അന്നങ്ങനെ ചെയ്താല്‍ മതിയായിരുന്നു എന്നു തോന്നുണ്ടോ? നേരേചൊവ്വേ ചിന്തിക്കാനുള്ള കഷ്ടപ്പാടുകള്‍ 


വൈശാഖന്‍ തമ്പി

കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളില്‍ നടന്ന ഗവേഷണങ്ങളിലൂടെ നൂറുകണക്കിന് ചിന്താവൈകല്യങ്ങളുടെ ഒരു നീണ്ടപട്ടികതന്നെ നാം മനസ്സിലാക്കിയിട്ടുണ്ട്.

Representative image

രണ്ടാം ലോകയുദ്ധകാലത്ത് അമേരിക്കന്‍ സൈന്യം അവരുടെ പോര്‍വിമാനങ്ങള്‍ ബലപ്പെടുത്തുന്നതിന് ഒരു നീക്കംനടത്തി. വിമാനങ്ങളില്‍ സുരക്ഷാകവചങ്ങള്‍ പിടിപ്പിക്കുന്നതിലൂടെ അത് സാധിക്കുമെന്ന് ഉറപ്പായിരുന്നു. പക്ഷേ, വിമാനത്തെ മൊത്തം അത്തരം പടച്ചട്ടകൊണ്ട് മൂടിയാല്‍, അതിന് പറക്കാന്‍ ബുദ്ധിമുട്ടാകുന്നവിധത്തില്‍ ഭാരംകൂടും. അതുകൊണ്ട് പ്രായോഗികമായ മാര്‍ഗം അവലംബിക്കാമെന്നവര്‍ കരുതി; യുദ്ധത്തില്‍ കേടുവന്ന വിമാനങ്ങള്‍ പരിശോധിക്കുക, അവയില്‍ ഏറ്റവും കൂടുതല്‍ വെടിയുണ്ടകള്‍ ഏറ്റിട്ടുള്ള ഭാഗങ്ങള്‍ ഏതൊക്കെയാണെന്ന് തിരിച്ചറിയുക, ആ ഭാഗങ്ങളില്‍ കൂടുതല്‍ ശക്തമായ രക്ഷാകവചങ്ങള്‍ ചേര്‍ക്കുക. അതായത്, കൂടുതല്‍ വെടിയുണ്ടകള്‍ ഏല്‍ക്കാന്‍ സാധ്യതയുള്ള ഭാഗങ്ങള്‍ക്ക് കൂടുതല്‍ ബലം കൊടുക്കുകവഴി പോര്‍വിമാനങ്ങളെ മൊത്തത്തില്‍ ബലപ്പെടുത്തുക. എന്നാല്‍, ഈ രീതിക്ക് വളരെ വലിയൊരു കുഴപ്പമുണ്ട്. മുന്നോട്ടു വായിക്കുന്നതിനുമുമ്പ്, എന്താണാ കുഴപ്പം എന്ന് മനസ്സിലാകുന്നുണ്ടോ എന്നൊന്ന് സ്വയം പരിശോധിക്കുന്നത് നന്നായിരിക്കും. കാരണം, നമ്മളെല്ലാം സ്ഥിരം പ്രകടിപ്പിക്കുന്ന ഒരു ചിന്താവൈകല്യത്തെപ്പറ്റി സംസാരിക്കുന്നതിനുള്ള ഒരു ഉദാഹരണമായിട്ടാണ് ഇത് അവതരിപ്പിച്ചത്.

അതിജീവിതോന്മുഖ പക്ഷപാതം

അമേരിക്കയിലെ കൊളംബിയ യൂണിവേഴ്‌സിറ്റിയിലെ സ്റ്റാറ്റിസ്റ്റിക്‌സ് വിദഗ്ധനായ എബ്രഹാം വാള്‍ഡ്, മേല്‍പ്പറഞ്ഞതിനു നേരെ വിരുദ്ധമായ ബലപ്പെടുത്തല്‍ മാര്‍ഗമാണ് നിര്‍ദേശിച്ചത്. രക്ഷാകവചങ്ങള്‍ ഏറ്റവും കൂടുതല്‍ വെടിയുണ്ടകള്‍ ഏറ്റ ഭാഗത്തല്ല, മറിച്ച് വെടിയുണ്ടകള്‍ ഏറ്റവും കുറച്ചുമാത്രം കാണപ്പെട്ട ഭാഗത്താണ് വേണ്ടത് എന്നദ്ദേഹം വാദിച്ചു. എന്താണ് കാരണം? പരിശോധനയ്ക്ക് വിധേയമാക്കപ്പെട്ടതെല്ലാം, യുദ്ധഭൂമിയില്‍നിന്ന് മടങ്ങിവന്ന വിമാനങ്ങളാണ്. അത്തരം വിമാനങ്ങളിലെ, ഏറ്റവും കൂടുതല്‍ വെടിയുണ്ടയേറ്റ ഭാഗങ്ങളില്‍നിന്നു നമ്മള്‍ മനസ്സിലാക്കേണ്ടത്, അവിടെ വെടിയേറ്റാലും വിമാനങ്ങള്‍ക്ക് മടങ്ങിവരാനുള്ള 'ആരോഗ്യം' ഉണ്ടാകും എന്നാണ്. അമേരിക്കന്‍ സൈന്യത്തിന്റെ ആദ്യപദ്ധതിയില്‍ ഉണ്ടായിരുന്ന അടിസ്ഥാനപരമായ പിഴവ്, യുദ്ധരംഗത്തുനിന്ന് മടങ്ങിയെത്തിയ വിമാനങ്ങളെ മാത്രമേ അവര്‍ പഠനത്തിന് അവലംബമായി പരിഗണിച്ചുള്ളൂ എന്നതാണ്. ഈ പിഴവിനെ അതിജീവിതോന്മുഖ പക്ഷപാതം (survivorship bias) എന്നാണ് വിളിക്കുക.

ഈ ചിന്താപരമായ പക്ഷപാതം നമ്മള്‍ ജീവിതത്തില്‍ പലയിടങ്ങളിലും പ്രകടിപ്പിക്കാറുണ്ട്. ഒരു കാര്യം മനസ്സിലാക്കുന്നതിനുവേണ്ടി പഠനം നടത്തുമ്പോള്‍, എന്തെങ്കിലുമൊരു തിരഞ്ഞെടുക്കല്‍ പ്രക്രിയ വിജയകരമായി കടന്നുവരുന്നവരെ മാത്രം അവലംബ ഡേറ്റയായി പരിഗണിക്കുക എന്നതാണ് അവിടെ സംഭവിക്കുന്നത്. ഇതൊരു ഔപചാരികമായ നിര്‍വചനമാണ്. ഇപ്പറഞ്ഞ തിരഞ്ഞെടുക്കല്‍ പ്രക്രിയ ആരെങ്കിലും മനഃപൂര്‍വം രൂപകല്പനചെയ്ത് നടത്തുന്ന ഒരു പരീക്ഷയൊന്നും ആകണമെന്നില്ല. അതുപോലെ, അത് വിജയകരമായി പൂര്‍ത്തിയാക്കിയവര്‍ എന്നതുകൊണ്ട് മനുഷ്യരെ മാത്രമല്ല ഉദ്ദേശിക്കുന്നതും. നമ്മുടെ ഉദാഹരണത്തില്‍ അത് വിമാനങ്ങളായിരുന്നു, യുദ്ധഭൂമിയില്‍നിന്ന് സൈനികത്താവളത്തിലേക്ക് മടങ്ങിയെത്താന്‍ കഴിയുക എന്നതായിരുന്നു അവിടത്തെ തിരഞ്ഞെടുക്കല്‍ പ്രക്രിയ.

ജീവിതവിജയം നേടാന്‍ എന്തു ചെയ്യണം എന്ന് മനസ്സിലാക്കാന്‍, വലിയ ജീവിതവിജയം നേടിയവരായി നമ്മള്‍ കാണുന്നവരുടെ ജീവിതത്തില്‍നിന്നു പാഠങ്ങള്‍ പഠിക്കുക എന്നത് ഇന്ന് വളരെ പ്രചാരമുള്ള ഒരു ചിന്താരീതിയാണ്. എലോണ്‍ മസ്‌ക്, ജാക്മാ, സ്റ്റീവ് ജോബ്‌സ് എന്നിങ്ങനെ പല അതിസമ്പന്നരും ഇന്ന് 'മോട്ടിവേഷണല്‍ സ്പീക്കര്‍'മാരായിക്കൂടി അറിയപ്പെടുന്ന കാലമാണല്ലോ. ഇതില്‍ അതിജീവിതോന്മുഖ പക്ഷപാതം ശക്തമായി പ്രവര്‍ത്തിക്കുന്നതുകാണാം. ഇവരുടെയൊക്കെ അതേ ജീവിതരീതികള്‍ പിന്തുടരുകയും എന്നാല്‍, പരാജയപ്പെട്ടുപോകുകയും ചെയ്ത ആരെങ്കിലും ഉണ്ടോയെന്ന് നമുക്കറിയില്ല. ഉണ്ടെങ്കില്‍ത്തന്നെ നമ്മളറിയാന്‍ സാധ്യതയില്ല എന്നു വ്യക്തമാണല്ലോ. ഇതെഴുതുന്നതിന്റെ ഭാഗമായി, 'people who failed' എന്ന മട്ടിലൊരു ഗൂഗിള്‍ സെര്‍ച്ച് ലേഖകന്‍ നടത്തുകയുണ്ടായി. വലിയവിജയം നേടുന്നതിനുമുമ്പ് ചില്ലറ പരാജയങ്ങളൊക്കെ നേരിട്ട കുറെ പ്രസിദ്ധരായ മനുഷ്യരെക്കുറിച്ചല്ലാതെ, അടപടലം പരാജയപ്പെട്ടുപോയ ആരെയും ഗൂഗിളിനും അറിയില്ല. പരാജയപ്പെട്ടവരുടെ ലിസ്റ്റില്‍പ്പെടണമെങ്കില്‍പ്പോലും നിങ്ങള്‍ വിജയിച്ചവരാകേണ്ടിയിരിക്കുന്നു എന്നര്‍ഥം!

പഴയകെട്ടിടങ്ങളെല്ലാം മികച്ചവയായിരുന്നു, പഴയ സാധനങ്ങളെല്ലാം നല്ല ഈടുനില്‍ക്കുന്നവയായിരുന്നു, പഴയ പാട്ടുകളെല്ലാം നല്ല ഇമ്പമുള്ളവയായിരുന്നു എന്നൊക്കെ നമുക്കു തോന്നുന്നതും ഇത്തരമൊരു 'അതിജീവനപ്രശ്‌നം' അതിലുള്ളതുകൊണ്ടാണ്. നിര്‍മിതികള്‍ സദാ പരിഷ്‌കരിക്കപ്പെട്ടുകൊണ്ടിരിക്കും. കൂട്ടത്തില്‍ മികച്ചവയെ നിര്‍ത്തി മറ്റുള്ളവ പൊളിക്കുക എന്നതാകുമല്ലോ സാധാരണ ചെയ്യുക. ഇത് പല തലമുറകളായി ആവര്‍ത്തിക്കപ്പെടുമ്പോള്‍ ഏറ്റവും പഴയതും ഏറ്റവും മികച്ചതും ഒന്നുതന്നെയായി വരുന്നത് സ്വാഭാവികം. പഴയവസ്തുക്കളില്‍ ഈടുനില്‍ക്കുന്നവയെ മാത്രമാണ് നമ്മള്‍ കാണാന്‍ സാധ്യതയുള്ളത്.

ചിന്താവൈകല്യങ്ങളുടെ കെണി

ശാസ്ത്രത്തിന്റെ രീതി ബൗദ്ധികമായി കൂടുതല്‍ അധ്വാനം വേണ്ടതും താരതമ്യേന വേഗം കുറഞ്ഞതുമായതുകൊണ്ടുതന്നെ, നമ്മുടെ മസ്തിഷ്‌കത്തിന്റെ 'ആന്തര വയറിങ്ങുകള്‍' അതിനെ അത്രയധികമൊന്നും പിന്തുണയ്ക്കാറില്ല. കൂടുതല്‍ വേഗത്തില്‍ തീരുമാനമെടുക്കാന്‍ പ്രാപ്തമാക്കുന്ന, മുന്‍ധാരണകളെ അടിസ്ഥാനപ്പെടുത്തിയുള്ള സഹജാവബോധത്തെയാണ് അത് കൂടുതല്‍ പ്രോത്സാഹിപ്പിക്കുന്നത്. വേഗത്തില്‍ തീരുമാനമെടുക്കേണ്ട, കൃത്യത അത്രയൊന്നും പ്രധാനപ്പെട്ടതല്ലാത്ത സാഹചര്യങ്ങളില്‍ തീര്‍ച്ചയായും ഇത് നല്ലതാണ്. ജീവപരിണാമപരമായി അതിനാണ് അതിജീവനസാധ്യത കൂടുതലുള്ളത്. ഒരു കടുവ പിന്നാലെ വന്നാല്‍, ഏതു ദിശയില്‍ എത്ര വേഗത്തില്‍ ഓടിയാലാണ് ഏറ്റവും ഫലപ്രദമായി രക്ഷപ്പെടാനാവുക എന്ന് ചിന്തിച്ചും കണക്കുകൂട്ടിയും സമയം ചെലവാക്കുന്നതിലെ അപാകം ഊഹിക്കാമല്ലോ. ആദ്യംകാണുന്ന വഴിയേ മുന്നും പിന്നും നോക്കാതെ ഓടുക എന്ന, കൂടുതല്‍ വേഗത്തിലുള്ള, അത്ര കൃത്യതയൊന്നും ഉറപ്പില്ലാത്ത ചിന്താരീതിയാണ് ഒരു ആദിമമനുഷ്യന് പഥ്യമാവുക. ഇവിടെയാണ് നേരത്തേ പറഞ്ഞ, യുക്തിപരമായ രീതികളില്‍നിന്നുള്ള വ്യതിചലനങ്ങളിലെ പാറ്റേണുകള്‍ ഉണ്ടാവുന്നത്. കൃത്യതയില്‍ വിട്ടുവീഴ്ച ചെയ്തുകൊണ്ട്, വേഗത്തില്‍ തീരുമാനമെടുക്കാന്‍വേണ്ടി മസ്തിഷ്‌കം പയറ്റുന്ന അഭ്യാസങ്ങളാണ് ചിന്താവൈകല്യങ്ങളിലേക്ക് പലപ്പോഴും നയിക്കുന്നത്. അവയ്ക്ക് രണ്ട് ഉദാഹരണങ്ങള്‍കൂടി പരിശോധിക്കാം.

തട്ടിപ്പിന് ഇരയാക്കപ്പെട്ട ആളുകളെപ്പറ്റിയുള്ള വാര്‍ത്തകള്‍ വായിക്കുമ്പോള്‍, തട്ടിപ്പാണെന്ന് തുടക്കംമുതലേ മനസ്സിലാക്കാനുള്ള സാധ്യതയുണ്ടായിരുന്നല്ലോയെന്നും എന്നിട്ടും ഇരയായ ആളുകള്‍ ശരിക്കും വിഡ്ഢികളായിരുന്നു എന്നും തോന്നിയിട്ടുണ്ടോ? എന്തെങ്കിലും വാഹനാപകടത്തില്‍പ്പെട്ട ആളിനോട് അപകടശേഷം, എന്തു ചെയ്തിരുന്നെങ്കില്‍ അപകടം ഒഴിവാക്കാമായിരുന്നു എന്നു പറഞ്ഞിട്ടുണ്ടോ? പരീക്ഷ കഴിഞ്ഞശേഷം, എഴുതാതെ വിട്ട ചോദ്യങ്ങളുടെ പലതിന്റെയും ഉത്തരം അറിയാമായിരുന്നല്ലോ എന്നു തോന്നിയിട്ടുണ്ടോ? ഇതെല്ലാം ഒരേതരം ചിന്താവൈകല്യത്തിന്റെ ലക്ഷണമാണ്. ഒരു സംഭവം നടന്നുകഴിഞ്ഞാല്‍, അതിനെ പരിശോധിക്കുന്ന ഒരാള്‍ക്ക് ആ സംഭവത്തിന്റെ അനന്തരഫലം എന്തായിരിക്കും എന്ന് അനായാസം പ്രവചിക്കാവുന്നതേ ഉണ്ടായിരുന്നുള്ളൂ എന്നുതോന്നും. സംഭവശേഷം അതിന്റെ വിശദാംശങ്ങള്‍ കൃത്യമായ ക്രമത്തില്‍ മനസ്സിലാക്കുമ്പോള്‍ എല്ലാം വളരെ നിസ്സാരമെന്നു തോന്നുന്നതാണ്. എന്നാല്‍, സംഭവം നടക്കുമ്പോള്‍ അതില്‍ ഉള്‍പ്പെടുന്ന ആളിന്, അത്രയും വിശദാംശങ്ങള്‍ അത്രയും വ്യക്തമായി ലഭ്യമല്ലായിരുന്നു എന്നു നമ്മള്‍ മറന്നുപോകും. പിന്നാലോചനാ പക്ഷപാതം (Hindsight bias) എന്നാണ് ഇതറിയപ്പെടുന്നത്.

സ്ഥിരീകരണ പക്ഷപാതമാണ് (confirmation bias) മറ്റൊരു സര്‍വസാധാരണമായ ചിന്താവൈകല്യം. നിലവിലുള്ള നമ്മുടെ ധാരണകളെ ശരിവെക്കുന്ന കാര്യങ്ങള്‍ക്ക്, കൂടുതല്‍ ശ്രദ്ധകൊടുക്കാനുള്ള പ്രവണതയാണിത്. അതായത്, നമ്മുടെ ചിന്താഗതികളെയും വിശ്വാസങ്ങളെയും ഊട്ടിയുറപ്പിക്കുന്ന വിവരങ്ങളോടാണ് നമുക്ക് താത്പര്യം കൂടുതല്‍. സോഷ്യല്‍ മീഡിയയില്‍ നമുക്ക് സമാനമായ ചിന്തകള്‍ പങ്കുവെക്കുന്നവരെ ഫോളോ ചെയ്യുക, നമ്മുടേതിന് സമാനമായ രാഷ്ട്രീയ ചായ്‌വുള്ള ചാനലുകള്‍മാത്രം കണ്ട് മറ്റുള്ളവയെ ഒഴിവാക്കുക തുടങ്ങിയ പ്രവണതകള്‍ ഈ ചിന്താവൈകല്യത്തിന്റെ ഫലമാണ്.

ഇവയെല്ലാം ചില ഉദാഹരണങ്ങള്‍ മാത്രമാണെന്ന് ഓര്‍മിപ്പിക്കുന്നു. കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളില്‍ നടന്ന ഗവേഷണങ്ങളിലൂടെ നൂറുകണക്കിന് ചിന്താവൈകല്യങ്ങളുടെ ഒരു നീണ്ടപട്ടികതന്നെ നാം മനസ്സിലാക്കിയിട്ടുണ്ട്.

Content Highlights: Research about thought disorders

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
modi

1 min

ചൈനയെ നേരിടാന്‍ ബ്രഹ്മപുത്രയ്ക്ക്‌ അടിയിലൂടെ തുരങ്കം; റോഡ്, റെയില്‍ പാത: രാജ്യത്ത് ഇതാദ്യം

May 19, 2022


hyderabad encounter

1 min

ഹൈദരാബാദ് കൂട്ടബലാത്സംഗ കേസിലെ പ്രതികള്‍ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലില്‍- സുപ്രീം കോടതി സമിതി

May 20, 2022


Sabu m Jacob

4 min

കെ.എസ്.ആര്‍.ടി.സി-യെ ഇനി കോഴിക്കൂട് ഉണ്ടാക്കാനും ഉപയോഗിക്കും;  ഇത് ലോകം മാതൃകയാക്കണം-സാബു എം ജേക്കബ്

May 20, 2022

More from this section
Most Commented