പ്രതീകാത്മക ചിത്രം | Photo: Gettyimages
കാലാവസ്ഥാമാറ്റത്തിനും അന്തരീക്ഷ മലിനീകരണത്തിനുമിടയാക്കുന്ന വിഷവാതകങ്ങളുടെ ബഹിര്‍ഗമനം ലഘൂകരിക്കാനുള്ള കഠിനശ്രമത്തിലാണ് ലോകം. അതിനായി സ്വീകരിച്ചുവരുന്ന ഒരു വഴിയാണ് അന്തരീക്ഷത്തിലെ കാര്‍ബണിനെ പിടിച്ചെടുത്ത് നശിപ്പിക്കുന്ന കാര്‍ബണ്‍ കാപ്ചറിങ് എന്ന പ്രക്രിയ.
നിലവില്‍ കാലാവസ്ഥാ വ്യതിയാനത്തില്‍ എന്തെങ്കിലും മാറ്റമുണ്ടാകാന്‍ അന്തരീക്ഷത്തിലുള്ള കാർബണിന്റെ സാന്നിധ്യം കുറയ്ക്കാനാവണം. എന്നാൽ കാര്‍ബണിന്റെ ചെറിയൊരംശം മാത്രമേ ഇന്ന് പിടിച്ചെടുക്കാന്‍ സാധിക്കുന്നുള്ളൂ. എന്നാല്‍ ഇതില്‍ ഏറെ മുന്നേറ്റമുണ്ടാക്കാനാവുന്ന കണ്ടെത്തല്‍ നടത്തിയിരിക്കുകയാണ് ടെക്‌സാസ് സര്‍വകലാശാലയിലെ ഗവേഷകര്‍. കാർബൺഡൈ ഓക്സൈഡിനെ ഉയർന്ന മർദ്ദത്തിൽ കുറഞ്ഞ താപത്തിൽ ജലവുമായി ചേർത്ത് ക്രിസ്റ്റലാക്കി കാർബണിനെ കാപ്ചർ ചെയ്യാം. ഈ ക്രിസ്റ്റലിന്റെ രൂപീകരണ വേഗത വര്‍ധിപ്പിക്കാനുള്ള മാര്‍ഗം കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രജ്ഞർ. ഇതുവഴി ശതകോടിക്കണക്കിന് ടണ്‍ അന്തരീക്ഷ കാര്‍ബണ്‍ സമുദ്രത്തിന്റെ അടിത്തട്ടില്‍ കാലങ്ങളോളം സംഭരിക്കാന്‍ സാധിച്ചേക്കും.
കാര്‍ബണ്‍ കാപ്ചറിങ് ഭൂമിയ്ക്ക് വേണ്ടിയുള്ള ഒരു ഇന്‍ഷ്വറന്‍സ് ആണെന്ന് കോക്ക്‌റെല്‍ സ്‌കൂള്‍ ഓഫ് എൻജിനീയറിങിലെ പ്രൊഫസറും 'എസിഎസ് സസ്റ്റെയ്‌നബിള്‍ കെമിസ്ട്രി ആന്റ് എഞ്ചിനീയറിങ്' ഗവേഷണത്തിന്റെ സഹ രചയിതാവുമായ വൈഭവ് ബഹദൂര്‍ പറഞ്ഞു.
കാര്‍ബണ്‍ ന്യൂട്രല്‍ ആയതുകൊണ്ട് മതിയാവില്ലെന്നും കഴിഞ്ഞ കുറേ ദശാബ്ദങ്ങളായി പരിസ്ഥിതിയ്‌ക്കേറ്റ ആഘാതങ്ങള്‍ ഇല്ലാതാക്കാൻ കാര്‍ബണ്‍ നെഗറ്റീവ് ആവേണ്ടതുണ്ടെന്നും അദ്ദേഹം പറയുന്നു.
കുറഞ്ഞ താപനിലയില്‍ ഉയര്‍ന്ന മര്‍ദത്തില്‍ കാര്‍ബണ്‍ ഡയോക്‌സൈഡ് ജലവുമായി കൂടി ചേരുമ്പോഴാണ് കാർബൺ ക്രിസ്റ്റലുകൾ രൂപപ്പെടുന്നത്. ജലവുമായി ചേർത്തുണ്ടാക്കുന്ന ഈ കാർബൺ ക്രിസ്റ്റലിനെ ഹൈഡ്രേറ്റുകള്‍ എന്നാണ് വിളിക്കുന്നത്. എന്നാല്‍ നിലവില്‍ വളരെ വേഗം കുറഞ്ഞൊരു പ്രക്രിയയാണിത്. സ്വാഭാവികമായി ഈ രാസപ്രവര്‍ത്തനം നടക്കുന്നതിന് മണിക്കൂറുകളോ ചിലപ്പോള്‍ ദിവസങ്ങളോ വേണ്ടിവന്നേക്കാം.
എന്നാല്‍ ഈ രാസപ്രവര്‍ത്തനത്തിലേക്ക് മഗ്നീഷ്യം ചേര്‍ത്താല്‍ 3000 ഇരട്ടി വേഗത്തില്‍ ഹൈഡ്രേറ്റുകള്‍ രൂപപ്പെടുന്നതായി ഗവേഷകര്‍ കണ്ടെത്തി. ഇന്ന് ലഭ്യമായതില്‍ ഏറ്റവും വേഗമേറിയ രീതിയാണിത്. ഒരു മിനിറ്റോളം വേഗത്തില്‍ ഇത് സാധ്യമാവും. ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും വേഗമേറിയ ഹൈഡ്രേഷന്‍ രൂപീകരണ പ്രക്രിയയാണിത്.
ഹൈഡ്രേറ്റ് രൂപീകരണ പ്രക്രിയയുടെ വേഗത വര്‍ധിപ്പിക്കാന്‍ ഏതെങ്കിലും രാസവസ്തുകൂടി ചേര്‍ത്ത് ഇതിന്റെ വേഗം വര്‍ധിപ്പിക്കുകയാണ് ഇന്ന് ചെയ്തുവരുന്നത്. അത് ഫലപ്രദമാണെങ്കിലും വേഗം കുറവാണ്. മാത്രവുമല്ല ഈ രാസവസ്തുക്കള്‍ വളരെ ചിലവേറിയതും പരിസ്ഥിതിയ്ക്ക് ഗുണകരമായതും അല്ല.
റിയാക്ടറുകളിലാണ് ഹൈഡ്രേറ്റുകള്‍ രൂപപ്പെടുന്നത്. പ്രായോഗിക തലത്തില്‍ ഈ റിയാക്ടറുകള്‍ സമുദ്രത്തിനടിയിലാണ് വിന്യസിക്കേണ്ടത്. വായുവില്‍ നിന്ന് വലിച്ചെടുക്കുന്ന കാര്‍ബണ്‍ ഡയോക്‌സൈഡ് സമുദ്രത്തിനടിയിലെ റിയാക്ടറുകളിലേക്ക് കൊണ്ടുപോവുകയും ഹൈഡ്രേറ്റുകളാക്കി മാറ്റുകയും ചെയ്യുന്നു. ഹൈഡ്രേറ്റുകളുടെ സ്ഥിരത കാര്‍ബണ്‍ ചോര്‍ച്ചയുടെ ഭീഷണികള്‍ കുറയ്ക്കും.
അന്തരീക്ഷത്തിലെ കാര്‍ബണിന്റെ അളവ് എങ്ങനെ കുറയ്ക്കുമെന്ന ചോദ്യം ആഗോള തലത്തില്‍ ഉയരുമ്പോഴും CO2 ഹൈഡ്രേറ്റുകളെ ഒരു സാധ്യതയായി കണക്കാക്കിക്കൊണ്ടുള്ള ഗവേഷണം നടത്തുന്നവര്‍ കുറവാണെന്ന് ബഹദൂര്‍ പറഞ്ഞു.
എക്‌സോണ്‍മൊബിലും യുടി ഓസ്റ്റിനിലെ എനര്‍ജി ഇന്‍സ്റ്റിറ്റ്യൂട്ടും ചേര്‍ന്നാണ് ഈ ഗവേഷണം നടത്തിയത്. തങ്ങളുടെ കണ്ടെത്തല്‍ വാണിജ്യവത്കരിക്കുന്നതിന് പേറ്റന്റ് സ്വന്തമാക്കാനുള്ള ശ്രമത്തിലാണിപ്പോള്‍ ഗവേഷകരും എക്‌സോണ്‍ മൊബിലും.
കടപ്പാട് : https://phys.org/news/2021-09-metals-supercharge-method-carbon-dioxide.html
https://pubs.acs.org/doi/10.1021/acssuschemeng.1c03041
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..