ഒരിക്കലും മറന്നുകൂടാത്ത മധുരം; ഇ.കെ. ജാനകി അമ്മാള്‍


ശ്രീനിധി കെ.എസ്Janaki Ammal @125

Image: Balu | Mathrubhumi

ത്ര ഇന്ത്യന്‍ ശാസ്ത്രജ്ഞരെ നിങ്ങള്‍ക്കറിയാം? അതില്‍ എത്ര പെണ്‍ശാസ്ത്രജ്ഞരെ അറിയാം? ആ ചെറിയ പട്ടികയില്‍ ഇ.കെ. ജാനകി അമ്മാള്‍ ഉണ്ടോ? ഉണ്ടായിരിക്കണം! അക്കാദമിക സമൂഹത്തിനപ്പുറം തീര്‍ത്തും ഓര്‍മിക്കപ്പെടാതെ പോയിരുന്ന ഇന്ത്യന്‍ ശാസ്ത്രജ്ഞയാണ് ഇ.കെ.ജാനകി അമ്മാള്‍. നവംബർ നാലിന്, അമ്മാളിന്റെ 125-ാം ജന്മദിനത്തില്‍,( നവംബർ അഞ്ച് ആണ് ജന്മദിനമെന്നും പുതിയ പഠനങ്ങൾ പറയുന്നു) ആ പ്രഗത്ഭയായ മലയാളിശാസ്ത്രജ്ഞയെ ഓര്‍ത്തെടുക്കാം.

ഇന്ത്യയിലെ ആദ്യ വനിതാ ബൊട്ടാണിസ്റ്റ് (സസ്യശാസ്ത്രജ്ഞ) എന്നാണ് ജാനകി അമ്മാള്‍ അറിയപ്പെടുന്നത്. 1897-ല്‍ തലശേരിയില്‍ ആണ് അമ്മാള്‍ ജനിച്ചത്. ഇന്ത്യന്‍ സ്ത്രീകളുടെ സാക്ഷരതാനിരക്ക് ഒറ്റസംഖ്യയില്‍ ഒതുങ്ങിനിന്ന കാലത്ത്, 1931-ല്‍, ജാനകി അമ്മാള്‍ അമേരിക്കയിലെ മിഷിഗണ്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് ബോട്ടണിയില്‍ ഡോക്ടറേറ്റ് നേടി. ബോട്ടണി അധ്യാപികയായും ഷുഗര്‍കെയ്ന്‍ ബ്രീഡിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ജനിതകശാസ്ത്രജ്ഞയായും തന്റെ കരിയറിന്റെ ആദ്യകാലം ചിലവഴിച്ച അമ്മാള്‍ പിന്നീട് ഇംഗ്ലണ്ടിലെ ജോണ്‍ ഇന്നസ് ഹോര്‍ട്ടിക്കള്‍ച്ചറല്‍ ഇന്‍സ്റ്റിറ്റിയൂഷനിലും വിസ്ലെയിലെ റോയല്‍ ഹോര്‍ട്ടിക്കള്‍ചറല്‍ സൊസൈറ്റിയിലും പ്രവര്‍ത്തിച്ചു.1950-കളില്‍ ഇന്ത്യയിലേക്ക് തിരിച്ചെത്തിയ അമ്മാള്‍ ബൊട്ടാണിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (BSI) പുനഃസ്സംഘടിപ്പിക്കുന്നതിലും ഭക്ഷ്യോല്‍പ്പാദനം വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങളിലും മുഖ്യപങ്ക് വഹിച്ചു. അലഹാബാദിലെ സെന്‍ട്രല്‍ ബൊട്ടാണിക്കല്‍ ലബോറട്ടറി, ജമ്മുവിലെ റീജിയണല്‍ റിസര്‍ച്ച് ലബോറട്ടറി, ഭാഭാ ആറ്റോമിക് റിസര്‍ച്ച് സെന്റര്‍ എന്നിവിടങ്ങളിലെല്ലാം പിന്നീട് അമ്മാള്‍ പ്രവര്‍ത്തിച്ചു. ഫെല്ലോ ഓഫ് ഇന്ത്യന്‍ അക്കാദമി ഓഫ് സയന്‍സ്, ഫെല്ലോ ഓഫ് ഇന്ത്യന്‍ നാഷണല്‍ സയന്‍സ് അക്കാദമി തുടങ്ങിയ സ്ഥാനങ്ങളിലേക്ക് അവര്‍ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. മിഷിഗണ്‍ യൂണിവേര്‍ഴ്സിറ്റിയുടെ ഓണററി ഡോക്ടറേറ്റ്, ഇന്ത്യ ഗവണ്മെന്റിന്റെ പത്മശ്രീ എന്നീ പുരസ്‌കാരങ്ങളും അമ്മാളിനെ തേടിയെത്തി. 1970-കള്‍ മുതല്‍ 1984 ഫെബ്രുവരിയില്‍ മരിക്കുന്നത് വരെ മദ്രാസ് യൂണിവേഴ്സിറ്റിയുടെ സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് സ്റ്റഡീസില്‍ ആണ് അമ്മാള്‍ ശാസ്ത്രജ്ഞയായി പ്രവര്‍ത്തിച്ചത്.

ജാനകി അമ്മാള്‍ വിതറിയ മധുരം

മിഷിഗണ്‍ യൂണിവേഴ്സിറ്റിയിലെ ഗവേഷണകാലത്ത് സസ്യകോശങ്ങളെ കുറിച്ചുള്ള പഠനങ്ങളില്‍ (plant cytology) ആയിരുന്നു അമ്മാളിന് താല്പര്യം. വിവിധ സസ്യയിനങ്ങളെ (Plant species) ഉപയോഗിച്ചുള്ള സങ്കരസസ്യങ്ങളുടെ പ്രജനനത്തില്‍ അമ്മാള്‍ വൈദഗ്ധ്യം നേടി. ഇന്ത്യയിലേക്ക് തിരിച്ചെത്തിയ അമ്മാള്‍ ഇന്ത്യയില്‍ ആകെ മധുരം വിതറാനായി തന്റെ അറിവിനെ വിനിയോഗിച്ചു. കോയമ്പത്തൂരിലെ ഷുഗര്‍കെയ്ന്‍ ബ്രീഡിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഇന്ത്യന്‍ കാലാവസ്ഥക്ക് അനുയോജ്യമായ കരിമ്പിന്റെ ഇനങ്ങള്‍ ഉല്‍പ്പാദിപ്പിക്കാന്‍ ജാനകി അമ്മാളിന്റെ നേതൃത്വത്തിലുള്ള പഠനങ്ങള്‍ തുടങ്ങി. നിലവിലെ ഏറ്റവും മധുരമുള്ള കരിമ്പിനമായിരുന്ന Saccharum Officianarum അതുവരെ ഇന്തോനേഷ്യയില്‍ നിന്നും മറ്റും ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തുവരികയായിരുന്നു. ഇവക്ക് പകരമായി ഇന്ത്യയിലെ കാലാവസ്ഥയില്‍ വളരുന്ന കൂടുതല്‍ പഞ്ചസാരയടങ്ങിയ കരിമ്പിന്റെ സങ്കരയിനങ്ങള്‍ വികസിപ്പിക്കാന്‍ അമ്മാളിന് സാധിച്ചു. പഞ്ചസാരനിര്‍മാണത്തില്‍ ഇന്ത്യയുടെ സ്വയംപര്യാപ്തതയിലേക്കും ഇന്ന് പഞ്ചസാര കയറ്റുമതിയിലെ ഒന്നാംനിര രാജ്യമായുള്ള ഇന്ത്യയുടെ വളര്‍ച്ചയിലേക്കും ജാനകി അമ്മാള്‍ നല്‍കിയ സംഭാവന വളരെ വലുതാണ്.

പൂച്ചെടികളുടെ ലോകം

കുറ്റിച്ചെടികളും പൂച്ചെടികളും എല്ലാം ജാനകി അമ്മാളിന്റെ ഇഷ്ടവിഷയങ്ങളായിരുന്നു. ആയിരക്കണക്കിന് ചെടികളുടെ ക്രോമസോമുകളെ കുറിച്ച് ജാനകി അമ്മാള്‍ പഠിച്ചിട്ടുണ്ട്. പ്രസിദ്ധ ജനിതകശാസ്ത്രജ്ഞനായ ഡി.സി. ഡാര്‍ലിംഗ്ടണുമായി ചേര്‍ന്ന് ജാനകി അമ്മാള്‍ എഴുതിയ പുസ്തകം 'Chromosome Atlas of Cultivated Plants' വളരെ പ്രശസ്തമാണ്. വിസ്ലെയിലെ റോയല്‍ ഹോര്‍ട്ടികള്‍ച്ചര്‍ സൊസെറ്റിയില്‍ ജാനകി അമ്മാള്‍ നട്ട Magnolia ഇനത്തില്‍ പെട്ട ചെടികള്‍ ഇപ്പോഴും സംരക്ഷിക്കപ്പെടുന്നുണ്ട്. അവയിലെ വെളുത്ത ചെറുപുഷ്പങ്ങള്‍ പൂക്കുന്ന ഒരു ചെടിക്ക്, അമ്മാളിനോടുള്ള ബഹുമാനാര്‍ത്ഥം, Magnolia Kobus Janaki Ammal എന്ന് നാമകരണം ചെയ്തു.

സൈലന്റ് വാലി പ്രക്ഷോഭം

പുതിയ സസ്യഇനങ്ങള്‍ വികസിപ്പിക്കുന്നതില്‍ മാത്രമല്ല, നിലവിലെ സസ്യവൈവിധ്യം സംരക്ഷിക്കുന്നതിനായും ജാനകി അമ്മാള്‍ മുന്‍നിരയില്‍ നിന്നു. സൈലന്റ് വാലി ജലവൈദ്യുതപദ്ധതിക്ക് എതിരെ 1970കളില്‍ നടന്ന ജനകീയപ്രക്ഷോഭങ്ങളില്‍ ജാനകി അമ്മാളിന്റെ പ്രവര്‍ത്തനങ്ങള്‍ മാറ്റിനിര്‍ത്താന്‍ സാധിക്കാത്തവയാണ്. ഭക്ഷ്യോല്‍പ്പാദനത്തിന്റെ വര്‍ധനവിനും സാമൂഹികപുരോഗതിക്കും വേണ്ടി എന്നും തന്റെ ഗവേഷണങ്ങള്‍ മാറ്റി വച്ച അമ്മാള്‍ അതേ സമയം ജൈവസമ്പത്ത് നശിപ്പിച്ചുകൊണ്ടുള്ള വികസനപ്രവര്‍ത്തനങ്ങളെ നിശിതമായി എതിര്‍ത്തു. പശ്ചിമഘട്ടത്തിലെ പ്രാദേശികജൈവസമ്പത്തിനെ കുറിച്ചുള്ള അമ്മാളിന്റെ അറിവ് സൈലന്റ് വാലി മുന്നേറ്റത്തെ വലിയ രീതിയില്‍ പിന്താങ്ങി. പ്രക്ഷോഭത്തെ തുടര്‍ന്ന് ജലവൈദ്യുതപദ്ധതി ഉപേക്ഷിക്കുകയും അമ്മാളിന്റെ മരണശേഷം ഏകദേശം ഒമ്പത് മാസങ്ങള്‍ കഴിഞ്ഞ് സൈലന്റ് വാലി ദേശീയോദ്യാനമായി പ്രഖ്യാപിക്കുകയും ചെയ്തു.


ഓര്‍മിക്കപ്പെടാന്‍ ഏറ്റവും അര്‍ഹതയുള്ള ജീവിതങ്ങളില്‍ ഒന്നാണ്, അറുപത്തോളം വര്‍ഷങ്ങള്‍ ഗവേഷണത്തിനായി മാറ്റി വച്ച അമ്മാളിന്റെത്. അതുപോലെ തന്നെ, വളര്‍ന്നു വരുന്ന ഗവേഷകര്‍ക്ക്, വിശേഷിച്ച് പിന്നാക്കസമുദായക്കാര്‍ക്കും സ്ത്രീകള്‍ക്കും, അമ്മാളിനെ അറിയാനും അമ്മാളിന്റെ ജീവിതത്താല്‍ പ്രചോദിതരാകാനും ഉള്ള അര്‍ഹതയുണ്ട്.


ജാനകി അമ്മാള്‍ എന്ന പോരാട്ടം

തന്റെ പ്രായത്തിലെയും തന്നെക്കാള്‍ ഇളയവരും ആയ പെണ്‍കുട്ടികള്‍ വിവാഹത്തിലേക്ക് നിര്‍ബന്ധിക്കപ്പെടുന്ന സാഹചര്യത്തില്‍ ആണ് അമ്മാള്‍ ഗവേഷണം തന്റെ ജീവിതമായി തിരഞ്ഞെടുത്തത്. തിയ്യസമുദായത്തില്‍ ജനിച്ച അമ്മാളിന് ജാതി ഇന്ത്യയില്‍ ഗവേഷണജീവിതം അത്ര എളുപ്പമുള്ള വഴിയായിരുന്നിരിക്കില്ല എന്നും ഉറപ്പാണല്ലോ. അമ്മാളിന് വിവിധ ഘട്ടങ്ങളില്‍ ജാതിവിവേചനവും ലിംഗവിവേചനവും അതിജീവിക്കേണ്ടി വന്നതായി ആ ജീവിതം പഠിച്ചവര്‍ രേഖപ്പെടുത്തുന്നു. അമ്മാളിന്റെ മരണശേഷം ഏറെക്കാലം മറന്നു കിടന്ന ആ ജീവിതകഥ കൂടുതല്‍ പേരിലേക്ക് എത്തിക്കാന്‍ ഉള്ള ശ്രമങ്ങള്‍ അടുത്ത കാലത്തായി ബൊട്ടാണിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടേയും മറ്റും നേതൃത്വത്തില്‍ നടക്കുന്നുണ്ട്. ശാസ്ത്രകുതുകികള്‍ക്ക് ജാനകി അമ്മാളിന്റെ ജീവിതം പകരുന്ന ആവേശം ചെറുതല്ല. ഓര്‍മിക്കപ്പെടാന്‍ ഏറ്റവും അര്‍ഹതയുള്ള ജീവിതങ്ങളില്‍ ഒന്നാണ്, അറുപത്തോളം വര്‍ഷങ്ങള്‍ ഗവേഷണത്തിനായി മാറ്റി വച്ച അമ്മാളിന്റെത്. അതുപോലെ തന്നെ, വളര്‍ന്നു വരുന്ന ഗവേഷകര്‍ക്ക്, വിശേഷിച്ച് പിന്നാക്കസമുദായക്കാര്‍ക്കും സ്ത്രീകള്‍ക്കും, അമ്മാളിനെ അറിയാനും അമ്മാളിന്റെ ജീവിതത്താല്‍ പ്രചോദിതരാകാനും ഉള്ള അര്‍ഹതയുണ്ട്. ഓരോ പഞ്ചസാരത്തരിയുടെയും മധുരം നുണയുമ്പോഴും, പിന്തള്ളപ്പെടുന്ന ജാതി-ലിംഗസമൂഹങ്ങളില്‍ നിന്ന് ഓരോ വ്യക്തി മുന്നേറി വരുമ്പോഴും അമ്മാളിനെയും അമ്മാളിന്റെ പോരാട്ട ജീവിതത്തെയും ഓര്‍ക്കാം.

ഐ.ഐ.ടി ബോംബെ, മുംബൈ-മൊണാഷ് യൂണിവേഴ്‌സിറ്റി, ഓസ്ട്രേലിയ-ല്‍ ഗവേഷകയാണ് ലേഖിക

Content Highlights: janaki ammal birthday

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


photo: twitter/Wandering Van

1 min

'ഇത് ശരിക്കും റൊണാള്‍ഡോ, മറ്റേത് ആരാധകന്‍'; വൈറലായി വീഡിയോ

Nov 28, 2022

Most Commented