പ്രതീകാത്മക ചിത്രം | Photo-Gettyimage
ചുണ്ടെലികളിലെ നട്ടെല്ലിനുള്ള പരിക്കിന് മനുഷ്യരുടെ ശ്വാസ കോശ സംബന്ധമായ രോഗങ്ങള്‍ക്ക് വേണ്ടി വികസിപ്പിച്ചെടുത്ത മരുന്ന് ഫലപ്രദമാണെന്ന് കണ്ടെത്തല്‍. ക്രോണിക് ഒബ്‌സ്ട്രറ്റ്ക്ടീവ് പള്‍മൊണറി ഡിസീസിന് (chronic obstructive pulmonary disease) വേണ്ടി വികസിപ്പിച്ചെടുത്ത AZD1236 എന്ന മരുന്നാണ് ഫലപ്രദമായതായി കണ്ടെത്തിയത്. യൂണിവേഴ്‌സിറ്റി ഓഫ് ബര്‍മിങാമിലെ ഗവേഷകരാണ് കണ്ടെത്തലിന് പിന്നില്‍.മനുഷ്യരിലുണ്ടാവുന്ന നട്ടെല്ല് സംബന്ധമായി പരിക്കുകള്‍ക്ക് ഈ കണ്ടെത്തല്‍ പരിഹാരമാര്‍ഗമായേക്കാമെന്ന പ്രതീക്ഷയിലാണ് ഗവേഷകര്‍. .
യു.കെയില്‍ നട്ടെല്ല് സംബന്ധമായ രോഗങ്ങള്‍ക്ക് പ്രതിവര്‍ഷം 2,500 പേര്‍ ചികിത്സ തേടുന്നുണ്ട്. ഇതിനൊരു പരിഹാര മാര്‍ഗമായി ചിലപ്പോള്‍ കണ്ടെത്തല്‍ മാറിയേക്കാം. മനുഷ്യരില്‍ മുട്ട് തേയ്മാനത്തിനുപയോഗിക്കുന്ന (osteoarthritis) മരുന്നായ AZD3342 ഉം എലികളില്‍ കാര്യമായ മാറ്റങ്ങളുണ്ടാക്കി.
ഈ മരുന്നുകള്‍ നട്ടെല്ലിന് പരിക്കേല്‍ക്കുമ്പോള്‍ ഉണ്ടാകുന്ന എന്‍സൈമുകളായ MMP-9, MMP-12 എന്നിവയുടെ പ്രവര്‍ത്തനം തടയുന്നതായി ക്ലിനിക്കല്‍ ആന്‍ഡ് ട്രാന്‍സ്‌ളേഷനല്‍ മെഡിസിന്‍ എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് നട്ടെല്ലില്‍ പരിക്കുണ്ടാകുമ്പോഴുണ്ടാകുന്ന നീര് വീക്കം കുറയ്ക്കുകയും അതുവഴി വേദന ഗണ്യമായി കുറയുകയും ചെയ്യുന്നു.
AZD1236 എന്ന മരുന്ന് നല്‍കിയ എലികളുമായി മരുന്ന് നല്‍കാത്തവയെ താരതമ്യം ചെയ്തായിരുന്നു പഠനം. മരുന്ന് നല്‍കിയവയില്‍ മൂന്ന് ദിവസം കൊണ്ട് 85 ശതമാനത്തോളം പരിക്കുകളും ഭേദമായി. ഈ സമയം കൊണ്ടിവ ചലനശേഷി വീണ്ടെടുക്കുകയും ചെയ്തു. അതേസമയം അപകടം നടന്ന ഉടന്‍ മരുന്ന് നല്‍കുന്നതിലും 24 മണിക്കൂറിന് ശേഷം മരുന്നുകള്‍ നല്‍കുന്നതും തമ്മില്‍ കാര്യമായ വ്യത്യാസങ്ങളുണ്ടായില്ലെന്നും സംഘം സ്ഥിരീകരിച്ചു.
AZD1236 എന്ന മരുന്ന് സുരക്ഷിതമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഉടന്‍ തന്നെ മനുഷ്യരില്‍ ആദ്യ ഘട്ട പരീക്ഷണങ്ങള്‍ നടന്നേക്കാമെന്നും പഠനത്തിന്റെ സഹരചയിതാവ് കൂടിയായ പ്രൊഫ. സുബൈര്‍ അഹമ്മദ് പറയുന്നു. അഞ്ചോ ആറോ വര്‍ഷങ്ങള്‍ കൊണ്ട് മനുഷ്യരില്‍ ഇത് പൂര്‍ണമായും ചികിത്സയ്ക്കായി ഉപയോഗിക്കാനുള്ള ശ്രമത്തിലാണ് ഗവേഷകര്‍.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..