ഫിസിക്സിൻറെ കഥ കാർട്ടൂണിലൂടെ, താണു പത്മനാഭൻ | Photo: Mathrubhumi Archives
കൂട്ടുകാര്‍ പാഡി എന്നുവിളിച്ച താണു പദ്മനാഭന് കാര്ട്ടൂണ്വഴി ഫിസിക്സിന്റെ ചരിത്രംപറയുന്ന ഒരു പുസ്തകം രചിച്ചിട്ടുണ്ട്-'ഫിസിക്സിന്റെ കഥ'. 1970-കളില്‍ തിരുവനന്തപുരത്ത് കളിച്ചുവളര്‍ന്ന വിദ്യാര്‍ഥി കാര്‍ട്ടൂണിനെ അതിന്റെ സര്വസാധ്യതകളോടെ ആസ്വദിച്ചിരിക്കും.
പത്രമാസികകള്ക്കുപുറത്ത് അക്കാലത്ത് ഇവിടങ്ങളില്‍ കാര്‍ട്ടൂണ്‍ കണ്ടിരുന്നത് സോവിയറ്റ് യൂണിയനില്‍നിന്നുള്ള ശാസ്ത്രപുസ്തകങ്ങളിലാണ്. സുഹൃദ് രാജ്യം ഇവ വിലകുറച്ച് വിറ്റിരുന്നു. ശാസ്ത്രവും ചരിത്രവും ശാസ്ത്രത്തിന്റെ ചരിത്രവും പഠിപ്പിക്കാന്‍ കാര്‍ട്ടൂണ്‍ ഇന്നും ഉപയോഗിക്കാറുണ്ട്. ദൃശ്യം മനസ്സിലുറപ്പിക്കുക, കാര്യങ്ങള്‍ സരളമായി പറയുക എന്നിങ്ങനെ ചിലതുണ്ട് ഈ കലയില്‍.
ഇതിനപ്പുറമൊരു ഇണക്കം കാര്‍ട്ടൂണിന് ഫിസിക്സിനോടുമാത്രമായിട്ടുണ്ട്. ഇത് നേരത്തേ കണ്ടെത്തിയത് അനിമേഷന്‍ ചെയ്യുന്ന അമേരിക്കന്‍ സിനിമാസ്റ്റുഡിയോകളാണ്. നമ്മുടെ കുട്ടികള്‍ ടി.വി.യില്‍ കാണുന്ന കാര്‍ട്ടൂണ്‍ കഥാപാത്രങ്ങള്‍ ഇരിപ്പുറയ്ക്കാത്തവരാണ്. സദാ ചലിച്ചുകൊണ്ടിരിക്കും, നിത്യ ജീവിതത്തില്‍ നാം പാലിക്കുന്ന സകലക്രമങ്ങളും തെറ്റിച്ചുകൊണ്ട്.
പുരപ്പുറത്തുനിന്നൊരു കോമിക് രൂപം അടിതെറ്റി വീഴുന്നത് ഞൊടിയിടയിലല്ല. ശൂന്യാകാശത്തില്‍ അല്പനേരം തങ്ങിനിന്ന്, താഴോട്ടുനോക്കി ഞെട്ടിവിറച്ച് ഞെട്ടലും വിറയും അഭിനയിച്ചുകാണിക്കുകയും ചെയ്തിട്ടാണ് നിലംപതിക്കുന്നത്. സാമാന്യബോധത്തിന് നിരക്കാത്ത ഈ ശൈലീകൃതചലനമാണ് ചിരിയുണര്‍ത്തുന്നത്. 1930-കളില്‍ വ്യാവസായികാടിസ്ഥാനത്തില്‍ അനിമേഷന്‍ ചെയ്തുതുടങ്ങിയപ്പോള്‍ ഇത്തരം ചലനങ്ങള്‍ പലവട്ടം ആവര്‍ത്തിക്കേണ്ടിവന്നു. വഴിയേ കാര്‍ട്ടൂണിലെ ആട്ടത്തിനും ചാട്ടത്തിനും ഒരു വ്യവസ്ഥയുണ്ടായി. അനിമേഷന്‍ കലാകാരന്മാര് അതിനെ 'കാര്‍ട്ടൂണ്‍ ഫിസിക്സ്' എന്നുവിളിച്ചു.

ഇതൊരു ശാസ്ത്രശാഖയല്ല, സാങ്കല്പിക കോമിക് കഥാപാത്രങ്ങളുടെ ഒരു ആട്ടപ്രകാരംമാത്രം. അത് സാധ്യമായതുപക്ഷേ, യഥാര്‍ഥ ശാസ്ത്രത്തിന്റെ പിന്‍ബലത്തിലാണ്. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളില്‍ ആല്‍ബര്‍ട്ട് ഐന്സ്റ്റൈന് അടക്കം ഒരു കൂട്ടം വൈജ്ഞാനികര്‍ മാറ്റിയെഴുതിയത് ശാസ്ത്രസിദ്ധാന്തങ്ങളെമാത്രമല്ല; അവര്‍ വെല്ലുവിളിച്ചത് നമ്മുടെ സാമാന്യാനുഭവത്തെക്കൂടിയാണ്. രണ്ടുനൂറ്റാണ്ടിലേറെയായി ഐസക് ന്യൂട്ടന് പറഞ്ഞപടി സുസ്ഥിരമായി തുടര്‍ന്ന ലോകത്തേക്കാണ് ഈ അട്ടിമറികള്‍ ഒന്നൊന്നായി കടന്നുവന്നത്. കാഴ്ചയുടെ അടിസ്ഥാനമായ പ്രകാശംതന്നെ പെട്ടെന്ന് അപരിചിതമായി. വളഞ്ഞും പുളഞ്ഞും കണികയായും തരംഗമായുമൊക്കെ നീങ്ങുന്ന ബഹുരൂപിയായി വെളിച്ചം. നമ്മെ നിലത്തുപിടിച്ചുനിര്ത്തുന്ന ന്യൂട്ടോണിയന്‍ ഗുരുത്വാകര്‍ഷണത്തെ ഐന്സ്റ്റൈന് അസ്ഥിരപ്പെടുത്തി; മറ്റുപലതിനെയും. പ്രപഞ്ചത്തിന് അളവുണ്ട്, അതിരില്ല എന്നൊക്കെ പറഞ്ഞാല്‍ എന്തുചെയ്യാനാണ്? പൊതുസമൂഹം അമ്പരപ്പോടെ പിന്തുടര്‍ന്ന ഈ വന്‍ കണ്ടെത്തലുകളെ അനിമേഷന്കാര്ക്ക് ഒരിത്തിരി വലിച്ചുനീട്ടേണ്ടകാര്യമേ ഉണ്ടായിരുന്നുള്ളൂ. അമ്പരപ്പ് ചിരിക്ക് വഴിമാറി.
ആധികാരികതയെ, നടപ്പുവ്യവസ്ഥകളെ, ധിക്കരിക്കാനുള്ള ഒരുക്കമില്ലെങ്കില്‍ ഫിസിക്സുമില്ല, കാര്ട്ടൂണുമില്ല. കഴിഞ്ഞ നൂറ്റാണ്ടിലെ അതികായനായ ഐന്‍സ്റ്റൈനെ ചോദ്യംചെയ്തുകൊണ്ടാണ് പാഡി ഗവേഷണം തുടര്‍ന്നത്. രാജഭരണകാലത്ത് ട്രാവന്‍കൂര്‍ യൂണിവേഴ്സിറ്റിയില്‍ വൈസ് ചാന്‍സലറാവാനുള്ള ക്ഷണം ഐന്സ്റ്റൈന് നിരസിച്ചത്രേ. 2006-ല്‍ അപ്പോഴേക്കും പേരുമാറി കേരള സര്‍വകലാശാലയായ ഇതേ സ്ഥാപനത്തില്‍ ഇതേസ്ഥാനം സ്വീകരിക്കാന്‍ പാഡിയും വിസമ്മതിച്ചു. പദവി മോശമായതുകൊണ്ടല്ല. സ്വതന്ത്രമായി പഠനവും അധ്യാപനവും തുടരാന്‍.
അധികാരത്തോട് അകന്നുനില്ക്കാന് കാര്‍ട്ടൂണിസ്റ്റിന് പ്രയാസമില്ല. അധികാരികള്‍ക്ക് വരക്കാരെക്കൊണ്ട് ഒരു പ്രയോജനവുമില്ല. ശാസ്ത്രജ്ഞരുടെ കാര്യം അങ്ങനെയല്ല. അണുബോംബുതൊട്ട് അണുബാധവരെ കൈകാര്യംചെയ്യാന്‍ അവര്‍ വേണം. പാഡിയെപ്പോലൊരു ശുദ്ധശാസ്ത്രചിന്തകനില് പെട്ടെന്ന് പ്രയോജനപ്പെടുത്താവുന്ന ഒന്നും കണ്ടെന്നുവരില്ല. എങ്കിലും ആളുടെ രാജ്യാന്തരപ്രശസ്തി ഭരണകൂടം തിരിച്ചറിഞ്ഞു. അറിവിനപ്പുറം ഒന്നും ശ്രദ്ധിക്കാത്ത ഈ അന്വേഷകനാവട്ടെ അകന്നുതന്നെനിന്നു.
അധികാരം പിടിമുറുക്കുന്ന ഇക്കാലത്ത് ഇങ്ങനൊയൊരാളുടെ വിടവാങ്ങല്‍ കടുത്ത നഷ്ടബോധമുണ്ടാക്കുന്നു. ഈ കാര്‍ട്ടൂണ്‍ സ്നേഹിക്കുവേണ്ടി ഒരു വിശിഷ്ടകാര്ട്ടൂണ് ഓര്‍ത്തെടുക്കുന്നു. ഐന്സ്റ്റൈന് മരിച്ച പിറ്റേന്ന് 1955 ഏപ്രില്‍ 19-ന് വാഷിങ്ടണ്‍ പോസ്റ്റില്‍ ഹെര്ബ്ലോക് വരച്ച ചിത്രത്തില്‍ സൗരയൂഥം, അതിലൊരിടത്ത് ഭൂഗോളം, അതിന്മേല് സ്മരണക്കുറിപ്പ്: 'ആല്‍ബര്‍ട്ട് ഐന്സ്റ്റൈന് ഇവിടെ ജീവിച്ചിരുന്നു.'
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..