഹത്തെത്തേടി രണ്ടുകോടി രൂപ സമ്മാനത്തുകയുള്ള പ്രിന്‍സ് സുല്‍ത്താന്‍ ബിന്‍ അബ്ദുള്‍ അസീസ് അന്താരാഷ്ട്ര ജല പുരസ്‌കാരമെത്തുന്നത്.

'സമ്മാനത്തുക വലുതാവുന്നത് ശാസ്ത്രഗവേഷണങ്ങള്‍ ചെറിയ കാര്യമല്ലെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ സഹായിക്കും. കൂടുതല്‍ യുവാക്കള്‍ ഈ മേഖലയിലേക്ക് കടന്നുവരും. ഗവേഷണങ്ങള്‍ക്ക് കൂടുതല്‍ സൗകര്യമൊരുക്കാനും അതിന് കൂടുതല്‍ പണം നീക്കിവെക്കാനും അധികൃതര്‍ തയ്യാറാവും'- പുരസ്‌കാരനേട്ടത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ പ്രൊഫ. പ്രദീപ് പറഞ്ഞു.

നാനോ സാങ്കേതിക വിദ്യയെക്കുറിച്ച് മലയാളികള്‍ കേട്ടുതുടങ്ങുന്ന കാലത്താണ് ഡോ. പ്രദീപ് 'കുഞ്ഞുകണങ്ങള്‍ക്ക് വസന്തം' എന്ന ശീര്‍ഷകത്തില്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ അതേപ്പറ്റി ലേഖനപരമ്പരയെഴുതുന്നത്. ഭൗതിക രസതന്ത്രത്തില്‍ പി.എച്ച്.ഡി. നേടി വിദേശ സര്‍വകലാശാലകളില്‍ ഗവേഷണം തുടരുകയായിരുന്ന അദ്ദേഹം അതിനു മുമ്പുതന്നെ ഈ മേഖലയിലേക്ക് കടന്നിരുന്നു. ഇന്ത്യയിലെ ജനങ്ങള്‍ കുടിക്കുന്ന വെള്ളത്തിലെ വിഷാംശത്തെക്കുറിച്ചുള്ള ഞെട്ടിക്കുന്ന കണക്കാണ് ഗവേഷണരംഗത്ത് വഴിത്തിരിവായത്. കുടിവെള്ളം ശുദ്ധീകരിക്കുന്നതിന് നാനോ സാങ്കേതികവിദ്യ ഉപയോഗിക്കാമോ എന്നായി പിന്നത്തെ ആലോചന.

ഉത്തരേന്ത്യന്‍ ഗ്രാമങ്ങളിലെ ജനങ്ങളെ കൊല്ലാക്കൊല ചെയ്തിരുന്ന ആഴ്സനിക് വിഷാംശം നീക്കംചെയ്യുന്നതിനാണ് ആദ്യം നാനോ സാങ്കേതിക വിദ്യ ഉപയോഗിച്ചത്. നാനോ സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മിച്ച സൂക്ഷ്മകണങ്ങള്‍ ഇണക്കിച്ചേര്‍ത്തുണ്ടാക്കുന്ന അരിപ്പ ഉപയോഗിച്ച് കുടിവെള്ളത്തില്‍നിന്ന് ആഴ്സനിക് നീക്കം ചെയ്യാമെന്ന് അദ്ദേഹം കണ്ടെത്തി. കുടിവെള്ളത്തില്‍നിന്ന് കീടനാശിനി അംശം നീക്കം ചെയ്യാനുള്ള അരിപ്പകളും ഇതേ സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മിച്ചു. കുറഞ്ഞ ചെലവില്‍ കുടിവെള്ളം ശുദ്ധിയാക്കാനുള്ള അമൃത് വാട്ടര്‍ ഫില്‍റ്ററിന് അദ്ദേഹം പേറ്റന്റ് നേടി. കേന്ദ്രസര്‍ക്കാരും സംസ്ഥാനങ്ങളും അത് പ്രയോജനപ്പെടുത്തി.

കുടിവെള്ളം ശുദ്ധീകരിക്കാന്‍ നാനോ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്താനുള്ള ഗവേഷണം തുടങ്ങിയിട്ട് 22 വര്‍ഷമായി. അത് പ്രവൃത്തിപഥത്തിലെത്താന്‍ ഏഴുവര്‍ഷമെടുത്തു. ആഴ്സനിക് നീക്കാനുള്ള സാങ്കേതികവിദ്യയുടെ പ്രയോജനം വിവിധ സംസ്ഥാനങ്ങളിലായി 12 ലക്ഷംപേര്‍ അനുഭവിക്കുന്നു. കീടനാശിനി അംശം നീക്കുന്നതുകൂടി പരിഗണിച്ചാല്‍ ഗുണഭോക്താക്കളുടെ എണ്ണം 1.2 കോടി വരും.

'കുഞ്ഞുകണങ്ങള്‍ക്ക് വസന്തത്തി'ന് വൈജ്ഞാനിക സാഹിത്യത്തിനുള്ള സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയ ഡോ. പ്രദീപ് ജലശുദ്ധീകരണമേഖലയിലെ ഗവേഷണഫലങ്ങള്‍ പുസ്തകമാക്കാനുള്ള തയ്യാറെടുപ്പിലാണ്. മലപ്പുറം ജില്ലയിലെ പന്താവൂരില്‍നിന്ന് തുടങ്ങി അന്താരാഷ്ട്രപുരസ്‌കാര നേട്ടങ്ങളിലെത്തി നില്‍കുന്ന ജീവിതാനുഭവങ്ങളുടെ രചനയും പരിഗണനയിലുണ്ട്.

ഡോ. പ്രദീപിന്റെ ഭാര്യ തിരൂര്‍ പുറത്തൂരിലെ ശുഭ വീട്ടമ്മയാണ്. മൂത്ത മകന്‍ രഘു കാലിഫോര്‍ണിയ സര്‍വകലാശാലയില്‍നിന്ന് ഡോക്ടറേറ്റ് എടുത്ത ശേഷം പോസ്റ്റ് ഡോക്ടറേറ്റ് ഫെല്ലോ ആണ്. മകള്‍ ലയ ചെന്നൈയില്‍ ഡോക്ടറും.

Content Highlights: Clean Water through Nanotechnology: Prince Sultan Bin Abdulaziz International Prize for t. Pradeep

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
chandrayaan

1 min

ചന്ദ്രനില്‍ സൂര്യനുദിക്കുന്നു, ആകാംക്ഷയില്‍ ഇസ്രോ; ഉറക്കമുണരുമോ വിക്രമും പ്രജ്ഞാനും?

Sep 21, 2023


GSLV M3

1 min

ഗഗന്‍യാന്‍  സുപ്രധാന പരീക്ഷണം ഒക്ടോബറില്‍; കൂടുതല്‍ സഞ്ചാരികള്‍ക്ക് പരിശീലനം നല്‍കും

Sep 16, 2023


aditya l1

1 min

പഠനം ആരംഭിച്ച് ആദിത്യ എൽ-1; പേടകം ശാസ്ത്രീയ വിവരങ്ങൾ ശേഖരിക്കാൻ തുടങ്ങിയതായി ISRO

Sep 18, 2023


Most Commented