വിചിത്ര പഥങ്ങളിലൂടെ സഞ്ചരിക്കുന്ന ശാസ്ത്രം


By ഡോ. എ. സുജിത്ത്

8 min read
National Science Day
Read later
Print
Share

കാലം കടന്നു പോയപ്പോള്‍ മനസിലാക്കുന്നു ഞങ്ങള്‍ ശാസ്ത്രം പഠിച്ചത് വിദ്യാലയങ്ങളില്‍ നിന്നല്ല പ്രകൃതിയെന്ന ഏറ്റവും വലിയ സര്‍വകലാശാലയില്‍ നിന്നായിരുന്നു എന്ന്. ഫെബ്രുവരി 28, ദേശീയ ശാസ്ത്രദിനം!

Representational Image | Photo: Gettyimages

"In the history of science, we often find that the study of some natural phenomenon has been the starting point in the development of a new branch of knowledge." - C. V. Raman

കുട്ടിക്കാലം....ഒരു മനുഷ്യന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ കാലഘട്ടം. ഓര്‍മയില്‍ ഞങ്ങള്‍ക്കു മുന്നില്‍ കൂടി കടന്നു പോയ ആ സുന്ദരകാലത്തിന്റെ മധുരസ്മരണകള്‍. അന്ന് നോട്ടുബുക്കിന്റെ വെള്ള കടലാസില്‍ ചെമ്പരത്തിപ്പൂ ചതച്ചു തേച്ചു ഞങ്ങള്‍ അതിനെ കടും നീല നിറമുള്ളതാക്കി മാറ്റി. അതില്‍ ഒരു ഉറുമ്പിനെ പിടിച്ചു അമര്‍ത്തുമ്പോള്‍ നല്ല ചുവപ്പു നിറം ഉണ്ടാകുന്നതു ഞങ്ങള്‍ കണ്ടു. ഞങ്ങള്‍ക്ക് അന്ന് അറിയില്ലായിരുന്നു ഒരു വസ്തുവിന് അമ്ലഗുണമാണോ എന്ന് പരിശോധിക്കാനുള്ള പരീക്ഷണമായിരുന്നു അതെന്ന്. ചുമരിലൂടെ വരിവരിയായി പോകുന്ന ഉറുമ്പിന്റെ സഞ്ചാരപഥത്തിനു നടുവിലൂടെ വിരല്‍ കൊണ്ട് ഒരു ചെറിയ വര വരച്ചു ഞങ്ങള്‍ അതിന്റെ വഴി തെറ്റിച്ചു. ഞങ്ങള്‍ക്കറിയില്ലായിരുന്നു ഉറുമ്പുകള്‍ അവരുടെ വരി തെറ്റാതെ സൂക്ഷിക്കുന്നത് ഫിറമോണ്‍ (pheromone) എന്ന രാസവസ്തു ഉപയോഗിച്ചാണെന്ന്. പറന്നു പോകുന്ന അപ്പൂപ്പന്‍ താടിയെ പിടിച്ചെടുത്തു അതിന്റെ അല്ലികള്‍ ഊതി തെറിപ്പിച്ചു ഞങ്ങള്‍. അന്ന് ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു വിത്തുകള്‍ നാനാ ഭാഗത്തുമെത്തിക്കാൻ അപ്പൂപ്പന്‍ താടി ഞങ്ങളെക്കൊണ്ട് അത് ചെയ്യിപ്പിച്ചതായിരുന്നു എന്ന്. വെള്ളത്തിന് മുകളിലൂടെ അനായാസം തെന്നി നീങ്ങുന്ന വെള്ളത്തിലാശാനെ ഞങ്ങള്‍ കൗതുകത്തോടെ നോക്കി നിന്നു. അന്ന് ഞങ്ങള്‍ക്കറിയില്ലായിരുന്നു ആ ജീവിയുടെ കാല്‍പ്പാദത്തിനടിയില്‍ നമുക്ക് കണ്ണ് കൊണ്ട് നോക്കിയാല്‍ കാണാത്ത ചെറിയ ബ്രഷ് പോലുള്ള നാരുകള്‍ ഉണ്ടെന്നും വെള്ളത്തിലൊട്ടിപ്പിടിക്കാതെ അതിനു മുകളിലൂടെ സഞ്ചരിക്കാൻ അതാണ് അവയെ സഹായിക്കുന്നത് എന്നും.

തൊട്ടാവാടിയുടെ ഇലത്തണ്ട് പൊട്ടിച്ചു ചെറിയ പുല്‍ക്കൊടിയുടെ കുഴലുപോലെയുള്ള തണ്ടിന്റെ അറ്റത്തു വെച്ച് ഊതിയാല്‍ കുമിളകളുണ്ടാകുന്നത് ഞങ്ങള്‍ കണ്ടു. വെള്ളം സംഭരിച്ചു വെക്കുന്ന പൊട്ടിങ്ങാ ഇലകളും, വെള്ളത്തണ്ടും ഉപയോഗിച്ച് ഞങ്ങള്‍ സ്ലേറ്റുകള്‍ വൃത്തിയാക്കി. പാലമരത്തിന്റെ ഇലത്തണ്ട് പൊട്ടിച്ചാല്‍ വരുന്ന വെളുത്ത ദ്രാവകം ഞങ്ങള്‍ അത്ഭുതത്തോടെ കണ്ടു. വയലിന്റെ കരയിലെ ചെറിയ മഞ്ഞ പൂവിന്റെ മധ്യഭാഗം എടുത്തു നാവില്‍ വെച്ചാല്‍ ചെറിയ ഷോക്കേറ്റതു പോലുള്ള അനുഭവം ഞങ്ങള്‍ അറിഞ്ഞു. മഴ പെയ്തു കഴിഞ്ഞാല്‍ പുല്‍തണ്ടില്‍ രൂപം കൊള്ളുന്ന ഉറച്ച തണുപ്പുള്ള വെള്ളത്തുള്ളി കൊണ്ട് കണ്ണില്‍ തൊട്ടു. അമ്പിളിമാമന്റെ വൃദ്ധിക്ഷയങ്ങളും, ആകാശത്തിന്റെ വര്‍ണ വ്യത്യാസങ്ങളും, മഴവില്ലും കണ്ട് ഞങ്ങള്‍ അത്ഭുതപ്പെട്ടു. കാലം കടന്നു പോയപ്പോള്‍ മനസിലാക്കുന്നു ഞങ്ങള്‍ ശാസ്ത്രം പഠിച്ചത് വിദ്യാലയങ്ങളില്‍ നിന്നല്ല പ്രകൃതിയെന്ന ഏറ്റവും വലിയ സര്‍വകലാശാലയില്‍ നിന്നായിരുന്നു എന്ന്.

Representational Image | Photo: Gettyimages

പ്രിയ കവി വില്യം വേര്‍ഡ്സ് വര്‍ത്തിന്റെ 'പ്രകൃതിയായിരിക്കട്ടെ നമ്മളുടെ അധ്യാപകന്‍' എന്ന വാക്യം ഓര്‍ത്തു പോകുന്നു. ഒരു മണ്‍തരിയില്‍ ഈ പ്രപഞ്ചത്തെ മുഴുവന്‍ കാണാനും, ഒരു മഞ്ഞുതുള്ളിയില്‍ ഒരു സമുദ്രത്തെതന്നെ കാണാനും, അതിരു കടന്ന ഭാവന നെഞ്ചിലേറ്റാനും പുതിയ പ്രചോദനങ്ങള്‍ കൈക്കൊള്ളാനും ഇതെല്ലാം ഞങ്ങളെ പഠിപ്പിച്ചു. മനുഷ്യനുണ്ടായ കാലം മുതല്‍ അവന്‍ പ്രകൃതിയിലെ ചില പ്രതിഭാസങ്ങള്‍ കണ്ടു പേടിക്കുകയും, ചിലവ കണ്ടു പുളകിതനാകുകയും മറ്റു ചിലതു കണ്ടു അത്ഭുതപ്പെടുകയും ചെയ്തു. കാട്ടുതീ കണ്ടു പേടിച്ചു ഓടിയ നമ്മള്‍ തീ എന്ന ഊര്‍ജ വെളിച്ചത്തെ ഒരു ചെറിയ തീപ്പെട്ടിയിലും സിഗര്‍ലൈറ്ററിലും ഒതുക്കി നമ്മുടെ നിയന്ത്രണത്തിലാക്കി. ആദ്യം മരത്തിലും പിന്നീട് ഇരുമ്പിലും പില്‍ക്കാലത്തു 'ഹേവിയയുടെ കണ്ണുനീര്‍' എന്നറിയപ്പെടുന്ന റബ്ബര്‍പാല്‍ കൊണ്ടും ചക്രങ്ങളുണ്ടാക്കി. പ്രകൃതിയിലെ വസ്തുക്കളെ അന്ധമായി അനുകരിക്കാന്‍ തുടങ്ങി. പ്രകൃതിയിലെ പ്രതിഭാസങ്ങളെ എങ്ങനെ നമ്മുടെ നിത്യജീവിതത്തിലെ ജീവിത സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ വേണ്ടി ഉപയോഗിക്കാമെന്നു കണ്ടെത്തി. ഇന്നും തുടരുന്ന ഈ നിലക്കാത്ത അന്വേഷണം! അതിനെ നമുക്ക് ശാസ്ത്രമെന്നു വിളിക്കാം.

ശാസ്ത്രത്തിന്റെ നാം പിന്നിട്ട വഴികള്‍ നോക്കുമ്പോള്‍ നേരത്തെ കണ്ട ശരികള്‍ ചിലപ്പോള്‍ തിരുത്തപ്പെട്ടു. അത് മനസ്സിലാക്കാന്‍ ശാസ്ത്രത്തിന്റെ സഞ്ചാരപഥം എങ്ങിനെയാണെന്ന് നോക്കാം. ശാസ്ത്രത്തിന്റെ രീതികള്‍ വളരെ വ്യത്യസ്തമാണെന്ന് കാണാം. ഗ്രീക്ക് തത്ത്വചിന്തകനായ ഡെമോക്രിറ്റസ് ഒരിക്കല്‍ പ്രസ്താവിച്ചു. വെള്ളത്തിന്റെ അടിസ്ഥാന കണികകള്‍ ഉരുണ്ട ആകൃതിയിലാണ്. അതുകൊണ്ടാണത്രെ വെള്ളത്തില്‍ തൊടുമ്പോള്‍ ചെറിയ തണുപ്പും നല്ല അനുഭവവും. തീയുടെ അടിസ്ഥാന കണങ്ങള്‍ വളരെ കൂര്‍ത്ത അഗ്രത്തോടുകൂടിയ നക്ഷത്രത്തിന്റെ രൂപത്തിലാണെന്നും പറഞ്ഞു. അതുകൊണ്ടാണ് തീയില്‍ തൊടുമ്പോള്‍ നമുക്ക് വേദനിക്കുന്നത്. മണ്ടത്തരമാണെന്നു തോന്നാമെങ്കിലും അദ്ദേഹത്തിന്റെ അനുഭവം വെച്ചാണ് ഇങ്ങനെ ഒരു സിദ്ധാന്തമുണ്ടാക്കിയത്. നോക്കൂ ശാസ്ത്രത്തില്‍ പുതിയ സിദ്ധാന്തങ്ങളുണ്ടാകുന്നത് ഇത്തരം എന്നും ഒരേപോലെ തോന്നുന്ന അനുഭവങ്ങളില്‍ നിന്നാണ്. ഉദാഹരണമായി A എന്ന വസ്തുവിനെ ഒരു പ്രത്യേക സമയത്തു ഒരിടത്തു കാണുന്നു. എപ്പോള്‍ നോക്കുമ്പോഴും അവിടെ തന്നെ കാണുന്നു. നമുക്ക് ഒരു സിദ്ധാന്തം ഉണ്ടാക്കാം. A എന്ന വസ്തു ഇന്ന സമയത്തു ഇന്ന സ്ഥലത്തു കാണാന്‍ പറ്റുമെന്ന്. അതായതു നിരന്തരമായ നിരീക്ഷണത്തിലൂടെയാണ് ഒരു സിദ്ധാന്തം രൂപപ്പെടുന്നത്. ശാസ്ത്രത്തിന്റെ വഴികളില്‍ പ്രമുഖ സ്ഥാനവും നിരീക്ഷണത്തിന് തന്നെ. ഇത്തരം നിരീക്ഷണങ്ങളിലൂടെ സിദ്ധാന്തങ്ങള്‍ നമുക്കെല്ലാവര്‍ക്കും ഉണ്ടാക്കാമെങ്കിലും അനുയോജ്യമായ ഒരു മാതൃക (model) വെച്ച് അതിനെ വിവരിച്ചാല്‍ മാത്രമേ അത് ശാസ്ത്രത്തിനു സ്വീകാര്യമാകുകയുള്ളു. ഉദാഹരണമായി കമ്പനം (vibration) എന്ന ചലനം വിശദീകരിക്കാന്‍ അവതരിപ്പിക്കപ്പെട്ട മാതൃക 'simple pendulum' ആണ്. കറക്കം (rotation) എന്ന ചലനം വിവരിക്കാന്‍ വേണ്ടിയുള്ള മാതൃകയാണ് രണ്ടു ഗോളങ്ങളെ കൂട്ടിയോജിപ്പിച്ചു കിട്ടുന്ന ഡംബല്‍ ഘടന (rigid rotor). അതുമാത്രം പോരാ ഇത്തരം അനുയോജ്യമായ മാതൃകകള്‍ വെച്ച് പ്രതിഭാസങ്ങളെ വിശദീകരിച്ചു അതിനു വേണ്ട സമവാക്യങ്ങള്‍ തയ്യാറാക്കുകയും വേണം.

Representational Image | Photo: Gettyimages

അടുത്ത ഘട്ടം നിയന്ത്രിത സാഹചര്യത്തില്‍ ലാബുകളില്‍ വെച്ച് ഈ സിദ്ധാന്തം ശരിയാണെന്നു തെളിയിക്കാനുള്ള പരീക്ഷണങ്ങള്‍ നടക്കണം. ഈ മൂന്നു കാര്യങ്ങളും പല തലമുറകളായിട്ടായിരിക്കും ചിലപ്പോള്‍ സംഭവിക്കുക. ഉദാഹരണമായി വെളിച്ചം ചില ലോഹങ്ങളില്‍ പതിക്കുമ്പോള്‍ അതില്‍ നിന്നും ഇല ക്ട്രോണുകള്‍ പുറത്തു വരുന്ന ഫോട്ടോ ഇലക്ട്രിക് ഇഫക്ട് (photo electric effect) എന്ന പ്രതിഭാസം. ഈ പ്രതിഭാസത്തെ പൂര്‍ണമായ തോതില്‍ വിശദീകരിച്ചത് ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ആയിരുന്നു. എന്നാല്‍ അനേകകാലത്തെ നിരവധി പരീക്ഷണങ്ങള്‍ക്കു ശേഷമാണ് സോളാര്‍ സെല്ലുകളുടെ രൂപീകരണത്തിന് ഇത് വഴി വെച്ചത്. ഇങ്ങനെയുള്ള നിരന്തര പരീക്ഷണ നിരീക്ഷണങ്ങളിലൂടെയാണ് ശാസ്ത്രം മുന്നേറുന്നത്. സിദ്ധാന്ത പ്രകാരം ശരിയായി കണക്കു കൂട്ടിയ കാര്യങ്ങള്‍ ലാബുകളില്‍ തെളിയിക്കപ്പെടാത്ത അവസരങ്ങളും ഉണ്ടായിട്ടുണ്ട്. കൃത്യമായ മാതൃക ഇല്ലാത്ത സിദ്ധാന്തങ്ങള്‍ക്കാണ് ഇങ്ങനെ സംഭവിക്കുന്നത്. എന്നാല്‍ ചിലപ്പോള്‍ നമ്മുടെ ലാബിലെ സാഹചര്യങ്ങളും വളരെ പ്രധാനമാണ്. കേവല പൂജ്യം എന്നത് സിദ്ധാന്ത പ്രകാരം നമുക്ക് ലഭ്യമാക്കാന്‍ പറ്റുന്ന ഏറ്റവും താഴ്ന്ന തണുപ്പുള്ള അവസ്ഥയാണ്. അത് -273.15 ഡിഗ്രി സെല്‍ഷ്യസ് ആണെന്ന് നമുക്കറിയാം. എന്നാല്‍ നമ്മുടെ പരീക്ഷണ ശാലയിലെ സാഹചര്യങ്ങള്‍ വെച്ചു അതിനു വളരെ അടുത്ത് എത്താന്‍ മാത്രമേ നമുക്ക് പറ്റിയിട്ടുള്ളൂ. ഹൈഡ്രജനും ഓക്‌സിജനും കൂട്ടിച്ചേര്‍ത്താല്‍ വെള്ളമുണ്ടാകുമെന്നു നമ്മള്‍ പഠിച്ചിട്ടുണ്ട്. എന്നാല്‍ നമ്മുടെ സാധാരണ ഒരു സജ്ജീകരണത്തില്‍ വെച്ച് ഇത് രണ്ടും കൂട്ടിച്ചേര്‍ത്താല്‍ വെള്ളം ഉണ്ടാകുന്നില്ല. അതിനു ഒരു പാടു കാലമെടുക്കും. കാരണം ഈ രാസപ്രക്രിയയുടെ വേഗം വളരെ കുറവാണ്. എന്നാല്‍ ഒരു പ്ലാറ്റിനം ലോഹത്തിന്റെ (platinum) സാന്നിധ്യത്തില്‍ ഈ പ്രക്രിയ വളരെ വേഗത്തില്‍ നടക്കുന്നു. ഇവിടെ പ്ലാറ്റിനം ഒരു ഉല്‍പ്രേരകമായി പ്രവര്‍ത്തിക്കുന്നു.

സിദ്ധാന്തങ്ങള്‍ക്കും പ്രായോഗികമായി വ്യവസ്ഥകളുണ്ട്. ഉദാഹരണമായി ന്യൂട്ടന്റെ മൂന്നാം ചലന നിയമം നോക്കുക. 'for every action (force) in nature there is an equal and opposite reaction' എന്നാണല്ലോ. അതായതു നാം എന്തെങ്കിലുമൊന്ന് ഒരു വസ്തുവിനെ ചെയ്യാതെ ഈ പ്രപഞ്ചത്തിലെ ഒരു വസ്തുവിനും തിരിച്ചു ഒന്നും ചെയ്യാനുള്ള കഴിവില്ല എന്നാണ്. അതായതു നാം ചുമരിലിടിക്കുമ്പോള്‍ കൈ വേദനിക്കു‌ന്നത് ചുമര്‍ തിരിച്ചു അതേ ഇടി നമുക്ക് തരുന്നത് കൊണ്ടാണ്. നാം ഒരു വൈയിങ് മെഷീനില്‍ നില്‍ക്കുമ്പോള്‍ മെഷീന്‍ തിരിച്ചു അതെ ബലം നമ്മുടെ മേല്‍ തരുന്നു. പക്ഷെ ഇത് എല്ലായിപ്പോഴും സംഭവിക്കണമെന്നില്ല. നമ്മുടെ വിഖ്യാത ഓട്ടക്കാരനായ കാള്‍ ലൂയിസിനെ ട്രാക്കിനു പകരം നമ്മുടെ ചെളി നിറഞ്ഞ വയലിലൂടെ ഓടാന്‍ വിട്ടാല്‍ അദ്ദേഹത്തിന് ട്രാക്കിലെ വേഗം കൈവരിക്കാന്‍ പറ്റുമോ. ഇല്ലല്ലോ. അതായത് പ്രായോഗികമായി എല്ലാ വസ്തുക്കളും ആക്ഷന് നേര്‍ തുല്യവും വിപരീതവുമായ റിയാക്ഷന്‍ തിരിച്ചു തരുന്നില്ല. സിദ്ധാന്തങ്ങള്‍ മനഃപാഠം പഠിക്കുന്നതില്‍ അര്‍ത്ഥമില്ല എന്ന് പറയാം.

Representational Image | Photo: Gettyimages

ചില സിദ്ധാന്തങ്ങള്‍ വ്യത്യസ്ത സമീപനങ്ങള്‍ കൊണ്ട് ഒരേ സത്യം തന്നെ പറയുന്നുണ്ട്. എന്നാല്‍ നമുക്ക് ഒന്ന് തെറ്റും മറ്റേതു ശരിയാണെന്നും തോന്നാം. ഇത്തരം ഒരു സംശയം പണ്ട് വന്ന ക്ലാസിക്കല്‍ മെക്കാനിക്സും പിന്നീട് വികസിപ്പിച്ച ക്വാണ്ടo സിദ്ധാന്തവും തമ്മിലുണ്ടായിരുന്നു. പുതിയത് വന്നപ്പോള്‍ പഴയതെല്ലാം തെറ്റാണെന്നു വിചാരിച്ചു. എന്നാല്‍ രണ്ടും സത്യമായിരുന്നു. ഇത് മനസ്സിലാക്കാന്‍ ഒരു കഥ പറയാം. ഒരു പാട് നിലകളുള്ള ഒരു വലിയ കെട്ടിടം. അതിന്റെ മുറ്റത്തു ഒരു ഗോള്‍ഫ് കളി നടക്കുന്നു. അതായതു ചെറിയ കുഴികളുണ്ട് അതിലേക്ക് ഒരു ചുവന്ന ബോള്‍ വീഴ്ത്തുന്നു. ഈ കളി ഒരാള്‍ ഈ കെട്ടിടത്തിന്റെ മുകളിലത്തെ നിലയില്‍ നിന്നും മറ്റൊരാള്‍ ഏറ്റവും താഴത്തെ നിലയില്‍ നിന്നും കാണുന്നു. മുകളില്‍ നിന്നും നോക്കിയ ആള്‍ കാണുന്നത് ഒരു ചുവന്ന ചെറിയ പന്ത് കുറച്ചു ദൂരം മുന്നോട്ടു പോയി എവിടെയോ അപ്രത്യക്ഷമാവുന്നതാണ്. കാരണം മുകളില്‍ നിന്നും അയാള്‍ക്ക് ചെറിയ കുഴികള്‍ കാണാന്‍ പറ്റുന്നില്ല എന്നത് കൊണ്ടാണ്. താഴത്തെ നിലയില്‍ നില്‍ക്കുന്ന ആള്‍ക്ക് ചുവന്ന പന്ത് കൃത്യമായി കുഴിയില്‍ വീഴുന്നത് കാണാം. രണ്ടു കാര്യങ്ങളും അവരവരുടെ കാഴ്ചപ്പാടില്‍ ശരിയല്ലേ. രണ്ടു കാഴ്ചകളും സത്യം തന്നെ. ക്ളാസിക്കല്‍ മെക്കാനിക്‌സ് ദൂരെ നിന്ന് കണ്ടപ്പോള്‍ ക്വാണ്ടo മെക്കാനിക്‌സ് അടുത്ത് നിന്ന് കണ്ടു.

Albert Einstein | Photo: Gettyimages

ശാസ്ത്രം ചിലപ്പോള്‍ നമുക്ക് പരിചിതമല്ലാത്ത പാതകളിലൂടെ സഞ്ചരിക്കുന്നു. ഈ ഭൂമിയില്‍ നടന്ന പഴയകാല സംഭവങ്ങള്‍ പുനഃസൃഷ്ടിക്കുന്നു. ടാന്‍സാനിയയിലെ ഒരു സ്ഥലത്തു വെച്ച് മേരി ലീക്കി എന്ന ശാസ്ത്രജ്ഞ രണ്ടു കാല്പാടുകള്‍ കണ്ടെത്തുന്നു. അന്ന് ജീവിച്ചിരുന്ന മനുഷ്യന്റെ മുന്‍ഗാമികളായ ആസ്ത്രലോ പിഥേക്കസുകളുടെ കാല്‍പ്പാടുകളായിരുന്നു അത്. അഗ്‌നിപര്‍വത സ്ഫോടനത്തെ തുടര്‍ന്നുണ്ടായ ചാരത്തിലൂടെയായിരുന്നു അവര്‍ നടന്നത്. ഒരു ആണും ഒരു പെണ്ണും. അവര്‍ എന്തോ കണ്ടു തോളോട് തോള്‍ ചേര്‍ന്ന് ഭയന്നോടിയതായിരുന്നു. ആ ചാരം ഉറച്ചു കട്ടിയായി. ആ കാല്പാടുകളാണ് മേരി ലീക്കി കണ്ടത്. ഈ കാല്പാടുകളില്‍ നിന്നും ശാസ്ത്രം കഥ മെനഞ്ഞു. ന്യൂയോര്‍ക്കിലെ അമേരിക്കന്‍ നാച്ചുറല്‍ ഹിസ്റ്ററി മ്യൂസിയത്തില്‍ ഈ കാല്പാടുകള്‍ മാത്രം വെച്ച് ഉണ്ടാക്കിയ ഈ ഹോമിനിഡുകളുടെ ഒരു പ്രതിമ ഉണ്ട്. അതില്‍ തന്റെ ഇണയെ ചേര്‍ത്ത് പിടിച്ചു ഭയപ്പാടോടെ ഓടുന്ന മനുഷ്യന്റെ മുന്‍ഗാമിയെ വളരെ മനോഹരമായി പുനഃസൃഷ്ടിച്ചിരിക്കുന്നു. ശാസ്ത്രം ചിലപ്പോള്‍ പ്രത്യക്ഷത്തില്‍ ഒരു ബന്ധവുമില്ല എന്ന് തോന്നുന്ന കാര്യങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്നു. നേരത്തെ പറഞ്ഞ ഫോട്ടോ ഇലക്ട്രിക്ക് ഇഫക്ട് എന്ന പ്രതിഭാസം കണ്ടുപിടിച്ചത് ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ അല്ല. അതുപോലെ ക്വാണ്ടം സിദ്ധാന്തം (Quantum theory) അവതരിപ്പിച്ചതും അദ്ദേഹമല്ല . ഇത് രണ്ടും പ്രത്യക്ഷത്തില്‍ ഒരു ബന്ധവുമില്ല. പക്ഷെ ഫോട്ടോ ഇലക്ട്രിക്ക് ഇഫക്ട് എന്ന പ്രതിഭാസത്തെ വളരെ നന്നായി അദ്ദേഹം ക്വാണ്ടം തിയറി വെച്ച് വിശദീകരിച്ചു. അതിനാണ് അദ്ദേഹത്തിന് നോബല്‍ സമ്മാനം ലഭിച്ചത്. ശാസ്ത്രത്തെ വഴിതിരിച്ചു വിടുന്ന കണ്ടുപിടുത്തങ്ങള്‍ക്കാണ് നോബല്‍ സമ്മാനം നല്‍കുന്നത്. നമ്മുടെ സര്‍ സി.വി. രാമന്റെ കണ്ടുപിടുത്തം അത്തരത്തിലുള്ളതായിരുന്നു. 1928 ലെ അദ്ദേഹത്തിന്റെ രാമന്‍ വിസരണത്തിന്റെ കണ്ടുപിടുത്തതിന്റെ വാര്‍ഷികമാണ് ഫെബ്രുവരി 28-ന് നാം ദേശീയ ശാസ്ത്രദിനമായി ആഘോഷിക്കുന്നത്.

Wright Brothers Flight | Photo: Gettyimages

നിരന്തരമായ, തലമുറ കൈമാറിയുള്ള ഗവേഷങ്ങളിലൂടെയാണ് ശാസ്ത്രം മുന്നേറുന്നത്. നമുക്ക് മുന്നിലുള്ള ഉല്‍പ്പന്നങ്ങള്‍, മൊട്ടുസൂചി മുതല്‍ വാഹനങ്ങള്‍ വരെ എല്ലാം നിരവധി പരീക്ഷണ നിരീക്ഷണങ്ങളിലൂടെ രൂപപ്പെടുത്തി എടുത്തിട്ടുള്ളവയാണ്. നമുക്കതു ചെറുതായി തോന്നാമെങ്കിലും. ഒരു ഗുളിക നമ്മുടെ മാര്‍ക്കറ്റില്‍ എത്തണമെങ്കില്‍ നൂറു കണക്കിന് ഗവേഷകര്‍ അതിനു പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടാകും. നാം തുമ്മുന്നതിന്റെ അതെ തത്ത്വമാണ് മനുഷ്യ ഭാവനകളെ ചിറകണിയിച്ച വിമാനത്തിന്റെ കണ്ടുപിടുത്തം. നമ്മുടെ മൂക്കിന്റെയും തൊണ്ടയുടെയും ഇടയില്‍ ഒരു ഭാഗത്തു വായു ഇല്ലാത്ത ഒരു അവസ്ഥ രൂപപ്പെടുമ്പോള്‍ അടിയില്‍ നിന്നും മര്‍ദ്ദം കൂടിയ വായു ആ സ്ഥലത്തേക്ക് ശക്തമായി അടിച്ചു കയറുന്നു. വിമാനം പറക്കുമ്പോള്‍ അതിന്റെ മുകള്‍ ഭാഗത്തെ വായുവിന്റെ മര്‍ദ്ദം കുറയുന്നത് മൂലം മര്‍ദ്ദം കൂടിയ താഴെ ഭാഗം വിമാനത്തെ വായുവില്‍ താങ്ങി നിര്‍ത്തുന്നു. റൈറ്റ് സഹോദരന്മാരുടെ വിമാനത്തിന്റെ കണ്ടു പിടുത്തം തലമുറകള്‍ക്കു വേണ്ടി ഉള്ളതായിരുന്നു. ഇന്നത്തെ വിമാനത്തിലുള്ള സുഖയാത്ര ആസ്വദിക്കാന്‍ അവര്‍ക്കു പറ്റുന്നില്ലല്ലോ. ഇന്നത്തെ ശാസ്ത്രം നാളേക്ക് വേണ്ടി ഒരു പാട് കാര്യങ്ങള്‍ ചെയ്യുന്നു. വരും തലമുറകള്‍ക്കു വേണ്ടി. മനുഷ്യ വംശം ഒരിക്കലും നശിക്കരുതെന്നാണ് ശാസ്ത്രം ആഗ്രഹിക്കുന്നത്. നമ്മുടെ സമയം കഴിഞ്ഞാലും. അതുകൊണ്ടാണല്ലോ ആയിരം കൊല്ലം കഴിഞ്ഞു നമുക്ക് നേരെ വരുന്ന ഒരു ഉല്‍ക്കയെ പൊട്ടിക്കാന്‍ നാം ഇന്ന് തന്നെ മിസൈല്‍ അയക്കുന്നത്.

ശാസ്ത്രത്തിന്റെ മുന്നോട്ടുള്ള സഞ്ചാരപഥത്തില്‍ ഒട്ടേറെ വെല്ലുവിളികളുമുണ്ട്. അതില്‍ പ്രധാനമാണ് ആഗോളതാപനം എന്ന വിപത്ത്. ഭൂമിയിലെ കാര്‍ബണ്‍ ഡൈ ഓക്‌സയിഡ് സാന്നിധ്യം സൂര്യപ്രകാശത്തിലെ ഇന്‍ഫ്രാറെഡ് തരംഗങ്ങളെ ആഗിരണം ചെയ്യുകയും അങ്ങിനെ ഭൂമിയിലെ ചൂട് കൂടുകയും ചെയ്യുന്ന പ്രതിഭാസം. ഇത് ധ്രുവപ്രദേശത്തെ മഞ്ഞിനെ ഉരുക്കുന്നു. ഒട്ടേറെ ജീവി വര്‍ഗങ്ങളുടെ നാശത്തിനു വഴി വെക്കുന്നു. അടുത്തത് മനുഷ്യനാകാന്‍ സാധ്യതയുണ്ട്. ക്രമാതീതമായ മലിനീകരണം നമ്മുടെ നാശത്തിനു മുതല്‍ക്കൂട്ടാകുന്നത് തുടക്കമിട്ടു കഴിഞ്ഞു. കുടിവെള്ളത്തിന്റെ ലഭ്യത കുറവ്, പ്ലാസ്റ്റിക് മലിനീകരണം, മണ്ണിന്റെ സ്വാഭാവികത നഷ്ടപ്പെടുന്നത്, പഴയ ഊര്‍ജ്ജ സ്രോതസ്സുകള്‍ തീര്‍ന്നുകൊണ്ടിരിക്കുന്നത് എന്ന് തുടങ്ങി ഒട്ടേറെ പ്രശ്‌നങ്ങള്‍ ഈ തലമുറക്കും വരും തലമുറക്കും ഏറ്റെടുക്കാനുണ്ടാകും. സൂര്യന്‍ ഒരിക്കല്‍ കത്തിത്തീര്‍ന്നു പോയാലും മനുഷ്യന്‍ അതിനെ ഊതിക്കത്തിക്കും എന്ന് ഒരു കവി പറഞ്ഞിട്ടുണ്ട്. വര്‍ധിച്ച ആത്മവിശ്വാസത്തോടെ എല്ലാ വെല്ലുവിളികളെയും നേരിടാന്‍ ശാസ്ത്രത്തിനു കഴിയട്ടെ. ഇനിയും ഒട്ടേറെ ദൂരം നമുക്ക് സഞ്ചരിക്കാനുണ്ട്........... ശാസ്ത്രദിന ആശംസകള്‍

കോഴിക്കോട് എന്‍.ഐ.ടി.യില്‍ രസതന്ത്ര വിഭാഗം പ്രൊഫസറാണ് ലേഖകന്‍


Content Highlights: national science day, albert einstein, cv raman, mary leakey, wright brothers

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

Most Commented