ജെയിംസ് വെബ് സ്പേസ് ടെലിസ്കോപ്പിലൂടെ പ്രപഞ്ചത്തെ നോക്കുമ്പോൾ


ജോസഫ് ആന്റണി

3 min read
Read later
Print
Share

പ്രപഞ്ചത്തെ നോക്കുമ്പോൾ ജെയിംസ് വെബ് സ്പേസ് ടെലിസ്കോപ്പ്‌ കണ്ടത്‌ ഇൻഫ്രാറെഡ് തരംഗപരിധിയിൽ ഇതുവരെ ലഭിച്ചതിൽ ഏറ്റവും റെസലൂഷനുള്ള പ്രപഞ്ചദൃശ്യം

കരീന നെബുലയിൽ പുതിയ നക്ഷത്രജനനം നടക്കുന്ന വാതകധൂളീമേഖല (NGC 3324)യുടെ ദൃശ്യം | Photo: NASA

ജെയിംസ് വെബ് സ്പേസ് ടെലിസ്കോപ്പിൽനിന്നുള്ള ആദ്യദൃശ്യങ്ങൾ പുറത്തുവിട്ടുകൊണ്ട് അമേരിക്കൻ ബഹിരാകാശ ഏജൻസി നാസ ശരിക്കുമൊരു വെടിക്കെട്ടിന് തീകൊളുത്തിയിരിക്കയാണ്. പുറത്തുവന്ന ദൃശ്യങ്ങൾ രണ്ടുകാര്യങ്ങൾ വ്യക്തമാക്കുന്നു. ഒന്ന്: ഹബ്ബിൾ സ്പേസ് ടെലിസ്കോപ്പിന്റെ യഥാർഥ പിൻഗാമിതന്നെയാണ് വെബ് ടെലിസ്കോപ്പ്. അതിനുപോന്ന മിഴിവും തികവും ദൃശ്യങ്ങൾക്കുണ്ട്. രണ്ട്: ഇതുവരെ കണ്ടതല്ല ഇനി കാണാനിരിക്കുന്ന പ്രപഞ്ചം!

വെബ് ടെലിസ്കോപ്പ് പകർത്തിയ അഞ്ചുദൃശ്യങ്ങളാണ് നാസ പുറത്തുവിട്ടത്. ഒരു മണൽത്തരിയോളംമാത്രം വിസ്താരമുള്ള ആകാശഭാഗത്തുകൂടി വെബ് ടെലിസ്കോപ്പ് പ്രപഞ്ചത്തിലേക്ക് നോക്കിയപ്പോൾ കണ്ട അദ്‌ഭുതദൃശ്യമാണ് അതിൽ ആദ്യത്തേത്. നാസ അഡ്മിനിസ്‌ട്രേറ്റർ ബിൽ നെൽണിന്റെ സാന്നിധ്യത്തിൽ വൈറ്റ് ഹൗസിൽ നടന്ന ചടങ്ങിൽ യു.എസ്. പ്രസിഡന്റ് ജോ ബൈഡൻ കഴിഞ്ഞദിവസം ആ ചിത്രം ലോകത്തിന് സമർപ്പിച്ചു. ഇൻഫ്രാറെഡ് തരംഗപരിധിയിൽ ഇതുവരെ ലഭിച്ചതിൽ ഏറ്റവും റെസലൂഷനുള്ള പ്രപഞ്ചദൃശ്യമാണത്.

2500 പ്രകാശവർഷം അകലെയുള്ള ‘സതേൺ റിങ് നെബുല | Photo: NASA

നമ്മുടെ മാതൃഗാലക്സിയായ ക്ഷീരപഥത്തിൽ, ഭൂമിയിൽനിന്ന് 1150 പ്രകാശവർഷമകലെ, ഒരു അന്യഗ്രഹ (WASP-96 b) ത്തിന്റെ അന്തരീക്ഷത്തിൽ ജലത്തിന്റെ രാസമുദ്ര വെബ് ടെലിസ്കോപ്പ് കണ്ടെത്തിയതിന്റെ ചിത്രീകരണമാണ് മറ്റുചിത്രങ്ങളിലൊന്ന്. നമ്മളിൽനിന്ന് 2500 പ്രകാശവർഷം അകലെയുള്ള ‘സതേൺ റിങ് നെബുല’, ‘സ്റ്റീഫൻസ് ക്വിൻടെറ്റ്’ (Stephan's Quintet) എന്നറിയപ്പെടുന്ന അഞ്ച് ഗാലക്സികളുടെ കൂട്ടം, കരീന നെബുലയിൽ പുതിയ നക്ഷത്രജനനം നടക്കുന്ന വാതകധൂളീമേഖല (NGC 3324)യുടെ അതിശയിപ്പിക്കുന്ന ദൃശ്യം എന്നിവയാണ് മറ്റ് വെബ് ടെലിസ്കോപ്പ് ചിത്രങ്ങൾ.

2021 ഡിസംബർ 25-ന് വിക്ഷേപിച്ച വെബ് ടെലിസ്കോപ്പ്, ഭൂമിയിൽനിന്ന് 15 ലക്ഷം കിലോമീറ്റർ അകലെ സൂര്യനെ ചുറ്റിയാണ് പ്രപഞ്ചനിരീക്ഷണം നടത്തുന്നത്. ആ നിരീക്ഷണത്തിന്റെ ആദ്യഫലമാണ് ഇപ്പോൾ പുറത്തുവന്ന ദൃശ്യങ്ങൾ. അവയിൽ ഏറ്റവും പ്രധാനം, മണൽത്തരിയോളം പോന്ന ഇടത്തിലൂടെ പ്രപഞ്ചത്തെ ആഴത്തിൽ നോക്കിയപ്പോൾ കിട്ടിയ ദൃശ്യംതന്നെയാണ്. വ്യത്യസ്ത തരംഗദൈർഘ്യങ്ങളിൽ, 12.5 മണിക്കൂർ വെബ് ടെലിസ്കോപ്പ് നിരീക്ഷിച്ചുകിട്ടിയ ഫലങ്ങൾ സമ്മേളിപ്പിച്ചപ്പോഴാണ് ഈ അതിശയദൃശ്യം ലഭിച്ചത്.

‘സ്റ്റീഫൻസ് ക്വിൻടെറ്റ്’ (Stephan's Quintet) എന്നറിയപ്പെടുന്ന അഞ്ച് ഗാലക്സികളുടെ കൂട്ടം | Photo: NASA

ചിത്രത്തിന്റെ മുൻനിരയിൽ പ്രകാശവീചികൾ പൊഴിച്ചുനിൽക്കുന്നവ നമ്മുടെ ഗാലക്സിയായ ക്ഷീരപഥത്തിലെ നക്ഷത്രങ്ങളാണ്. അതിനുപിന്നിൽ കാണുന്നവ എണ്ണിയാലൊടുങ്ങാത്ത ഗാലക്സികളും! ആ ഗാലക്സികളിൽ ഓരോന്നിലും കോടാനുകോടി നക്ഷത്രങ്ങളുണ്ട്!

ഓർക്കുക, പ്രപഞ്ചത്തിൽ അകലേക്ക്‌ നോക്കുക എന്നുപറഞ്ഞാൽ, കാലത്തിലൂടെ പിന്നോട്ടുനോക്കുക എന്നാണർഥം! ഭൂതം, വർത്തമാനം ഒക്കെ കുഴഞ്ഞുമറിയാൻ തുടങ്ങും! 500 കോടി പ്രകാശവർഷം അകലെയുള്ള ഒരു നക്ഷത്രത്തെ ഉദാഹരണമായെടുത്താൽ, അതിൽനിന്ന് പ്രകാശം നമ്മളിലെത്താൻ 500 കോടി വർഷമെടുക്കും. എന്നുവെച്ചാൽ, നമ്മൾ കാണുന്നത് 500 കോടി വർഷംമുമ്പത്തെ നക്ഷത്രവെളിച്ചമാണ്!

വെബ്ബ് ടെലിസ്‌കോപ്പ് പകര്‍ത്തിയ ദൃശ്യങ്ങളില്‍ ആദ്യം പുറത്തുവന്ന ചിത്രം. ഒരു മണല്‍ത്തരിയോളം പോന്ന ആകാശഭാഗത്ത് കൂടി വെബ്ബ് ടെലിസ്‌കോപ്പ് പ്രപഞ്ചത്തെ നിരീക്ഷിച്ചപ്പോള്‍ കിട്ടിയ ദൃശ്യമാണിത്. | Photo: NASA

നിലവിൽ ലഭ്യമായ വിവരങ്ങൾപ്രകാരം, മഹാവിസ്ഫോടനം (ബിഗ് ബാങ്) വഴി 1380 കോടി വർഷംമുമ്പാണ് പ്രപഞ്ചം രൂപപ്പെട്ടത്. പ്രപഞ്ചത്തിന് നൂറുകോടിവർഷത്തിൽത്താഴെ പ്രായമുണ്ടായിരുന്നപ്പോഴത്തെ ഗാലക്സികൾവരെ വെബ് ടെലിസ്കോപ്പ് പകർത്തിയ ചിത്രത്തിൽ ദൃശ്യമാണെന്ന് നാസ പറയുന്നു. എന്നുവെച്ചാൽ, അത്തരം ഗാലക്സികളുടെ ബാല്യമാണ് നമുക്കുമുന്നിൽ!


ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi

Content Highlights: james webb telescope pictures of universe

ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
doly
Premium

5 min

ഒരു ചെമ്മരിയാടിന്റെ പ്രസവം ലോകത്തെ നടുക്കിയ കാലം; ജീവനുള്ള ഫോട്ടോകോപ്പിയെടുത്ത ഇയാന്‍ വില്‍മുട്ട്

Sep 21, 2023


Science Day, Women in Science

5 min

ശാസ്ത്രരംഗത്തെ സ്ത്രീകള്‍

Feb 28, 2020


Most Commented