Representational Image | Image by master1305 on Freepik
ട്രിനിറ്റി കോളേജ് ലണ്ടനിലെ ഗവേഷകനായ ഡുന്‍സു ലീ പതിവായി പ്ലാസ്റ്റിക് പാത്രങ്ങളില്‍ കൊണ്ടുവരുന്ന ഉച്ചഭക്ഷണം മൈക്രോവേവ് അവനില്‍ ചൂടാക്കി കഴിക്കാറുണ്ടായിരുന്നു. എന്നാല്‍, തന്റെ ഗവേഷണഫലങ്ങള്‍ കണ്ടതോടെ ആ പതിവ് അദ്ദേഹം നിര്‍ത്തി. അദ്ദേഹത്തെ ഞെട്ടിച്ചത് തന്റെ ചോറ്റുപാത്രം ചൂടാക്കുമ്പോള്‍ അതില്‍നിന്ന് ആയിരക്കണക്കിന് ചെറുകണികകള്‍ ഭക്ഷണത്തിലേക്ക് എത്തുന്നു എന്ന കണ്ടെത്തലാണ്. പ്ലാസ്റ്റിക് കെറ്റിലുകളും, പാല്‍ക്കുപ്പികളുമൊക്കെ ഇങ്ങനെ പ്ലാസ്റ്റിക് കണങ്ങള്‍ പൊഴിക്കുമെന്ന് ലീയുടേയും സംഘത്തിന്റേയും ഗവേഷണങ്ങള്‍ തെളിയിച്ചു. പ്രകൃതിയില്‍ എല്ലായിടത്തും എത്തിക്കഴിഞ്ഞ അന്യപദാര്‍ഥമായ മൈക്രോപ്ലാസ്റ്റിക്കുകളെക്കുറിച്ചായിരുന്നു അവര്‍ പഠിച്ചത്.
മൈക്രോപ്ലാസ്റ്റിക് എന്ന പദം ആദ്യമായി ഉപയോഗിച്ചത് 2004-ല്‍ റിച്ചാര്‍ഡ് തോംപ്‌സണ്‍ എന്ന ബ്രിട്ടീഷ് സമുദ്ര പരിസ്ഥിതി ശാസ്ത്രജ്ഞനായിരുന്നു. അഞ്ചു മില്ലീ മീറ്ററില്‍ താഴെ നീളമുള്ള പ്ലാസ്റ്റിക് കണികകളെ സൂചിപ്പിക്കാനാണ് ഇന്ന് ഈ പദം ഉപയോഗിക്കുന്നത്. ഇവ രണ്ടു തരത്തിലാണ് പ്രകൃതിയില്‍ എത്തുന്നത്. അഞ്ച് മില്ലീ മീറ്ററില്‍ താഴെ വലിപ്പമുള്ള ചെറുനാരുകളും മൈക്രോ കണികകളും പ്രൈമറി മൈക്രോപ്ലാസ്റ്റിക്കുകള്‍ എന്ന വിഭാഗത്തില്‍പ്പെടുന്നു. വലിയ പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളുടെ തേയ്മാനം വഴി മൈക്രോ വലിപ്പത്തിലേക്ക് മാറുന്നവയാണ് സെക്കന്ററി മൈക്രോപ്ലാസ്റ്റിക്കുകള്‍.
ഇരുവിഭാഗത്തില്‍പ്പെട്ടവയും വെള്ളം, വായു, മണ്ണ് തുടങ്ങി പ്രകൃതിയില്‍ എല്ലായിടത്തും കാണപ്പെടുന്നുണ്ട്. എങ്കിലും ഏറ്റവും കൂടുതല്‍ കാണുന്നത് ജലത്തിലും സമുദ്രത്തിലുമാണ്. നൈലോണ്‍, പോളിസ്റ്റര്‍ തുടങ്ങി പലതരം കൃത്രിമനാരുകള്‍ കൊണ്ടുണ്ടാക്കിയ തുണികള്‍ അലക്കുമ്പോള്‍ വെള്ളത്തിലെത്തുന്നവയാണ് ഇതില്‍ വലിയൊരു പങ്കും. കുടിവെള്ള-ശീതള പാനീയക്കുപ്പികള്‍, മീന്‍വലകള്‍, പ്ലാസ്റ്റിക് കവറുകള്‍, മൈക്രോവേവ് അടുപ്പില്‍ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് പാത്രങ്ങള്‍ തുടങ്ങി വാഹനങ്ങളുടെ ടയറുകള്‍ റോഡിലുരയുമ്പോള്‍ വരെ പ്ലാസ്റ്റിക് കണികകള്‍ പ്രകൃതിയിലെത്തുന്നു.

മൈക്രോപ്ലാസ്റ്റിക്കുകളില്‍ തന്നെ 100 നാനോമീറ്ററില്‍ (ഒരു നാനോമീറ്റര്‍ = ഒരു മീറ്ററിന്റെ 10,00,00,000-ല്‍ ഒന്ന് ) താഴെ വലിപ്പമുള്ളവയെ നാനോപ്ലാസ്റ്റിക്കുകള്‍ എന്ന് വിളിക്കുന്നു. ഇവയെ നഗ്‌നനേത്രങ്ങള്‍ കൊണ്ട് കാണാനാവില്ല. അതിനായി ഇലക്ട്രോണ്‍ മൈക്രോസ്‌കോപ്പുകള്‍ പോലുള്ള പ്രത്യേക ഉപകരണങ്ങള്‍ വേണം. ഇവ ശരീരത്തിലുണ്ടാക്കുന്ന ദോഷഫലങ്ങളെപ്പറ്റി വ്യാപകമായ ആശങ്കകളുണ്ട്. അതേപ്പറ്റി വഴിയേ പറയാം.

മൈക്രോപ്ലാസ്റ്റിക്കുകളുടെ ഉറവിടങ്ങള്‍
വാഷിംഗ് മെഷീനില്‍ തുണിയലക്കുമ്പോള്‍ ഓരോ തുണിയില്‍നിന്നും ശരാശരി 1900 മൈക്രോ പ്ലാസ്റ്റിക് നാരുകള്‍ ഉണ്ടാകുന്നു എന്നാണ് കണക്ക്. ഫേസ് വാഷുകളും സ്‌ക്രബുകളും ഉള്‍പ്പടെയുള്ള പല കോസ്‌മെറ്റിക് ഉത്പന്നങ്ങളിലും മൃതകോശങ്ങളെ ഉരച്ച് നീക്കം ചെയ്യാനായി മുത്തുപോലുള്ള മൈക്രോപ്ലാസ്റ്റിക് കണികകളാണ് ഉള്‍പ്പെടുത്തുന്നത്. ഇവ നേരിട്ട് വെള്ളത്തില്‍ എത്തുകയും വലിയൊരളവ് ജലശുദ്ധീകരണത്തിന് ഉപയോഗിക്കുന്ന അരിപ്പകളിലൂടെ കടന്നുപോവുകയും ചെയ്യുന്നു. മത്സ്യബന്ധന വലകളും,മീന്‍പിടിക്കാനും വിനോദത്തിനുമായി ഉപയോഗിക്കുന്ന ഫൈബര്‍ ബോട്ടുകളുമൊക്കെ കടലിലേക്ക് മൈക്രോപ്ലാസ്റ്റിക്കുകളെ നേരിട്ട് എത്തിക്കുന്നു. മത്സ്യങ്ങളിലും കടല്‍പ്പക്ഷികളിലും ഇവയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. മത്സ്യങ്ങളില്‍നിന്ന് ഇവ മനുഷ്യനിലേക്കും മറ്റ് സസ്തനികളിലേക്കും എത്തുകയും ശരീരത്തില്‍ അടിഞ്ഞു കൂടുകയും ചെയ്യും.
ചെറു പെല്ലറ്റുകള്‍ ഉരുക്കി വാര്‍ത്താണ് പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ ഉണ്ടാക്കുന്നത്. ഈ പെല്ലറ്റുകളും അവ പൊടിഞ്ഞുണ്ടാകുന്ന കണികകളും നേരിട്ട് പ്രകൃതിയിലെത്തുന്നു. കോവിഡ് മഹാമാരിക്ക് ശേഷം ഡിസ്‌പോസിബിള്‍ മാസ്‌കുകളില്‍നിന്ന് മൈക്രോ, നാനോ നാരുകള്‍ ധാരാളമായി പ്രകൃതിയിലേക്കെത്തുന്നുണ്ട്. പേപ്പര്‍ കൊണ്ടുള്ള കപ്പുകളുടേയും പ്ലേറ്റുകളുടേയും ഉള്ളില്‍ കനം കുറഞ്ഞ പ്ലാസ്റ്റിക് കോട്ടിംഗ് ഉണ്ടായിരിക്കും. ഇവയും മൈക്രോപ്ലാസ്റ്റിക്കുകളുടെ ഉറവിടമാണ്. കാറുകള്‍ ഉള്‍പ്പടെയുള്ള ഭാരം കുറഞ്ഞ വാഹനങ്ങളുടെ ടയറുകള്‍ പ്രധാനമായും നിര്‍മ്മിക്കുന്നത് കൃത്രിമ റബറായ സ്‌റ്റൈറീന്‍ ബ്യൂട്ടാഡയീന്‍ റബര്‍ അഥവാ എസ് ബി ആര്‍. ഉപയോഗിച്ചാണ്. ടയറുകള്‍ക്കും റോഡിനുമിടയില്‍ നിരന്തര ഘര്‍ഷണം ഉണ്ടാകുന്നതുകൊണ്ട് അവയില്‍നിന്നു സ്‌റ്റൈറീന്‍ കണികകള്‍ മണ്ണിലും വെള്ളത്തിലും എത്തുന്നു.

മൈക്രോപ്ലാസ്റ്റിക്കുകള്‍ ഭീഷണിയോ ?
ഈ ചോദ്യത്തിന് വ്യക്തമായ ഒരുത്തരം പറയാന്‍ മാത്രം വിവരങ്ങള്‍ ഇപ്പോള്‍ നമ്മുടെ കൈയിലില്ല. മൈക്രോപ്ലാസ്റ്റിക്കുകളും നാനോപ്ലാസ്റ്റിക്കുകളും ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്‌നങ്ങളെപ്പറ്റി ശാസ്ത്രലോകം വിശദമായി പഠിച്ച് വരുന്നതേയുള്ളൂ. എങ്കിലും അവ ധാരാളമായി പ്രകൃതിയില്‍ എത്തുന്നു, വിഘടിക്കാതെ ദീര്‍ഘകാലം അവശേഷിക്കുന്നു. ജീവികളുടെ ശരീരത്തില്‍ എത്തുന്നു എന്നീ മൂന്ന് കാരണങ്ങള്‍ കൊണ്ട് ഇവയെ മലിനീകാരികളായി കണക്കാക്കുന്നു. വലിയ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ പോലെ എളുപ്പത്തില്‍ ഇവ കണ്ണില്‍പ്പെടില്ല എന്നതും അപകട സാധ്യത കൂട്ടുന്നു. പ്ലാസ്റ്റിക്കുകളുടെ നിര്‍മാണ സമയത്ത് പ്ലാസ്റ്റിസൈസറുകളും ചായങ്ങളും തുടങ്ങി പല തരം രാസവസ്തുക്കള്‍ അവയില്‍ ചേര്‍ക്കുന്നുണ്ട്. മൈക്രോപ്ലാസ്റ്റിക് കണങ്ങളിലും ഇവയുടെ സാന്നിധ്യമുണ്ടാവാം. ഈ കണങ്ങള്‍ ശരീരത്തില്‍ എത്തുന്നതിനൊപ്പം ഈ രാസവസ്തുക്കളും ശരീരത്തില്‍ അടിഞ്ഞുകൂടാനിടയുണ്ട്. ചെറിയ ജീവികളില്‍നിന്ന് അവ ഭക്ഷ്യശൃംഖല വഴി വലിയ സസ്തനികളില്‍ എത്തി ശരീരത്തില്‍ അടിഞ്ഞൂകൂടാം. ശ്വസനം വഴിയും ഇവ ജീവികളുടെ ശരീരത്തില്‍ നേരിട്ട് എത്തുന്നു. പഠനങ്ങള്‍ കാണിക്കുന്നത് വീടിനകത്തെ മൈക്രോനാരുകളുടെ സാന്നിധ്യം പുറത്തേക്കാള്‍ ഏറെക്കൂടുതലാണ് എന്നാണ്. കുട്ടികളിലും, ആസ്ത്മാ രോഗികളിലും കിടപ്പ് രോഗികളിലുമൊക്കെ ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ ഇതുകൊണ്ട് ഉണ്ടാവാം എന്ന് കരുതപ്പെടുന്നു.
Also Read
മനുഷ്യരില്‍ ഇവയുണ്ടാക്കുന്ന ദോഷഫലങ്ങളെപ്പറ്റി സംശയാതീതമായ വിവരങ്ങള്‍ ഇപ്പോള്‍ ലഭ്യമായിട്ടില്ല. ഓരോ തരം പ്ലാസ്റ്റിക് കണികകളേയും കണക്കിലെടുത്തുള്ള ദീര്‍ഘകാല പഠനങ്ങള്‍ ഇക്കാര്യത്തില്‍ വേണ്ടി വരും. ഇവയ്ക്ക് നേരിട്ടുള്ള ഫലങ്ങള്‍ ഉണ്ടാവാം എന്ന് മാത്രമല്ല, ഘനലോഹങ്ങളുടെയും, രോഗാണുക്കളുടേയും വാഹകരായി ഇവ പ്രവര്‍ത്തിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. കടല്‍പ്പക്ഷികളില്‍ അന്നനാളത്തിന് വീക്കമുണ്ടാവാന്‍ ഇവ കാരണമാകുന്നതായി കണ്ടെത്തുകയും ഈ രോഗാവസ്ഥയ്ക്ക് പ്ലാസ്റ്റിക്കോസിസ് എന്ന് പേരു നല്കുകയും ചെയ്തിട്ടുണ്ട്. നാനോപ്ലാസ്റ്റിക്കുകള്‍ തീരെ ചെറുതായതിനാല്‍ അവയ്ക്ക് കോശസ്തരത്തിനുളളിലൂടെ കോശത്തിനകത്ത് കടക്കാനും കോശത്തിന്റെ പ്രവര്‍ത്തനങ്ങള്‍ തകരാറിലാക്കാനും കഴിഞ്ഞേക്കാം. കൊഴുപ്പിനോട് ആഭിമുഖ്യമുള്ളതിനാല്‍ (lipophilic ) കോശങ്ങളുടെ കൊഴുപ്പുകൊണ്ടുള്ള പുറം പാളിയുമായി കൂടിച്ചേരാനും ഇടയുണ്ട്. മത്സ്യങ്ങളുടെ തലച്ചോറ് ഉല്‍പ്പടെയുള്ള ആന്തരാവയവങ്ങളില്‍ നാനോപ്ലാസ്റ്റിക്കുകളുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. മനുഷ്യരിലും മറ്റ് ജീവികളിലും സമാനമായ പഠനം നടക്കേണ്ടതുണ്ട്.
.jpg?$p=daee72f&&q=0.8)
എന്താണ് പരിഹാരം ?
പ്ലാസ്റ്റിക് മാലിന്യ പ്രശ്‌നത്തിന് സമ്പൂര്‍ണ പരിഹാരം കണ്ടെത്താനാവാത്തത് പോലെ ഇതിനും നൂറു ശതമാനം കൃത്യമായ പരിഹാരങ്ങളൊന്നും ഇപ്പോള്‍ ലഭ്യമല്ല. ചൈന, അമേരിക്ക, ജപ്പാന്‍ തുടങ്ങി പല രാജ്യങ്ങളും ഇവയുടെ ഉത്പാദനം കുറയ്ക്കുന്നതിന് സഹായകമായ ചില നിയമങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. ഊര്‍ജത്തിനായുള്ള നിയന്ത്രിത കത്തിക്കല്‍, സൂക്ഷ്മ ജീവികളെ ഉപയോഗിച്ചുള്ള വിഘടിപ്പിക്കല്‍, അരിച്ചു മാറ്റല്‍ തുടങ്ങി പല മാര്‍ഗങ്ങളും നിര്‍ദ്ദേശിക്കപ്പെടുന്നുണ്ട്. പ്ലാസ്റ്റിക് വസ്തുക്കളെ സംബന്ധിച്ച മൂന്ന് 'R' ല്‍ (Reduce, Reuse, Recycle) തന്നെയാണ് ഇവിടെയും ഊന്നേണ്ടത്. പ്ലാസ്റ്റിക് ഉപയോഗം കഴിയുന്നത്ര കുറയ്ക്കുക, പറ്റാവുന്നവ സുരക്ഷിതമായി വീണ്ടും ഉപയോഗിക്കുക, അല്ലാത്തത് കഴുകി വൃത്തിയാക്കി റീസൈക്ലിംഗിനായി നല്കുക. പ്ലാസ്റ്റിക് പ്രശ്‌നത്തിന് ലളിതമായ പരിഹാരങ്ങളില്ല. മൈക്രോപ്ലാസ്റ്റിക്കുകളെ ഇപ്പോള്‍ വല്ലാതെ ഭയക്കേണ്ട, എന്നാല്‍ വിവേകപൂര്‍ണമായി പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ ഉപയോഗിക്കാനും ശ്രദ്ധിക്കണം.
ഈ വര്‍ഷത്തെ പരിസ്ഥിതി ദിനം
#BeatPlasticPollution അഥവാ പ്ലാസ്റ്റിക് മലിനീകരണത്തെ ചെറുക്കാം എന്നതാണ് ഈ വര്‍ഷത്തെ പരിസ്ഥിതിദിന മുദ്രാവാക്യം. പെയിന്റുകള്‍ മുതല്‍ ബുള്ളറ്റ് പ്രൂഫ് വസ്ത്രങ്ങള്‍ വരെയും, മുടി ചീകുന്ന ചീപ്പ് മുതല്‍ കൃത്രിമ അവയവങ്ങള്‍ വരെയും കളിപ്പാട്ടങ്ങള്‍ മുതല്‍ റോക്കറ്റ് ഭാഗങ്ങള്‍ വരെയും ജീവിതത്തിന്റെ എല്ലാ മേഖലകളിലും പ്ലാസ്റ്റിക്കിന്റെ സ്വാധീനം വ്യാപിച്ചു കിടക്കുന്നു. പ്ലാസ്റ്റിക്കുകളെ മനുഷ്യന് പ്രിയപ്പെട്ടതാക്കുന്നത് അവയുടെ സ്ഥിരതയും പരമ്പരാഗത വസ്തുക്കള്‍ പോലെ ചിതലരിച്ചോ വെള്ളം നനഞ്ഞോ തുരുമ്പെടുത്തോ നശിച്ചുപോകില്ല എന്നതുമാണ്. അതേസമയം, ഈ ഗുണം തന്നെ അതിനെ വിനാശകാരിയായ മാലിന്യവും ആക്കിമാറ്റുന്നു.
.jpg?$p=24e1b48&&q=0.8)
പ്രതിവര്‍ഷം 400 ദശലക്ഷം ടണ്‍ പ്ലാസ്റ്റിക് മാലിന്യങ്ങളാണ് ഉത്പാദിപ്പിക്കപ്പെടുന്നത്. ഇതില്‍ പത്ത് ശതമാനം മാത്രം റീസൈക്കിള്‍ ചെയ്യപ്പെടുകയും ബാക്കിയുള്ളവ മണ്ണിലും ജലത്തിലും ചെന്നെത്തി നൂറ്റാണ്ടുകള്‍ ദ്രവിക്കാതെ കിടക്കുകയും ചെയ്യുന്നു. ഇത് മണ്ണിനെയും ജലത്തേയും മലിനീകരിക്കുകയും പരിസ്ഥിതി സന്തുലനത്തെ ബാധിക്കുകയും ചെയ്യുന്നു. കത്തിച്ചാലാവട്ടെ ഡയോക്‌സിന്‍ ഉള്‍പ്പടെയുള്ള മാരക വിഷവാതകങ്ങള്‍ അന്തരീക്ഷത്തിലെത്തും. ഒരു വര്‍ഷം 50,000 മൈക്രോ പ്ലാസ്റ്റിക് കണങ്ങള്‍ ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയും നമ്മള്‍ അകത്താക്കുന്നുണ്ടത്രേ. ശ്വസനത്തിലൂടെ ഉള്ളിലെത്തുന്നത് വേറെയും.
പ്ലാസ്റ്റിക് മലിനീകരണം കുറയ്ക്കുകയും പ്ലാസ്റ്റിക്കിന്റെ ഉത്തരവാദിത്വത്തോടെയുള്ള ഉപയോഗം പ്രോത്സാഹിപ്പിക്കുകയുമാണ് ഈ വര്‍ഷത്തെ ദിനാചരണത്തിന്റെ ഉദ്ദേശം. ജനങ്ങള്‍ക്കിടയില്‍ അവബോധമുണ്ടാക്കുകയും അതുവഴി മലിനീകരണത്തിന് പരിഹാരം കാണാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ വ്യവസായങ്ങളേയും ഭരണാധികാരികളെയും പ്രേരിപ്പിക്കുകയും വേണം. പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ഐവറി കോസ്റ്റ് ആണ് ഇത്തവണത്തെ പരിസ്ഥിതി ദിനത്തിന് ആതിഥ്യമരുളുന്നത്. നെതര്‍ലാന്റ്‌സ് ഭരണകൂടത്തിന്റെ പിന്തുണയും ഇത്തവണത്തെ ദിനാചരണത്തിനുണ്ട്. 1973 മുതല്‍ എല്ലാ വര്‍ഷവും ജൂണ്‍ അഞ്ച് അന്താരാഷ്ട്ര പരിസ്ഥിതി ദിനമായി ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തില്‍ ആചരിച്ച് വരുന്നു. വിദ്യാര്‍ഥികളിലും പൊതുജനങ്ങളിലുമൊക്കെ പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെപ്പറ്റി അവബോധമുണ്ടാക്കുകയാണ് ലക്ഷ്യം.
Content Highlights: micro plastic and environment, world environment day
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..