പ്രകൃതിദുരന്തങ്ങളില്‍ ഞൊടിയിടയില്‍ സംഭവിക്കുന്നതല്ല കൂട്ടവംശനാശം ; പിന്നെയെങ്ങനെ?


ശ്രീനിധി കെ. എസ്കൂട്ടവംശനാശം എന്ന് കേള്‍ക്കുമ്പോള്‍ എന്താണ് മനസിലേക്ക് വരുന്നത്? അഗ്‌നിപര്‍വ്വതസ്‌ഫോടനം, ഉല്‍ക്കാപതനം തുടങ്ങിയ പ്രകൃതിദുരന്തങ്ങളുടെ ഫലമായി ഞൊടിയിടയില്‍ ഒട്ടേറെ ജീവികള്‍ ഭൂമുഖത്തുനിന്നും അപ്രത്യക്ഷമാവുന്നതാണോ? എന്നാല്‍ അതില്‍ കുറച്ചു വ്യത്യാസമുണ്ട്. 

Representational image | Photo by kjpargeter on Freepik (Hyperlinked Below)

ഉല്‍ക്കാശിലകളുടെ വലിയൊരു മഴയില്‍ ആണ് ദിനോസറുകള്‍ പൊടുന്നനെ അപ്രത്യക്ഷമായത് എന്ന് പലരും കേട്ട് കാണും. ഇത്തിരി സത്യവും ഒത്തിരി മിത്തും അടങ്ങിയ ഒരു ധാരണയാണ് ഇത്. എന്നാല്‍ സത്യമെന്താണ്?

ഭൂമിയില്‍ കഴിഞ്ഞ 350 കോടി വര്‍ഷങ്ങള്‍ക്കിടയില്‍ 400 കോടി ഇനം (സ്പീഷിസ്) ജീവജാലങ്ങള്‍ പിറവിയെടുത്തിട്ടുണ്ട് . ഇതില്‍ ഏകദേശം 99 ശതമാനവും പല കാലഘട്ടങ്ങളിലായി അപ്രത്യക്ഷമായിട്ടുണ്ടെന്നാണ് ഫോസിലുകളെ കുറിച്ചു പഠിച്ച പ്രശസ്ത ശാസ്ത്രജ്ഞൻ ഡേവിഡ് റൗപ് (David M. Raup) കണക്കാക്കിയിട്ടുള്ളത്. പാരിസ്ഥിതികമാറ്റങ്ങള്‍ കാരണമാണ് മിക്ക സ്പീഷിസുകളും ഭൂമുഖത്തു നിന്ന് അപ്രത്യക്ഷമായത്. സ്വാഭാവികമായുണ്ടാകുന്ന തിരോധനങ്ങള്‍ ഭൂമിയിലെ ആവാസവ്യവസ്ഥയില്‍ വലിയ ഓളങ്ങള്‍ ഉണ്ടാക്കാറില്ല. എന്നാല്‍ ചില സന്ദര്‍ഭങ്ങളില്‍, പ്രകൃതിയില്‍ ഉണ്ടാകുന്ന വളരെ നാടകീയമായ സംഭവങ്ങള്‍ (ഉദാ: അഗ്നിപര്‍വ്വതസ്‌ഫോടനം) വളരെ ചുരുങ്ങിയ കാലം കൊണ്ട് ഒട്ടനവധി സ്പീഷിസുകള്‍ അപ്രത്യക്ഷമാകാന്‍ കാരണമാകുന്നു. ഇതിനെയാണ് കൂട്ട വംശനാശം അഥവാ മാസ് എക്‌സ്റ്റിങ്ഷന്‍ (Mass Extinction) എന്ന് വിളിക്കുന്നത്.സാമൂഹിക വിഷയങ്ങള്‍, വൈല്‍ഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാര്‍ത്തകളും വിവരങ്ങളും അറിയാന്‍ JOIN Whatsapp group

ഒരു (ജിയോളജിക്കല്‍) ഞൊടിയിടയില്‍

അഗ്‌നിപര്‍വ്വതസ്‌ഫോടനം, ഉല്‍ക്കാപതനം തുടങ്ങിയ പ്രകൃതിദുരന്തങ്ങളുടെ ഫലമായി ഞൊടിയിടയില്‍ ഒട്ടേറെ ജീവികള്‍ ഭൂമുഖത്തുനിന്നും അപ്രത്യക്ഷമാവുന്നതാണ് പൊതുവെ കൂട്ടവംശനാശം എന്ന് കേള്‍ക്കുമ്പോള്‍ പലർക്കും മനസിലേക്ക് വരിക. എന്നാല്‍ അതില്‍ കുറച്ചു വ്യത്യാസമുണ്ട്. ഞൊടിയിടയിലാണ് സംഭവിക്കുന്നതെങ്കിലും അത് ഒരു ജിയോളജിക്കല്‍ ഞൊടിയിടയില്‍ (Geological Blink) എന്ന് തിരുത്തേണ്ടതുണ്ട്.

ഭൂശാസ്ത്രജ്ഞര്‍ക്ക് ഒരു ഞൊടി എന്നാല്‍ ആയിരക്കണക്കിനോ ലക്ഷക്കണക്കിനോ വര്‍ഷങ്ങള്‍ ആണെന്ന് പറയാം. അത്രയും വര്‍ഷങ്ങള്‍ കൊണ്ട് ഭൂമിയിലെ വലിയൊരു ശതമാനം (ചുരുങ്ങിയത് 75 ശതമാനം) ജീവിവര്‍ഗ്ഗങ്ങള്‍ അപ്രത്യക്ഷമാകുമ്പോള്‍ അതിനെ കൂട്ടവംശനാശം എന്ന് വിശേഷിപ്പിക്കുന്നു.

ഭൂമിയുടെ ചരിത്രത്തില്‍ ഇതുവരെ അഞ്ച് കൂട്ടവംശനാശം ഉണ്ടായിട്ടുണ്ടെന്നാണ് കണ്ടെത്തൽ. യഥാക്രമം 450-440, 375-360, 252, 201, 66 ദശലക്ഷം വര്‍ഷങ്ങള്‍ മുമ്പാണ് ഇവ സംഭവിച്ചത് എന്ന് കണക്കാക്കപ്പെടുന്നു. ഇതില്‍ ഏറ്റവും വലിയ വംശനാശകാലഘട്ടം ഏകദേശം 252 ദശലക്ഷം വര്‍ഷങ്ങള്‍ മുമ്പ് (അഥവാ പെര്‍മിയന്‍ കാലഘട്ടത്തിന്റെ അവസാനം) നടന്നതാണ്. ഭൂമിയില്‍ ഉണ്ടായിരുന്ന സമുദ്ര ജൈവസമ്പത്തിന്റെ ഏകദേശം 80-96 ശതമാനം ആ കാലഘട്ടത്തില്‍ അപ്രത്യക്ഷമായി എന്നാണ് ഫോസില്‍ റെക്കോര്‍ഡുകള്‍ സൂചിപ്പിക്കുന്നത്. സൈബീരിയയില്‍ നിന്നുണ്ടായ ഭീമമായ ലാവാ പ്രവാഹമാണ് ഈ വംശനാശത്തിലേക്ക് നയിച്ചത് എന്ന് ശാസ്ത്രജ്ഞര്‍ കരുതുന്നു. എന്നാല്‍ ലാവാ പ്രവാഹത്തില്‍ പൊടുന്നനെ ജീവജാലങ്ങള്‍ മരിച്ചുവീഴുകയല്ല കേട്ടോ. ലാവാപ്രവാഹം കാരണം നേരിട്ടും അല്ലാതെയും ഭൗമാന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ അളവ് ക്രമാതീതമായി ഉയരുകയും സമുദ്രജലത്തിന്റെ അമ്ലത കൂടുകയും ഭൗമാന്തരീക്ഷത്തിനു ഗുരുതരമായ രീതിയില്‍ ചൂട് പിടിച്ചതുമാണ് ഈ മഹാനാശത്തിലേക്ക് നയിച്ചത് എന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ഏകദേശം അറുപതിനായിരം വര്‍ഷങ്ങള്‍ ആണ് ഈ കൂട്ടവംശനാശത്തിനു എടുത്തത്. 450 കോടി പ്രായമുള്ള ഭൂമിയുടെ ചരിത്രത്തില്‍ ഇതൊരു ഞൊടിയിട മാത്രമാണല്ലോ.

ഏകദേശം 6.6 കോടി വര്‍ഷങ്ങള്‍ മുമ്പ് ആണ് ദിനോസറുകള്‍ അപ്രത്യക്ഷമായ വംശനാശകാലം. ഉല്‍ക്കാപതനം, അഗ്‌നിപര്‍വ്വതസ്‌ഫോടനം എന്നിവ മൂലം പരിസ്ഥിതിയില്‍ സംഭവിച്ച മാറ്റങ്ങളും ആവാസവ്യവസ്ഥയുടെ തകര്‍ച്ചയും ആണ് ഈ കൂട്ടവംശനാശത്തിലേക്ക് എത്തിച്ചത്. ഏകദേശം 33,000 വര്‍ഷങ്ങള്‍ എടുത്തു ഭൂമിയുടെ ചരിത്രത്തിലെ അവസാനത്തെ ഈ കൂട്ടവംശനാശത്തിന്.

എങ്ങനെയാണ് കൂട്ടവംശനാശം കണക്കാക്കുന്നത്?

ഭൂമിയില്‍ സ്വാഭാവികമായി നിരന്തരം സംഭവിച്ചുകൊണ്ടിരിക്കുന്ന വംശനാശത്തിനെ പശ്ചാത്തലവംശനാശം (Background Extinction) എന്നാണു വിളിക്കുന്നത്. പരിസ്ഥിതിയില്‍ ഉണ്ടാവുന്ന മാറ്റം, ആവാസവ്യവസ്ഥയുടെ തകര്‍ച്ച, മറ്റ് സ്പീഷിസുകളുമായി മത്സരിച്ച് നിലനില്‍ക്കാന്‍ സാധിക്കാതെ വരുന്നത് എല്ലാം ഇതിനു കാരണമായേക്കാം. ഭൂമിയുടെ ജൈവവ്യവസ്ഥയില്‍ പശ്ചാത്തലവംശനാശം വലിയ ചലനമൊന്നും ഉണ്ടാക്കുന്നില്ല. ഒരു സ്പീഷിസ് അപ്രത്യക്ഷമാവുമ്പോള്‍ ആ സ്ഥാനം മറ്റൊരു പുതിയ സ്പീഷിസ് നേടുകയാണ് സാധാരണ ചെയ്യാറുള്ളത്. വര്‍ഷത്തില്‍ ഒരു ദശലക്ഷം സ്പീഷിസുകള്‍ക്കിടയില്‍ 0.1 മുതല്‍ 1 വരെ സ്പീഷിസിന്റെ വംശനാശം എന്നതാണ് പശ്ചാത്തലവംശനാശത്തിന്റെ തോത് (Background Extinction Rate) ആയി സാധാരണ കണക്കാക്കുന്നത് (ഇതില്‍ മാറ്റങ്ങള്‍ ഉണ്ടാകാറുണ്ട് കേട്ടോ). ഒരു ചെറിയ കാലഘട്ടത്തിനിടക്ക് വംശനാശത്തിന്റെ തോത് പശ്ചാത്തലതോതിനെക്കാള്‍ വളരെയധികം ഉയരുകയും അപ്രത്യക്ഷമാകുന്ന സ്പീഷിസുകളുടെ എണ്ണം പുതിയ സ്പീഷിസുകളെക്കാള്‍ ഒരുപാട് കൂടുകയും ചെയ്യുമ്പോള്‍ ആണ് അതിനെ കൂട്ടവംശനാശമായി കണക്കാക്കുന്നത്. ഫോസിലുകളുടെയും അവസാദശിലകളുടെയും എല്ലാം പഠനങ്ങളിലൂടെ ആണ് കൂട്ട വംശനാശത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ശാസ്ത്രജ്ഞര്‍ കണ്ടെത്തുന്നത്.

ഇത് ആറാം വംശനാശകാലഘട്ടം ആണോ?

നിലവില്‍ 8.7 ദശലക്ഷത്തോളം സസ്യ-ജന്തു ഇനങ്ങള്‍ ഭൂമിയില്‍ ഉണ്ടെന്നാണ് കണക്കാക്കുന്നത്. എന്നാല്‍ വംശനാശത്തിന്റെ തോതും വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഗൊറില്ല, കാണ്ടാമൃഗം വിവിധയിനം സസ്യങ്ങള്‍ തുടങ്ങിയ പല തരം ജീവി ഇനങ്ങള്‍ വംശനാശഭീഷണി നേരിടുന്നുണ്ട്. ഐക്യരാഷ്ട്രസഭയുടെ ഇന്റര്‍ഗവണ്‍മെന്റല്‍ സയന്‍സ്-പോളിസി പ്ലാറ്റ്‌ഫോം ഓണ്‍ ബയോഡൈവേഴ്‌സിറ്റി ആന്റ് ഇക്കോസിസ്റ്റം സര്‍വീസസിന്റെ 2019ലെ റിപ്പോര്‍ട്ട് പ്രകാരം ഏകദേശം ഒരു ദശലക്ഷം സ്പീഷിസുകള്‍ നിലവില്‍ വംശനാശഭീഷണി നേരിടുന്നുണ്ട്. ആഗോളതാപനവും കാലാവസ്ഥാമാറ്റവും ഭൂമിയിലെ പ്രാഥമിക പ്രശ്‌നങ്ങളില്‍ ഒന്നായി മാറിയിരിക്കുന്നു. ഈ മാറ്റങ്ങള്‍ മനുഷ്യജന്യമാണെന്നു ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടും ഉണ്ട്. ഈ പശ്ചാത്തലത്തില്‍ നടക്കുന്ന ചൂടന്‍ ചര്‍ച്ചകളില്‍ ഒന്നാണ് ഇത് ആറാം കൂട്ടവംശനാശകാലഘട്ടം ആണോ എന്നത്.

വംശനാശത്തിന്റെ വക്കിലെത്തി നില്‍ക്കുന്ന വെള്ള കണ്ടാമൃഗങ്ങള്‍ | Photo: AP

ഇരുപതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ആണ് ആറാം വംശനാശകാലത്തെ കുറിച്ച് ശാസ്ത്രലോകം ചര്‍ച്ച ചെയ്യാന്‍ തുടങ്ങിയത്. 1995 ഇല്‍ റിച്ചാര്‍ഡ് ലീക്കി, റോജര്‍ ലൂവിന്‍ എന്നിവര്‍ എഴുതി പ്രസിദ്ധീകരിച്ച 'ദി സിക്‌സ്ത് എക്‌സ്റ്റിന്‍ഷന്‍' (The Sixth Extinction) എന്ന പുസ്തകമായിരിക്കണം ഈ ചര്‍ച്ചക്ക് തുടക്കം ഇട്ടത്. നിലവിലെ വംശനാശത്തോത് മനുഷ്യന് മുമ്പുണ്ടായിരുന്ന പശ്ചാത്തലവംശനാശത്തോതിനേക്കാള്‍ 100 മുതല്‍ 1000 വരെ മടങ്ങ് അധികമാണെന്ന് ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്. പല ഉഷ്ണമേഖലാദ്വീപുകളിലെയും (Tropical Oceania) കണക്കുകള്‍ സൂചിപ്പിക്കുന്നത് കഴിഞ്ഞ 2000 വര്‍ഷങ്ങള്‍ക്കിടയില്‍ ഏകദേശം 1800 പക്ഷിവര്‍ഗ്ഗങ്ങളുടെ സ്പീഷിസുകള്‍ അപ്രത്യക്ഷമായിട്ടുണ്ട് എന്നാണ്. മനുഷ്യനിര്‍മിതമായ കാലാവസ്ഥാമാറ്റവും ജീവജാലങ്ങളുടെ സ്വാഭാവിക വാസസ്ഥലങ്ങളുടെ തകര്‍ച്ചയും ആണ് ഇതിലേക്ക് നയിക്കുന്നത് എന്നാണ് വിലയിരുത്തുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ആണ് നമ്മള്‍ ആറാം കൂട്ടവംശനാശകാലത്തിന്റെ തുടക്കത്തില്‍ ആണെന്ന നിഗമനത്തിലേക്ക് പല ശാസ്ത്രജ്ഞരും എത്തുന്നത്. ഇത് സത്യമാണെങ്കില്‍ പ്രകൃത്യാ ഉള്ള കാരണങ്ങള്‍ അല്ലാതെ, ഭൂമിയിലെ ഒരു സ്പീഷീസായ മനുഷ്യന്‍ കാരണം ഉണ്ടാകുന്ന ആദ്യത്തെ കൂട്ടവംശനാശമാണ് ഇത്. ഈ വംശനാശകാലത്തിന്റെ അവസാനത്തോടെ ഭൂമിയിലെ ഏകദേശം 75 ശതമാനത്തോളം ജീവിവര്‍ഗങ്ങള്‍ അപ്രത്യക്ഷമാകാന്‍ സാധ്യതയുണ്ടെന്ന് ഈ പഠനങ്ങള്‍ പ്രവചിക്കുന്നു.

എന്നിരുന്നാലും, കൂട്ടവംശനാശം വളരെ സങ്കീര്‍ണ്ണമായിട്ടുള്ള ഒരു വിഷയമാണ്. പ്രത്യേകിച്ചും നിലവില്‍ അങ്ങനെയൊന്നു നടക്കുന്നുണ്ടോ എന്നുള്ള വിലയിരുത്തല്‍ വളരെ ബുദ്ധിമുട്ടുള്ള കണക്കുകൂട്ടല്‍ ആണ്. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ എടുത്തു നടക്കുന്ന വളരെ സാവധാനത്തിലുള്ള പ്രക്രിയയാണ് ഇത് എന്നത് തന്നെയാണ് ഈ വിഷയം ഇത്രയും സങ്കീര്‍ണമാകുന്നത്. കൂടാതെ പശ്ചാത്തലവംശനാശത്തോതും നിലവിലെ വംശനാശത്തോതും കണക്കാക്കുന്ന രീതിയിലും ശാസ്ത്രജ്ഞര്‍ തമ്മില്‍ ഭിന്നാഭിപ്രായമുണ്ട്. അടുത്തിടെയിറങ്ങിയ പല പഠനങ്ങളും സൂചിപ്പിക്കുന്നത് നിലവിലെ ആറാം കൂട്ടവംശനാശം എന്നത് അതിശയോക്തി കലര്‍ന്ന ആശയം മാത്രമാണ് എന്നതാണ്.

2017ഇല്‍ പ്രസിദ്ധീകരിച്ച ഒരു പഠനം അനുസരിച്ച് കഴിഞ്ഞ 500 വര്‍ഷങ്ങളായി മനുഷ്യന്‍ കാരണം ഉണ്ടാകുന്ന വംശനാശത്തോത് വര്‍ഷത്തില്‍ ഏകദേശം 1.5 സ്പീഷിസ് എന്ന നിലയിലാണ്. എന്നാല്‍ അതിനു തുല്യമോ അതിലധികമോ തോതില്‍ പുതിയ സ്പീഷിസുകള്‍ പരിണാമപ്രക്രിയയുടെ ഭാഗമായി ഉണ്ടാകുന്നുണ്ട്.

മാത്രമല്ല നിലവില്‍ കണക്കാക്കുന്ന വംശനാശത്തിന്റെ തോത് കൃത്യമല്ലെന്നും പലതും അതിശയോക്തി കലര്‍ന്നതും മുന്‍വിധിയോടെ ഉണ്ടാക്കിയതും അശാസ്ത്രീയവും ആണെന്നും ഈ പഠനം ആരോപിക്കുന്നുണ്ട്. അങ്ങനെ ശാസ്ത്രീയമായി ഇതൊരു കൂട്ടവംശനാശ കാലഘട്ടമായി കണക്കാക്കാന്‍ സാധിക്കില്ല എന്ന് ഈ പഠനങ്ങള്‍ വാദിക്കുന്നു.

സൗത്ത് ചൈന ടൈഗർ ഷാങ്ഹായ് മൃഗശാലയിൽ | Photo: AP

എന്നാല്‍ മേല്‍പ്പറഞ്ഞ പഠനങ്ങള്‍ ഒന്നും തന്നെ മനുഷ്യജന്യമായ കാലാവസ്ഥാമാറ്റം ജൈവസമ്പത്തിനെ പ്രതികൂലമായി ബാധിക്കുന്നു എന്ന വസ്തുതയെ എതിര്‍ക്കുന്നില്ല. ഒരു കൂട്ടവംശനാശം എന്ന അനാവശ്യ ഭീതി ഉളവാക്കുന്ന ആശയത്തെ എതിര്‍ക്കുമ്പോഴും ഈ പഠനങ്ങള്‍ നിലവിലെ ഉയര്‍ന്ന വംശനാശത്തോതിനെയും പല സ്പീഷിസുകളുടെയും അംഗസംഖ്യയില്‍ സംഭവിക്കുന്ന ഭീതിതമായ കുറവിനെയും (Population Decline) കുറിച്ചുള്ള ആശങ്കകള്‍ പങ്ക് വെക്കുന്നുണ്ട്. അതായത് മുമ്പ് വലിയ അംഗസംഖ്യ ഉണ്ടായിരുന്ന ഒട്ടനവധി സ്പീഷിസുകള്‍ കാലാവസ്ഥാമാറ്റത്തിന്റെയും ആവാസവ്യവസ്ഥയുടെ തകര്‍ച്ചയുടെയും ഫലമായി ചുരുങ്ങി ചെറിയ സമൂഹമായി മാറിയിട്ടുണ്ട്. അംഗസംഖ്യയില്‍ ഉണ്ടാകുന്ന കാര്യമായ കുറവ് പ്രസ്തുത സ്പീഷിസിനു അകത്തു തന്നെ പരിണാമത്തിന്റെ ഫലമായി ഉണ്ടാകാന്‍ ഇടയുള്ള ജനിതകവൈവിധ്യത്തിനു തടയിടുന്നു. മാത്രമല്ല, അംഗസംഖ്യ കുറഞ്ഞ സ്പീഷിസുകള്‍ക്ക് കൂടിയ സ്പീഷിസുകളെക്കാള്‍ സുരക്ഷയും അതിജീവനശേഷിയും കുറവായിരിക്കും എന്നാണു കരുതപ്പെടുന്നത് (ആല്ലീ എഫക്ട്- Allee Effect). ഇത്തരം സ്പീഷിസുകള്‍ ഒരു പരിധിക്കപ്പുറം അംഗസംഖ്യ കുറയാതെ സംരക്ഷിക്കപ്പെട്ടില്ലെങ്കില്‍ വംശനാശ ഭീഷണി നേരിടാന്‍ സാധ്യത കൂടുതല്‍ ആണ്. അതായത്, നിലവില്‍ ആറാം കൂട്ടവംശനാശം തുടങ്ങിയിട്ടില്ല എന്നത് സത്യമാണെങ്കില്‍ കൂടി, ഏതാനും നൂറ്റാണ്ടുകള്‍ക്കുള്ളില്‍ അത് തുടങ്ങിക്കൂടാ എന്ന് ഉറപ്പിക്കാന്‍ ശാസ്ത്രജ്ഞര്‍ക്ക് സാധിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ജൈവവൈവിധ്യസംരക്ഷണത്തിന്റെ കാര്യത്തില്‍ കാലാവസ്ഥാ മാറ്റം നിര്‍ണായകമായ വിഷയം തന്നെ ആണ്.

നിലവില്‍ ഭൂമിയിലെ കാലാവസ്ഥാ സന്തുലനത്തെയും ജൈവവൈവിധ്യത്തിന്റെ നിലനില്പിനെയും വലിയ രീതിയില്‍ സ്വാധീനിക്കാന്‍ ശേഷിയുള്ള ഒരേയൊരു സ്പീഷിസ് മനുഷ്യന്‍ ആണ്. ഇത് ആറാം കൂട്ടവംശനാശത്തിന്റെ തുടക്കമാണെങ്കിലും അല്ലെങ്കിലും, ഒരൊറ്റ സ്പീഷിസ് കാരണം ജൈവവ്യവസ്ഥയില്‍ ഇത്രയും വലിയ ചലനങ്ങള്‍ ഉണ്ടാകുന്നത് ഭൂമിയുടെ ചരിത്രത്തില്‍ ഇതാദ്യമായിരിക്കും. സന്തുലിതമായ കാലാവസ്ഥയിലേക്കും അതുവഴി ജൈവവ്യവസ്ഥയിലേക്കും തിരിച്ചു പോകാനുള്ള വാതില്‍ നാള്‍ക്ക് നാള്‍ അടഞ്ഞുകൊണ്ടിരിക്കുകയാണ് എന്നാണു വിദഗ്ധര്‍ അഭിപ്രായപ്പെടുന്നതും കണ്മുന്നില്‍ നാം കണ്ടുകൊണ്ടിരിക്കുന്നതും. അവഗണനയും അതിശയോക്തിയും ഒരുപോലെ മാറ്റിവച്ച് കാലാവസ്ഥാമാറ്റത്തിനെ ചെറുക്കാന്‍ ശാസ്ത്രീയവും വ്യവസ്ഥാനുസൃതവും കാലാവസ്ഥാനീതിയില്‍ അധിഷ്ഠിതവുമായ മാര്‍ഗ്ഗങ്ങള്‍ പിന്തുടരേണ്ടിയിരിക്കുന്നു.

ഐ.ഐ.ടി ബോംബെ, മുംബൈ-മൊണാഷ് യൂണിവേഴ്‌സിറ്റി, ഓസ്ട്രേലിയ-ല്‍ ഗവേഷകയാണ് ലേഖിക

Image Credit: Image by kjpargeter on Freepik

Content Highlights: what is mass extinction,species,nature, biodiversity

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


vote

5 min

അടുത്തവര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പ്; ഇത്തവണ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പോ?

Nov 25, 2022


arif muhammad khan

1 min

രാജ്ഭവനിലെ അതിഥിസത്കാരം: നാല് വര്‍ഷത്തിനിടെ 9 ലക്ഷത്തോളം ചെലവഴിച്ചെന്ന് കണക്കുകള്‍

Nov 25, 2022

Most Commented