ജോഷിമഠില്‍ ഒരു നഗരം വളരാന്‍ പാടില്ലായിരുന്നു; ഇന്നത്തെ അവസ്ഥയുടെ കാര്യ കാരണങ്ങള്‍


ശ്രീനിധി കെ.എസ്.ഒരു പ്രദേശത്ത് നിലം താഴ്ന്ന് ഇരുന്നു പോകുന്നതാണ് 'സബ്‌സിഡെൻസ്'. ഈ പ്രതിഭാസമാണ് ജോഷിമഠിൽ സംഭവിക്കുന്നതെന്ന് വിദഗ്ധർ പറയുന്നു. ഉറപ്പു കുറഞ്ഞ പാറകളുള്ള ഭൂപ്രദേശത്ത് കെട്ടിടങ്ങളുടെയും മറ്റും ഭാരം നിലത്തിന് താങ്ങാൻ കഴിയാതെ വരുകയും ഇരുന്നു പോകുകയും ചെയ്യാം. ദൃഢത കുറഞ്ഞ പാറകൾ ഉള്ള പ്രദേശത്ത് ഭൂചലനങ്ങൾ ഇതിന് കാരണമാകാം

Premium

ജോഷിമഠ് നഗരം | Photo: ANI

ത്തരാഖണ്ഡിലെ ചമോലി ജില്ലയിലെ ജോഷിമഠ് എന്ന പ്രദേശം കഴിഞ്ഞ ഏതാനും ആഴ്ചകളായി വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുകയാണ്. സുന്ദരമായ ഹിമാലയന്‍ ഭൂപ്രകൃതിയില്‍ സ്ഥിതി ചെയ്യുന്ന ഈ പട്ടണം ഭയാനകമായ രീതിയില്‍ ഇടിഞ്ഞുതാണുപോകുന്നതിന്റെ വാര്‍ത്തകള്‍. ആയിരത്തോളം കെട്ടിടങ്ങളില്‍ വലുതും ചെറുതുമായ വിള്ളലുകള്‍ രൂപപ്പെട്ടിരിക്കുന്നു. അവയിലെ പലതും, നിരവധി വീടുകള്‍ ഉള്‍പ്പെടെ, ഉപയോഗശൂന്യമായ രീതിയില്‍ വിണ്ടുകീറിയിരിക്കുന്നു. ഇടിഞ്ഞുതാഴ്ന്ന റോഡുകളുടെയും കൃഷിസ്ഥലങ്ങളുടെയും, അങ്ങേയറ്റം ആശങ്കാജനകമായ ദൃശ്യങ്ങള്‍. ജനങ്ങളെ കൂട്ടമായി മാറ്റി താമസിപ്പിക്കാനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങള്‍. കനത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്ന് പല പ്രദേശങ്ങളിലെയും വിള്ളലുകളുടെ വലിപ്പം കൂടി എന്നും ചില റിപ്പോര്‍ട്ടുകള്‍.

ഭൂമി (നിലം ) താഴ്ന്ന് ഇരുന്നു പോകുന്ന Subsidence എന്ന പ്രതിഭാസം ആണ് ഇപ്പോള്‍ ജോഷിമഠില്‍ സംഭവിക്കുന്നത് എന്ന് വിദഗ്ധര്‍ അഭിപ്രായപെടുന്നു. ഈ പ്രശ്‌നങ്ങളിലേക്ക് നയിച്ച ജോഷിമഠിന്റെ ഭൂപ്രകൃതിയുടെ പ്രത്യേകതകള്‍ എന്തൊക്കെയെന്ന് വിദഗ്ദ്ധര്‍ വിശദീകരിക്കുന്നു. പ്രദേശത്തെ അനിയന്ത്രിതവും അശാസ്ത്രീയവുമായ വികസനപ്രവര്‍ത്തനങ്ങളെ മാധ്യമങ്ങള്‍ ചോദ്യം ചെയ്യുന്നു. അതേ സമയം, ജോഷിമഠ് സംബന്ധിച്ച വിവരങ്ങളും അഭിപ്രായങ്ങളും മാധ്യമങ്ങളില്‍ പങ്കുവക്കരുത് എന്ന് ഗവേഷണ സ്ഥാപനങ്ങള്‍ക്ക് ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ നിര്‍ദ്ദേശം ലഭിക്കുന്നു.

എന്താണ് ജോഷിമഠില്‍ സംഭവിക്കുന്നത്?

ഭൂമിശാസ്ത്രപരമോ മനുഷ്യനിര്‍മിതമോ ആയ വിവിധ കാരണങ്ങള്‍ കൊണ്ട് ഒരു പ്രദേശത്തെ ഭൂമി അഥവാ നിലം താഴ്ന്ന് പോകുന്നതിനെ (ഇരുന്നു പോകുന്നതിനെ) ആണ് സബ്സിഡന്‍സ് എന്ന് വിളിക്കുന്നത്. പ്രധാനമായും ഭൂമിക്കടിയിലെ ഏതെങ്കിലും വസ്തുവിന്റെ സ്ഥാനനീക്കം കാരണം ആണ് സബ്സിഡന്‍സ് ഉണ്ടാകാറുള്ളത്. ഭൂഗര്‍ഭജലം വലിയ അളവില്‍ നീക്കം ചെയ്യുന്നത് സബ്സിഡന്‍സിന്റെ ഏറ്റവും സാധാരണമായി കാണുന്ന ഒരു കാരണമാണ്. ഭൗമോപരിതലത്തിലെ പാറയെയും അതിന്റെ മുകളിലെ മണ്ണിനെയും എല്ലാം സന്തുലിതാവസ്ഥയില്‍ പിടിച്ചു നിര്‍ത്തുന്നതില്‍ ജലത്തിന് വലിയ പങ്കുണ്ട്. എന്നാല്‍ ഭൂഗര്‍ഭജലം വലിയ തോതില്‍ നീക്കം ചെയ്യുമ്പോള്‍ ഈ തുലനാവസ്ഥ തകരുകയും നിലം ഇരുന്നു പോവുകയും ചെയ്യുന്നു. എണ്ണ, പ്രകൃതിവാതകം തുടങ്ങിയവ വലിയ അളവില്‍ ഒരു പ്രദേശത്തെ ഭൂമിക്കടിയില്‍ നിന്നും നീക്കം ചെയ്യുമ്പോഴും സബ്സിഡന്‍സ് സംഭവിക്കാറുണ്ട്.

ഇതിനു പുറമെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ ലാന്‍ഡ് സബ്സിഡന്‍സിനു കാരണമാകുകയോ നിലവിലുള്ള സബ്സിഡന്‍സിന്റെ ആക്കം കൂട്ടുകയോ ചെയ്യാറുണ്ട്. നദികളുടെ ഒഴുക്ക്, ഭൗമോപരിതലത്തില്‍ നിന്നുള്ള ജലത്തിന്റെ ഊര്‍ന്നിറക്കം തുടങ്ങിയവ മണ്ണൊലിപ്പിനും പാറകളുടെ ഉറപ്പു കുറയാനും എല്ലാം കാരണം ആവാറുണ്ടല്ലോ. ഇത്തരത്തില്‍ ഉറപ്പു കുറഞ്ഞ പാറകളുള്ള ഭൂപ്രദേശത്ത് കെട്ടിടങ്ങളുടെയും മറ്റും ഭാരം നിലത്തിന് താങ്ങാന്‍ കഴിയാതെ വരുകയും ഇരുന്നു പോകുകയും ചെയ്യാം. ദൃഢത കുറഞ്ഞ പാറകള്‍ ഉള്ള പ്രദേശത്ത് ഭൂചലനങ്ങള്‍ സബ്സിഡന്‍സിനു കാരണമായേക്കാം. ഭൂമിക്കടിയിലെ സ്വാഭാവികമായ നീരൊഴുക്കിന് ഏതെങ്കിലും രീതിയില്‍ തടസം നേരിടുമ്പോള്‍ ജലം പുതിയ വഴികളിലൂടെ സഞ്ചരിക്കാന്‍ തുടങ്ങുകയും അവിടങ്ങളിലെ പാറകളുടെ ഉറപ്പ് കുറയുകയും ചെയ്യുന്നതിലൂടെയും ഗ്രൗണ്ട് സബ്സിഡന്‍സ് സംഭവിക്കാം.

നമ്മുടെ വീട്ടു മുറ്റത്തോളം ചെറിയൊരു സ്ഥലം മുതല്‍ ഏക്കര്‍ കണക്കിന് വിസ്തൃതിയില്‍ ഒരു വലിയ പ്രദേശത്ത് ഒട്ടാകെ സബ്സിഡന്‍സ് സംഭവിക്കാറുണ്ട്. സബ്സിഡന്‍സ് ചിലപ്പോള്‍ വര്‍ഷങ്ങള്‍ എടുത്തു വളരെ സാവധാനം നടക്കുന്ന ഒരു പ്രക്രിയയും ആവാം. എന്നാല്‍ ചിലയിടങ്ങളില്‍ മിനിറ്റുകള്‍ കൊണ്ട് നിലം ഇരുന്നു പോകാറുണ്ട്.

ജോഷിമഠില്‍ സംഭവിക്കുന്നത്

പ്രകൃത്യാ തന്നെ അടിയുറപ്പില്ലാത്ത, അതീവലോലമായ ഒരു ഭൂപ്രദേശത്ത് തീര്‍ത്തും അശാസ്ത്രീയവും അനിയന്ത്രിതവുമായ വികസനപ്രവര്‍ത്തനങ്ങള്‍ കൊണ്ട് വന്നതാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് കാരണം എന്നാണ് പ്രാഥമികമായ നിഗമനം. ജോഷിമഠിനെ ഇങ്ങനെയൊരു ദുരന്തത്തിലേക്ക് നയിച്ച വിവിധ ഘടകങ്ങള്‍ എന്തെല്ലാം എന്ന് പരിശോധിക്കാം.

ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍

ഭൂമിയുടെ പുറംപാളി വിവിധ ഫലകങ്ങളായി (ടെക്ടോണിക് പ്ലേറ്റുകള്‍) കിടക്കുകയാണെന്നും അവ നിരന്തരം അതീവ സാവധാനം ചലിച്ചുകൊണ്ടിരിക്കുകയാണെന്നും ഹൈസ്‌കൂള്‍ ക്ലാസുകളില്‍ പഠിച്ചത് ഓര്‍മയില്ലേ? അങ്ങനെയുള്ള രണ്ട് ഫലകങ്ങളാണ് ഇന്ത്യന്‍ ഉപഭൂഖണ്ഡം ഉള്‍പ്പെടുന്ന ഇന്ത്യന്‍ ഫലകവും യുറേഷ്യന്‍ ഫലകവും. ഏകദേശം അഞ്ചു കോടി വര്‍ഷമായി ഈ രണ്ട് ഫലകങ്ങളും കൂട്ടിയിടിച്ചുകൊണ്ടിരിക്കുകയാണ് (Collision). വര്‍ഷത്തില്‍ ഏകദേശം 10 സെന്റിമീറ്റര്‍ നിരക്കിലാണ് യുറേഷ്യന്‍ ഫലകത്തിനു നേരെയുള്ള ഇന്ത്യന്‍ ഫലകത്തിന്റെ നീക്കം.

വളരെ കുറഞ്ഞ വേഗതയായി ഇത് തോന്നാമെങ്കിലും വളരെ വലിയ സ്വാധീനമാണ് ആ പ്രദേശത്തെ ഭൂപ്രകൃതിയിലും കാലാവസ്ഥയിലും മനുഷ്യജീവിതത്തിലും എല്ലാം ഈ കൂട്ടിയിടിക്കുള്ളത്. ഈ കൂട്ടിയിടിയുടെ ഫലമായിട്ടാണ് ഹിമാലയന്‍ പര്‍വ്വതനിരയും ടിബറ്റന്‍ പീഠഭൂമിയും എല്ലാം ഉണ്ടായത്.

ഭൂഫലകങ്ങളുടെ കൂട്ടിയിടി | domdomegg, CC BY 4.0 <https://creativecommons.org/licenses/by/4.0>, via Wikimedia Commons

കൂട്ടിയിടിയുടെ ഭാഗമായി ഇന്ത്യന്‍ ഫലകം യുറേഷ്യന്‍ ഫലകത്തിനടിയിലേക്ക് ഇടിച്ചിറങ്ങുന്നു. അതെ സമയം യുറേഷ്യന്‍ ഫലകം ഇന്ത്യന്‍ ഫലകത്തിനു മുകളിലേക്ക് ഇടിച്ചുകയറുകയും ചെയ്യുന്നു.

അങ്ങനെ വലിയ രീതിയിലുള്ള സമ്മര്‍ദ്ദമാണ് (Stress) ഉത്തരാഖണ്ഡ് ഉള്‍പ്പെടെയുള്ള ഹിമാലയപ്രദേശങ്ങളില്‍ രൂപപ്പെടുന്നത്. ഈ സമ്മര്‍ദ്ദം മൂലമുണ്ടാകുന്ന വന്‍തോതിലുള്ള ഊര്‍ജം പലപ്പോഴും ഭൂവല്‍ക്കം പുറത്തുവിടും. അങ്ങനെയാണ് ഭൂചലനങ്ങള്‍ ഉണ്ടാകുന്നത്.

ഏറ്റവും ഭൂചലനങ്ങള്‍ ഉണ്ടാകുന്ന പ്രദേശങ്ങളില്‍ ഒന്നാണ് ഇന്ത്യന്‍ യുറേഷ്യന്‍ ഫലകങ്ങള്‍ കൂട്ടിയിടിക്കുന്ന ഈ ഭാഗം. ഏറ്റവും കൂടുതല്‍ മണ്ണിടിച്ചിലുകള്‍ സംഭവിക്കുന്ന പ്രദേശം കൂടി ആണ് ഹിമാലയമേഖല. അവയില്‍ വലിയൊരു ശതമാനത്തിനും തുടക്കമിടുന്നതോ വിലുതും ചെറുതുമായ ഭൂചലനങ്ങളും!

ഇനി ഉത്തരാഖണ്ഡിലേക്കും ജോഷിമഠിലേക്കും വരാം

ഭൂമിശാസ്ത്രപരമായി നോക്കിയാല്‍, ടെക്ടോണിക് ചലനം കാരണം ഏറ്റവും അധികം സമ്മര്‍ദ്ദം രൂപപ്പെടുന്ന രണ്ട് പ്രധാനപ്പെട്ട മേഖലകള്‍ക്കിടയിലാണ് ജോഷിമഠ് സ്ഥിതി ചെയ്യുന്നത് - വലുതും ചെറുതുമായ ഭൂചലനങ്ങള്‍ക്ക് സാധ്യത വളരെ കൂടുതല്‍.

ഓരോ പ്രദേശത്തും ഭൂചലനം ഉണ്ടാകാന്‍ ഉള്ള സാധ്യത അനുസരിച്ച് വിവിധ മേഖലകള്‍ ആയി തിരിക്കുന്ന പ്രക്രിയയാണ് സെയ്‌സ്മിക് സോനേഷന്‍ (Seismic Zonation). ഇന്ത്യയുടെ സെയ്‌സ്മിക് സോനേഷന്‍ ഭൂപടം അനുസരിച്ച് ഏറ്റവും അപകടസാധ്യത കൂടിയ മേഖല-5 ഇല്‍ ആണ് ജോഷിമഠ് ഉള്‍പ്പെടുന്നത്. 1990 കള്‍ക്ക് ശേഷം രണ്ട് വലിയ ഭൂചലനങ്ങളുടെ ആഘാതം ഉത്തരാഖണ്ഡ് സംസ്ഥാനത്തിന് നേരിടേണ്ടി വന്നിട്ടുണ്ട്. അതില്‍ ഒന്നിന്റെ പ്രഭവകേന്ദ്രം ജോഷിമഠ് പട്ടണത്തില്‍നിന്നും 26 കിലോമീറ്റര്‍ മാത്രം മാറി ആയിരുന്നു. ചെറുതും വലുതുമായ പ്രകമ്പനങ്ങള്‍ കാരണമാകണം, മണ്ണിടിച്ചിലുകള്‍ ഈ പ്രദേശത്ത് വളരെ കൂടുതലാണ്.

അടിത്തറ ഉറപ്പില്ലെങ്കില്‍

അടിത്തറ ഉറപ്പുണ്ടെങ്കിലേ വീടിനു നിലനില്‍പ്പുള്ളൂ എന്നത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണല്ലോ. എന്നാല്‍ തീരെ ഉറപ്പില്ലാത്ത അടിത്തറയിലാണ് ജോഷിമഠ് പട്ടണം തന്നെ കെട്ടിപ്പൊക്കിയിട്ടുള്ളത്. പുരാതനകാലത്തു സംഭവിച്ച വലിയൊരു മണ്ണിടിച്ചിലിന്റെ (Paleo Landslide) അവശിഷ്ടങ്ങള്‍ (Debris) കുമിഞ്ഞുകൂടിയുണ്ടായതാണ് ജോഷിമഠ് പട്ടണം നില്‍ക്കുന്ന ഭൂപ്രദേശം. അതുകൊണ്ട് തന്നെ താരതമ്യേനെ അയഞ്ഞ, ദൃഢതയില്ലാത്ത മണ്ണും പാറകളുമാണ് ജോഷിമഠിനെ താങ്ങി നിര്‍ത്തുന്നത്.

ഭൗമോപരിതലത്തില്‍ ഏതൊരു വസ്തുവിനും ഭൂഗുരുത്വം അനുസരിച്ചു സ്ഥിരത/ സന്തുലിതാവസ്ഥ കൈവരിച്ചാല്‍ മാത്രമേ നിലനില്‍പ്പുള്ളൂ. ജോഷിമഠ് പോലെ മണ്ണിടിച്ചിലിലുണ്ടായ ഭൂപ്രകൃതികള്‍ സന്തുലിതാവസ്ഥ കൈവരിക്കുന്നതിന് വേണ്ടി സ്വാഭാവികമായി സാവധാനം താണുപോകാറുണ്ട്. അതോടൊപ്പം ഏതെങ്കിലും രീതിയില്‍ ഉള്ള ബലം പ്രയോഗിക്കപ്പെടുമ്പോള്‍ ഇടിഞ്ഞുതാഴലിന്റെ വേഗതയും വ്യാപ്തിയും കൂടിയേക്കാം. മണ്ണിനും പാറകള്‍ക്കും താങ്ങാവുന്നതിലും കൂടുതല്‍ കെട്ടിടങ്ങള്‍, ഭൂചലനങ്ങള്‍, സ്‌ഫോടനങ്ങള്‍ എന്നിവയെല്ലാം ഇത്തരം ലോലമായ ഭൂപ്രദേശങ്ങള്‍ ഇടിഞ്ഞുതാഴാന്‍ പ്രേരിപ്പിക്കാം.

ഭൂമി ഇടിയുന്നതിന്റെ വിവിധ കാരണങ്ങൾ | Mpetty1, CC BY-SA 3.0 <https://creativecommons.org/licenses/by-sa/3.0>, via Wikimedia Commons

ഭൂപ്രകൃതി

അളകനന്ദ-ധോളിഗംഗ നദികളുടെ സംഗമസ്ഥാനത്ത് ആണ് ജോഷിമഠ് പട്ടണം സ്ഥിതി ചെയുന്നത്. അതുകൊണ്ട് തന്നെ ജോഷിമഠിന്റെ മലഞ്ചെരിവുകളിലൂടെയും അടിവാരത്തിലൂടെയും നിരവധി അരുവികളും നീര്‍ച്ചാലുകളും ഒഴുകുന്നുണ്ട്. കഴിഞ്ഞ ഏതാനും ദശാബ്ദങ്ങളായി ഇവയിലെ പല നീര്‍ചാലുകളുടെയും വീതി കൂടിവരുന്നതായി ചില നിരീക്ഷണങ്ങളുണ്ട്.

സ്വാഭാവികമായി തന്നെ വളരെ ഉറപ്പു കുറഞ്ഞ പാറകളാണ് ജോഷിമഠ് പട്ടണത്തിനടിയില്‍ എന്ന് പറഞ്ഞല്ലോ. മലഞ്ചെരിവുകളിലൂടെയും അടിവാരത്തിലൂടെയും ഉള്ള നീരൊഴുക്ക് അവിടങ്ങളിലെ പാറകളെ കൂടുതല്‍ ദ്രവിപ്പിക്കാന്‍ സാധ്യത കൂടുതല്‍ ആണ്. മലഞ്ചെരുവും അടിവാരവും ദുര്‍ബലമായാല്‍ മലമുകള്‍ ഇടിഞ്ഞുവീഴാന്‍ സാധ്യത കൂടുതലാണല്ലോ. പ്രത്യേകിച്ചും ദുര്‍ബലമായ, എന്നാല്‍ വലിയ ഭാരം താങ്ങിനിര്‍ത്തുന്ന പാറകള്‍ ആണെങ്കില്‍. ഇതും ജോഷിമഠിലെ സബ്സിഡന്‍സിന്റെ പല കാരണങ്ങളില്‍ ഒന്നാണ് എന്ന് ചില വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നുണ്ട്.

മനുഷ്യനിര്‍മിതപ്രശ്‌നങ്ങള്‍

തീര്‍ത്തും ദൃഢത കുറഞ്ഞ അടിത്തറയും ദുരന്തസാധ്യത കൂടിയ സാഹചര്യങ്ങളും ആണ് ജോഷിമഠില്‍ ഭൂമി ഒരുക്കിയിട്ടുള്ളത് എന്ന് മനസിലായല്ലോ. ഒരു തരത്തില്‍ പറഞ്ഞാല്‍ ജോഷിമഠ് പോലെ ഒരു പട്ടണം, അതും നിരവധി വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്കും തീര്‍ത്ഥാടനകേന്ദ്രങ്ങളിലേക്കും ഉള്ള പടിപ്പുര പോലെ ഒരു പട്ടണം, കെട്ടിപ്പടുക്കുവാന്‍ ഒട്ടും യോജിക്കാത്ത പ്രദേശം.

1976ല്‍ അന്നത്തെ ഉത്തര്‍പ്രദേശ് ഗവണ്മെന്റ് എം.സി. മിശ്രയുടെ നേതൃത്വത്തില്‍ നിയമിച്ച 18 അംഗ കമ്മിറ്റി ജോഷിമഠ് പ്രദേശത്തെ കുറിച്ച് പഠിച്ച് ഒരു വിശദമായ റിപ്പോര്‍ട്ട് രൂപീകരിച്ചിരുന്നു. ഒരു പുരാതനമണ്ണിടിച്ചിലില്‍ രൂപപ്പെട്ട, ബലമില്ലാത്ത പാറകളുടെ മുകളില്‍ സ്ഥിതിചെയ്യുന്ന ഈ പ്രദേശം ഒരു പട്ടണമായി വികസിക്കാന്‍ ഒട്ടും യോജ്യമല്ലാത്ത ഒന്നാണെന്ന് റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കി. കെട്ടിടങ്ങളുടെയും റോഡുകളുടെയും നിര്‍മാണം ചെലുത്തുന്ന ഭാരം, അതിന്റെ ഭാഗമായുള്ള സ്‌ഫോടനങ്ങള്‍ ഉണ്ടാക്കുന്ന പ്രകമ്പനങ്ങള്‍, അശാസ്ത്രീയമായ നിര്‍ഗമനസംവിധാനം (ഡ്രയിനേജ് സിസ്റ്റം) തുടങ്ങിയവ ഈ പ്രദേശത്തെ സന്തുലിതാവസ്ഥക്ക് ഭീഷണി ആണെന്നും അത് തുടര്‍ന്നാല്‍ മണ്ണിടിച്ചില്‍ പോലുള്ള ദുരന്തങ്ങള്‍ ഒരു തുടര്‍ക്കഥ ആകും എന്നും മിശ്ര കമ്മിറ്റി റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തി.

എന്നാല്‍ ഏകദേശം അന്‍പത് വര്‍ഷം മുന്‍പ് ഈ റിപ്പോര്‍ട്ട് തയ്യാറാക്കുമ്പോള്‍ ഉണ്ടായിരുന്നതിനേക്കാള്‍ പതിന്മടങ്ങ് കെട്ടിടങ്ങള്‍ ആണ് ജോഷിമഠില്‍ ഇന്നുള്ളത്. അതില്‍ സാധാരണക്കാരുടെ ഒട്ടും ഉറപ്പില്ലാത്ത കൊച്ചുവീടുകള്‍ മുതല്‍ വലിയ റിസോര്‍ട്ടുകളും റസ്റ്റോറന്റുകളും വരെ ഉള്‍പ്പെടും. 2022-ല്‍ പുറത്തു വന്ന ഒരു പഠനം അനുസരിച്ച്, ഭൂവിനിയോഗം വളരെ കൂടിയ, ഭൗമോപരിതലത്തില്‍ മനുഷ്യഇടപെടല്‍ മൂലം ത്വരിത ഗതിയില്‍ മാറ്റങ്ങള്‍ സംഭവിക്കുന്ന ഒരു 'ഹോട്ട്‌സ്‌പോട്ട്' മേഖലയിലാണ് ജോഷിമഠ് പട്ടണം സ്ഥിതി ചെയ്യുന്നത്. നേരത്തെ സൂചിപ്പിച്ചത് പോലെ, വിനോദസഞ്ചാരികളുടെയും തീര്‍ത്ഥാടകരുടെയും ഒരു ഹബ്ബ് ആയി ജോഷിമഠ് മാറിയപ്പോള്‍ അതിനനുസരിച്ചുള്ള ഗതാഗത-താമസ-വിനോദ സൗകര്യങ്ങള്‍ ഇവിടെ കെട്ടിപ്പടുക്കേണ്ടി വന്നിരിക്കുന്നു.

പ്രദേശത്തിന്റെ ഭൂപ്രകൃതിക്ക് അനുയോജ്യമല്ലാത്ത ജലനിര്‍ഗ്ഗമനസംവിധാനം (Drainage system) ഭൂമിക്കടിയിലൂടെയുള്ള സ്വാഭാവികമായ ജലത്തിന്റെ ഒഴുക്കിനെ താറുമാറാക്കുന്നുണ്ട് എന്നും മിശ്ര കമ്മിറ്റി റിപ്പോര്‍ട് സൂചിപ്പിച്ചിരുന്നു. ജലം അനിയന്ത്രിതമായി മണ്ണിലേക്ക് ഊര്‍ന്നിറക്കുന്ന, പ്രദേശത്തിന് ഒട്ടും യോജിക്കാത്ത, ഡ്രയിനേജ് സംവിധാനം ആണ് ഇപ്പോഴും പട്ടണത്തില്‍ ഭൂരിഭാഗത്തും നിലവില്‍ ഉള്ളത് എന്ന് സ്ഥലം നേരിട്ട് സന്ദര്‍ശിച്ച വിദഗ്ധര്‍ രേഖപ്പെടുത്തുന്നു. ഇങ്ങനെ ഊര്‍ന്നിറങ്ങുന്ന ജലം സ്വാഭാവികമായി അയഞ്ഞിരിക്കുന്ന മണ്ണിനെ കൂടുതല്‍ മൃദുവാക്കുകയും ചരിവ് കൂടിയ ഇടങ്ങളില്‍ മണ്ണിടിച്ചിലിന്റെ സാധ്യത കൂട്ടുകയും ചെയ്‌തേക്കാം.

ജോഷിമഠില്‍ നിന്നും 12-15 കിലോമീറ്റര്‍ വിട്ട് ധോളിഗംഗ നദിയില്‍ നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പറേഷന്റെ 510 മെഗാവാട്ട് തപോവന്‍ വിഷ്ണുഗഡ് ജലവൈദ്യുതപദ്ധതിയുടെ നിര്‍മാണം പുരോഗമിക്കുകയാണ്. ജോഷിമഠിലെ ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ ഈ പദ്ധതിയുടെ ശാസ്ത്രീയാടിത്തറയെ ചോദ്യം ചെയ്യുന്നുണ്ട്. പദ്ധതിയുടെ ഭാഗമായി പാറകള്‍ പൊട്ടിക്കാനും മറ്റും വേണ്ടി നടക്കുന്ന സ്‌ഫോടനങ്ങള്‍ ദൃഢതയില്ലാത്ത ഈ ഭൂപ്രകൃതിയുടെ അസന്തുലിതാവസ്ഥയില്‍ വലിയ ഭീഷണി ആകാന്‍ സാധ്യത കൂടുതല്‍ ആണ്.

തപോവന്‍-വിഷ്ണുഗഡ് പദ്ധതിയുടെ നിര്‍മാണത്തിന്റെ ഭാഗമായി ജോഷിമഠിന്റെ സമീപപ്രദേശത്ത് 2009-ല്‍ വലിയൊരു അക്വിഫെര്‍ (ഭൂഗര്‍ഭജലം ഉള്‍ക്കൊള്ളുന്ന പാറ) തുരക്കേണ്ടി വന്നു. അതിന്റെ ഫലമായി സെക്കന്റില്‍ ഏകദേശം 700-800 ലിറ്റര്‍ നിരക്കില്‍ ജലപ്രവാഹം ഉണ്ടായതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഈ സംഭവത്തിന് ശേഷം ജോഷിമഠ് പ്രദേശത്ത് ഭൂഗര്‍ഭജലം വലിയ രീതിയില്‍ കുറഞ്ഞതായി പ്രദേശവാസികള്‍ ആരോപിക്കുന്നുണ്ട്. ഭൂമി വലിയ രീതിയില്‍ ഇരുന്നു പോകുന്നതിനു ഈ സംഭവം ഒരു കാരണം ആയേക്കാം എന്ന് പലരും അഭിപ്രായപ്പെടുന്നു. എന്നാല്‍ കൃത്യമായ ശാസ്ത്രീയപഠനം നടക്കാതെ ഈ രണ്ട് സംഭവങ്ങളും തമ്മില്‍ നേരിട്ട് ബന്ധം ഉണ്ടോ എന്ന് തീര്‍ത്തു പറയാന്‍ സാധിക്കില്ല.

ഇതിനു പുറമെ, സംസ്ഥാനത്തെ പ്രധാന തീര്‍ത്ഥാടനകേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്നതിനായി നിര്‍മിക്കുന്ന ചാര്‍ ധാം ഹൈ വേ റോഡ്, ചാര്‍ ധാം റയില്‍വേ എന്നീ പദ്ധതികളെയും മാധ്യമങ്ങള്‍ ചോദ്യം ചെയ്യുകയാണ്. ഈ പദ്ധതികളുടെ ഭാഗമായി കിലോമീറ്ററുകളോളം നീളമുള്ള തുരങ്കങ്ങളുടെ നിര്‍മാണവും അതിനു വേണ്ടി ഉള്ള പാറ പൊട്ടിക്കലുകളും ആണ് നടക്കുന്നത്. ഈ സ്‌ഫോടനങ്ങള്‍ കാരണം ഉണ്ടാക്കുന്ന പ്രകമ്പനങ്ങള്‍, ഭൂഗര്‍ഭജല സംവിധാനത്തില്‍ ഇവ ഉണ്ടാക്കുന്ന മാറ്റങ്ങള്‍ എന്നിവ ജോഷിമഠിന്റെയും സമീപപ്രദേശത്തിന്റെയും സന്തുലിതാവസ്ഥയെ തകര്‍ക്കുന്നുണ്ടാവാം എന്ന് അഭിപ്രായങ്ങള്‍ ഉയരുന്നു. പക്ഷെ തപോവന്‍ വിഷ്ണുഗഡ് പദ്ധതി ഉള്‍പ്പെടെ ഉള്ള വികസനപ്രവര്‍ത്തനങ്ങള്‍ നേരിട്ടോ പരോക്ഷമായോ ജോഷിമഠിലെ ഇടിഞ്ഞുതാഴലിന്റെ തോത് വര്‍ധിക്കാന്‍ കാരണം ആയിട്ടുണ്ട് എന്ന് ശാസ്ത്രീയമായി, പാരിമാണികമായി (quantified) തെളിയിക്കാന്‍ കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണ്.

കാലാവസ്ഥാമാറ്റത്തിന്റെ പങ്ക്

ജോഷിമഠ് ഉള്‍പ്പെടെയുള്ള ഹിമാലയന്‍പ്രദേശങ്ങള്‍ പലതും ഇടിഞ്ഞുതാഴുന്നതില്‍ കാലാവസ്ഥാമാറ്റം ഒരു പ്രധാനപങ്ക് വഹിക്കുന്നുണ്ട് എന്നാണു പ്രാഥമികമായ അനുമാനം. 2015 മുതല്‍ 2021 പകുതി വരെ ഏകദേശം 7750 മേഘവിസ്‌ഫോടനങ്ങളും അങ്ങനെ അതിതീവ്രമഴയും ഉത്തരാഖണ്ഡില്‍ ഉണ്ടായിട്ടുണ്ട് എന്ന് Disaster Mitigation and Management Centre ന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു. 2021 ഒക്ടോബര്‍ മാസത്തില്‍ 122mm/ദിവസം അളവില്‍ അതിതീവ്ര മഴ രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ട് ഉണ്ട്. കനത്ത മഴ മണ്ണൊലിപ്പിനും മണ്ണിടിച്ചിലിനും നിലം ഇരുന്നുപോകുന്നതിനും എല്ലാം കാരണം ആകാം എന്ന് വ്യക്തമാണല്ലോ.

കഴിഞ്ഞ അര നൂറ്റാണ്ടിനിടയില്‍ നാല് വലിയ പ്രളയങ്ങളാണ് ഉത്തരാഖണ്ഡ് സംസ്ഥാനം കണ്ടത്. അതില്‍ ഏറ്റവും അവസാനത്തേത് 2021 ഫെബ്രുവരി 7നു നന്ദാദേവി ഹിമാനിയിലെ ഒരു ഭാഗം തകര്‍ന്നതിന്റെ ഫലമായി അളകനന്ദ നദിയില്‍ ഉണ്ടായ മിന്നല്‍ പ്രളയം ആയിരുന്നു. ദുരന്തത്തില്‍ ഇരുന്നൂറോളം പേര്‍ മരിക്കുകയും ജോഷിമഠ്-മലാരി പാതയിലെ 90 മീറ്റര്‍ നീളം ഉള്ള പാലവും നിരവധി ജലവൈദ്യുതനിലയങ്ങളും മറ്റും തകരുകയും ചെയ്തു. ഈ പ്രളയത്തിന് ശേഷം പ്രദേശത്തെ മണ്ണൊലിപ്പും, ഉരുള്‍പൊട്ടല്‍ ഭീഷണിയും നിലമിരുന്നുപോകുന്ന തോതും വലിയ രീതിയില്‍ കൂടിയതായി 2022 സെപ്റ്റംബറിലെ USDMA റിപ്പോര്‍ട് സൂചിപ്പിക്കുന്നു.

കാലാവസ്ഥാമാറ്റത്തിന്റെ ഫലമായി ഹിമാലയവും പരിസരപ്രദേശങ്ങളും കൂടുതല്‍ മേഘവിസ്‌ഫോടനങ്ങള്‍ക്കും അതിതീവ്രമഴകള്‍ക്കും സാക്ഷ്യം വഹിക്കേണ്ടി വരുകയാണെങ്കില്‍ ജോഷിമഠ് പോലെയുള്ള പ്രകൃതിലോലപ്രദേശങ്ങളില്‍ പ്രളയങ്ങളുടെയും മണ്ണിടിച്ചിലുകളുടെയും ഗ്രൗണ്ട് സബ്സിഡന്‍സിന്റെയും നിരക്ക് ഇനിയും ഉയര്‍ന്നേക്കാം.

ഇനി വേണ്ടത്‌

നിലവില്‍ ദുരന്തബാധിതരായ ജനങ്ങളെ പുനരധിവസിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഫലപ്രദമായ രീതിയില്‍ നടക്കുന്നുണ്ട് എന്നാണു വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. ഉപഗ്രഹവിവരങ്ങളുടെ സഹായത്തോടെ കൂടുതല്‍ ഇടിഞ്ഞുതാഴല്‍ ഭീഷണി ഉള്ള പ്രദേശങ്ങളിലെ ജനങ്ങളെ മാറ്റി താമസിപ്പിക്കാന്‍ ഉള്ള ശ്രമങ്ങള്‍ തുടരേണ്ടതുണ്ട്.

പ്രത്യക്ഷത്തില്‍ തന്നെ തീര്‍ത്തും അസന്തുലിതവും അത്യന്തം ദുരന്തഭീഷണി ഉള്ളതുമായ ജോഷിമഠ് പോലെയുള്ള പ്രദേശത്ത് ഇത്രയും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി എങ്ങനെ ലഭിക്കുന്നു എന്നത് ആശ്ചര്യാവഹമാണ്. നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന വികസനപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവക്കുകയും കൃത്യമായ ശാസ്ത്രീയപഠനങ്ങള്‍ നടത്തിയ ശേഷം അനുയോജ്യമായ പദ്ധതികള്‍ മാത്രം പുനരാരംഭിക്കുകയും വേണം. ഉപഗ്രഹവിവരങ്ങളുടെയും (satellite data), ഭൗമശാസ്ത്രപഠനങ്ങളുടെയും (geological study), ഭൗമഭൗതികഉപകരണങ്ങള്‍ (geophysical instruments) ഉപയോഗിച്ചുള്ള വിവരശേഖരണത്തിന്റെയും അടിസ്ഥാനത്തില്‍ കൃത്യമായ പഠനങ്ങള്‍ നടത്തിയാല്‍ ആണ് ഇപ്പോഴത്തെ ദുരന്തത്തിലേക്ക് നയിച്ച കാരണങ്ങള്‍ എന്തെല്ലാം ആണ്, ഏതെല്ലാം വികസനപദ്ധതികള്‍ ഈ പ്രദേശത്തിനു അനുയോജ്യമാണ് തുടങ്ങിയവ മനസിലാകുകയുള്ളു. നിലവില്‍ ഉള്ള പദ്ധതികള്‍ക്ക് മുന്നോടിയായി ശാസ്ത്രീയമായ പഠനങ്ങള്‍ നടന്നിട്ടുണ്ടെങ്കില്‍ അത് പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുകയും വിദഗ്ധര്‍ അവ പരിശോധിക്കുകയും ചെയ്യേണ്ടതാണ്.

ഇപ്പോള്‍ ജോഷിമഠില്‍ നടക്കുന്ന സംഭവവികാസങ്ങളില്‍ മണ്ണിനും മഴക്കും മനുഷ്യനും എല്ലാം പങ്കുണ്ട് എന്നാണു പ്രാഥമികമായി അനുമാനിക്കാന്‍ സാധിക്കുന്നത്. അതില്‍ നേരിട്ട് നമുക്ക് നിയന്ത്രിക്കാന്‍ സാധിക്കുന്നത് മനുഷ്യന്റെ പങ്ക് മാത്രമാണ്. അത് പരിശോധിക്കാതെയും നിയന്ത്രിക്കാതെയും വരുമ്പോള്‍, ഒരുപക്ഷെ, ഈ വികസനപ്രവര്‍ത്തനങ്ങളുടെ നയരൂപീകരണത്തില്‍ പ്രത്യക്ഷമായ ഒരു പങ്കും വഹിക്കാത്ത സാധാരണക്കാര്‍ ഉള്‍പ്പെടെയുള്ളവരുടെ ജീവനും ജീവിതവുമാണ് ചോദ്യചിഹ്നമായി മാറുന്നത്.

ഐ.ഐ.ടി ബോംബെ, മുംബൈ-മൊണാഷ് യൂണിവേഴ്‌സിറ്റി, ഓസ്ട്രേലിയ-ല്‍ ഗവേഷകയാണ് ലേഖിക

Content Highlights: joshimath ground subsidence scientific reasons

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
kt jaleel, madani

3 min

മഅദനിയെക്കണ്ടു, കണ്ണുനിറഞ്ഞു; ഈ കൊല്ലാക്കൊല കൊടിയ അനീതിയെന്ന് കെ.ടി. ജലീല്‍ 

Jan 28, 2023


chintha jerome

2 min

വാഴക്കുലയില്‍ കുടുങ്ങിയ ചിന്ത; നന്ദി പിണറായിക്ക്, ഡോക്ടറേറ്റ് റദ്ദാക്കാന്‍ വകുപ്പുണ്ട്

Jan 30, 2023


chintha jerome

1 min

തെറ്റ് ചൂണ്ടിക്കാട്ടിയതിന് നന്ദി, കോപ്പിയടിച്ചതല്ല ആശയം ഉള്‍ക്കൊണ്ടു; വിശദീകരണവുമായി ചിന്ത ജെറോം

Jan 31, 2023

Most Commented