
Photo: Gettyimages
ലോകത്തെ അതിര്‍വരമ്പുകള്‍ ഭേദിക്കാന്‍ സഹായിച്ചതില്‍ സാങ്കേതിക വിദ്യയ്ക്ക് വലിയ പങ്കുണ്ട്. അതിന് ഒരു പ്രത്യേകതയുണ്ട്. കാലാന്തരത്തില്‍ പലതിനേയും കൈപ്പിടിയിലൊതുക്കാന്‍ അതിന് ശേഷിയുണ്ട്. ഒരു വലിയ മുറിയില്‍ നിറഞ്ഞുനിന്നിരുന്ന കംപ്യൂട്ടറുകള്‍ ഇന്ന് നമ്മുടെ കൈപ്പിടിയിലൊതുങ്ങുന്ന സ്മാര്‍ട്ഫോണ്‍ ആയി മാറുകയും ഫ്ളോപി ഡിസ്കും, കാസറ്റുകളും, സിഡിയുമെല്ലാം മൈക്രോ മെമ്മറികാര്ഡുകളിലേക്ക് ചുരുങ്ങുകയും ചെയ്തപോലെ.
ഈ പ്രക്രിയ തുടരാനുള്ള ശ്രമത്തിലാണ് ഗവേഷകര്‍. ചെറുതും ശക്തിയേറിയതുമായ ഉപകരണങ്ങള്‍ വികസിപ്പിച്ചെടുക്കാനുള്ള രഹസ്യം തേടിയിറിങ്ങിയിരിക്കുകയാണ് അവര്‍. ആ രഹസ്യം ഒളിഞ്ഞിരിക്കുന്നതാവട്ടെ നമ്മളെല്ലാം നിത്യവും കാണാറുള്ള ഒരു ചെറു ജീവിയില്‍. ഉറുമ്പുകളിൽ.
സ്വന്തം ശരീരത്തേക്കാള്‍ വലിയ വസ്തുക്കളെ നിഷ്പ്രയാസം എടുത്തുയര്‍ത്താനും വലിച്ചുകൊണ്ടുപോവാനും ഉറുമ്പുകളെ സഹായിക്കുന്ന അവയുടെ കുഞ്ഞന്‍ പല്ലുകളുടെ രഹസ്യമാണ് അവര്‍ അന്വേഷിച്ചത്.
പല്ലുകൾ കൊണ്ട് കടിച്ചെടുത്ത് ചത്ത പ്രാണികളും, ധാന്യമണികളും, ഭക്ഷണവശിഷ്ടങ്ങളുമെല്ലാം അവ എത്ര എളുപ്പത്തിലാണ് ഒരിടത്ത് നിന്നും മറ്റൊരിടത്തേക്ക് കൊണ്ടുപോവുന്നത്. തീര്‍ച്ചയായും ഈ കുഞ്ഞന്‍ ജീവിയുടെ പല്ലിന്റെ പുറകില്‍ എന്തെങ്കിലും രഹസ്യമുണ്ടാവാനിടയില്ലേ? അങ്ങനെയെങ്കില്‍ ഈ സാധ്യതയെ സാങ്കേതിക വിദ്യയിലേക്ക് സന്നിവേശിപ്പിച്ചാല്‍ അത് വഴിത്തിരിവാകുന്ന പല നേട്ടങ്ങളിലേക്കും വഴിതുറക്കുകയില്ലേ?

ഉറുമ്പിന്റെ പല്ലുകളും, മുള്ളുകളും എങ്ങനെ പൊട്ടിപോകാതെയും പോറലേല്‍ക്കാതെയും നില്ക്കുന്നു അവയിലെ സിങ്ക്, മാംഗനീസ് എന്നിവയുടെ സാന്നിധ്യവും അളവും തുടങ്ങിയ വിവരങ്ങളാണ് ഗവേഷകര്‍ പരിശോധിച്ചത്. ഇത്തരമൊരു പഠനം ആദ്യമാണ്. സയന്റിഫിക് റിപ്പോര്‍ട്ട്സ് എന്ന ജേണലില്‍ ഈ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
മുടിനാരുകളേക്കാള് കനം കുറവാണ് ഉറുമ്പുകളുടെ പല്ലുകള്‍ക്ക്. എന്നാല്‍ കട്ടിയുള്ള ഇലകള്‍ യാതൊരു പരിക്കുകളുമേല്‍ക്കാതെ മുറിച്ചെടുക്കാന്‍ അവയ്ക്ക് സാധിക്കും. ഉറുമ്പിന്റെ പല്ലുകളിലെ സിങ്ക് കണികകളുടെ സാന്നിധ്യമാണ് ഇത് സാധ്യമാക്കുന്നത്. തുല്യമായ ഊര്‍ജ വിതരണത്തിന് ഇത് സഹായിക്കുന്നു.
'ആറ്റം പ്രോബ് ടോമോഗ്രഫി' എന്നറിയപ്പെടുന്ന പ്രക്രിയയിലൂടെ ഉറുമ്പിന്റെ പല്ലുകളിലെ ഓരോ കണികകളെയും കണ്ടെത്തി പഠിക്കുകയാണ് ഗവേഷകര്‍ ചെയ്തത്. ഇതുവഴി പല്ലിനുള്ളിലെ ഓരോ ഭാഗത്തേക്കും സിങ്ക് എങ്ങനെയാണ് എത്തിച്ചേര്‍ന്നിട്ടുള്ളത് എന്നും അത് ഉറുമ്പിന് എങ്ങനെ ശക്തിപകരുന്നുവെന്നും പഠിക്കാന്‍ ഗവേഷകര്‍ക്ക് സാധിച്ചു. പല്ലിന്റെ പ്രതലത്തിലാണ് സിങ്ക് തുല്യമായി എത്തിയിട്ടുള്ളത്. ഇത് പല്ലിന് കൂടുതല്‍ ബലം നല്കുന്നു.

ഇത് മനുഷ്യനിര്‍മിത ഉപകരണങ്ങളിലും പ്രയോജനപ്പെടുത്താനാവുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ. മാത്രവുമല്ല മനുഷ്യനിര്‍മിത ഉപകരണങ്ങളുടെ ശക്തിവര്‍ധിപ്പിക്കാനുള്ള ഏറ്റവും ചെലവ് കുറഞ്ഞ പ്രക്രിയയായിരിക്കും ഇതെന്നും ഗവേഷകര്‍ കണക്കുകൂട്ടുന്നു.
ഉറുമ്പിന്റെ പല്ലിലെ ഈ രഹസ്യം ചെറു ഉപകരണങ്ങളില്‍ പരീക്ഷിച്ചുനോക്കുകയാണ് ഗവേഷകരിപ്പോള്‍. കൂടാതെ ഇതിനായി തേളുകളേയും ചിലന്തികളേയും ഗവേഷകര്‍ പഠിക്കുന്നുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..