Photo: Gettyimages
യുഗങ്ങള്‍ക്കു മുമ്പ് ആദിമ മനുഷ്യന്‍ കാട് വിട്ട് നാടുവാഴാന്‍ തുടങ്ങിയ കാലത്ത് സിന്ധു നദിയുടെ കരയില്‍ സൈന്ധവസംസ്‌കാരം ഉരുത്തിരിഞ്ഞു. പിന്നെയും കാലചക്രം ഉരുണ്ടപ്പോള്‍ മണ്ണിനടിയില്‍ മറഞ്ഞ ആ സംസ്‌കൃതിയുടെ വിത്തും വേരും ചികഞ്ഞ് ചിലരെത്തി. അവരതിനെ മോഹന്‍ജദാരോ എന്നും ഹാരപ്പന്‍ സംസ്‌കൃതി എന്നുമെല്ലാം പേരിട്ടു വിളിച്ചു. അവിടുന്നെടുത്ത ഒരുപിടി മണ്ണില്‍ നിന്ന് ആ കാലത്തിന്റെ ഉര്‍വ്വരതയുടെ സംഗീതം അവര്‍ കേട്ടു. വര്‍ഷങ്ങള്‍ക്കിപ്പുറവും മരിക്കാതെ ആ മണ്ണില്‍ യോഗനിദ്രയിലായിരുന്നു കുറേ പൂമ്പൊടികള്‍. അവ പറഞ്ഞുകൊടുത്തു മണ്‍മറഞ്ഞ ഒരു കാലത്തിന്റെ കഥ.
പോളന്‍ ഡേറ്റിങ് എന്ന ആധുനിക സങ്കേതം ഉപയോഗിച്ചാണ് പുരാവസ്തു ശാസ്ത്രജ്ഞര്‍ പലപ്പോഴും കാലത്തെ ഗണിക്കാറ്. കേവലം മൃദുവായ ഒരു നിസ്സാരനെന്നു വിളിക്കുന്ന പൂമ്പൊടി നൂറ്റാണ്ടുകള്‍ക്കിപ്പുറവും മരിക്കാതെ മണ്ണില്‍ കിടക്കുന്നു എന്നത് ഒരു ശാസ്ത്ര സത്യമാണ്. പഠനങ്ങള്‍ നടക്കുന്ന സ്ഥലത്തെ മണ്ണിനടിയില്‍ നിന്നും പാറകള്‍ക്കിടയില്‍നിന്നും പൂമ്പൊടിയുടെ സാന്നിധ്യം കണ്ടെത്താറുണ്ട്. പാറകള്‍ക്കിടയില്‍ കാണുന്നത് കാലങ്ങള്‍ക്കു മുമ്പേയുള്ള ചരിത്രത്തിലേക്കും മണ്ണിന്റെ ഉപരി തലത്തിലുള്ളത് താരതമ്യേന പുതിയ കാലത്തുള്ളതുമാണെന്ന് കരുതപ്പെടുന്നു. പൂമ്പൊടിയുടെ എണ്ണം അല്ലെങ്കില്‍ അളവ് എത്രമാത്രമുണ്ടെന്നതും അവയുടെ ആകൃതിയുമെല്ലാം ഓരോ സൂചനകളാണ് തരുന്നത്.

അഗ്‌നി പര്‍വ്വത സ്ഫോടനത്തിന്റെയും കറുത്ത മരണങ്ങളുടേയും മൂകസാക്ഷി
1104, 1362, 1510 വര്‍ഷങ്ങളിലുണ്ടായ ഐസ്ലാന്‍ഡിക് അഗ്‌നിപര്‍വ്വത സ്ഫോടനങ്ങള്‍ക്ക് ശേഷം വന്ന തലമുറയ്ക്ക് ആ സംഭവത്തിന് മുമ്പുള്ള കാലത്തെപ്പറ്റി പറഞ്ഞുകൊടുത്തത് ഇതേ പൂമ്പൊടി തന്നെയാണ്. മണ്ണില്‍ പുതഞ്ഞു പോയ പൂമ്പൊടികളാണ് ഇതിന് കാരണമായത്. രാസ പ്രവര്‍ത്തനങ്ങള്‍ക്കോ കടുത്ത ചൂടിനോ തകര്‍ക്കാനാവില്ല നിസ്സാരമെന്നു വിചാരിക്കുന്ന ഇതിനെ എന്നതാണ് സത്യം. കൂടാതെ പ്ലേഗിന്റെ തുടര്‍ച്ചയായി ആഫ്രോ - യൂറേഷ്യയില്‍ 1346 മുതല്‍ 1353 വരെയുള്ള കാലത്തുണ്ടായ കറുത്ത മരണങ്ങള്‍ക്ക് ശേഷം കാര്‍ഷിക രംഗത്തെ മാറ്റത്തെപ്പറ്റി അറിയാന്‍ കഴിഞ്ഞതും പൂമ്പൊടിയുടെ പഠനത്തിലൂടെയാണ്. ജീവികളുടെയും മനുഷ്യന്റെയും ശരീരത്തില്‍ മരണത്തിന് തൊട്ടുമുമ്പ് ശ്വസനത്തിലൂടെയും മറ്റുമെത്തുന്ന പൂമ്പൊടി തങ്ങി നില്‍ക്കുന്നത് മണ്ണില്‍ പുതഞ്ഞാലും ഫോസിലായി രൂപപ്പെടാം. ഇത് മണ്ണില്‍ തങ്ങി നില്‍ക്കുമെന്ന് പഠങ്ങള്‍ പറയുന്നു. വെങ്കല യുഗത്തിലെ കാര്‍ഷിക വൃത്തിയെപ്പറ്റി മനസ്സിലാക്കുന്നത് സഹായകമായത് പോളന്‍ പഠനമാണെന്ന് കേംബ്രിജ് സര്‍വകലാശാലയിലെ ശാസ്ത്രജ്ഞര്‍ പറയുന്നുണ്ട്.
പൂമ്പൊടിയുടെ പഠനം അഥവാ പോളന്‍ ഡേറ്റിങ്
പൂമ്പൊടി അഥവാ പോളന്‍ഗ്രെയ്നിന്റെ പഠനമാണ് കാലഗണനയ്ക്ക് സഹായിക്കുന്നത്. സാധാരണ ഏതൊരു പുരാവസ്തു ഗവേഷകരും ഉപയോഗിക്കുന്ന കാര്‍ബണ്‍ ഡേറ്റിങ് ( c14) രീതിയാണ് ഇവിടെയും പിന്തുടരുന്നത്. അന്തരീക്ഷത്തിലുള്ള കോസ്മിക് രശ്മികളുമായി ചേര്‍ന്ന് ഉണ്ടാവുന്ന ഒന്നാണ് റേഡിയോ കാര്‍ബണ്‍. ഇത് അന്തരീക്ഷത്തിലെ ഓരോ വസ്തുവുമായും ബന്ധപ്പെടുന്നതുവഴി വസ്തുക്കളുടെ ഉപരിതലത്തില്‍ തങ്ങി നില്‍ക്കാം. കാലങ്ങള്‍ കടന്നു പോകുമ്പോള്‍ ഇത്തരത്തില്‍ അടിഞ്ഞുകൂടുന്ന കാര്‍ബണിന്റെ അളവിലും മാറ്റമുണ്ടാകും. ഫോസിലുകളിലെ ഈ കാര്‍ബണിന്റെ അളവെത്ര എന്നു കണ്ടെത്തുന്നതിലൂടെ കാലം പിന്നോട്ട് കണക്കാക്കാന്‍ കഴിയും. പൂമ്പൊടിയുടെ പുറംഭാഗത്തുള്ള ആവരണത്തില്‍ തങ്ങി നില്‍ക്കുന്ന റേഡിയോ കാര്‍ബണിന്റെ അളവും സ്വഭാവവും കണക്കാക്കുന്നതുവഴി കാലഗണനയ്ക്കൊപ്പം അന്നത്തെ അന്തരീക്ഷത്തിന്റ സ്വഭാവവും മറ്റും മനസ്സിലാക്കാന്‍ കഴിയുന്നു.

പൂമ്പൊടി ഇത്ര ശക്തനോ ?
പ്രകൃതിയില്‍ കാണപ്പെടുന്ന വസ്തുക്കളില്‍ നാശം സംഭവിക്കാതെ കാലങ്ങളോളം നിലനില്‍ക്കുന്ന ഒന്നാണ് പൂമ്പൊടി. ഒരുചെടിയുടെ നിലനില്‍പ്പിനായി ദൈവം നല്‍കിയ അപൂര്‍വ്വ സിദ്ധിയെന്നോ പ്രകൃതിയുടെ സമ്മാനമെന്നോ നമുക്കിതിനെ വിളിക്കാം. വിവിധ കവചങ്ങള്‍ ഉള്ള പൂമ്പൊടിയുടെ പുറമേയുള്ള എക്സൈന്‍ കവചമാണ് പ്രധാനം. ഇതിലടങ്ങിയിട്ടുള്ള സ്പോറോപോളിനീന്‍ എന്ന പോളിമെറാണ് പൂമ്പൊടിയെ സംരക്ഷിക്കുന്നത്. കാറ്റിലൂടെയും വെള്ളത്തിലൂടെയും എല്ലാം മണ്ണിലെത്തുന്ന പൂമ്പൊടി രാസമാറ്റങ്ങള്‍ക്കോ നാശത്തിനോ വിധേയമാകാതെ കിടക്കാന്‍ കാരണവും ഇതു തന്നെയാണ്. ഇതിന് കാരണം സ്പോറോപോളിനീന്റെ രാസതുല്യത അഥവ കെമിക്കല്‍ സ്റ്റെബിലിറ്റി തന്നെയാണ്. മറ്റൊന്നിനോടും ബന്ധപ്പെടാതെ നില്‍ക്കാനുള്ള സവിശേഷതയുള്ളതിനാല്‍ ഫോസില്‍ രൂപത്തില്‍ ഇത് മണ്ണില്‍ കഴിയുന്നു.
പ്രകൃതിയുടെ വികൃതികള്‍ വിചിത്രമാണ്. ശക്തരെന്നു വിശ്വസിക്കുന്നവരേക്കാള്‍ ശക്തി സാധുവെന്ന് വിശ്വസിക്കുന്ന നിസ്സാരരില്‍ ഒളിപ്പിക്കുന്ന മാന്ത്രികത പ്രകൃതിയ്ക്ക് മാത്രം സ്വന്തം. കാലങ്ങള്‍ക്കപ്പുറത്തേക്ക് വിരല്‍ ചൂണ്ടാന്‍ യുഗങ്ങള്‍ക്കിപ്പുറം ബാക്കി വയ്ക്കുന്നത് കേവലം പൂമ്പൊടിയെയാണെന്നത് ഈ വികൃതിയുടെ ഭാഗം. ഇതുപോലെ ഇനിയും എത്ര അത്ഭുതങ്ങള്‍.
Content Highlights: pollen dating, carbon dating, archaeology
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..