പ്രതീകാത്മക ചിത്രം | Photo-Gettyimage
കടല്‍ സസ്തനികളായ ഡോള്ഫിനുകള്ക്ക് പരസ്പരം മൂത്രം രുചിച്ച് തിരിച്ചറിയാമെന്ന് പഠനം. യൂണിവേഴ്സിറ്റി ഓഫ് സെന്റ് ആന്‍ഡ്രൂസിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. കാണുകയോ കേൾക്കുകയോ ചെയ്യാതെ കൂട്ടാളികളെ കണ്ടെത്താന്‍ മൂത്രം രുചിക്കലിലൂടെ കഴിയുമെന്നാണ് പഠനം പറയുന്നത്. സവിശേഷമായ ഇന്ദ്രിയശേഷിയാണ് ഇവയെ മൂത്രത്തിലൂടെയും മലത്തിലൂടെയും പരസ്പരം തിരിച്ചറിയാൻ സഹായിക്കുന്നത്. പഠനത്തിനായി മൂത്രത്തിന്റെ സാംപിളുകള്‍ ശേഖരിക്കുകയാണ് ആദ്യം ചെയ്തത്. പഠനത്തിനിടിയില്‍ പരിചയമില്ലാത്തവയുടെ മൂത്രം തിരിച്ചറിയാന്‍ ഡോള്‍ഫിനുകള്‍ ബുദ്ധിമുട്ട് നേരിട്ടതായി കണ്ടെത്തിയപ്പോള്‍ പരിചയമുള്ള ഡോള്‍ഫിനുകളെ മൂത്രം ഉപയോഗിച്ച് അവ വേഗത്തില്‍ തിരിച്ചറിയുകയായിരുന്നുവെന്നും സയന്‍സ് അഡ്വാന്സ്സ് ജേണലില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.
ഡോള്‍ഫിനുകള്‍ പരസ്പരം അഭിവാദ്യം ചെയ്യുന്നത് ശബ്ദം പുറപ്പെടുവിച്ചാണ്. പരിചയമുള്ളവയുടെ മൂത്രം വേഗത്തില്‍ തിരിച്ചറിഞ്ഞ ഡോള്‍ഫിനുകള്‍ ശബ്ദം പുറപ്പെടുവിക്കുകയും ചെയ്തു. മറ്റ് കടല്‍ സസ്തനികള്‍ക്ക് തിരിച്ചറിയാന്‍ സാധിക്കുന്ന മധുരം, കയ്പ് പോലെയുള്ള രുചി ഡോള്ഫിനുകള്ക്ക് തിരിച്ചറിയാനുള്ള കഴിവില്ല. മൂത്രത്തിലൂടെ ആശയവിനിമയം നടത്തുമെന്ന് കണ്ടെത്തുന്നത് ഇതാദ്യമാണ്. അതിനാല്‍ കണ്ടെത്തല്‍ സുപ്രധാനമാണെന്ന് വിലയിരുത്തപ്പെടുന്നു.
വിനോദ സഞ്ചാരികള്‍ക്ക് ഡോള്‍ഫിനുകള്‍ക്കൊപ്പം നീന്താന്‍ അവസരമൊരുക്കുന്ന കേന്ദ്രങ്ങളിലെ ഡോള്‍ഫിനുകളെയാണ് പഠനത്തിനായി തിരഞ്ഞെടുത്തത്. ഹവായിയിലും ബെര്‍മുഡയിലും ഉള്ള ഇത്തരം കേന്ദ്രങ്ങളിലാണ് പഠനം പൂര്‍ത്തീകരിച്ചത്. നീന്തല്‍ കേന്ദ്രത്തിലാണെങ്കിലും യഥാര്‍ത്ഥ സമുദ്രജലത്തില്‍ സമൂഹമായി കഴിയുന്നവയായിരുന്നതിനാല് പഠനം കൂടുതല്‍ സുഗമമാക്കിയെന്ന് മുഖ്യഗ്രന്ഥകർത്താവ്
കൂടിയായ പ്രൊഫ. വിന്‍സന്റ് ജാനിക്ക് പറയുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..