ലണ്ടന്‍: പടിഞ്ഞാറന്‍ അന്റാര്‍ട്ടിക്കയിലുള്ള ലോകത്തിലെ ഏറ്റവും വലിപ്പമേറിയ മഞ്ഞുപാളിയില്‍ നിന്നും ഒരു ഭാഗം അടര്‍ന്നുമാറിയതായി റിപ്പോര്‍ട്ട്. 3500 ചതുരശ്ര മൈല്‍ വലിപ്പം വരുന്ന ലാര്‍സന്‍ സി ഐസ് ഷെല്‍ഫില്‍ നിന്നാണ് 10 ശതമാനത്തോളം വരുന്ന ഭാഗം അടര്‍ന്നുമാറിയത്.  

മഞ്ഞുപാളിയിലെ വിള്ളല്‍ നേരത്തേ ശ്രദ്ധയില്‍പെട്ടിരുന്നതായും കഴിഞ്ഞ കുറച്ചു മാസങ്ങളായി വിള്ളലിന്റെ അളവ് ക്രമാതീതമായി വര്‍ദ്ധിച്ചുവന്നിരുന്നതായും മഞ്ഞുപാളിയെ നിരീക്ഷിച്ചിരുന്ന ശാസ്ത്രജ്ഞര്‍ പറഞ്ഞു. ബുധനാഴ്ചയോടെയാണ് മഞ്ഞുപാളി പൂര്‍ണമായും രണ്ടായി പിളര്‍ന്നു മാറിയത്. 

തിങ്കളാഴ്ചയാണ് മഞ്ഞുപാളി പൂര്‍ണമായും പിളര്‍ന്നത്‌. ബുധനാഴ്ചയോടെ ഏകദേശം 5800 ചതുരശ്ര കിലോമീറ്റര്‍ വരുന്ന ഭാഗം പ്രധാന മഞ്ഞുപാളിയില്‍ നിന്നും അടര്‍ന്നു മാറുകയായിരുന്നു- സ്വാന്‍സി യൂണിവേഴ്‌സിറ്റി പുറത്തുവിട്ട സ്റ്റേറ്റ്‌മെന്റില്‍ പറയുന്നു. 

പിളര്‍ന്നുമാറിയ മഞ്ഞുപാളിയ്ക്ക് 'എ68' എന്നാണ് ശാസ്ത്രജ്ഞര്‍ പേരിട്ടിരിക്കുന്നത്. ഏറ്റവും വലിയ മഞ്ഞുപാളികളില്‍ പത്താം സ്ഥാനത്താണ് എ68-ന്റെ സ്ഥാനം. ലണ്ടന്‍ ആസ്ഥാനമാക്കി അന്റാര്‍ട്ടിക്കയില്‍ പരീക്ഷണം നടത്തുന്ന പ്രോജക്ട് എംഐഡിഎഎസ് എന്ന സംഘടനയാണ് വാര്‍ത്ത പുറത്തുവിട്ടത്. 

ആഗോളതാപനത്തിന്റെ മൂര്‍ധന്യതയെ വെളിപ്പെടുത്തുന്നതാണ് ഈ വാര്‍ത്തയെന്ന് പരിസ്ഥിതിപ്രവര്‍ത്തകര്‍ അഭിപ്രായപ്പെട്ടു.