തുമ്പയിൽ നിന്ന് കുതിച്ചുയരുന്ന'നൈക്ക്-അപാഷേ റോക്കറ്റ്'-1963 ലെ ചിത്രം. കടപ്പാട്: ഐ.എസ്.ആർ.ഒ.
ഗാന്ധിജിയുടെ ചിത്രങ്ങളിലൂടെ പ്രശസ്തി നേടിയ ഫ്രഞ്ച് ഫോട്ടോഗ്രാഫര്‍ ഹെന്‍ട്രി കാര്‍ട്ടിയേ-ബ്രസ്സന്‍ 1966ല്‍ തിരുവനന്തപുരത്ത് തുമ്പയിലെ റോക്കറ്റ് വിക്ഷേപണകേന്ദ്രം സന്ദര്‍ശിച്ചു. ഇന്ത്യന്‍ സ്പേസ് പ്രോഗ്രാമിന്റെ മേധാവി വിക്രം സാരാഭായിയാണ് തന്റെ സുഹൃത്തായ ആ വിഖ്യാത ഫോട്ടോഗ്രാഫറെ തുമ്പയിലേക്ക് ക്ഷണിച്ചത്. റോക്കറ്റ് വിക്ഷേപണത്തിന്റെ ഏറെ ദൃശ്യങ്ങള്‍ ബ്രസ്സന്‍ പകര്‍ത്തി. അക്കൂട്ടത്തില്‍ പില്‍ക്കാലത്ത് വൈറലാകാന്‍ വിധിക്കപ്പെട്ട ഒരു ചിത്രം ഉണ്ടായിരുന്നു. തുമ്പയില്‍ മേരി മഗ്ലേന പള്ളിയുടെ അല്‍ത്താരയ്ക്ക് മുന്നില്‍ രണ്ട് ചെറുപ്പക്കാര്‍ കുത്തിയിരുന്ന് റോക്കറ്റ് ടൈമര്‍ ശരിയാക്കാന്‍ വ്യഗ്രതയോടെ ശ്രമിക്കുന്നതിന്റെ ദൃശ്യമായിരുന്നു അത്. കഠിനമായ ഉഷ്ണമുള്ള ദിവസം, ഫാനില്ലാത്തതുകൊണ്ട് ചെറുപ്പക്കാരിലൊരാള്‍ ഷര്‍ട്ട് അഴിച്ചുമാറ്റിയിരുന്നു. കൂടെയുള്ള ചെറുപ്പക്കാരന്റെ മുഖത്തെ ഉത്ക്കണ്ഠ വായിച്ചെടുക്കാനാകും.
ബ്രസ്സന്റെ ക്യാമറ തങ്ങളുടെ ദൃശ്യം പകര്‍ത്തിയ കാര്യം ആ ചെറുപ്പക്കാര്‍ ശ്രദ്ധിച്ചതേയില്ല. പക്ഷേ, ലോകംമുഴുവന്‍ ശ്രദ്ധിച്ച ദൃശ്യമായി പില്‍ക്കാലത്ത് അത് മാറി. പ്രത്യേകിച്ചും ഡോ.എ.പി.ജെ.അബ്ദുള്‍ കലാം ഇന്ത്യയുടെ രാഷ്ട്രപതിയായി ചുമതലയേറ്റപ്പോള്‍. കാരണം ആ ചിത്രത്തിലെ ഉടുപ്പിട്ട ചെറുപ്പക്കാരന്‍ അബ്ദുള്‍ കലാം ആയിരുന്നു; കൂടെയുള്ളത് ഡോ. കലാമിനെപ്പോലെ തുടക്കം മുതല്‍ ഇന്ത്യന്‍ ബഹിരാകാശ പദ്ധതിയുടെ ഭാഗമായി മാറിയ ചെന്നൈ സ്വദേശി ആര്‍. അരവമുദാനും.

പകര്‍ത്തിയ ദൃശ്യം. കടപ്പാട്: ഐ.എസ്.ആര്‍.ഒ.
ഉഷ്ണമകറ്റാന്‍ ഒരു ഫാന്‍ പോലുമില്ലാത്ത അവസ്ഥയില്‍ തുമ്പയില്‍ ആരംഭിച്ച ഇന്ത്യന്‍ ബഹിരകാശ പദ്ധതി ലോകം സാക്ഷിയായ ഏറ്റവും വലിയ വിജയഗാഥകളിലൊന്നായി മാറുമ്പോള്‍, അതിന്റെ ഇല്ലായ്മകളും കഷ്ടപ്പാട് നിറഞ്ഞ പോയകാലവുമൊന്നും അധികമാരും ഓര്‍ത്തെന്ന് വരില്ല. ഉപകരണങ്ങളും റോക്കറ്റുകളും എത്തിക്കാന്‍ സൈക്കിളും കാളവണ്ടിയും ഉപയോഗിച്ച വറുതിയുടെ നാളുകള്‍. സാരാഭായിയെപ്പോലൊരു ക്രാന്തദര്‍ശിയുടെ നേതൃത്വത്തില്‍ ആത്മവിശ്വാസം മാത്രം കൈമുതലാക്കിയാണ് അരവമുദാനും കലാമും പോലുള്ളവര്‍ മുന്നേറിയത്. തിരുവനന്തപുരം സെക്രട്ടറിയേറ്റിന് സമീപം 'ഇന്ദ്ര ഭവന്‍' ലോഡ്ജിലെ താമസവും തമ്പാനൂര്‍ റെയില്‍വേ ക്യാന്റീനിലെ ഭക്ഷണവും ആയി കഴിഞ്ഞിരുന്ന കാലം!
ഇതൊക്കെ സ്വന്തം തൊഴില്‍ ജീവിതത്തിന്റെ ഭാഗമായി അനുഭവിച്ച ശാസ്ത്രജ്ഞനാണ് അരവമുദാന്‍. ആ അനുഭവങ്ങള്‍ അദ്ദേഹം ഇപ്പോള്‍ പുസ്തകരൂപത്തില്‍ പുറത്തിറക്കിയിരിക്കുന്നു. ജേര്‍ണലിസ്റ്റായ പത്നി ഗീതയുമായി ചേര്‍ന്ന് അരവമുദാന്‍ തയ്യാറാക്കിയ ഓര്‍മക്കുറിപ്പാണ് 'ഐഎസ്ആര്‍ഒ : എ പേഴ്സണല്‍ ഹിസ്റ്ററി' എന്ന ഗ്രന്ഥം. ഇന്ത്യ ബഹിരാകാശം കീഴടക്കിയതിന്റെ നാള്‍വഴികല്‍ സ്വന്തം അനുഭവങ്ങളിലൂടെ അദ്ദേഹം വിവരിക്കുന്നു. തുമ്പയില്‍ നിന്ന് ചൊവ്വ വരെയെത്തിയ വിജയഗാഥയുടെ സരസവും ചടുലവുമായ വിവരണമാണ് ഈ ഗ്രന്ഥം. ആദ്യശ്രമത്തില്‍ തന്നെ ചൊവ്വയുടെ ഭ്രമണപഥത്തില്‍ ഉപഗ്രഹമെത്തിക്കാന്‍ കഴിഞ്ഞ ഏക രാജ്യമായി ഇന്ത്യ മാറിയതിന്റെ കഥ.
ഐ.എസ്.ആര്‍.ഒ. യിലെ സുഹൃത്തുക്കള്‍ 'ദാന്‍' എന്ന് സ്നേഹപൂര്‍വ്വം വിളിക്കുന്ന അരവമുദാന്‍ സാരാഭായിയുടെ സംഘത്തിലെത്തുന്നത് 1962 ലാണ്. ചെന്നൈ സ്വദേശിയായ ആ 24 കാരന്‍ അപ്പോള്‍ ട്രോംബെയില്‍ ആണവോര്‍ജ വകുപ്പിലെ റിയാക്ടര്‍ കണ്‍ട്രോള്‍ വിഭാഗത്തില്‍ ജോലി നോക്കുകയായിരുന്നു. രണ്ടുവര്‍ഷമായി പതിവ് ജോലികള്‍ ചെയ്യുന്നതിന്റെ മുഷിപ്പ് പിടികൂടിയ സമയത്താണ്, തെക്കന്‍ കേരളത്തില്‍ ആരംഭിക്കുന്ന റോക്കറ്റ് വിക്ഷേപണകേന്ദ്രത്തിലേക്ക് ഡോ. വിക്രം സാരാഭായി ചെറുപ്പക്കാരായ എഞ്ചിനിയര്‍മാരെ തേടുന്ന കാര്യം അറിയുന്നത്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് നാസയില്‍ പരിശീലനം നല്‍കും, അതുകഴിഞ്ഞ് വോളണ്ടിയറായി തിരുവനന്തപുരത്ത് ജോലിചെയ്യേണ്ടി വരും. നാസയിലെ പരിശീലനം പ്രധാന ആകര്‍ഷണമായി. മാത്രമല്ല, ആണവോര്‍ജ വകുപ്പിന് കീഴിലാണ് സ്പേസ് പ്രോഗ്രാം എന്നതിനാല്‍ ശമ്പളം മുടങ്ങില്ല. നേരെ അഹമ്മദാബാദിലെത്തി സാരാഭായിയെ കണ്ടു, അരവമുദാന്‍ തിരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യയില്‍ നിന്നുള്ള ചെറിയൊരു സംഘത്തിന്റെ ഭാഗമായി നാസയിലെ പരിശീലനം കഴിഞ്ഞ് 1963 ഡിസംബറില്‍ അരവമുദാന്‍ തിരുവനന്തപുരത്ത് എത്തുമ്പോഴേക്കും, തുമ്പയില്‍ നിന്ന് ആദ്യ റോക്കറ്റ് വിക്ഷേപിച്ചു കഴിഞ്ഞിരുന്നു.

തുമ്പയിലെ മേരി മഗ്ദലേന പള്ളിയും അടുത്തുള്ള ബിഷപ്പ് ഹൗസും 'തുമ്പ ഇക്വറ്റേറിയല്‍ റോക്കറ്റ് ലോഞ്ചിങ് സ്റ്റേഷന്‍' (TERLS) ആയി മാറി. അവിടെയുണ്ടായിരുന്ന മുക്കുവര്‍ക്കും പള്ളിക്കാര്‍ക്കും ഏതാനും കിലോമീറ്റര്‍ അകലെ പള്ളിത്തുറയില്‍ പുതിയ ഗ്രാമം നിര്‍മിച്ചുകൊടുത്തു. ആദ്യം വിക്ഷേപിച്ച റോക്കറ്റ് കൂട്ടിയോജിപ്പിച്ചത് പള്ളിയിലെ അള്‍ത്താരയ്ക്ക് മുമ്പില്‍ വെച്ചാണ്. പള്ളിക്കരികിലുണ്ടായിരുന്ന ബിഷപ്പ് ഹൗസ്, വിക്ഷേപണകേന്ദ്രം ഡയറക്ടറുടെ ഓഫീസായി. ലോഞ്ച് പാഡിനരികില്‍ ചെറിയൊരു പ്രൈമറി സ്‌കൂള്‍ കെട്ടിടമുണ്ടായിരുന്നു. അത് ആദ്യം ലോഞ്ച് ഓഫീസായും, പിന്നീട് ടെക്നിക്കല്‍ ലൈബ്രറിയുമായും രൂപംമാറി.
വലിയ റോക്കറ്റുകള്‍ ഇന്ത്യ വികസിപ്പിക്കുന്നതും, സ്വന്തമായി ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുന്നതും സാരാഭായി സ്വപ്നം കണ്ടു. അതിനുള്ള ദീര്‍ഘകാല പദ്ധതി ആസൂത്രണം ചെയ്തു. പക്ഷേ, അത് യാഥാര്‍ഥ്യമാകുന്നിന് സാക്ഷിയാകാന്‍ അദ്ദേഹത്തിന് ഭാഗ്യമുണ്ടായില്ല. 1971 ഡിസംബര്‍ 30ന് കോവളത്തെ ഹോട്ടലില്‍ വെച്ച് ഹൃദയാഘാതത്തിന്റെ രൂപത്തില്‍ മരണം അദ്ദേഹത്തെ അപഹരിച്ചു. 'ഇന്ത്യന്‍ സ്പേസ് റിസേര്‍ച്ച് ഓര്‍ഗനൈസേഷന്‍' (ഐ.എസ്.ആര്‍.ഒ) ആയി ഇന്ത്യയുടെ സ്പേസ് പ്രോഗ്രാം മാറിയിട്ട് രണ്ടുവര്‍ഷമേ അപ്പോള്‍ ആയിട്ടുള്ളു. ഐ.എസ്.ആര്‍.ഒ.യുടെ ചരിത്രത്തിലെ ഏറ്റവും വലിയ ആഘാതമായിരുന്നു സാരാഭായിയുടെ അകാല വിയോഗം. പക്ഷേ, ഏത് പ്രതിസന്ധിയെയും മറികടക്കാന്‍ പാകത്തില്‍ ഇന്ത്യന്‍ സ്പേസ് പ്രോഗ്രാമിനെ അതിനകം സാരാഭായി രൂപപ്പെടുത്തിയിരുന്നു. ആ കരുത്തില്‍ സ്പേസ് പ്രോഗ്രാം മുന്നോട്ടുനീങ്ങി.
തുമ്പയില്‍ നിന്ന് വേളി മലയിലെ 'വിക്രംസാരാഭായി സ്പേസ് സെന്റര്‍' (വി.എസ്.എസ്.സി) ആയി റോക്കറ്റ് വിക്ഷേപണം കേന്ദ്രം മാറി. 1970 കളുടെ തുടക്കം വരെ ഇന്ത്യന്‍ സ്പേസ് പ്രോഗ്രാമിന്റെ പ്രവര്‍ത്തനം പ്രധാനമായും തിരുവനന്തപുരം കേന്ദ്രമായാണ് നടന്നത്. അതിന് ശേഷം ബാംഗ്ലൂര്‍, ശ്രീഹരിക്കോട്ട, അഹമ്മദാബാദ് എന്നിവിടങ്ങളിലേക്ക് ഐ.എസ്.ആര്‍.ഒ. യുടെ പ്രവര്‍ത്തനം വ്യാപിച്ചു. പില്‍ക്കാലത്ത് ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട വിക്ഷേപണകേന്ദ്രങ്ങളിലൊന്നായി ശ്രീഹരിക്കോട്ട മാറി. വിരലിലെണ്ണാവുന്നവര്‍ മാത്രമുള്‍പ്പെട്ട ഇന്ത്യന്‍ സ്പേസ് പ്രോഗ്രാം, 1970 കള്‍ക്ക് ശേഷം 16,000 പേരടങ്ങിയ ഒന്നായി വളര്‍ന്നു.

തുമ്പയില്‍ നിന്ന് ആദ്യ സൗണ്ടിങ് റോക്കറ്റ് വിക്ഷേപിച്ച് 17 വര്‍ഷം കഴിഞ്ഞ് 1980 ജൂലായ് 18 ന് ഇന്ത്യന്‍ നിര്‍മിത റോക്കറ്റായ എസ്.എല്‍.വി-3 ഉപയോഗിച്ച് ഉപഗ്രഹത്തെ ഭ്രമണപഥത്തിലെത്തിച്ചുകൊണ്ട് ഇന്ത്യ ചരിത്രം സൃഷ്ടിച്ചു. ഉപഗ്രഹവിക്ഷേപണ ശേഷി കൈവരിച്ച ലോകത്തെ ആറാമത്തെ രാജ്യമായി ഇന്ത്യ മാറി. രണ്ടു തവണയുണ്ടായ പരാജയങ്ങള്‍ക്ക് ശേഷമായിരുന്നു ആ വിജയം. അടുത്ത നാഴികക്കല്ല് 'എ.എസ്.എല്‍.വി' വികസിപ്പിച്ച് കൊണ്ടായിരുന്നു. അതിന്റെ കാര്യത്തിലും ആദ്യത്തെ രണ്ട് പരാജയങ്ങള്‍ക്ക് ശേഷമാണ് വിജയം കൈപ്പിടിയിലെത്തിയത്. അരവമുദാന്‍ ശ്രീഹരിക്കോട്ടയുടെ ചുമതലക്കാരനായി മൂന്നു വര്‍ഷം കഴിഞ്ഞ് 1992 മെയ് 20 ന് പി.എസ്.എല്‍.വി.യുടെ വിജയകരമായ ആദ്യ വിക്ഷേപണം നടന്നു. ഇന്ത്യയുടെ എക്കാലത്തേയും വിശ്വസ്ത വിക്ഷേപണവാഹനമായി പി.എസ്.എല്‍.വി. പിന്നീട് മാറിയത് ചരിത്രം. ജി.എസ്.എല്‍.വി.യുടെ ചരിത്രം അതിന് സമാന്തരമായി മുന്നേറി. ചന്ദ്രനിലേക്ക് സ്വന്തം പേടകമയയ്ക്കാനും, ചൊവ്വയിലേക്ക് ആദ്യ ശ്രമത്തില്‍ തന്നെ പേടകമെത്തിക്കാനും കഴിഞ്ഞ അത്ഭുതകരമായ വിജയങ്ങളാണ് പുതിയ നൂറ്റാണ്ടില്‍ ഐ.എസ്.ആര്‍.ഒ.യെ കാത്തിരുന്നത്.
ഇന്ത്യന്‍ സ്പേസ് പ്രോഗ്രാം ആരംഭിച്ച സംഘത്തിലെ അംഗമെന്ന നിലയില്‍ വളരെ ഊഷ്മളമായ വിവരണമാണ് അരവമുദാന്റെ ഗ്രന്ഥത്തില്‍ കാണാന്‍ കഴിയുക. 'ഉറക്കംതൂങ്ങി പട്ടണ'മായ തിരുവനന്തപുരത്തിന് ഒരു 'കള്‍ച്ചറല്‍ ഷോക്കാ'ണ് തുമ്പയിലെ റോക്കറ്റ് വിക്ഷേപണകേന്ദ്രത്തിന്റെ വരവെന്ന് അദ്ദേഹം പറയുന്നു. ഇന്ത്യയുടെ എല്ലാ ഭാഗത്തുനിന്നുള്ള അവിവാഹിതരായ യുവ എഞ്ചിനിയര്‍മാരുടെ താവളമായി തിരുവനന്തപുരം പെട്ടന്ന് മാറി. രാമേശ്വരം സ്വദേശിയായ അബ്ദുള്‍ കലാം അവധിദിനങ്ങളില്‍ കോവളത്തോ ശംഖുംമുഖത്തോ കടലില്‍ നീന്താന്‍ പോകുമ്പോള്‍ അനുഗമിച്ചിരുന്നത് ഉറ്റസുഹൃത്തായ അരവമുദാനാണ്. ഇരുവരും വെജിറ്റേറിയന്‍ ആയിരുന്നെങ്കിലും, അബ്ദുള്‍ കലാമിന് മുട്ട മസാലയും പെറോട്ടയും ഏറെ ഇഷ്ടമായിരുന്നു. അത് കഴിക്കാന്‍ ഇടയ്ക്കിടെ ഇരുവരും തിരുവനന്തപുരം സെക്രട്ടറിയേറ്റിനടുത്തുള്ള സേവ്യേഴ്സ് ഹോട്ടലില്‍ പോകും.

-തുമ്പയില്‍ നിന്ന് 1960കളിലെ ദൃശ്യം.
കടപ്പാട്: ഐ.എസ്.ആര്‍.ഒ.
1970ല്‍ ജേര്‍ണലിസ്റ്റായ ഗീതയെ അരവമുദാന്‍ വിവാഹം കഴിച്ച് വഴുതക്കാട്ടുള്ള ഒരു വീട് വാടകയ്ക്കെടുത്ത് താമസമാക്കിയപ്പോള്‍, ഇടയ്ക്കിടെ ഭക്ഷണം കഴിക്കാന്‍ അബ്ദുള്‍ കലാം അവിടെ എത്തുമായിരുന്നു. അക്കാലത്ത് അരവമുദാന്റെയും ഗീതയുടെയും ഇഷ്ടവിനോദം അബ്ദുള്‍ കലാമിന് പറ്റിയ ഒരു പെണ്‍കുട്ടിയെ കണ്ടുപിടിക്കലായിരുന്നു. വലിയൊരു ബസ്സ് വാടകയ്ക്കെടുത്ത് രാമേശ്വരത്ത് കലാമിന്റെ വിവാഹത്തിന് എല്ലാവരും പോകുന്നത് പോലും അവര്‍ പ്ലാന്‍ചെയ്തു! പക്ഷേ, എന്തുകൊണ്ടോ അബ്ദുള്‍ കലാമിന്റെ വിവാഹം മാത്രം നടന്നില്ല. അബ്ദുള്‍ കലാം പിന്നീട് ഐ.എസ്.ആര്‍.ഒ. വിട്ട് 'ഡിഫെന്‍സ് റിസേര്‍ച്ച് ആന്‍ഡ് ഡെവലപ്പ്മെന്റ് ഓര്‍ഗനൈസേഷനി'ലേക്ക് (ഡി.ആര്‍.ഡി.ഒ) മാറി. അരവമുദാന്‍ ശ്രീഹരിക്കോട്ടയുടെയും പിന്നീട് ഐ.എസ്.ആര്‍.ഒ. ബാംഗ്ലൂര്‍ കേന്ദ്രത്തിന്റെയും മേധാവിയായി.
സാങ്കേതികത്വത്തിന്റെ ഭാരമില്ലാതെയാണ് ഐ.എസ്.ആര്‍.ഒ.യുടെ ചരിത്രം അരവമുദാന്‍ വിവരിക്കുന്നത്. മലയാള സിനിമയിലെ നിത്യഹരിത നായകന്‍ പ്രേം നസീറിനെപ്പോലുള്ള വി.ഐ.പി.കള്‍ തുമ്പയിലെ റോക്കറ്റ് വിക്ഷേപണം കാണാന്‍ എത്തിയതിന്റെ വിവരണവും, ലോകമെങ്ങുമുള്ള വിക്ഷേപണകേന്ദ്രങ്ങളിലേക്ക് സാരാഭായിയുടെ നിര്‍ദ്ദേശപ്രകാരം തങ്ങള്‍ നടത്തിയ പര്യടനവും, സാരാഭായിയുടെ രീതികളെക്കുറിച്ചുള്ള ഹൃദ്യമായ വിവരങ്ങളും, രഹസ്യങ്ങള്‍ ചോര്‍ത്തിയെന്ന പേരില്‍ നമ്പി നാരായണന് നേരിടേണ്ടി വന്ന ദുരന്താനുഭവങ്ങളുമെല്ലാം അരവമുദാന്റെ സ്മരണകളായി പുറത്തുവരുന്നുണ്ട്. തീര്‍ച്ചയായും ജേര്‍ണലിസ്റ്റായ ഗീതയുടെ കൈമുദ്ര എഴുത്തിലുടനീളം പതിഞ്ഞു കിടപ്പുണ്ട്.
(ISRO - A Personal History (2017). R. Aravamudan with Gita Aravamudan. HaperCollins India. p.240, Rs.399).
(പുനപ്രസിദ്ധീകരണം)
Content Highlights: ISRO, TERLS, Indian Space Programme, Thumpa Equatorial Rocket Launching Station
ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ... ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..