ജോണ്‍ ബെല്ലും ക്വാണ്ടം എന്റാംഗിള്‍മെന്റും- ഭൗതികശാസ്ത്ര നൊബേല്‍ 2022


ജോസഫ് ആന്റണി ക്വാണ്ടം കമ്പ്യൂട്ടിങ്, ക്രിപ്‌റ്റോഗ്രാഫി, ക്വാണ്ടം ഇന്‍ഫര്‍മാറ്റിക്‌സ് തുടങ്ങിയ മേഖലകള്‍ എന്റാംഗിള്‍മെന്റിന്റെ സവിശേഷതകള്‍ ചൂഷണം ചെയ്യാന്‍ തുടങ്ങിയിരിക്കുന്നു. പരീക്ഷണങ്ങളിലൂടെ ക്വാണ്ടം എന്റാംഗിള്‍മെന്റ് സ്ഥിരീകരിച്ച മൂന്നു ഗവേഷകര്‍ക്കാണ് ഇത്തവണത്തെ ഭൗതികശാസ്ത്ര നൊബേല്‍

ക്വാണ്ടം എന്റാംഗിൾമെന്റ് ചിത്രീകരണം:കടപ്പാട്:നൊബേൽ സൈറ്റ്

ആധുനിക ക്വാണ്ടംഭൗതികത്തെ ആല്‍ബല്‍ട്ട് ഐന്‍സ്റ്റൈന്‍ എന്നും സംശയത്തോടെയാണ് വീക്ഷിച്ചിരുന്നത്. ക്വാണ്ടം ഭൗതികത്തിലെ പല വസ്തുതകളും ഭൗതിക യാഥാര്‍ഥ്യത്തെ പ്രതിഫലിപ്പിക്കുന്നില്ല എന്ന നിലപാടിലായിരുന്നു ഐന്‍സ്റ്റൈന്‍.

തന്റെ വാദം ബലപ്പെടുത്താന്‍ 1934 ല്‍ നേഥന്‍ റോസന്‍, ബൊറിസ് പൊഡോള്‍സ്‌കി എന്നീ യുവഗവേഷകരുമായി ചേര്‍ന്ന് ഒരു നാലുപേജ് പ്രബന്ധം ഫിസിക്കല്‍ റിവ്യൂ ജേര്‍ണലില്‍ ഐന്‍സ്റ്റൈന്‍ പ്രസിദ്ധീകരിച്ചു. 'ഇപിആര്‍ പ്രബന്ധം' എന്ന പേരില്‍ പ്രസിദ്ധമായ ആ പേപ്പറിലാണ്, ക്വാണ്ടം എന്റാംഗിള്‍മെന്റ് എന്ന പ്രതിഭാസം ഐന്‍സ്റ്റൈന്‍ പരിശോധിച്ചത്.

ക്വാണ്ടം ഭൗതികം അനുസരിച്ച് എല്ലാ കണങ്ങളും ദിന്ദ്വസ്വഭാവം കാട്ടുന്നവയാണ്. ഒരേ സമയം കണികയുടെയും തരംഗത്തിന്റെയും സ്വഭാവമുള്ളവ. രണ്ടു കണങ്ങള്‍ പരസ്പരം ഇടപഴകുമ്പോള്‍ അവ സവിശേഷതകള്‍ പങ്കിട്ട് പരസ്പരം ബന്ധനത്തിലാകും. അങ്ങനെയുള്ള കണങ്ങളെ വേര്‍പെടുത്തി എത്ര അകലേയ്ക്ക് അയച്ചാലും, അവ തമ്മില്‍ അദൃശ്യമായ ഒരു ബന്ധം നിലനില്‍ക്കും! ഇതാണ് ക്വാണ്ടം എന്റാംഗിള്‍മെന്റ്.

ആൽബർട്ട് ഐൻസ്റ്റീൻ

ഇത്തരത്തില്‍, പരസ്പരബന്ധനത്തില്‍ പെട്ട കണങ്ങളില്‍ ഒന്നിനെ നിരീക്ഷിക്കുകയോ അളവെടുപ്പിന് വിധേയമാക്കുകയോ ചെയ്താല്‍, എത്ര പ്രകാശവര്‍ഷം അകലെയായാലും രണ്ടാമത്തെ കണത്തില്‍ അതിന്റെ സ്വാധീനം ആ നിമിഷം പ്രതിഫലിക്കും!

പ്രകാശത്തെക്കാള്‍ വേഗത്തില്‍ പ്രപഞ്ചത്തില്‍ ഒന്നും സഞ്ചരിക്കില്ലെന്ന ഐന്‍സ്റ്റൈന്റെ തന്നെ നിയമത്തെ (വിശിഷ്ട ആപേക്ഷികത) ഈ പ്രതിഭാസം ചോദ്യം ചെയ്തു! ക്വാണ്ടംഭൗതികം അപൂര്‍ണമാണെന്ന ഐന്‍സ്റ്റൈന്റെ നിലപാടിന് കരുത്തേകുന്നതായി എന്റാംഗിള്‍മെന്റ്. നീല്‍സ് ബോറിന്റെ നേതൃത്വത്തില്‍ ക്വാണ്ടംഭൗതികത്തെ അനുകൂലിച്ച് ഒട്ടേറെ പ്രതിഭകള്‍ അണിനിരന്നെങ്കിലും, എന്റാംഗിള്‍മെന്റിന്റെ കാര്യത്തില്‍ ഐന്‍സ്‌റ്റൈനെ എങ്ങനെ പ്രതിരോധിക്കണം എന്നറിയാതെ അവര്‍ കുഴങ്ങി.

ജോണ്‍ സ്റ്റിവര്‍ട്ട് ബെല്‍

അടുത്ത മുപ്പത് വര്‍ഷക്കാലം ക്വാണ്ടംഭൗതികത്തെ എന്റാംഗിള്‍മെന്റിന്റെ പേരില്‍ ഐന്‍സ്‌റ്റൈന്‍ വട്ടംകറക്കി. അങ്ങനെയിരിക്കെ, ജോണ്‍ സ്റ്റിവര്‍ട്ട് ബെല്‍ എന്ന ഐറിഷ് വംശജനായ ഗവേഷകന്റെ ശ്രദ്ധയില്‍ ആ ഊരാക്കുടുക്ക് എത്തി. ക്വാണ്ടം ഭൗതികത്തിലെ വിഷമപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നത് ഹോബിയായി സ്വീകരിച്ചിരുന്ന ആ ഗവേഷകന്‍, 1964 ല്‍ 'ബെല്‍സ് തിയറം' അഥവാ 'ബെല്‍ അസമത്വം' വഴി ഐന്‍സ്റ്റൈനെ പൂട്ടി!

ആന്റണ്‍ സായ്‌ലിങര്‍.

ഐന്‍സ്റ്റൈന്‍ വാദിച്ചതുപോലെ ഏതോ 'പ്രേതപ്പ്രഭാവം' (Spooky Action) അല്ല ക്വാണ്ടം എന്റാംഗിള്‍മെന്റ് എന്ന് ബെല്‍ തിയറം വ്യക്തമാക്കി. 'ഇപിആര്‍ വിഷമപ്രശ്‌നം' പരീക്ഷണശാലയില്‍ പരിശോധിക്കാന്‍ പാകത്തില്‍ മാറ്റുകയാണ് ബെല്‍ ചെയ്തത്. പരീക്ഷണത്തില്‍ 'ബെല്‍ അസമത്വം' പാലിക്കപ്പെട്ടാല്‍, ക്വാണ്ടം സിദ്ധാന്തം അപൂര്‍ണമാണെന്ന ഐന്‍സ്റ്റൈന്റെ നിലപാട് സാധൂകരിക്കപ്പെടും. അതേസമയം 'ബെല്‍ അസമത്വം' ലംഘിക്കപ്പെട്ടാല്‍ ക്വാണ്ടംമെക്കാനിക്‌സ് വിജയിക്കും!

ജോണ്‍ ക്ലോസെര്‍

ശാസ്ത്രചരിത്രത്തിലെ ഏറ്റവും ഉജ്ജ്വലമെന്ന് കരുതപ്പെടുന്ന ആ വഴിത്തിരിവാണ് ക്വാണ്ടം ഭൗതികത്തിന് രണ്ടാംജന്മം നല്‍കിയതെന്ന് ശാസ്ത്രചരിത്രകാരന്‍മാര്‍ പറയുന്നു. അതുവരെ ആശയക്കുഴപ്പത്തിന്റെ പ്രതീകമായി കരുതിപ്പോന്ന എന്റാംഗിള്‍മെന്റ്, പുതിയ സാധ്യതകളുടെ വാതായനം തുറന്നു.

1964 ല്‍ ബെല്‍സ് തിയറം / ബെല്‍ അസമത്വം കണ്ടുപിടിക്കപ്പെട്ടെങ്കിലും, അത് പരീക്ഷിച്ചു നോക്കാന്‍ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ആദ്യമായി ഒരാള്‍ ധൈര്യം കാട്ടിയത്. ബെര്‍ക്കിലിയില്‍ കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ജോണ്‍ എഫ്. ക്ലോസര്‍ ആണ് ആദ്യം പരീക്ഷിച്ചത്. 1972 ലായിരുന്നു ആ പരീക്ഷണം. ബെല്‍ അസമത്വം പാലിക്കപ്പെടുന്നില്ല എന്ന ഫലമാണ് പരീക്ഷണം നല്‍കിയത്. അതിന് പിന്നാലെ, ഫ്രഞ്ച് ഗവേഷകനായ അലെയ്ന്‍ അസ്‌പെക്ട്, ഓസ്ട്രിയക്കാരനായ ആന്റണ്‍ സായ്‌ലിങര്‍ എന്നിവര്‍ക്കും വ്യത്യസ്ത പരീക്ഷണങ്ങളില്‍ ഇതേ ഫലം കിട്ടി. എന്നുവെച്ചാല്‍ ഐന്‍സ്റ്റൈന്‍ പറഞ്ഞത് ശരിയല്ല, ക്വാണ്ടം ഭൗതികമാണ് ശരി!

അലെയ്ന്‍ ആസ്‌പെക്ട്.

ക്വാണ്ടം എന്റാംഗിള്‍മെന്റ് സ്ഥിരീകരിക്കുന്ന പരീക്ഷണങ്ങള്‍ക്കാണ് 2022 ലെ ഭൗതികശാസ്ത്ര നൊബേല്‍, ക്ലോസര്‍, അസ്‌പെക്ട്, സായ്‌ലിങര്‍ എന്നിവരെ തേടിയെത്തിയിരിക്കുന്നു. എന്നാല്‍, ക്വാണ്ടം ഭൗതികത്തിന് രണ്ടാംജന്മം നല്‍കിയ ജോണ്‍ ബെല്ലിന് നൊബേല്‍ കിട്ടിയിട്ടില്ല. 1990 ഒക്ടോബര്‍ ഒന്നിന് ജോണ്‍ ബെല്‍ അന്തരിച്ചു.

ക്വാണ്ടം എന്റാംഗിള്‍മെന്റ് സാധ്യതകളുടെ പുതിയ വാതായനങ്ങള്‍ തുറക്കുന്നതാണ് പിന്നീട് കണ്ടത്. ക്വാണ്ടം കമ്പ്യൂട്ടിങ്, ക്രിപ്‌റ്റോഗ്രാഫി, ക്വാണ്ടം ഇന്‍ഫര്‍മാറ്റിക്‌സ് തുടങ്ങിയ മേഖലകള്‍ എന്റാംഗിള്‍മെന്റിന്റെ സവിശേഷതകള്‍ ചൂഷണം ചെയ്യാന്‍ തുടങ്ങിയിരിക്കുന്നു. ഫിനാന്‍ഷ്യല്‍ സര്‍വീസുകള്‍, നവീന സൈബര്‍ സുരക്ഷാവ്യവസായം ഒക്കെ ഈ പ്രഭാവത്തിന്റെ സാധ്യതകള്‍ ആരായുന്നു.

അവലംബം:1- Nobel Official Site; 2. Quantum: Einstein, Bohr and The Great Debate about The Nature of Reality (2009). Manjit Kumar. Hachette India; 3. The Age of Entanglement - When Quantum Physics was Reborn (2008). Lousia Gilder. Vitange Book, New York)

Content Highlights: Nobel Prize 2022 Quantum Entanglement John Stewart Bell Bell theorem

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022


Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


train accident

1 min

കാല്‍തെറ്റിവീണ് പ്ലാറ്റ്‌ഫോമിനും കോച്ചിനും ഇടയില്‍ കുടുങ്ങി പരിക്കേറ്റ വിദ്യാര്‍ഥിനി മരിച്ചു

Dec 8, 2022

Most Commented