International Space Station | Photo:AFP
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ആദ്യമായി സിനിമ ചിത്രീകരിച്ചിരിക്കുകയാണ് റഷ്യ. ഹോളിവുഡിനെ തോല്‍പ്പിച്ച റഷ്യന്‍ 'ചലഞ്ചില്‍' നമുക്ക് ഒറിജിനല്‍ സ്‌പേസ് സ്റ്റേഷന്‍ ഉടന്‍ കാണാം
'ബഹിരാകാശത്തില്‍ ആദ്യം' എന്നൊരു പട്ടികയുണ്ടാക്കിയാല്‍ അതില്‍ ഏറ്റവും കൂടുതല്‍ അഭിമാനിക്കാനുള്ളത് റഷ്യ ക്കായിരിക്കും. സ്പുട്നിക് എന്ന പേരില്‍ ആദ്യമായി കൃത്രിമോപഗ്രഹം ഭ്രമണപഥത്തിലെത്തിച്ചത് സോവിയറ്റ് യൂണിയനാണ്. ഭൂമിയില്‍നിന്ന് ആദ്യമായി ഒരു ജീവന്‍ ബഹിരാകാശത്ത് എത്തിയതും സോവിയറ്റ് റോക്കറ്റില്‍ കയറിയാണ്. ലെയ്ക എന്ന പട്ടിയുടെ പേരിലാണ് ആ റെക്കോഡ്. ബഹിരാകാശം കണ്ട ആദ്യ പുരുഷന്‍ യൂറി ഗഗാറിനും ആദ്യ വനിത വാലന്റീന തെരഷ്‌കോവയും സോവിയറ്റ് യൂണിയന്റെ പ്രതിനിധികളായിരുന്നു.
തുടരുന്ന മത്സരം
ബഹിരാകാശത്ത് അപ്രമാദിത്തത്തിനായുള്ള മത്സരങ്ങള്‍ക്ക് വര്‍ഷങ്ങളുടെ ചരിത്രമുണ്ട്. രണ്ടാം ലോകയുദ്ധത്തിനുശേഷം ശീതയുദ്ധക്കാലത്ത് സോവിയറ്റ് യൂണിയനും യു. എസും മാത്രമായിരുന്നു അതിലെ പ്രധാന കക്ഷികള്‍.
1955-ല്‍ ആദ്യമായി കൃത്രിമോപഗ്രഹം വിക്ഷേപിക്കാന്‍ പോകുകയാണെന്ന് പ്രഖ്യാപിച്ചത് യു.എസ്. ആണ്. എന്നാല്‍, രണ്ടു വര്‍ഷത്തിനുശേഷം 1957-ല്‍ സ്പുട്നിക്കിനെ ഭ്രമണപഥത്തിലെത്തിച്ച് സോവിയറ്റ് യൂണിയന്‍ എല്ലാവരെയും ഞെട്ടിച്ചു. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്കുശേഷം റഷ്യന്‍ ബഹിരാകാശ ഏജന്‍സിക്ക് കാര്യമായി ഒന്നും ചെയ്യാന്‍ സാധിച്ചില്ല. അതിന് പ്രധാനകാരണം ഭരണകൂടത്തില്‍നിന്ന് വേണ്ടത്ര സാമ്പത്തിക സഹായം ലഭിച്ചില്ല എന്നതാണ്.
അമേരിക്കയാകട്ടെ ഈ കാലമത്രയും ബഹിരാകാശത്ത് പുതിയ ദൂരങ്ങള്‍ പിന്നിടുകയും വലിയ പരീക്ഷണങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തു. മത്സരത്തിലേക്ക് പുതിയ കളിക്കാര്‍ വന്നു. ചൈനയാണ് അതില്‍ പ്രധാനി. പിന്നെ കളം നിറഞ്ഞത് സ്വകാര്യ സംരംഭകരാണ്. ഇലോണ്‍ മസ്‌കിന്റെ സ്‌പേസ് എക്‌സ് ബഹിരാകാശ ചരിത്രത്തില്‍ പുതിയ അധ്യായങ്ങള്‍ ചേര്‍ക്കാന്‍ തുടങ്ങി.

ശതകോടീശ്വരന്മാര്‍ ബഹിരാകാശത്തേക്ക് വിനോദസഞ്ചാരം ആരംഭിച്ചു. കഴിഞ്ഞ ജൂലായ് 11-ന് ബ്രിട്ടീഷ് ശതകോടീശ്വരന്‍ റിച്ചാര്‍ഡ് ബ്രാന്‍സണും സംഘവും വിനോദസഞ്ചാരികളെന്ന നിലയ്ക്ക് ആദ്യമായി ബഹിരാകാശം സന്ദര്‍ശിച്ചു. ദിവസങ്ങള്‍ക്കുള്ളില്‍ ജൂലായ് 20-ന് ആമസോണ്‍ സ്ഥാപകനായ ജെഫ് ബെസോസും സംഘവും ബഹിരാകാശത്തേക്ക് ടൂര്‍ പോയി വന്നു. ഇലോണ്‍ മസ്‌ക് നാലു സാധാരണക്കാരെ ബഹിരാകാശത്തേക്കയച്ച് ഇന്‍സ്പിരേഷന്‍-4 ദൗത്യത്തിലൂടെ പിന്നെയും ലോകത്തെ അദ്ഭുതപ്പെടുത്തി.
ഈ സമയമത്രയും ചിത്രത്തിലില്ലാതിരുന്ന റഷ്യയുടെ തിരിച്ചുവരവാണ് സിനിമാ ചിത്രീകരണത്തിലൂടെ സാധ്യമായിരിക്കുന്നത്. കാരണം യു.എസ്. ഒരുവര്‍ഷം മുന്‍പേ ആലോചിച്ചു തുടങ്ങിയ പദ്ധതിയാണ് റഷ്യ അപ്രതീക്ഷിതമായി യാഥാര്‍ഥ്യമാക്കിയത്. ഹോളിവുഡ് താരം ടോം ക്രൂസ് ആയിരുന്നു ബഹിരാകാശത്ത് സിനിമാ ചിത്രീകരണം എന്ന ആശയവുമായി നാസയെ സമീപിച്ചത്.
ദ ചലഞ്ച്
'റഷ്യന്‍ ബഹിരാകാശ ഏജന്‍സിയായ റോസ്‌കോസ്‌മോസ് ആണ് 'ദ ചലഞ്ച്' എന്ന സിനിമയ്ക്കുവേണ്ടി ഈ ദൗത്യം ഏറ്റെടുത്തത്. പുറത്തുവരുന്ന റിപ്പോര്‍ട്ട് അനുസരിച്ച് ഒരു കോസ്‌മോനട്ടിന് ഹൃദയാഘാതമുണ്ടാകുന്നതും അയാളുടെ ചികിത്സയ്ക്കായി ഒരു വനിതാ സര്‍ജന്‍ ബഹിരാകാശത്തെത്തുന്നതുമാണ് കഥ.
സംവിധായകന്‍ ക്ലിപ് ഷിപ്പെങ്കോയെയും നായിക യൂലിയ പെരെസില്‍ഡിനെയും മുതിര്‍ന്ന ബഹിരാകാശ യാത്രികന്‍ ആന്റണ്‍ ഷാപ്ലെറോവിനെയും വഹിച്ചുകൊണ്ട് ഒക്ടോബര്‍ അഞ്ചിനാണ് സോയുസ് എം. എസ്. 19 റോക്കറ്റ് ബഹിരാകാശത്തേക്ക് കുതിച്ചത്. കസാഖ്സ്താനിലെ ബൈകനൂര്‍ കോസ്‌മോഡ്രോമില്‍ നിന്നായിരുന്നു വിക്ഷേപണം.
ബഹിരാകാശത്ത് എത്തിയ ഉടനെ കൈയില്‍പിടിക്കാവുന്ന ക്യാമറയുമായി ഷിപ്പെങ്കോ ചിത്രീകരണം ആരംഭിച്ചു. സ്‌പേസ് സ്റ്റേഷനുള്ളില്‍ റഷ്യയുടെതന്നെ ബഹിരാകാശ യാത്രികനായ പിയോറ്റര്‍ ഡുബ്രോവ് കുറച്ചുകൂടി വലിയ ക്യാമറയുമായി കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. ഭൂമിയില്‍നിന്ന് നായികവരുന്ന നിമിഷത്തെ ഒപ്പിയെടുക്കാനായി. കഴിഞ്ഞ ഏപ്രില്‍ മാസംമുതല്‍ സ്‌പേസ് സ്റ്റേഷനിലുണ്ടായിരുന്ന ഒലെഗ് നോവിറ്റ്സ്‌കിയാണ് രോഗാതുരനായ കോസ്‌മോനട്ടായി അഭിനയിച്ചത്. പന്ത്രണ്ട് ദിവസമായിരുന്നു ഷെഡ്യൂള്‍. ചിത്രീകരണം പൂര്‍ത്തിയാക്കി സിനിമാ സംഘം ഒക്ടോബര്‍ 17-ന് കസാഖ്സ്താനില്‍ത്തന്നെ തിരിച്ചിറങ്ങി. ആറുമാസമായി സ്‌പേസ് സ്റ്റേഷനില്‍ കഴിഞ്ഞ ഒലെഗ് നോവിറ്റ്സ്‌കിയെയും കൂട്ടിയാണ് അവര്‍ മടങ്ങിയെത്തിയത്.
അന്താരാഷ്ട്ര ബഹിരാകാശനിലയം
ഭൂമിയെ വലംവെക്കുന്ന വലിയൊരു പേടകമാണ് അന്താരാഷ്ട്ര ബഹിരാകാശനിലയം. ബഹിരാകാശ യാത്രികര്‍ക്ക് ഭൂമിക്ക് പുറത്ത് താമസിക്കാനും ഗവേഷണങ്ങള്‍ നടത്താനുമുള്ള ഇടമാണിത്. ഭൂമിയില്‍ നിന്ന് പലപ്പോഴായി അയച്ച ഭാഗങ്ങള്‍ ബഹിരാകാശത്തുവെച്ച് യോജിപ്പിച്ചാണ് സ്‌പേസ് സ്റ്റേഷന്‍ നിര്‍മിച്ചിട്ടുള്ളത്. 1998-ല്‍ റഷ്യന്‍ റോക്കറ്റിലാണ് അന്താരാഷ്ട്ര ബഹിരാകാശനിലയത്തിന്റെ ആദ്യ മൊഡ്യൂള്‍ വിക്ഷേപിച്ചത്. 2000 നവംബര്‍ രണ്ടിനാണ് സ്‌പേസ് സ്റ്റേഷനില്‍ ആദ്യ സംഘമെത്തിയത്. ഭൂമിയില്‍നിന്ന് ശരാശരി 250 മൈല്‍ അകലെയുള്ള ഭ്രമണപഥത്തിലാണ് സ്‌പേസ്സ്റ്റേഷന്‍ കറങ്ങുന്നത്. മണിക്കൂറില്‍ 17,500 മൈല്‍ വേഗത്തില്‍. അതായത് ഒരോ 90 മിനിറ്റിലും സ്‌പേസ്സ്റ്റേഷന്‍ ഭൂമിയെ ഒരുതവണ വലംവെക്കും.
സിനിമകളിലെ ബഹിരാകാശം
ബഹിരാകാശത്തുവെച്ച് ആദ്യമായാണ് ഒരു സിനിമ ചിത്രീകരിക്കുന്നത്. പക്ഷേ, ഇതിനോടകം പല സിനിമകളിലും ബഹിരാകാശ വിസ്മയങ്ങള്‍ നമ്മള്‍ കണ്ടറിഞ്ഞിട്ടുണ്ട്. അവയൊക്കെയും കലാസംവിധാനത്തിന്റെയും സാങ്കേതികവിദ്യയുടെയും മികവില്‍ ഭൂമിയില്‍ത്തന്നെ ചിത്രീകരിച്ചവയാണ്.
• 2001: എ സ്പേസ് ഒഡീസി (1968-സ്റ്റാന്‍ലി കുബ്രിക്)
• അപ്പോളോ 13 (1995 -റോണ്‍ ഹൊവാര്‍ഡ്)
• ഗ്രാവിറ്റി (2013-അല്‍ഫോണ്‍സോ ക്വാറോണ്‍
• ഇന്റര്‍സ്റ്റെല്ലാര്‍ (2014-ക്രിസ്റ്റഫര്‍ നോളന്‍)
• ദ മാര്‍ഷ്യന്‍ (2015 -റിഡ്ലി സ്‌കോട്ട്)
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..