Representational Image by Freepik
മനുഷ്യചരിത്രത്തിലാദ്യമായി, അതും വെറും നാലഞ്ചുനൂറ്റാണ്ടുകൾക്കൊണ്ട്, ലോകത്തെ അടിമുടി മാറ്റിമറിക്കാൻ സയൻസിനുസാധിച്ചത് സ്വയംനവീകരിക്കാൻ അതിനുകഴിവുള്ളതുകൊണ്ടാണ്. ആയിരത്താണ്ടുകൾ നിലനിന്നിട്ടും മതങ്ങൾക്കോ തത്ത്വശാസ്ത്രങ്ങൾക്കോ ഇതുസാധിക്കാതെപോയത് ഈ കഴിവില്ലാത്തതിനാലും.
പക്ഷേ, എരിപൊരിവേനലിൽ കാട്ടുതീയെന്നപോലെ പടർന്ന സയൻസ് മനുഷ്യജീവിതത്തിന്റെ പലതലങ്ങളെയും പൊള്ളിക്കുകകൂടി ചെയ്തു. ആർത്തിയും ആസക്തിയും മൂല്യങ്ങളെ ചുട്ടെരിച്ചു. മഹായുദ്ധങ്ങൾ അരങ്ങേറ്റി. സ്വാർഥസാമ്രാജ്യങ്ങൾ പണിയാൻ ഉപാധിയായി. അങ്ങനെയാണ് സയൻസിന് അടിസ്ഥാനപരമായ ഒരു വഴിത്തിരിവ് അനിവാര്യമായത്. അതിപ്പോൾ അണിയറയിലൊരുങ്ങുന്നു. നിൽപ്പു ശരിയാകുന്നതോടെ കാഴ്ചയും നേരെയാവുമല്ലോ. എന്നുവെച്ചാൽ മനുഷ്യകുലത്തിന് പരിപക്വമായ വിവേകത്തിന്റെ സുവർണകാലം വരുന്നു. വഴിമാറ്റത്തിന്റെ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയിട്ടുമുണ്ട്. ഗവേഷണത്തിന്റെ ഏറ്റവുംപുതിയ മേഖലകൾ നോക്കുക(നൊബേൽ സമ്മാനങ്ങളുടെ ദിശാമുഖം ഒരു ഏകദേശ സൂചകമാണ്).
സയൻസിന്റെ എല്ലാ തുറകളിലും പരതണമെന്നുമില്ല. ബയോളജിയുടെ അടിസ്ഥാനനിയമങ്ങളെല്ലാം കെമിസ്ട്രിയുടെ ഭാഷയിലേക്ക് പരാവർത്തനം ചെയ്യാമെന്നും കെമിസ്ട്രിയുടെ അടിസ്ഥാനനിയമങ്ങളെല്ലാം ഇതുപോലെ ഫിസിക്സിലെ നിയമങ്ങളായി രൂപഭേദപ്പെടുത്താമെന്നും സ്റ്റീഫൻ ഹോക്കിങ് (സമയത്തിന്റെ ലഘുചരിത്രം) വെളിപ്പെടുത്തിത്തന്നിട്ടുണ്ട്. അതിനാൽ, ഫിസിക്സിന്റെ പുതിയ പോർമുഖം നോക്കിയാൽ ധാരാളംമതി.
ഇത്തവണത്തെ ഫിസിക്സ് നൊബേൽ ജേതാക്കൾ (അലൈൻ ആസ്പക്റ്റ്, ആന്റണി സീലിങ്കർ, ജോൺ ക്ളാസർ) ചെയ്തത് മൊത്തം പ്രപഞ്ചത്തിന്റെ ഊടും പാവും പുതുതായി ചികയുകയാണ്. പ്രപഞ്ചത്തിൽ എങ്ങുമുള്ള ഏതു ബിന്ദുവും എത്ര അകലെയുള്ള ബിന്ദുവുമായി ബന്ധപ്പെട്ടാണ് കിടപ്പെന്ന് അവർ കണ്ടെത്തി. അതിനാൽ ഈ ബന്ധമുപയോഗിച്ച്, പ്രപഞ്ചത്തിന്റെ ഒരറ്റത്തുനിന്ന് മറ്റേ അറ്റത്തേക്കുവരെ വിവരമറിയിക്കാൻ ഒട്ടും സമയം വേണ്ടെന്നും. ക്വാണ്ടം എന്റങ്ക്ൾമെന്റ് എന്നറിയപ്പെടുന്ന അദ്‌ഭുതവേഴ്ച വിശ്വത്തിന്റെ ഏകത തെളിയിക്കുകയും ഒരു ഐശ്വര്യവും ഏകപക്ഷീയമായി നിലനിൽപ്പുള്ളതല്ലെന്നു തറപ്പിച്ചുപറയുകയും ചെയ്യുന്നു. യോഗം (ചേർന്ന് നിൽപ്പ്) ഉണ്ടെങ്കിലേ ക്ഷേമം സാധ്യമാകൂ എന്നുതന്നെ.
ഫിസിക്സിലെ രണ്ട് പ്രാഥമികധാരണകൾ ഇതോടെ മാറി. ഐൻസ്റ്റൈൻ നിർദേശിച്ച പ്രപഞ്ചമാതൃകയുടെ ആണിക്കല്ലായ പ്രകാശവേഗസ്ഥിരത എന്ന ആശയം അസാധുവായി. ക്വാണ്ടം തിയറിയെ പ്രതിരോധിക്കാൻ ആവിഷ്കൃതമായ, പ്രപഞ്ചത്തിന് പ്രാദേശികത ഉണ്ടെന്ന് സങ്കല്പിക്കുന്ന ബെൽ തിയറത്തിനും നിലനിൽപ്പില്ലാതായി. അതായത് വിഭാഗീയതകളുടെ എല്ലാ തടയണകളും തകർന്നു. സാകല്യസമത്വം എന്ന സത്യം തെളിഞ്ഞു, കൺകാണപ്പെടുന്നതുമാത്രമല്ല പ്രപഞ്ചത്തിന്റെ യാഥാർഥ്യമെന്നും.
അങ്ങനെ മനുഷ്യനെ സുരക്ഷിതഭാവിയിലേക്ക് നയിക്കാനുതകുന്ന അടിസ്ഥാനാവബോധം പിറക്കുന്നു. ഇനി എളുപ്പമാണ്.
ആകട്ടെ, എത്രകാലം കഴിഞ്ഞാണ് കാര്യങ്ങൾ ശരിയാവുകയെന്ന് അമ്പരക്കേണ്ട. ഏറെയൊന്നും വേണ്ടിവരില്ല. പോകുന്തോറും വേഗംവർധിക്കുന്ന പോക്കാണ്. കവിഞ്ഞാൽ പത്തോ നാല്പതോ വർഷം. ചിലപ്പോൾ അതിലും വളരെ കുറവുപോലും മതിയാവും!!
കാണുന്നവൻ കാഴ്ചയുടെ ഒഴിച്ചുകൂടാനാവാത്ത ഭാഗമാണെന്ന തിരിച്ചറിവാണ് മറ്റൊരു പ്രധാന വഴിത്തിരിവ്. ഒരു സയൻസിനും മനുഷ്യനിരപേക്ഷമായ അസ്തിത്വമില്ല. ജീവൻ വേറെ ജഡം വേറെ, ഞാൻ വേറെ മനസ്സ് വേറെ, ദ്രവ്യം വേറെ ഊർജം വേറെ എന്നുതുടങ്ങി ഞാൻ വേറെ പ്രപഞ്ചം വേറെ എന്നുവരെയുള്ള ദ്വന്ദ്വഭാവനകൾ കടപുഴകുന്നു. ദക്കാർത്തെയുടെ (Descartes) കാലംതൊട്ടുള്ള അബദ്ധധാരണയാണിത്. ഫിസിക്സ് പഠിക്കാൻ തുടങ്ങിയ കാലംമുതൽ ഇതിന്റെ സത്യാവസ്ഥയെപ്പറ്റി ഞാൻ സംശയാലുവായി. ഗീതയ്ക്ക് ഇക്കാര്യത്തിൽ എന്തുപറയാനുണ്ടെന്നറിയാൻ ശ്രമിച്ചു (ഗീതാദർശനം). അതേത്തുടർന്ന് പ്രപഞ്ചത്തിന് ഒരു പുതുമാതൃക അവതരിപ്പിക്കുകയുമുണ്ടായി. ഇതിന്റെയൊക്കെ വെളിച്ചത്തിൽ ‘കാലം കാത്തുവെക്കുന്നത്’ എന്ന നോവൽകൂടി എഴുതിയ സന്ദർഭത്തിൽ നൊബേൽസമ്മാനരൂപത്തിൽ ഫിസിക്സിന്റെ ദിശാമാറ്റം വെളിപ്പെടുന്നത് ഏറെ ചാരിതാർഥ്യജനകം. മനുഷ്യരാശി ആത്യന്തികവിവേകത്തിലേക്ക് ചുവടുമാറ്റുന്നല്ലോ. ആർപ്പുവിളിച്ച് എതിരേൽക്കാം!.
Credit: Image by Freepik
Content Highlights: national science day 2023
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..